മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മടുപ്പ് തോന്നിയിട്ടുണ്ടോ ? എനിക്കുണ്ട്. ഇതെന്ത് മലയാളം എന്ന് ആലോചിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ അനുഭവം പാവങ്ങളാണ്. ജീന്‍ വാല്‍ ജീന്റെ കഥ ഏതോ ചെറിയ ക്ലാസില്‍ പഠിച്ചതില്‍ നിന്നും വിജൃംഭൃതനായിട്ടാണ് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും നാലാപ്പാടന്‍ വിവവര്‍ത്തനം ചെയ്ത പാവങ്ങള്‍ തപ്പിയെടുക്കുന്നത്. പക്ഷേ വായന സുഖകരമായ ഒന്നായിരുന്നില്ല. ഏറെക്കാലത്തിന് ശേഷം നാലാപ്പാടന്‍ വിവര്‍ത്തനം ചെയ്യാന്‍ അടിസ്ഥാനമാക്കിയ ഇസബേല്‍ ഹാപ്‌ഗുഡിന്റെ ഇംഗ്ലീഷുപാവങ്ങളുമായിഒത്തുനോക്കിയിട്ടുമുണ്ട്. ഭാവാര്‍ത്ഥത്തെക്കാള്‍ ഭാഷാര്‍ത്ഥത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് നാലാപ്പാടന്‍ തര്‍ജ്ജമ നിര്‍വഹിച്ചിരുന്നത്. അത്തരം മൊഴിമാറ്റങ്ങള്‍ക്ക് യാന്ത്രികത ഏറെയായിരിക്കും. നാലാപ്പാടന്റെ പാവങ്ങള്‍ക്കും ഈ കുഴപ്പം സംഭവിച്ചിട്ടുണ്ട്.  നാലാപ്പാടന്റെ ശ്രമത്തെ ഒരു തരത്തിലും വിലകുറച്ചു കാണുകയല്ല, മറിച്ച് വായനാ സുഖം തീരെ കുറഞ്ഞ ഒന്നായിട്ടാണ് ആ പുസ്തകത്തിന്റെ മലയാള പരിഭാഷ എനിക്ക് അനുഭവപ്പെട്ടത് എന്ന് സുചിപ്പിക്കുക മാത്രമാണ്.

 

അതുപോലെ തന്നെ കസാന്‍ദ്സാക്കീസിന്റെ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനവും വായന അസാധ്യമാക്കിയ ഒന്നാണ്. ഒരു പക്ഷേ പാവങ്ങളെക്കാള്‍ യാന്ത്രികമായ വിവര്‍ത്തനമാണ് ക്രൈസ്റ്റ് എന്നു തോന്നിയിട്ടുമുണ്ട്. വാക്കുകളെ, വാചകങ്ങളെ തത്തുല്യമായ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ ശോഷണം സംഭവിക്കുന്ന ഭാവാത്മകതയെക്കുറിച്ച് എന്തുകൊണ്ട് ഈ വിവര്‍ത്തകന്‍ ചിന്തിച്ചില്ല എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ക്രൈസ്റ്റിന്റെ തുടക്കത്തില്‍തന്നെ അവതരിപ്പിക്കപ്പെടുന്ന മായികവും മാസ്മരികവുമായ ഒരന്തരീക്ഷമുണ്ട്. അത് മലയാളവത്കരിച്ചിരിക്കുന്നത് വായിച്ചാല്‍ അത്തരമൊരു അന്തരീക്ഷത്തെ അനുഭവി(പ്പി)ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.

 

ഇങ്ങനെ വിവര്‍ത്തനം ചെയ്ത് വായനാസുഖം നഷ്ടപ്പെടുത്തിയ  പല സര്‍ഗ്ഗാത്മക കൃതികളുമുണ്ട്. (എന്നാല്‍ വളരെ നന്നായി വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളുമുണ്ട്. പെട്ടന്ന് മനസ്സിലേക്ക് വരുന്നത് , നിത്യ ചൈതന്യ യതി വിവര്‍ത്തനം നിര്‍വ്വഹിച്ച റൂമിയുടേയും നെരൂദയുടേയും കൃതികള്‍ , ആര്‍ രാമന്‍ നായര്‍ വിവര്‍ത്തനം നിര്‍വ്വഹിച്ച സിദ്ധാര്‍ത്ഥ എന്നിവയാണ്.) വിവര്‍ത്തകന്‍ നേരിടുന്ന പ്രശ്നങ്ങളെ ഞാന്‍ കാണാതിരിക്കുന്നില്ല. എഴുത്തുകാരന്റെ ശൈലി, അയാള്‍ സ്വീകരിക്കുന്ന പ്രത്യേക മുഴക്കങ്ങളുള്ള വാക്കുകള്‍ , അവയുടെ സാംസ്കാരികമായ പശ്ചാത്തലം , വക്രോക്തികള്‍ തുടങ്ങി പല ഘടകങ്ങളും വിവര്‍ത്തനത്തെ അസാധ്യമാക്കുന്നു. അത്തരം ഘടകങ്ങളുടെ മേല്‍ ഒരു വിവര്‍ത്തകന് വിജയം കൈവരിക്കണമെങ്കില്‍ നിരന്തരമായ പഴക്കം ആ കൃതിയുമായും ഉണ്ടായിരിക്കണം. എന്നാല്‍ വെറുതെ  വാക്കുകളെ ഭാഷാന്തരം ചെയ്യുകയാണ് വിവര്‍ത്തനം എന്ന് ധരിച്ചു വെച്ചിരിക്കുന്നവരുടെ ശ്രമം വിവര്‍ത്തനത്തെക്കുറിച്ചും മൂലത്തെക്കുറിച്ചും തെറ്റായ ധാരണയുണ്ടാക്കാനേ സഹായിക്കുകയുള്ളു. അതായത് വിവര്‍ത്തനം വായിച്ചാല്‍ മൂലകൃതിയെത്തന്നെ വെറുത്തുപോകുന്ന ഒരവസ്ഥ അവിടെ സംജാതമാകുന്നു.

 

സ്വതന്ത്രമായി ഒരു കൃതി എഴുതുന്നതുപോലെ തന്നെയുള്ള യത്നം വിവര്‍ത്തനത്തിന് പിന്നിലുമുണ്ട്.  അതുകൊണ്ട് നല്ല പരിശീലനം സിദ്ധിച്ചവര്‍ ഭാഷാന്തരീകരണത്തിന് ശ്രമിക്കുന്നതാകും ആ കൃതിയ്ക്കും നമ്മുടെ ഭാഷയ്ക്കും നല്ലത് എന്നാണ് എന്റെ അഭിപ്രായം.!

 

                                 

||ദിനസരികള്‍ - 68 -2025 ജൂണ്‍ 10 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍