“ചാനല്‍ വളര്‍ത്തിയ കുട്ടി” യും കൂട്ടാളിയും
ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ നിന്നു കൊണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കാണിച്ച
“ഷോ” കണ്ടില്ലേ ? “നീ സി പി
എമ്മിന്റെ പണി എടുക്കുകയാണെങ്കില്‍ അത് ചെയ്താല്‍ മതി.ഞങ്ങളെ ഒണ്ടാക്കാനും കൂടി
വരണ്ട. ഞങ്ങളെ സുഖിപ്പിക്കാന്‍ നീ വരണ്ട. അത് നിന്റെ കൈയ്യില്‍ വെച്ചിരുന്നാല്‍
മതി. അങ്ങനെ സുഖിക്കുന്ന ആളുകളുമല്ല. നീ കേട്ടോ ? നിന്റെ സര്‍വ്വീസിനുള്ള പാരിതോഷികം
തരാം.ഞാന്‍ തരാം. നിന്റെ സര്‍വ്വീസിനുള്ള പാരിതോഷികം തരാം കേട്ടോ. ഓര്‍ത്തു വെച്ചോ “ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂരില്‍ വാഹനം
പരിശോധിച്ചപ്പോള്‍ ആ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ,
ഉദ്യോഗസ്ഥനോട് പറഞ്ഞ വാക്കുകളാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ചത്. ഈ പരിശോധന ഇലക്ഷന്‍ കാലങ്ങളില്‍ സ്വഭാവികമാണ് എന്ന്
എല്ലാവര്‍ക്കുമറിയാം. കൈവശം വെയ്ക്കേണ്ട തുക എത്രയാണെന്നും അതില്‍ക്കൂടുതല്‍ കൈവശം
വെയ്ക്കുന്നുണ്ടെങ്കില്‍ എന്തെല്ലാം രേഖകളാണ് കരുതേണ്ടത് എന്നു തുടങ്ങി ഇലക്ഷന്‍
കമ്മീഷന്റെ കൃത്യമായ അറിയിപ്പുകള്‍ പുറത്തു വന്നിട്ടുമുണ്ട്. സത്യസന്ധമായും ഭയരഹിതമായും വോട്ടര്‍മാരെ
വോട്ടുചെയ്യാന്‍ സഹായിക്കുകയും പണവും മറ്റു സാധനസാമഗ്രികളും കൊടുത്ത് വോട്ടു
സ്വാധീനിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുമാണ് ഈ പരിശോധന നടത്തുന്നതെന്നും
നമുക്കറിയാം. അത്തരത്തിലുള്ള പരിശോധനയിലാണ് പാലക്കാട് എം എല്‍ എ യും ഷാഫി
പറമ്പിലും ഉദ്യോഗസ്ഥരോട് തികച്ചും
ആക്ഷേപാര്‍ഹമായ രീതിയില്‍ പ്രതികരിച്ചത്.
ഈ പരിശോധനയില്‍ സംസ്ഥാന സര്‍ക്കാറിന്
ഒരു പങ്കുമില്ല. പോലീസുകാരും ഉദ്യോഗസ്ഥരും ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള
ജോലിയാണ് ചെയ്തത്. എന്നിട്ടും രാഹുലിന്റേയും പങ്കാളിയുടേയും ഈ നിന്ദ്യമായ
പ്രതികരണത്തിലെ ഭീഷണിയൊന്ന് നോക്കൂ. ഈ പരിശോധന സി പി എമ്മിന് വേണ്ടിയുള്ള പണിയാണെന്ന്
വ്യാഖ്യാനിച്ചു കൊണ്ടാണ് എം എല്‍ ഉദ്യോഗസ്ഥനെ പുലഭ്യം പറയുന്നത്. ഔദ്യോഗിക
കൃത്യനിര്‍വ്വഹണം നടത്താന്‍ അനുവദിക്കാത്ത വിധത്തില്‍ ആ ഉദ്യോഗസ്ഥനെ എം എല്‍ എയും
കൂട്ടരും തേജോവധം ചെയ്യുന്നു. പാരിതോഷികം തരാം
എന്നുപറയുമ്പോള്‍ എം എല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലേ ?
നിലമ്പൂര്‍ മണ്ഡലത്തിലെത്തിയ സംസ്ഥാന
മന്ത്രിമാരുടെ വാഹനങ്ങളെപ്പോലും പോലീസ് പരിശോധിച്ചിട്ടുണ്ട്. എം പിയായ കെ
രാധാകൃഷണന്റെ വാഹനവും പരിശോധിക്കപ്പെട്ടു. അതുപോലെ എത്രയെത്ര ഇടതുപക്ഷ
നേതാക്കന്മാരുടെ വാഹനങ്ങളാണ് പരിശോധിച്ചത് ? അതെല്ലാം തന്നെ ഉദ്യോഗസ്ഥരുടെ
ഉത്തരവാദിത്തമായിക്കണ്ട് അവരെല്ലാം സഹകരിക്കുകയാണ് ചെയ്തത്.എന്നാല്‍ ഈ എം എല്‍
എയ്ക്ക് താന്‍ എല്ലാ നിയമങ്ങള്‍ക്കും മുകളിലാണ് എന്ന ധാരണയാണുള്ളത് .
എന്നുമാത്രമവുമല്ല , സ്ഥാനത്തും അസ്ഥാനത്തും കയറി ആളുകളിക്കാനുള്ള അയാളുടെ വ്യഗ്രത
കേരളം പല വട്ടം കണ്ടിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ ആളുകളിയുടെ
ഭാഗമായി അന്‍വറിനെ കാണാന്‍ പോയതും പൊതുമധ്യത്തില്‍ അപഹാസ്യനായതും കേരളം
മറന്നിട്ടില്ല്ലല്ലോ.
രാഹുലിനെപ്പോലെയുള്ള ആളുകളുടെ കുഴപ്പം
എന്താണെന്നു വെച്ചാല്‍ അവരൊരിക്കലും യാഥാര്‍ത്ഥ്യങ്ങളെ നേരിട്ട് വന്നവരല്ല
എന്നുള്ളതാണ്. അതായാത് ചാനലുകള്‍ വളര്‍ത്തിയ കുട്ടിയാണ് രാഹുല്‍. അയാള്‍ ഇപ്പോഴും
ഏതോ ചാനല്‍ മുറിയിലാണ് എന്നാണ് ചിന്തിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ
തരിമ്പുപോലും അയാളുടെ പെരുമാറ്റത്തില്‍ കണ്ടെടുക്കാനാവില്ല. വാക്കുകള്‍ കൊണ്ട്
തന്റെ പ്രതിയോഗിയെ എയ്തുവീഴ്ത്തുന്ന അതേ ലാഘവത്തോടെയാണ് അയാള്‍ ജനാധിപത്യ
പ്രക്രിയകളേയും നോക്കിക്കാണുന്നത്. അയാള്‍ തിരുത്തുമെന്ന പ്രതീക്ഷയൊന്നും
എനിക്കില്ല , പക്ഷേ യു ഡി എഫ് തിരുട്ടുകൂട്ടത്തിലെ ഒന്നാം നമ്പര്‍ കള്ളനായ അയാളെ
കേരളം കരുതിയിരിക്കുക തന്നെ വേണം. അത്രമാത്രം.
||ദിനസരികള്‍ - 72 -2025 ജൂണ്‍ 14 , മനോജ്
പട്ടേട്ട് ||
Comments