തമിഴ് നാട് സര്‍ക്കാര്‍ നല്കിയ കേസില്‍ ഗവര്‍ണര്‍‌ക്കെതിരെ വിധി പറഞ്ഞതില്‍ സംഘപരിവാരത്തിന് പിരിവെട്ടിയിരിക്കുകയാണെന്ന് ഛോട്ടാ നേതാക്കന്മാര്‍ മുതല്‍ അഖിലേന്ത്യാ തലം വരെയുള്ള നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഡോ. നിഷികാന്ത് ദുബേ എം പിയുടെ പ്രതികരണമാണ് അക്കൂട്ടത്തില്‍ ഏറ്റവും അവസാനമായി വന്നത്. ഇങ്ങനെയാണെങ്കില്‍ പാര്‍‌ലമെന്റിന്റെ ആവശ്യമില്ലെന്നും അടച്ചുപൂട്ടി പരമാധികാരം സുപ്രിംകോടതിയിലേക്ക് നിജപ്പെടുത്തണമെന്നുമാണ് ദുബേയുടെ എക്സ് പോസ്റ്റ് ആവശ്യപ്പെടുന്നത്. അതായത് പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് സുപ്രിംകോടതി കടന്നു കയറുന്നുവെന്നും ജനപ്രതിനിധി സഭ നിര്‍‌വ്വഹിക്കേണ്ട നിയമനിര്‍മ്മാണം എന്ന ചുമത കോടതി ഏറ്റെടുക്കുന്നുവെന്നുമാണ് ദുബേ ആരോപിക്കുന്നത്. എന്താണ് വിഷയമെന്ന് പഠിക്കാന്‍ ശ്രമിക്കാതെയും കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും പ്രതികരിക്കുന്ന ബി ജെ പി നേതാക്കളില്‍ നിന്നും ഉത്തരവാദിത്ത ബോധത്തോടെ ഒരഭിപ്രായ പ്രകടനം പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണല്ലോ. എന്നാല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഒരു മൂന്നാംകിട ബി ജെ പി നേതാവിനെപ്പോലെ പ്രതികരിക്കാന്‍ ശ്രമിച്ചാലോ ? ഈ വിഷയത്തില്‍ ഉപരാഷ്ട്രപതിയുടെ പ്രതികരണം അപക്വവും ഭരണഘടനാ ബാധ്യതകളെ വകവെയ്ക്കാത്തതുമായിപ്പോയി എന്ന് പറയാതെ വയ്യ.

 

          ഭരണഘടനാ പ്രശ്നങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ അത് അഞ്ച് ന്യായാധിപരെങ്കിലും അടങ്ങിയ ഒരു ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടത്. തികച്ചും അസംബന്ധമായിപ്പോയി അദ്ദേഹത്തിന്റെ ആവശ്യം എന്ന് പറയാതെ വയ്യ. രാജ്യത്തിലെ രണ്ടാമത്തെ പൌരന്‍ ഏറ്റവും വലിയ നീതിന്യായ സ്ഥാപനത്തിന് എതിരെ ആക്ഷേപമുന്നയിക്കുമ്പോള്‍ ആ ആക്ഷേപത്തിന് ഭരണഘടനാപരമായി വസ്തുതകളുടെ പിന്‍ബലം ഉണ്ടാകണം. ഇവിടെ ധന്‍കറിന്റെ ആരോപണത്തിന് അത്തരമൊരു അടിസ്ഥാനമില്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതായ യാതൊന്നും തന്നെ ആ കേസില്‍ ഉള്‍‌പ്പെട്ടിട്ടുണ്ടായിരുന്നില്ല. ഭരണഘടനയുടെ 201 , 202 അനുച്ഛേദങ്ങളെ കേവലമൊന്ന് വിശദീകരിക്കുകയും വ്യഖ്യാനിക്കുകയും മാത്രമാണ് സുപ്രിം കോടതി ചെയ്തത്. ആര്‍ട്ടിക്കിള്‍ 201 നോക്കുക “ When a Bill is reserved by a Governor for the consideration of the President, the President shall declare either that he assents to the Bill or that he withholds assent therefrom: Provided that, where the Bill is not a Money Bill, the President may direct the Governor to return the Bill to the House or, as the case may be, the Houses of the Legislature of the State together with such a message as it mentioned in the first proviso to article 200 and, when a Bill is so returned, the House or Houses shall reconsider it accordingly within a period of six months from the date of receipt of such message and, if it is again passed by the House or Houses with or without amendment, it shall be presented again to the President for his consideration.ഇതനുസരിച്ച് പ്രസിഡന്റിന്റെ / അഥവാ ഗവര്‍ണറുടെ പരിശോധനയ്ക്ക് സമര്‍പ്പിക്കപ്പെടുന്ന ഒരു ബില്ലില്‍ സമ്മതമോ വിസമ്മതമോ രേഖപ്പെടുത്തി സഭയിലേക്ക് തിരിച്ചയക്കാനുള്ള അധികാരം അവരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. എന്നാല്‍ ഒരു ബില്‍ അനിശ്ചിതമായി പിടിച്ചുവെയ്ക്കുവാന്‍ കഴിയുമോ എന്നത് ഇവിടെ ഒരു പ്രധാനപ്പെട്ട ചോദ്യമായി വരുന്നു. അവിടെയാണ് നിയമ സഭകളാണ് ഗവര്‍ണറല്ല നാട് ഭരിക്കേണ്ടത് എന്ന അഭിപ്രായം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഒരു നിയമ സഭയ്ക്ക് ആവശ്യമായ പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്വതന്ത്രവും സമയബന്ധിതവുമായി നിയമ നിര്‍മ്മാണം നടത്താനുമുള്ള അവകാശം ലഭിക്കേണ്ടിയിരിക്കുന്നു. ഇവിടെ സമയക്രമം നിശ്ചയിച്ചതുവഴി പ്രസിഡന്റിയോ ഗവര്‍ണറുടേയോ അധികാരത്തിന് ഭംഗമുണ്ടാകുന്നില്ല , മറിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സഭകളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാന്‍ ഉള്ള ശ്രമം മാത്രമാണ്. ഗവര്‍ണമാരെ ഉപയോഗിച്ചു കൊണ്ട് സംസ്ഥാനങ്ങളെ വരുതിയ്ക്ക് നിറുത്തുവാനും കേന്ദ്രത്തിന്റെ ഇഷ്ടത്തിന് കൊണ്ടുവരാനുമുള്ള അവസരത്തിനാണ് കോടതി കത്തിവെച്ചത്. ഇത് രാഷ്ട്രീയ ദുരുദ്ദേശങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് എന്നുള്ളതുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയ്ക്ക് വിധി ഹാലിളക്കമുണ്ടാക്കിയത്. എന്നാല്‍ അവധാനതയോടെ ഇടപെടേണ്ടിയിരുന്ന ഉപരാഷ്ട്രപതി അസ്ഥാനത്ത് നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അനുചിതമായിപ്പോയി.

 

          സംഘപരിവാരം തിരുത്തുമെന്ന് കരുതുന്നില്ല, പക്ഷേ ഇതുപോലെ ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോടതികള്‍ കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിച്ചു തുടങ്ങണം എന്നുമാത്രമാണ് ഒരു പൌരനെന്ന നിലയില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്.

 

 

 

||ദിനസരികള് - 20 -2025 ഏപ്രില് 20, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍