ഹാഷ്മി താജ് ഇബ്രാഹിമിനെയാണോ വിനു വി
ജോണിനെയാണോ ഇഷ്ടം എന്നു ചോദിച്ചാല്‍ വിനുവിനെ എന്നായിരിക്കും എന്റെ ഉത്തരം. അത്രത്തോളം
സ്നേഹമാണ് എനിക്ക് ആദ്യം പറഞ്ഞ ദേഹത്തോട് ! ആ
ദേഹത്തിന് മൈത്രേയന്റെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയ ഒരു “ജനകീയ കോടതി”യുടെ
എപ്പിസോഡ് ഇന്ന് അവിചാരിതമായി കണ്ടു. മൈത്രേയന്‍ ചിലപ്പോഴൊക്കെ വരട്ടുവാദം പറയുമെങ്കിലും
ഈ എപ്പിസോഡിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്സ് അത്യുഗ്രനായിരുന്നുവെന്ന് പറയട്ടെ.
സത്യത്തില്‍
ഹാഷ്മിയ്ക്ക് മൈത്രേയന്‍ പറയുന്നതൊന്നും മനസ്സിലായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ എപ്പിസോഡ്.
എന്നുമാത്രവുമല്ല അയാളുടെ ഒരു ബൌദ്ധിക നിലവാരം വെച്ച് മൈത്രേയന്‍ പറയുന്നത്
മനസ്സിലാക്കാനുള്ള ശേഷിയൊന്നും ഹാഷ്മിക്കില്ല എന്ന് നമുക്കും മനസ്സിലാകും. വെറുതെ
വെള്ളച്ചാട്ടം പോലെ വാക്കുകളുടെ മാലപ്പടക്കം തീര്‍ത്ത് അതിന്റെ മറവില്‍
മൈത്രേയനില്‍ നിന്ന് രക്ഷപ്പെടാം എന്ന കണക്കുകൂട്ടലുമായിട്ടാണ് അയാള്‍ എത്തിയത്.
പക്ഷേ കഥ താന്‍ വിചാരിച്ചതുപോലെയല്ലെന്ന് മനസ്സിലാക്കാന്‍ എപ്പിസോഡ്
കഴിഞ്ഞിട്ടെങ്കിലും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
മയക്കുമരുന്നിനെക്കുറിച്ചുള്ള
ചോദ്യവുമായിട്ടായിരുന്നു ഹാഷ്മി തുടങ്ങിയത്. അത് കുട്ടികളെ കൊല്ലുമെന്നും
അഡിക്ടാക്കുമെന്നുമൊക്കെയുള്ള ജനപ്രിയ ചിന്തകളെ അവതരിപ്പിച്ചുകൊണ്ടാണ് ഹാഷ്മി
മൈത്രേയനോട് സംസാരിച്ചു തുടങ്ങിയത്. മയക്കുമരുന്ന് നിരോധിക്കുകയല്ല വേണ്ടതെന്നും
അതിനെക്കുറിച്ച് ആളുകള്‍ക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും ഉപയോഗം ഒരു ചോയിസാക്കി
മാറ്റണമെന്നുമുള്ള മൈത്രേയന്റെ നിലപാടുകളെ ഹാഷ്മിയ്ക്ക് മനസ്സിലായതേയില്ല. തുടക്കം
മുതല്‍ പറഞ്ഞു വന്ന അപകടം എന്ന ഒറ്റവാക്കില്‍ അയാങ്ങള്‍ കെട്ടിത്തൂങ്ങിക്കിടന്നു.
നന്നായി മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് മൈത്രേയന്‍ പറയുന്നത് ബാലിശമായിട്ടേ
തോന്നൂ. എന്നാല്‍ ആ വാദത്തിലെ കാമ്പ് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ ഇവിടെ
പരസ്പരമുള്ള തര്‍ക്കങ്ങളില്‍ അത് വേണ്ടത്ര ആഴത്തില്‍ അവതരിപ്പിക്കുവാന്‍ മൈത്രേയനെ
ഹാഷ്മി അനുവദിച്ചുമില്ല. മൈത്രേയനെ നേരിടാന്‍ ഹാഷ്മി വിളിച്ചുകൊണ്ടുവന്നതാകട്ടെ
പേരു കേള്‍ക്കുമ്പോള്‍ വിഷയം തന്നെ അവസാനിച്ചു പോകുന്ന രാഹുല്‍ ഈശ്വറും !
മൈത്രേയന്റെ ചിന്തയെക്കുറിച്ച് രാഹുല്‍ ഈശ്വറിനോട് സംസാരിക്കുമ്പോള്‍ എം ഡി
എം എ നിയന്ത്രിരീതിയില്‍ കൊടുക്കണം എന്നാണ് മൈത്രയേന്റെ അഭിപ്രായം എന്ന് ഹാഷ്മി
പറയുന്നു. മൈത്രേയന്‍ പറഞ്ഞത് ഹാഷ്മി മനസ്സിലാക്കിയിട്ടില്ല എന്നതിന് അതുതന്നെയാണ്
ഏറ്റവും വലിയ തെളിവ്.
അതിരുകളില്ലാത്ത
ലോകം എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തി ആ എപ്പിസോഡില്‍ ഒരു ചര്‍ച്ചയുണ്ടായിരുന്നു.
ചര്‍ച്ച. അത്തരമൊരു ലോകം അസാധ്യമാണെന്നും ഒരിക്കലും ഉണ്ടാകാന്‍
പോകുന്നില്ലെന്നുമായിരുന്നു ഹാഷ്മിയുടെ നിലപാട്. ആ വസ്തുത അറിഞ്ഞിട്ടും അത്തരമൊരു
ലോകമുണ്ടാകുമെന്ന് മൈത്രേയന്‍ നുണ പറയുന്നു എന്നാണ് അയാളുടെ വാദം. എന്നാല്‍ അതിര്‍ത്തികളില്ലാത്ത
ഒരു ലോകം എന്നതൊരു കേവല സങ്കല്പമല്ല എന്ന മൈത്രേയന്റെ നിലപാട് ഹാഷ്മിയ്ക്ക്
മനസ്സിലാകുന്നേയില്ലായിരുന്നു. ഇതുവരെ ലോകത്താകമാനം അതിര്‍ത്തികള്‍ ധാരാളമായി
മാഞ്ഞു പോകുകയും ഇല്ലാതാകുകയും ചെയ്തതിന്റെ ചരിത്രമൊന്നും അവതാരകന്
ബോധ്യപ്പെടുന്നുണ്ടായിരുന്നില്ല.
പാകിസ്താന്‍ - ഇന്ത്യ എന്ന ഒരൊറ്റ ചിന്തയില്‍ അയാള്‍ ലോകത്താകമാനമുള്ള
അതിര്‍ത്തികളെ കണക്കാക്കി. 1947 ന് മുമ്പ് അതിര്‍ത്തികളില്ലായിരുന്നുവെന്ന കാര്യം
വിസ്മരിക്കപ്പെട്ടു. അതിര്‍ത്തികളില്ലാത്ത മനുഷ്യന്‍ എന്ന സങ്കല്പം
മനസ്സിലാക്കുവാനുള്ള ശേഷി ചര്‍ച്ചയുടെ ഹാഷ്മി പ്രകടിപ്പിച്ചതുമില്ല. അതൊടൊപ്പം
രാഹുല്‍ ഈശ്വര്‍ എന്ന ‘സൈദ്ധാന്തികനും ‘ കൂട്ടുചേര്‍ന്നതോടെ ചര്‍ച്ച കൊഴുത്തു, പാവം
മൈത്രേയന് പാതി മിണ്ടാതെയുമായി. കുടുംബത്തെപ്പറ്റിയൊക്കെയുള്ള മൈത്രേയന്റെ
ചിന്തകളെ മനസ്സിലാക്കുവാന്‍ ഹാഷ്മിക്കും രാഹുലിനും എന്നെങ്കിലും കഴിയുമെന്ന് ഞാന്‍
കരുതുന്നേയില്ല.
എന്തായാലും
ഈ എപ്പിസോഡിലൂടെ ഹാഷ്മിയ്ക്ക് താനെന്താണ് എന്ന് തിരിച്ചറിയാനുള്ള ഒരവസരം മൈത്രേയന്‍
നല്കിയിട്ടുണ്ട്. അതിന് ഹാഷ്മി അദ്ദേഹത്തോടെ നന്ദി പറയുക.
||ദിനസരികള്‍ - 67 -2025 ജൂണ്‍ 09 , മനോജ്
പട്ടേട്ട് ||
Comments