കേരളത്തില്‍ അടിമക്കച്ചവടം ധാരാളമായി നടക്കുന്നുണ്ടെന്ന് ലോകത്തിന് ബോധ്യമായത് അഞ്ചരക്കണ്ടി എസ്റ്റേറ്റില്‍ നടന്ന സംഭവവികാസങ്ങളോടെയാണ്. 1767 ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ എസ്റ്റേറ്റ് സ്ഥാപിച്ചത്. സുഗന്ധദ്രവ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു കേന്ദ്രം എന്ന നിലയിലായിരുന്നു ഏകദേശം 200 ഏക്കര്‍ വലുപ്പമുള്ള ഈ എസ്റ്റേറ്റ് സ്ഥാപിക്കപ്പെട്ടത്.  ഇന്ന് കറുവപ്പട്ട ഉല്പാദനത്തില്‍ ( Cinnamon ) ഏഷ്യയിലെ തന്നെ ഒരു പ്രധാന കേന്ദ്രമായി ഈ എസ്റ്റേറ്റ് മാറിയിരിക്കുന്നു.

 

          ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ പങ്കാളികളായിട്ടാണ് എസ്റ്റേറ്റ് ആരംഭിക്കുന്നത്. തോട്ടത്തിലെ പണിയ്ക്ക് ആളെ തികയാതായപ്പോള്‍ അന്നത്തെ ഓവര്‍സിയറായിരുന്ന മര്‍‌ഡോക് ബ്രൌണ്‍ കൂടുതല്‍ തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരപേക്ഷ മുകളിലേക്ക് അയച്ചു. അനുവാദമനുസരിച്ച് നാല്പത്തിയഞ്ചോളം പുലയരെ ചാവക്കാട്ടുനിന്നും വാങ്ങിച്ചു എന്ന് രേഖകളിലുണ്ട്. അക്കൂട്ടത്തില്‍ നിന്നും മൂന്നുപേരെ പിന്നീട് കാണാതെയായി. എന്നാല്‍ മര്‍‌ഡോക് ബ്രൌണിനും അയാളുടെ വലംകൈയായിരുന്ന അസന്‍ അലി മാപ്പിളയ്ക്കും ബോംബേ റസിഡന്‍സിയില്‍ നിന്നും ലഭിച്ച അനുവാദം ഒരു അവസരമായി തോന്നി. അവര്‍ തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയായി ഏകദേശം നാനൂറോളം പുലയരെ വിലയ്ക്കുവാങ്ങി എസ്റ്റേറ്റിലേക്ക് എത്തിച്ചു. എന്നാല്‍ ചില എപ്പോഴത്തേയുംപോലെ ചില ഒറ്റുകാര്‍ വിവരം അധികാരികളിലേക്കെത്തിച്ചു. കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ ടി എച്ച് ബാബറെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ അസന്‍ അലിയടക്കമുള്ള കച്ചവടക്കാര്‍ പിടിക്കപ്പെടുകയും ചെയ്തു.

         

          ഈ കേസിന്റെ വിചാരണ രേഖകള്‍ കേരളത്തില്‍ നടന്നു വന്നിരുന്ന അടിമവ്യാപാരത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ തെളിവുകള്‍ നമുക്ക് തരുന്നു. വിചാരണ തുടങ്ങുന്നത് 1811 ഡിസംബറിലാണ്. സാക്ഷികളും വാദികളും പ്രതികളും ഏറെയുള്ള ഈ കേസ് മാസങ്ങളോളം നീണ്ടുനിന്ന ഒന്നാണ്. കച്ചവടക്കാരനായ അസന്‍ അലിയെ ജഡ്ജി വിചാരണ ചെയ്യുന്ന 1812 ലാണ്. ജഡ്ജിയുടെ ചോദ്യങ്ങളും അവയ്ക്ക് അസന്‍ അലി മാപ്പിള നല്കിയ ഉത്തരങ്ങളും അക്കാലത്തുതന്നെ ഏറെ പ്രസിദ്ധമായിരുന്നു. അടിമവ്യാപാരത്തിന്റെ രീതി, അടിമകളെ ലഭിക്കുന്ന ഇടങ്ങള്‍ , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വിലകള്‍ , അവരെ കൈകാര്യം ചെയ്യുന്ന രീതികള്‍ ഇവയെല്ലാം ബാബറിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അസന്‍ അലി വെളിപ്പെടുത്തുന്നുണ്ട്.

 

ജഡ്ജിയുടെ ചോദ്യവും അസന്‍ അലിയുടെ ഉത്തരങ്ങളും നോക്കുക

ചോദ്യം :- കോടതി മുമ്പില്‍ നടന്ന അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്നും കുറച്ചു കുട്ടികളെ നിങ്ങള്‍ ഇവിടേയ്ക്ക് അയച്ചതായി അറിയുന്നു. ഉണ്ടെങ്കില്‍ എല്ലാ വിവരങ്ങളും അറിയിക്കുക .

അസന്‍ അലി :- 986 മിഥനുമാസം 500 കണ്ടി കുരുമുളകിന്റെ പണം അടയ്ക്കാനും പിന്നെ ബോംബേയിലേക്കുള്ള പണം അയയ്ക്കുവാനുമായി ബ്രൌണ്‍ സായിപ്പ് എന്നെ ആലപ്പുഴയിലേക്ക് അയച്ചിരുന്നു. ഞാന്‍ ആലപ്പുഴയില്‍ ചെന്നപ്പോള്‍ കുറേയധികം അടിമകളെ വാങ്ങുന്നത് കണ്ടു. ഇതുകണ്ട ഞാന്‍ അവിടുത്തെ കൊത്തുവാലിന്റെ പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തു ചെന്ന് അടിമകളെ വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചു. കുട്ടികളെ വാങ്ങുന്നതിനും വില്ക്കുന്നതിനും ഒരു തടസ്സവുമില്ലെന്നും എനിക്ക് ആവശ്യമുള്ളത്ര വാങ്ങിക്കൊള്ളുവാനും കൊത്തുവാള്‍ ഒതേനന്‍ പിള്ള എന്നോട് പറഞ്ഞു. ഇതനുസരിച്ച് ഞാന്‍ നിരവധി വ്യക്തികളില്‍ നിന്നും പുരുഷന്മാരേയും സ്ത്രീകളേയും 25 കുട്ടികളേയും പല സമയങ്ങളിലായി വാങ്ങി. എട്ടുപേരെ ഞാന്‍ മാഹിയിലേക്കും ആറു പേരെ ബ്രൌണ്‍ സായിപ്പിന്റെ അടുക്കലേക്കും അയച്ചു. വീണ്ടും പതിനൊന്നു പേരെക്കൂടി ബ്രൌണ്‍ സായിപ്പിന്റെ അടുത്തേക്ക് അയച്ചു. ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ തുടരുന്നു.

രണ്ടാമത്തെ ചോദ്യം ഏതു ജാതിയില്‍പ്പെട്ട കുട്ടികളെയാണ് നിങ്ങള്‍ വാങ്ങിയത് എന്നായിരുന്നു. ആ ചോദ്യത്തിന് അസന്‍ അലിയുടെ മറുപടി , വേട്ടുവ , പുലയ ചാന്നാര്‍ , കുറവ ജാതികളില്‍ പെട്ടവരായിരുന്നുവെന്നും താന്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മാപ്പിളപ്പേരുകളാണ് ഉണ്ടായിരുന്നത് എന്നുമാണ്.

 

          ഇന്ത്യയിലൊട്ടാകെ ഇത്തരത്തില്‍ അടിമവ്യാപാരം നിലനിന്നിരുന്നു. യുദ്ധങ്ങള്‍ക്കും മറ്റുവിടുപണികള്‍ക്കും പ്രൌഢി പ്രദര്‍ശിപ്പിക്കാനും മറ്റുമായി അവരെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഒരു കുതിരയെക്കാള്‍ പ്രാധാന്യമൊന്നും ഒരടിമയ്ക്ക് ലഭിച്ചിരുന്നുമില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക. നമ്മുടെ നാടിന്റെ സംസ്കാര സമ്പന്നമായ പൈതൃകത്തില്‍ അഭിരമിച്ച് അക്കാലം തിരിച്ചുവരാന്‍ യത്നിക്കുന്നവര്‍ ഈ ചരിത്രം കൂടി ഒന്ന് മറിച്ചു നോക്കുന്നത് നന്നായിരിക്കും.

 

||ദിനസരികള്‍ - 70 -2025 ജൂണ്‍ 12 , മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍