കശ്മീരില്‍ കൂട്ടക്കൊല നടത്തിയ തീവ്രവാദികള്‍ , സത്യത്തില്‍ അവസരം കാത്തിരുന്ന ഹിന്ദുത്വവാദികള്‍ക്ക് ഇന്ത്യയിലെ മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുവാനുള്ള സാഹചര്യമാണ് ഉണ്ടാക്കിക്കൊടുത്തത്. അതിന്റെ പേരില്‍ നാടൊട്ടുക്ക് നടക്കുന്ന പ്രതിഷേധങ്ങളിലും പ്രതികരണങ്ങളിലും തീവ്രവാദികള്‍ എന്നതിനെക്കാള്‍ മുസ്ലിം എന്നു പ്രയോഗിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അത്തരമൊരു വ്യാഖ്യാനം ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും ആളും അര്‍ത്ഥവുമുള്ള സംഘപരിവാരത്തിന് വളരെ എളുപ്പവുമാണ്.
ഒരു ഭാഗത്ത് കലിമ ചോദിച്ച് മുസ്ലീമല്ല എന്നുറപ്പാക്കിയിട്ടാണ് വെടി വെച്ചു കൊന്നത് എന്ന പ്രചാരണം പഹല്‍ഗാമിലെ ആക്രമണം നടന്ന ആ നിമിഷം മുതല്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. മുസ്ലീമാണെങ്കില്‍ കൊല്ലില്ല അല്ലെങ്കില്‍ കൊല്ലും എന്ന പ്രചാരണത്തിന് പിന്നിലും കൃത്യമായ അജണ്ടയുണ്ടായിരുന്നു. മതത്തിന്റെ പേരില്‍ നിരപരാധികളെ തിരഞ്ഞു പിടിച്ച് കൊല്ലുന്നതിനെതിരെ സമൂഹമനസാക്ഷി പ്രതികരിക്കുമല്ലോ. ആ പ്രതികരണം ഒരു വിഭാഗത്തിന് നേരെ വഴി തിരിച്ചു വിടാന്‍ വളരെ എളുപ്പവുമാണ്. അതുകൊണ്ട് "ദേശീയ" മാധ്യമങ്ങള്‍ കലിമ ചോദിച്ചു അഥവാ മുസ്ലീമാണോ എന്ന് അന്വേഷിച്ചു എന്ന പ്രചാരണത്തിന് പ്രാമുഖ്യം നല്കി. എന്നാല്‍ അക്രമികളെ നേരിട്ട് വെടികൊണ്ട് മരിച്ച സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ എന്ന പ്രാദേശിക മുസ്ലിം യുവാവിനെ നമ്മള്‍ അത്ര കണ്ട് ഗൌനിച്ചില്ല. അക്രമത്തില്‍ കൊല്ലപ്പെട്ട ഏക മുസ്ലിം ഹുസൈന്‍ ഷാ ആയിരുന്നു. വിനോദയാത്രയ്ക്ക് എത്തുന്ന സഞ്ചാരികളെ കുതിരപ്പുറത്തു കയറ്റി ഉപജീവനം നടത്തുന്ന ഹുസൈന്‍ ഷാ ആളുകളെ വെടിവെച്ചു കൊല്ലുന്നതിനെതിരെ പ്രതികരിച്ചപ്പോഴാണ് ഭീകരര്‍ അദ്ദേഹത്തേയും നിഷ്ഠൂരമായി വധിച്ചത്.
ഹുസൈന്‍ ഷാ ഒരു വീടിന്റെ അത്താണിയായിരുന്നു. ഭാര്യയും മാതാപിതാക്കളും സഹോദരന്മാരും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്നു. ഭീകരരോട് പ്രതികരിക്കാതിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല. സംഭവം നടന്നതിനു ശേഷവും അദ്ദേഹത്തിന് തന്റെ ജോലിയുമായി മുന്നോട്ടു പോകാമായിരുന്നു. എന്നാല്‍ അദ്ദേഹം അതല്ല ചെയ്തത്. ആ പ്രതികരണത്തിന് പകരം നല്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. അക്രമത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകള്‍ ആരതി , വെടിവെയ്പ്പിന് ശേഷം സ്വന്തം സഹോദരന്മാരെപ്പോലെ തങ്ങളെ സംരക്ഷിച്ചു പിടിച്ച മുസാഫിറിനേയും ഷമീറിനേയും കുറിച്ച് പറയുന്നുണ്ട്. അവരുടെ സഹായത്തെ വളരെയേറെ നന്ദിയോടെയാണ് അനുസ്മരിക്കുന്നത്. കാശ്മീരില്‍ തനിക്ക് രണ്ടു സഹോദരങ്ങളെ കിട്ടി എന്നാണ് ആരതി പറഞ്ഞത്.
ഇത്രയും
പറഞ്ഞത് ക്രൂരമായ അക്രമത്തെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുവാനോ അത്
ചെയ്തവരുടെ കൃത്യത്തെ ലഘൂകരിക്കുവാനോ അല്ല , മറിച്ച് കുറ്റവാളികളുടെ മതം
അടിസ്ഥാനപ്പെടുത്തി ആ മതത്തില്‍ പെട്ടവരെല്ലാം തീവ്രവാദികളാണ് എന്ന തരത്തിലുള്ള
പ്രതികരണം അടിസ്ഥാന രഹിതമാണ് എന്ന് സൂചിപ്പിക്കുവാനാണ്. എല്ലാ മതത്തിലും
മതഭ്രാന്തന്മാരുണ്ട്. ഗാന്ധിയെ വെടിവെച്ചു കൊന്ന ആറെസെസ്സുകാരന്‍
ഹിന്ദുവാണെങ്കിലും എല്ലാ ഹിന്ദുക്കളും അത്തരത്തിലുള്ള മതഭ്രാന്ത് കൊണ്ടു
നടക്കുന്നവരല്ലെന്നുമാത്രവുമല്ല ഗാന്ധിയെ ഒരു ഹിന്ദു കൊന്നു എന്നതിന്റെ പേരില്‍
ഹിന്ദുക്കളെല്ലാം തീവ്രവാദികളാണ് എന്ന വാദിക്കുന്നതും തെറ്റാണ്. അതുകൊണ്ട് ഒരു സംഭവത്തെ മുന്‍നിറുത്തി ഒരു
മതവിഭാഗത്തെയാകമാനം പ്രതിക്കൂട്ടിലേക്ക് ആവാഹിക്കുന്നത് അപലപനീയമാണ്, അന്തസാരശൂന്യമാണ്.
||ദിനസരികള് - 24 -2025 ഏപ്രില്
24, മനോജ് പട്ടേട്ട്||
Comments