കാത്തിരിപ്പ്

(വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് )

-----------------------

 

 

വീടുവിട്ടിറങ്ങുമ്പോള്‍

തന്നിളംകൈയ്യാല്‍ ത്തട

ഞ്ഞോമലാള്‍ ചിണുങ്ങുന്നു

അച്ഛ , വേം വരണം ട്ടോ

 

വാതിലില്‍ച്ചാരി സ്സാരി

ത്തലപ്പാല്‍ മുഖം തുട

ച്ചായമ്മ മൊഴിയുന്നു

കറിക്കായെന്തെങ്കിലും ..

 

ഉമ്മറത്തിണ്ണയ്ക്കിരു

ന്നമ്മ ചൊല്ലുന്നു മോനേ ,

യുണ്ണാറായ് . കഴിച്ചിട്ടു

വൈന്നേരം പോയാല്‍ പോരേ ?”

 

അച്ഛനുണ്ടങ്ങേത്തൊടി

ത്തുമ്പിലായി ചിനക്കുന്നു

കണ്ണടക്കാല്‍ മാറ്റി നീ

വാങ്ങുവാന്‍ മറക്കണ്ട

 

കുഞ്ഞിനു മിഠായി വാങ്ങി

പെണ്ണിനു കറിക്കൂട്ടും

അമ്മയ്ക്കു പുകയില ,

യച്ഛന്റെ കണ്ണാടിയും !

 

ഒക്കെയും തെറിച്ചെങ്ങോ

ചിതറിക്കിടക്കുന്നു

ഇപ്പാതച്ചൂടില്‍‌ ഞാനും

തണുത്തേ മരയ്ക്കുന്നു

 

കുഞ്ഞുകാത്തിരിക്കുന്നു

ഭാര്യ കാത്തിരിക്കുന്നു

അമ്മ കാത്തിരിക്കുന്നു

ണ്ടച്ഛനും , തിരിച്ചെത്താന്‍ !

 

മേശമേല്‍ പിഞ്ഞാണത്തി

നിത്തിരി വട്ടത്തിലെ

ച്ചോറ്റുകളെന്നെപ്പോലെ

തണുപ്പില്‍ മരയ്ക്കുന്നു !

 

 

||ദിനസരികള്‍ - 71 -2025 ജൂണ്‍ 13 , മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍