കുരുക്ഷേത്ര പ്രകാശന്‍ പന്ത്രണ്ടാം
പതിപ്പായി 2022 ല്‍ പ്രസിദ്ധീകരിച്ച ആര്‍ എസ് എസ് ആചാര്യന്‍ ഗോള്‍വല്‍ക്കറുടെ
വിചാരധാര എന്ന പുസ്തകം എടുക്കുക. 267 ാമത്തെ പേജ് നാം ഇങ്ങനെ വായിക്കും “ ഇന്ന് മുസ്ലിം പ്രശ്നം തന്നെയില്ല. പാകിസ്താന് പിന്തുണ
നല്കിയിരുന്ന കലാപകാരികളെല്ലാം തന്നെ പോയിക്കഴിഞ്ഞു. ശേഷിച്ച മുസ്ലിംങ്ങള്‍
നമ്മുടെ രാജ്യത്തോട് ഭക്തിയുള്ളവരാണ്. എന്തുതന്നെയായാലും അവര്‍ക്ക് പോകുവാന്‍
മറ്റൊരിടമില്ലാത്തതുകൊണ്ട് അവര്‍ നിശ്ചയമായും കൂറുള്ളവരായിക്കും എന്ന്
ചിന്തിക്കുന്നവരുണ്ട് “ എന്ന് എഴുതിയതിന് ശേഷം ഗോള്‍വല്‍ക്കര്‍ തുടരുന്നു
:- “ പാകിസ്താന്‍ സൃഷ്ടിക്കപ്പെട്ടതോടെ ഒറ്റ
രാത്രികൊണ്ട് അവരെല്ലാം രാജ്യ സ്നേഹികളായി മാറി എന്ന് വിശ്വസിച്ച് സ്വയം
വഞ്ചിക്കുന്നത് ആത്മഹത്യാ പരമായിരിക്കും. നേരെ മറിച്ച് നമ്മുടെ രാഷ്ട്രത്തിന് നേരെ
ഭാവിയില്‍ അവരുടെ ആക്രമണ തന്ത്രങ്ങള്‍ക്കെല്ലാം ചവിട്ടു പടിയായ പാകിസ്താന്റെ
സൃഷ്ടിയോടുകൂടി മുസ്ലീംങ്ങളെക്കൊണ്ടുള്ള ശല്യം നൂറിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ് “
ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍
യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത , എന്നുമാത്രവുമല്ല സ്വാതന്ത്ര്യ മോഹികളായ ദേശീയ
പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നതില്‍ നിന്നും
പിന്മാറ്റാന്‍ പരിശ്രമിച്ച ഒരു കൂട്ടം ആളുകളുടെ ആചാര്യനാണ് സ്വാതന്ത്ര്യ
പ്രാപ്തിയ്ക്ക് ശേഷം ഏറ്റവും വലിയ ദേശസ്നേഹികളായി നിന്നുകൊണ്ട് ഗിരിപ്രഭാഷണം
നടത്തുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ആ പ്രഭാഷണത്തിലാകത്തെ , രാജ്യത്തോടുള്ള കൂറും സ്നേഹവുമല്ല തെളിഞ്ഞു
കത്തുന്നത്. മറിച്ച് ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്താനും ശത്രുക്കളാക്കാനുമുള്ള
കുടില തന്ത്രമാണ്. ഈ വിഭജനത്തിന്റെയും വിഘടനത്തിന്റേയും നിലപാടുകളെ പിന്‍പറ്റിക്കൊണ്ടാണ്
നാളിതുവരെ ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ തങ്ങളുടെ അഭിപ്രായങ്ങളെ
രൂപീകരിച്ചുകൊണ്ടിരിക്കുന്നത്.
മുസ്ലിം
വിരുദ്ധതയ്ക്ക് തീപ്പിടിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ഉണ്ടാകുമ്പോള്‍
അതുപയോഗിച്ചുകൊണ്ടും ഇല്ലാത്തപ്പോള്‍ ഉണ്ടാക്കിക്കൊണ്ടുമാണ് ഹിന്ദുത്വ ഈ രാജ്യത്ത്
അധികാരത്തിലേക്ക് നടന്നു കയറിയത്. ( ക്രിസ്ത്യാനികളോടും കമ്യൂണിസ്റ്റുകളോടുമുള്ള
സമീപനം ഈ പ്രകരണത്തിന്റെ വിഷയമല്ലെങ്കിലും അവരേയും വൈദേശികാശയങ്ങളുടെ അടിത്തറയില്‍
നിലയുറപ്പിച്ചിരിക്കുന്നവയെന്നതുകൊണ്ടുതന്നെ ഈ രാജ്യത്തു നിന്നും
ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് ഗോള്‍വല്‍ക്കറുടെ സുചിന്തിതമായ അഭിപ്രായം എന്നതു
കൂടി സൂചിപ്പിക്കട്ടെ ! ) സ്വാതന്ത്ര്യാനന്തര
ഭാരതത്തില്‍ നടന്ന ഭൂരിപക്ഷം
കലാപങ്ങളുടേയും സൂത്രധാരന്മാര്‍ ആര്‍ എസ് മേല്‍നോട്ടം വഹിക്കുന്ന
സംഘപരിവാര സംഘടനകളാണല്ലോ. എന്നാല്‍ മാധ്യമങ്ങളുടേയും ഭരണകൂട സാധ്യതകളുടേയും പിന്‍ബലത്തില്‍
മുസ്ലിമാണ് ഈ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം പിന്നിലെന്ന്
പ്രചരിപ്പിക്കുവാന്‍ പരിവാരത്തിന് കഴിയുന്നു. ഇങ്ങനെ ഒരു പ്രതികൂല പ്രതിച്ഛായ നിര്‍മ്മിതി
അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അനിവാര്യമായ ഘടകമാണ്.
പറഞ്ഞു
വരുന്നത് , മുസ്ലിംങ്ങളെല്ലാം തന്നെ തങ്ങളുടെ ദേശ സ്നേഹം തെളിയിക്കാന്‍ വെമ്പല്‍ കൊള്ളണം
എന്നല്ല മറിച്ച് തങ്ങളുടെ ഇടയിലുള്ള ക്ഷുദ്രശക്തികളെ കരുതിയിരിക്കണം എന്നതാണ്. അതായത്
നമ്മള്‍ ചെത്തിമിനുക്കിയെടുത്ത് കൊണ്ടുവന്ന വടി വെച്ച് നമുക്കിട്ടു തന്നെ തല്ലുകിട്ടാതിരിക്കാനുളള
ജാഗ്രത കാണിക്കുക തന്നെ വേണം. മല വെള്ളം വരുമ്പോള്‍ പഴംമുറം കൊണ്ട് തട കെട്ടുവാനുള്ള
ശ്രമത്തെ ചരിത്രം പുച്ഛിക്കുക തന്നെ ചെയ്യും , ജാഗ്രതൈ !
||ദിനസരികള് - 25 -2025 ഏപ്രില് 25, മനോജ് പട്ടേട്ട്||
Comments