പറയന്‍. “നാട്ടു നീചജാതി”കളില്‍
ഏറ്റവും താഴെയായിരുന്നു പറയന്റെ സ്ഥാനം. അധസ്ഥിത പുരുഷന് ബ്രാഹ്മണ സ്ത്രീയില്‍
ജനിച്ചവനാണ് പറയനെന്നൊരു കഥയുണ്ട്. അതായത് ബ്രാഹ്മണ സ്ത്രീയെ താണജാതിക്കാര്‍
പ്രാപിച്ചാല്‍ ഏറ്റവും താണവരായിരിക്കും ഉണ്ടാകുക എന്നര്‍ത്ഥം. ജാതിയില്‍ താണവരില്‍
നിന്നും ബ്രാഹ്മണ സ്ത്രീയുമായി ഒരു തരത്തിലുള്ള വേഴ്ചകളും ഇല്ലാതാക്കാനുള്ള സവര്‍ണ
തന്ത്രമാണ് പറയന്റെ ജന്മത്തിന് കാരണമെന്ന് വ്യക്തമായല്ലോ. പറയരെപ്പോലെയുള്ള
അടിമജീവിതങ്ങള്‍ക്ക് വഴി നടക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലമാണതെന്ന് ഓര്‍ക്കണം.
അടിമകളെ പച്ചയ്ക്ക് കത്തിച്ചു കളഞ്ഞാലും ഒരാളും ചോദിക്കാനും പറയാനും വരാത്ത കാലം! ആ കാലത്ത്
അങ്ങനെയുള്ള ഒരു പറയനായിരുന്നു കണ്ടന്‍.
കണ്ടന്റെ ഭാര്യയുടെ പേര് ളേച്ചി എന്നായിരുന്നു. അവര്‍ക്ക് 1879 ല്‍ ഒരു
മകനുണ്ടാകുന്നു.പേര് കൊമരന്‍.
അപ്പോള്‍പ്പിന്നെ
കൊമരന്റെ ജീവിതവും എന്തായിരുന്നുവെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ. ജന്മിയുടെ
കന്നുകാലികളെ മേയ്ക്കുക എന്നതായിരുന്നു പണി. ജന്മി കൃസ്ത്യാനിയായിരുന്നു. ഇടയ്ക്കിടക്ക് വന്നുപോകാറുള്ള മുത്തൂറ്റ്
കൊച്ചുകുഞ്ഞുപദേശിയുടെ സാമീപ്യം കൊമരനെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചു.
കൃസ്ത്യാനിയായാല്‍ ജാതിക്കോമരങ്ങളില്‍ നിന്നും രക്ഷപ്പെടാം എന്നൊരു
സാധ്യതയുമുണ്ടായിരുന്നു. അങ്ങനെ കൊമരന്‍ , മാര്‍ത്തോമ സഭയുടെ കീഴില്‍ മാമോദീസ
മുങ്ങി കൃസ്ത്യന്‍ പേര് സ്വീകരിച്ചു കൃസ്ത്യാനിയായി. അങ്ങനെ പിന്നീട് നമ്മുടെ ചരിത്രത്തില്‍
പൊയ്കയില്‍ യോഹന്നാന്‍ എന്ന പേരില്‍ വിഖ്യാതനായ നവോത്ഥാന നായകന്റെ ജന്മംകൊണ്ടു.
വളരെ
വേഗം അദ്ദേഹം പണ്ഡിതനായ ഒരു സുവിശേഷകനായി മാറി. പ്രസംഗിക്കുവാനും പാടുവാനുമുള്ള
കഴിവ് അദ്ദേഹത്തെ പ്രശസ്തനുമാക്കി. തന്റെ വംശത്തില്‍ പെട്ടവരെ
വിമോചിപ്പിക്കുവാനുള്ള ഒരവസരമായി അദ്ദേഹം മതംമാറ്റത്തേയും സാമൂഹ്യപരിഷ്കരണ
ശ്രമങ്ങളേയും കണ്ടു. എന്നാല്‍ ജാതിയുടെ കെടുതിയില്‍ നിന്നും രക്ഷപ്പെടുന്നതിന്
വേണ്ടി ക്രിസ്തുവിന്റെ വഴി സ്വീകരിച്ച അദ്ദേഹത്തിന് താനിപ്പോഴും ജാതിയുടെ പിടിയില്‍
തന്നെയാണ് ജീവിച്ചുപോകുന്നതെന്ന് ഏറെ
വൈകാതെ മനസ്സിലായി. മാര്‍ത്തോമ സഭയിലെ ഉന്നതന്മാര്‍ക്ക് മതംമാറി വന്ന ഒരു പറയന്റെ
പ്രവര്‍ത്തനങ്ങള്‍ അസ്വാരസ്യങ്ങളുണ്ടാക്കി. അതോടെ യോഹന്നാനെ നിയന്ത്രിക്കാനും
നിരീക്ഷിക്കാനും സഭയ്ക്കുള്ളില്‍ തന്നെ സംഘങ്ങളുണ്ടായി. അധകൃതവര്‍ഗ്ഗത്തിന്റെ
വിമോചനം സ്വപ്നം കണ്ടുകൊണ്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ യോഹന്നാന് തിരിച്ചടികള്‍ ഉണ്ടായിത്തുടങ്ങി.
മതം മാറി വന്നവരെ അവശക്രിസ്ത്യാനികള്‍ എന്ന് ആക്ഷേപാര്‍ഹമായ രീതിയില്‍
വിളിക്കുന്നത് ജാതിവ്യവസ്ഥയുടെ സ്വാധീനം കൊണ്ടാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ
വേദനയില്‍ നിന്നുകൊണ്ട് കൃസ്തുമതത്തിന്റെ പുറവഴിയേ നാം അനാഥരായി അലഞ്ഞു എന്ന്
പാടുന്ന സാഹചര്യമുണ്ടായി. അതൊടൊപ്പം സവര്‍ണ കൃസ്ത്യാനികളുടെ സെമിത്തേരിയില്‍
അടക്കം ചെയ്ത ഒരു അവര്‍ണന്റെ ശരീരം മാന്തിയെടുത്ത് അധകൃതര്‍ക്കുള്ള സെമിത്തേരിയില്‍
മാറ്റി അടക്കം ചെയ്യേണ്ടി വന്ന സാഹചര്യം അനുഭവിച്ച് അറഞ്ഞ പൊയ്കയില്‍ യോഹന്നാന്‍
തന്റെ ജനതയുടെ വിവമോചനത്തിന് മാര്‍ത്തോമ സഭയുടെ കീഴിലുള്ള ജീവിതം
സഹായിക്കില്ലെന്ന് തിരിച്ചറിഞ്ഞ യോഹന്നാന്‍ സഭയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
അക്കാലത്ത്
യോഹന്നാന്‍ എഴുതിയ ഒരു പാട്ടു നോക്കുക :
വേദം നീ വായിച്ചിട്ടുണ്ടോ
അതില്‍ ജാതിയെത്രയെന്ന്
കണ്ടിട്ടുണ്ടോ ?
നീ കണ്ടിട്ടുണ്ടോ? നീ കണ്ടിട്ടുണ്ടോ ?
എന്‍ മാന്യകൂട്ടു സ്നേഹിതാ ?
പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍
തള്ളയെ പെങ്ങളെ
പ്പോലുര ചെയ്യും പോലുരചെയ്യും
എന്‍മാന്യ കൂട്ടുസ്നേഹിതാ
പള്ളി പിരിഞ്ഞു വെളിയില്‍
പറക്കള്ളിയെന്നും പുലക്കള്ളിയെന്നും
ഉരചെയ്യും ഉര ചെയ്യും
എന്‍മാന്യ കൂട്ടുസ്നേഹിതാ
അയ്യോ പറയാമോ പുലക്കള്ളിയെന്ന്
അയ്യോ പറയാമോ പറക്കള്ളിയെന്ന്
ക്രിസ്തുവിന്‍ രക്തത്തില്‍ പുല നീക്കിയില്ലേ
ക്രിസ്തുവിന്‍ രക്തത്തില്‍ പുല നീക്കിയില്ലേ
കൃസ്ത്യാനിയായിട്ടും
ജാതിയുടെ കെട്ടുപാടുകളില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ വംശത്തിന്
കഴിയുന്നില്ലല്ലോ എന്ന വേവലാതിയാണ് ബൈബിള്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന്
അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനനുസ്മൃതി കത്തിച്ച അംബേദ്കറുടെ പ്രവര്‍ത്തിയേയും
ബൈബളില്‍ കത്തിച്ച പൊയ്കയില്‍ യോഹന്നാന്റെ പ്രവര്‍ത്തിയും ഒരേ ആശയത്തെ പിന്‍
പറ്റിയായിരുന്നു :- ജാതിവിമോചനം. മനുസ്മൃതി ജാതി വ്യവസ്ഥയെ
നിലനിറുത്താന്‍ സഹായിക്കുന്നുവെന്നതാണ് കാരണമെങ്കില്‍ ബൈബിള്‍ നിഷേധിച്ചിട്ടും
ജാതിവ്യവസ്ഥയെ വിടാതെ തുടര്‍ന്നു വരുന്ന വിശ്വാസികളോടുള്ള പ്രതിഷേധമായിരുന്നു
ബൈബിള്‍ കത്തിക്കുവാനുള്ള കാരണം !
ജാതി വിരുദ്ധ പോരാട്ടങ്ങളുടെ കഥ 1
||ദിനസരികള്‍ - 69 -2025 ജൂണ്‍ 11 , മനോജ്
പട്ടേട്ട് ||
Comments