എന്തൊരു ജീവിതമായിരുന്നു അത് ! 2013 മാര്‍ച്ച് 13 ന് പാപ്പയായി ചുമതലയേറ്റെടുത്ത അന്നുമുതല്‍ ഭൂമിയുടെ ആകാശത്ത് പന്ത്രണ്ട് കൊല്ലക്കാലം ജ്വലിച്ചു നിന്ന ഒരത്ഭുത തേജസ് !  നാളിതുവരെയുള്ള സഭാപിതാക്കന്മാരുടെ മുഴുവന്‍ ചരിത്രമെടുത്താലും സുവര്‍ണ ലിപികളില്‍ മാത്രം എഴുതപ്പെടുമെന്ന് ഉറപ്പുള്ള ഒരു കാലഘട്ടം ! അതുവരെ സഭ സ്വീകരിച്ച  പല നിലപാടുകളില്‍ നിന്നും വെട്ടിത്തിരിയുന്നതും പുതിയ ലോകത്തിന് ചേര്‍ന്ന അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നതും ലോകം അത്ഭുതത്തോടെയും ആദരവോടെയും കണ്ടു നിന്ന നാളുകള്‍ ! ഇന്നലെ നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ മഹാ ഇടയന്‍ ഫ്രാന്‍സിസ് മാര്‍‌പാപ്പ എല്ലാംകൊണ്ടും ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

 

          പാപ്പ ആദ്യമായി റോമിന് പുറത്തേക്ക് പോകുന്നത് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയിലേക്കാണ്. കാലം 2013 ജൂലൈ. ദാരിദ്ര്യവും ആഭ്യന്തര കലാപങ്ങളും യുദ്ധവുമൊക്കെ ജീവിതങ്ങളെ തല്ലിക്കെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച ആയിരങ്ങളാണ് അന്ന് ലാംപെഡൂസയിലേക്ക് എത്തിയത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാനുള്ള ശ്രമത്തില്‍ നിരവധിയാളുകള്‍ മുങ്ങി മരിച്ചു. അവരുടെ ശവശരീങ്ങള്‍ ദ്വീപിന്റെ പ്രാന്തങ്ങളില്‍ ഒഴുകിനടന്നു. അതിജീവിച്ച് കര പറ്റിയവരെ കാണാനും ആശ്വസിപ്പിക്കാനും മഹായിടയന്‍ ഓടിയെത്തിയത് ലോകത്തിന് ഒരു പുതിയ സന്ദേശമായിരുന്നു. അഭയാര്‍ത്ഥികളോട് ആലംബഹീനരോട് സഹായം ആവശ്യമുള്ളവരോട് നാം എന്തു നിലപാട് സ്വീകരിക്കണം എന്ന പ്രഖ്യാപനമായിരുന്നു പാപ്പയുടെ ലാംപെഡൂസ സന്ദര്‍ശനം. പിന്നീട് യു എസ് കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്തുകൊണ്ടും അഭയാര്‍ത്ഥികളോട് സ്വീകരിക്കേണ്ട മാനവികമായ നിലപാടിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നുമാത്രവുമല്ല , നാടുകടത്താന്‍‌ നിശ്ചയിക്കപ്പെട്ട മൂന്നുകുടുംബങ്ങളിലെ ആറുകുട്ടികളെയടക്കം പന്ത്രണ്ട് സിറിയന്‍ മുസ്ലിം അഭയാര്‍ത്ഥികളെ റോമിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വാക്കുകളില്‍ മാത്രമല്ല അദ്ദേഹം പ്രവര്‍ത്തിയിലൂടെയും മാതൃക കാണിച്ചു.

 

          അഭയാര്‍ത്ഥികളോട് മനുഷ്യത്വവിരുദ്ധമായ നിലപാട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റെ ട്രംപിനോട് പാപ്പയ്ക്ക് കര്‍ശനമായി പ്രതികരിക്കേണ്ടി വന്നതും ചരിത്രമാണ്. അമേരിക്കയുടെയും മെക്സിക്കോയുടെയും ഇടയില്‍ ഒരു ഭിത്തി പണിതുകൊണ്ട് അതിക്രമിച്ചു കടക്കുന്നവരെ നേരിടണമെന്ന ട്രംപിന്റെ പ്രസ്താവന പോപ്പിനെ കുപിതനാക്കി. ട്രംപ്  കൃസ്ത്യാനിയല്ലെന്നും ഒരു കൃസ്ത്യാനിക്ക് ഇത്തരത്തില്‍ ചിന്തിക്കാനും പെരുമാറാനും  കഴിയില്ലെന്നുമുള്ള പോപ്പിന്റെ പ്രസ്താവന ലോകം ആദരവോടെയാണ് കേട്ടുനിന്നത്. ഗാസയില്‍ നടക്കുന്നത് യുദ്ധമല്ലെന്നും ഭീകരതയാണെന്നും യുക്രെയിന്‍ യുദ്ധം അന്യായമാണെന്നും മറ്റുമുള്ള കൃത്യമായ നിലപാടുകള്‍ പിന്നീട് പലപ്പോഴായി നാം കേട്ടു.  അങ്ങനെ എവിടെയൊക്കെ മനുഷ്യന് വഴി തെറ്റുന്നുവോ അവിടങ്ങളിലൊക്കെ നേര്‍വഴിയുടെ പ്രകാശഗോപുരമായി പാപ്പ ചെന്നെത്തി.

 

          സാമൂഹ്യപ്രശ്നങ്ങളില്‍ അതുവരെ സഭ സ്വീകരിച്ച രീതിയിലല്ല പോപ്പ് ഫ്രാന്‍സിസ് ഇടപെട്ടത്. എല്‍ ജി ബി ടി ക്യൂവിനെക്കുറിച്ച് അദ്ദേഹം നടത്തിയ If a person is gay and seeks God and has good will, who am I to judge him  എന്ന പ്രതികരണം ലോകത്താകമാനം പ്രസ്തുത വിഷയത്തെ ചര്‍ച്ചാ വേദികളുടെ നടുവിലേക്ക് ആനയിക്കാനും നാളതുവരെ സ്വീകരിച്ചു പോന്ന നിലപാടുകളെ പുനപരിശോധിക്കാനും    പോന്നതായിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ കാര്യത്തില്‍ അദ്ദേഹം പുറപ്പെടുവിച്ച സ്വവര്‍ഗ്ഗാനുരാഗികളും ദൈവത്തിന്റെ സന്താനങ്ങളാണ്. അവര്‍ക്കും എല്ലാവരേയും പോലെ കുടുംബത്തില്‍ അവകാശമുണ്ട്. അത്തരക്കാരെ ഒഴിവാക്കുകയോ അവരുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ വിലങ്ങുകള്‍ തീര്‍ക്കുകയോ ചെയ്യരുത് എന്ന പ്രസ്താവന സഭയ്ക്കക്കകത്തും പുറത്തും ഒരു പോലെ ചൂടുപിടിച്ച ചര്‍ച്ചയായി.

 

          2018 ലെ പ്രളയത്തില്‍ കേരളത്തെ സഹായിക്കണമെന്ന് ലോകത്തോട് ആഭ്യര്‍ത്ഥിച്ചത് നാം മറന്നിട്ടില്ലല്ലോ ! വിശക്കുന്നവരുടെ  കുടിയിറക്കപ്പെടുന്നവരുടെ ഒറ്റപ്പെടുന്നവരുടെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യുദ്ധംതകര്‍ക്കുന്നവരുടെ  രോഗപീഢയാല്‍ വലയുന്നവരുടെ സങ്കടങ്ങളോട് ഒപ്പം നിന്ന് അവര്‍ക്ക് കനിവുപകര്‍ന്ന മഹാ ഇടയന് വിട.

 

 

||ദിനസരികള് - 22 -2025 ഏപ്രില് 22, മനോജ് പട്ടേട്ട്||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍