വായിക്കാറുണ്ട് കേട്ടോ...”

എന്ത് ... ?”

ഹാ... നിങ്ങടെ ദിനസരികള്‍ ...?

ആണോ... കൊള്ളാമോ?”

പിന്നേ... ഞാനെന്നും വായിക്കാറുണ്ട്.... എനിക്കിഷ്ടമാണ്.....  ചില രാഷ്ട്രീയ പോസ്റ്റുകള്‍ അത്രയ്ക്കങ്ങ് പിടിക്കാറില്ല.... പക്ഷേ വി എസ് മരിച്ചപ്പോള്‍ എഴുതിയതൊക്കെ നന്നായി...

ഞാന്‍ വീട്ടിലെത്തുന്നു. കമ്പ്യൂട്ടര്‍ തുറക്കുന്നു. ഫേസ് ബുക്ക് എടുക്കുന്നു. ഈ പറഞ്ഞ കക്ഷിയുടെ പേര് ലൈക്കിലോ കമന്റിലോ ഉണ്ടോന്ന് നോക്കുന്നു. അടുത്തൊരു പത്തുപോസ്റ്റു പരിശോധിച്ചിട്ടും കാണാത്തതുകൊണ്ട് അത്ഭുതപ്പെടുന്നു.

ഡാ ആ സാധനം കലക്കി ട്ടാ.

യേത്?”

മറ്റേ വിനായകന്റെ കവിതയെക്കുറിച്ച് എഴുതിയില്ലേ.. അത്..

ആ...

പലരും പറയാന്‍ മടിക്കും.. പക്ഷേ നീയത് നന്നായി പറഞ്ഞു..ഠ

നന്നായോ ശരിക്കും.. ?” ഞാന്‍ ആകാംക്ഷപ്പെടുന്നു...

നന്നായെഡാ നന്നായി...

ഞാന്‍ വീട്ടിലെത്തുന്നു. കമ്പ്യൂട്ടര്‍ തുറക്കുന്നു. ഫേസ് ബുക്ക് എടുക്കുന്നു. ഈ പറഞ്ഞ കക്ഷിയുടെ പേര് ലൈക്കിലോ കമന്റിലോ ഉണ്ടോന്ന് നോക്കുന്നു.  അടുത്തൊരു പത്തുപോസ്റ്റു പരിശോധിച്ചിട്ടും കാണാത്തതുകൊണ്ട് അത്ഭുതപ്പെടുന്നു.

ഒരു പൊതുവേദി. ഒരു ദേഹം എന്നെ പരിചയപ്പെടുത്തുന്നു. പേര്............................ ദിനസരികള്‍ എന്ന പേരില്‍ തുടര്‍ച്ചയായി എഴുതുന്നുണ്ട്... അഞ്ഞൂറോ ആയിരമോ അല്ലേ....?” തിരിഞ്ഞ് എന്നോട് എത്രയായി ... ?“

ഞാന്‍ വിനയകുനിയനായി രണ്ടായിരം കടന്നിട്ടുണ്ടാകണം..

ദേഹം അത്ഭുതഭാവത്തോടെ - സമകാലിക വിഷയങ്ങളിലും സാഹിത്യത്തിലുമൊക്കെയായി തനത് അഭിപ്രായങ്ങള്‍ പറഞ്ഞ് ശ്രദ്ധയ................ ഞാന്‍ ഇദ്ദേഹത്തിന്റെ സ്ഥിരം വായനക്കാരനാണ്...

ഞാന്‍ വീട്ടിലെത്തുന്നു. കമ്പ്യൂട്ടര്‍ തുറക്കുന്നു. ഫേസ് ബുക്ക് എടുക്കുന്നു. ഈ പറഞ്ഞ കക്ഷിയുടെ പേര് ലൈക്കിലോ കമന്റിലോ ഉണ്ടോന്ന് നോക്കുന്നു.  അടുത്തൊരു പത്തുപോസ്റ്റു പരിശോധിച്ചിട്ടും കാണാത്തതുകൊണ്ട് അത്ഭുതപ്പെടുന്നു.

 ഡാ... നിന്റെ അനുഭവം കൊള്ളാം ട്ടാ..

ഏതനുഭവം? “

ശേ.... നീയന്ന് എഴുതിയില്ലേ.. അത്...

ആ അതോ.. കൊള്ളാമോ ?”

കൊള്ളാം... നല്ല എഴുത്ത്.. ഞാന്‍ നിന്റെ എല്ലാം തന്നെ വായിക്കാറുണ്ട്...

ആണോ... ?“

ഞാന്‍ വീട്ടിലെത്തുന്നു. കമ്പ്യൂട്ടര്‍ തുറക്കുന്നു. ഫേസ് ബുക്ക് എടുക്കുന്നു. ഈ പറഞ്ഞ കക്ഷിയുടെ പേര് ലൈക്കിലോ കമന്റിലോ ഉണ്ടോന്ന് നോക്കുന്നു.  അടുത്തൊരു പത്തുപോസ്റ്റു പരിശോധിച്ചിട്ടും കാണാത്തതുകൊണ്ട് അത്ഭുതപ്പെടുന്നു.

അങ്ങനെയങ്ങനെയങ്ങനെ ... അവിടേയും ഇവിടേയുമൊക്കെ വെച്ച് ദിനസരികള്‍ ചര്‍ച്ചയാകുന്നു. ഞാന്‍ സാക്ഷിയാകുന്നു. ഭൂരിപക്ഷം ആളുകളും ആരാധകരാണെന്നറിയുന്നു. ചിലരാകട്ടെ ചില എഴുത്തുകളെ വെച്ച് തെറി വിളിക്കുന്നു. ആകെയൊരു ബഹളമയം

          എന്നാല്‍ ഫേസ് ബുക്കില്‍ ഈ പറഞ്ഞ ആരും തന്നെ ഒരടയാളവും അവശേഷിപ്പിക്കുന്നില്ല. ഒരു ലൈക്കായോ കമന്റായോ അവരൊന്നും തന്നെ പ്രത്യക്ഷപ്പെടാറുമില്ല. ഇക്കാര്യം ആലോചിച്ചുകൊണ്ട് രാവിലെ മാനന്തവാടി ടൌണിലൂടെ നടക്കുമ്പോള്‍ ദോ നില്ക്കുന്ന വേറൊരു അവരാതം

ഡാ...

ആ...

നീ ചില സമയത്ത് എഴുതുന്ന ഭാഷ.. എന്തൊരു രസമാഡാ വായിക്കാന്‍

ആണോ...?”

ആടാ... പക്ഷേ ചില എഴുത്തുകള്‍ പരമബോറുമാണ്...

അതേതാ?”

ചിലതൊക്കെ.. പക്ഷെ മൊത്തത്തില്‍ നിന്റെ എഴുത്തൊക്കെ കൊള്ളാം ട്ടോ... നിറുത്തണ്ട.... തുടരണേ....

ആ നിമിഷം എല്ലാവരോടുമായുള്ള ആ ചോദ്യം അവന്റെ നേരെ ചാട്ടി - അല്ലെഡാ $%$%#%$#$&^&*&()_*&(*()&*(^^*&%^&%^&$  മോനേ... നീയൊന്നും ഇതുവരെയും ഒരു ലൈക്കോ കമന്റോ ആ പോസ്റ്റുകളില്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ ഇട്ടിട്ടില്ലല്ലോ... എന്നാപ്പിന്നെ നിനക്ക് അത് അവിടെ പറഞ്ഞാല്‍ എനിക്കൊരു പ്രോത്സാഹനമാകില്ലേ ? “

ഓ വേണ്ട ... അങ്ങനെ കമന്റും ലൈക്കുമിട്ട് റീച്ചൊണ്ടാക്കി നിന്നെ ഫേമസാക്കാന്‍ എനിക്ക് സൌകര്യമില്ല... ഒന്നുപോഡേയ്... അവന്റെ പ്രതികരണത്തില്‍ ഒരു പൊട്ടച്ചിരി പാസാക്കി ഞാന്‍ തടിതപ്പി. ശുഭം.

|| #ദിനസരികള് 120 - 2025 ആഗസ്റ്റ് 04 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്