ഇരുപത്തിയേഴ് പ്രാണനുകളാണ് ഭീകരരുടെ ആക്രമണത്തില്‍ പഹല്‍ഗാമില്‍ പൊലിഞ്ഞത്. രാജ്യം  ഈ കൊടുംക്രൂരത ഞെട്ടലോടെയാണ് കേട്ടത്. അവധിക്കാലം ആസ്വദിക്കുവാന്‍ കുടുംബത്തോടൊപ്പം എത്തിയ നിരപരാധികളാണ് ഒരു കൂട്ടം മതഭീകരവാദികളുടെ വെടിയുണ്ടയേറ്റ് ചിതറിത്തെറിച്ചത്. ലഷ്കര്‍ ഇ ത്വയിബ, ഐ എസ് എസ്  തുടങ്ങിയ മുസ്ലീംതീവ്രവാദ സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നാണ് പ്രാഥമികമായ വിവരം. രാജ്യം ഒറ്റക്കെട്ടായി ഈ അരുംകൊലയെ അപലപിക്കുകയും ബന്ധുമിത്രാദികള്‍ക്ക് സാന്ത്വനമാകുകയും വേണം.

 

          കാശ്മീരിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചുവെന്നും അവിടെ ശാന്തമായിരിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ കുറേ കാലമായി നിലവിലുണ്ട്. കാശ്മീരില്‍ നിന്നും തീവ്രവാദത്തെ തുരത്താന്‍ കഴിഞ്ഞുവെന്ന അധികാരികളുടെ പ്രഖ്യാപനത്തെ വിശ്വസിച്ചാണ് കുടുതല്‍ കൂടുതലായി സഞ്ചാരികള്‍ അവിടേക്ക് എത്തിച്ചേരുന്നത്. എന്നാല്‍ സ്വന്തം രാജ്യത്തെ ഭരണാധികാരികളുടെ വാക്കു വിശ്വസിച്ച് അവിടേക്കെത്തിയ പാവങ്ങളാണ് പോയന്റ് ബ്ലാങ്കില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ മറ്റെതെങ്കിലും ഭാഗത്തു ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണമുണ്ടാകുന്നുവെങ്കില്‍ അത്ര കണ്ട് നമുക്ക് സര്‍ക്കാറിനെ പഴിക്കാനാവില്ല. എന്നാല്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്ത് ഇനി ആക്രമണമുണ്ടാകില്ല എന്ന് പറയുമ്പോള്‍ അതുറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.  അതുകൊണ്ട് ഈ അരും കൊലയുടെ ധാര്‍മികമായ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ല.

         

          പഹല്‍ഗാമിന് ആക്രമണങ്ങളുടേതായ ഒരു ചരിത്രമുണ്ട്. 1995 ലും 2002 ലും 2004 ലുമൊക്കെ ലോകം അപലപിച്ച ആക്രമണങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കഥകളി വഴി കേരളവുമായി ബന്ധമുള്ള ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോയെ തലയറുത്താണ് കൊലപ്പെടുത്തിയത്.  കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി പക്ഷേ അവിടെ ശാന്തമായിരുന്നു. എന്നാല്‍ ആ ശാന്തത ഏതു സമയത്തും പൊട്ടിപ്പുറപ്പെടാനിടയുള്ള വിസ്ഫോടനത്തിന്റെ മുന്നോടിയാണെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞില്ല. മാത്രവുമല്ല , സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാമിനെ ഉന്നം വെച്ചതുവഴി തീവ്രവാദികള്‍ക്ക് കാശ്മീരിലേക്കുള്ള വിനോദയാത്രയ്ക്ക് ഒരു വിലക്കു പ്രഖ്യാപിക്കാനും കഴിഞ്ഞു എന്നതാണ് ഇതിലെ മറ്റൊരു പ്രധാന അനുബന്ധം. സര്‍ക്കാറിന്റെ ഉറപ്പില്‍ ഉണര്‍ന്നു വരുന്ന വിനോദ സഞ്ചാര മേഖല ഈ സംഭവത്തോടെ പ്രതിസന്ധിയിലാകും എന്ന കാര്യം ഭീകരര്‍ക്ക് നന്നായി അറിയാം.

 

          തിരിച്ചടിക്കണം , കൊന്നൊതുക്കണം എന്നൊക്കെയുള്ള ഗ്വാ ഗ്വാ വിളികള്‍ ഉയരുന്നത് കേള്‍ക്കുന്നുണ്ട്. തിരിച്ചടിച്ചാല്‍ നമുക്കും കുറച്ചാളുകളെ കൊന്നൊടുക്കാന്‍ കഴിഞ്ഞേക്കാം. കൊല്ലപ്പെടുന്നവരുടെ ബന്ധുമിത്രാദികളെ സങ്കടക്കടലിലേക്ക് തള്ളി വിടാന്‍ നമുക്കും കഴിഞ്ഞേക്കാം. തിരിച്ചടിച്ചു എന്ന പേരില്‍ ആഘോഷങ്ങള്‍ നടത്താം , രാഷ്ട്രീയമായ മുതലെടുപ്പുകള്‍ നടത്താം. അങ്ങനെയൊക്കെ ചെയ്ത ചരിത്രം നമുക്കുണ്ട്. അതൊന്നും പക്ഷേ ശാശ്വത പരിഹാരമല്ല. ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രഹസനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തിരിച്ചടിച്ച് ആള്‍നാശമുണ്ടാക്കുക എന്നതൊരു വഴിയല്ല. മാത്രവുമല്ല തിരിച്ചടിച്ചാല്‍ കൊല്ലപ്പെടുന്നത് ഈ സംഭവവുമായി ബന്ധപ്പെട്ട തീവ്രവാദികളായിരിക്കില്ല. ഏതാനും നിരപരധികളായിരിക്കും എന്ന കാര്യം ഉറപ്പ്. ഇന്ന് നമ്മുടെ ആളുകള്‍ ഈ കുരുതിയുമായി ബന്ധപ്പെട്ടവരെ വെറുക്കുന്നതുപോലെ നാം തിരിച്ചടിച്ചാല്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുകള്‍ നമ്മെയും വെറുക്കും. ഈ വെറുപ്പിനെ അങ്ങനെത്തന്നെ നിലനിറുത്തുക എന്നുള്ളതാണ് ഓരോ തീവ്രവാദവും ഉന്നം വെയ്ക്കുന്നത്. അതുകൊണ്ട് തിരിച്ചടികളെക്കാള്‍ എന്തുകൊണ്ടും നല്ലത് , സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ പൌരര്‍ക്ക് സ്വച്ഛശാന്തമായി ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ്!

         

          ഓരോ ആക്രമണങ്ങളും നമ്മെ കൂടുതല്‍ കരുത്തരാക്കുകയാണ് വേണ്ടത്. കരുത്ത് എന്നാല്‍ അക്രമിക്കാനുള്ള കരുത്ത് എന്നല്ല ഏത് അക്രമി വന്നാലും അകത്തു കയറാതെ കാത്തുരക്ഷിക്കാനുള്ള കരുത്ത് എന്നാണ്.  പഹല്‍ഗാമിന്റെ പാഠങ്ങളില്‍ നിന്നും അത്തരമൊരു കരുത്ത് നേടാന്‍ ഈ രാജ്യത്തിന് കഴിയേണ്ടതുണ്ട്.

 

വിടപറഞ്ഞവര്‍ക്ക് ഒരിക്കല്‍ക്കൂടി ആദരാഞ്ജലികള്‍ !

 

||ദിനസരികള് - 23 -2025 ഏപ്രില് 23, മനോജ് പട്ടേട്ട്||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍