#ദിനസരികള്‍ 1292
“നമ്പര്‍ 38. കല്പകശേരി അഷ്ടമൂര്‍ത്തി നമ്പൂരി – ഈ പുരുഷന്‍ സാധനത്തിന്റെ അച്ഛനാണ്.രാഗദ്വേഷത്തിന് ഒരു സമയം
വഴിയായിരിക്കാമെന്ന് തോന്നുന്നതായി അദ്ദേഹം പറയുന്നു.എത്രയോ അല്പമായ
കാരണത്തിന്മേല്‍ സ്വന്തം അച്ഛനെ പറ്റി അടിസ്ഥാനമില്ലാതെ ഈ സാധനം ദോഷാരോപണം
പറയുമെന്ന് വിചാരിക്കുവാന്‍ അശേഷം ധൈര്യം വരുന്നില്ല.ഓരോരുത്തരായിട്ട്
ആദ്യസംസര്‍ഗ്ഗത്തിന് സംഗതി വന്നതിന്റെ ക്രമം സാധനം പറഞ്ഞിരിക്കുന്നത് കേവലം
അസംഭവമാണെന്ന് പറയാവുന്ന വിധത്തിലാണെന്ന് തോന്നീട്ടില്ല.ഈ അച്ഛന്റെ വിഷയത്തില്‍ പറഞ്ഞിരിക്കുന്ന
ക്രമവും സംഭവ്യമായിട്ടുതന്നെയാണ് തോന്നുന്നത്.
നമ്പര്‍
54 കല്പകശ്ശേരി നാരായണന്‍ നമ്പൂതിരി – ഈ പുരുഷന്‍ സാധനത്തിന്റെ അനുജനാണ്. തന്റെ ഉറ്റ ബന്ധുവെപ്പറ്റി സാധനം
സംഭവിക്കാത്തതു പറയാന്‍ തക്ക ഒരു ഹേതുവും പുരുഷന്‍ പറകയോ തെളിയിക്കുകയോ
ചെയ്തിട്ടില്ല. സാധനത്തിന്റെ മൊഴി നേരല്ലെന്ന് വെച്ച് തള്ളിക്കളയാന്‍ പാടുള്ളതായി
തോന്നുന്നില്ല.”
മനസ്സിലായില്ലേ
? കുറിയേടത്ത് സാവിത്രി
അന്തര്‍ജ്ജനം അഥവാ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തില്‍ അവര്‍ പറഞ്ഞ
പേരുകളാണ്. സ്മാര്‍ത്തന്‍ സ്വന്തം
നിഗമനം കൂടി ആ പേരുകളോടൊപ്പം എഴുതി വെച്ചിരിക്കുന്നതാണ് നാം മുകളില്‍ കണ്ടത്.
അങ്ങനെ അച്ഛനും അനുജന്മാരും അമ്മാവന്മാരും സഹോദരി ഭര്‍ത്താവുമടക്കം അറുപത്തിയാറു
ആളുകളുടെ പേരാണ് അന്ന് താത്രി പറഞ്ഞത്. വിചാരണ സമയമായപ്പോഴേക്കും അവരില്‍ രണ്ടുപേര്‍
മരിച്ചു പോയിരുന്നു. ശേഷം ‘സാധനം’ തെളിവടക്കം പറഞ്ഞ അറുപത്തിനാലുപേരും ശിക്ഷിക്കപ്പെട്ടു.
സ്വന്തം പിതാവുതന്നെ ജാരനായി വരിക എന്ന സന്ദര്‍ഭത്തെ
നമുക്ക് സങ്കല്പിക്കാനാകുമോ ? അച്ഛനേയും
സഹോദരന്മാരേയും ഒഴിവാക്കിയെടുക്കാന്‍ സ്മാര്‍ത്തന്‍ ആവുന്നതും
ശ്രമിക്കുന്നുണ്ട്. എങ്കിലും പറഞ്ഞത് തെളിവുകളോടുകൂടി സമര്‍ത്ഥിക്കാനും ഉറച്ചു
നില്ക്കാനും താത്രി കാണിച്ച ശേഷിക്കുമുന്നില്‍ അയാളും അടിയറവ് പറയുന്നു. “ ചോദ്യത്തിന് എല്ലാവരും കേള്‍പ്പാന്‍ തക്കവിധത്തില്‍
സാധനം മറുപടി പറയുന്നു എന്നുമാത്രവുമല്ല ആ മറുപടികള്‍ നല്ല ബാരിസ്റ്ററെപ്പോലെ പൂര്‍വ്വാപരവിരുദ്ധമില്ലാതെയുമാണ്
“ എന്ന് സ്മാര്‍ത്തന്‍
തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്പൂരി , നായര്‍ , പട്ടര്‍ , നമ്പ്യാര്‍ ,
വാര്യര്‍ എന്നിങ്ങനെ അഞ്ച് ഇനത്തില്‍ പെട്ട ഉന്നത ജാതിക്കാര്‍ ഈ
അറുപത്തിയഞ്ചുപേരിലുണ്ട്. അവസാനം സ്മാര്‍ത്തന്റേയോ രാജാവിന്റെയോ പേരുകള്‍ തന്നെ
പറയപ്പെട്ടേക്കാം എന്നായപ്പോഴാണ് വിചാരണ അവസാനിച്ചതെന്ന് പലരും
ചൂണ്ടിക്കാണിക്കുന്നു.
ചരിത്രത്തില്‍ നാം
ഇങ്ങനെയൊക്കെയായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുവാനാണ് താത്രിയുടെ കഥ
സൂചിപ്പിച്ചത്. ജാതിയുടെയും ഭ്രഷ്ടാചാരങ്ങളുടേയും നൂലാമാലകളില്‍
കുരുങ്ങിക്കിടന്നിരുന്ന ഒരു സമൂഹം ഇന്നു കാണുന്ന വിധത്തിലേക്ക് പരിണമിച്ചെത്തിയത്
മറക്കാതിരിക്കുന്നതിന് ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരാവശ്യമാണ്. വീണ്ടും
ജാതിയിലേക്കും ആചാരങ്ങളിലേക്കും പിന്തിരിഞ്ഞു നടക്കാനായുന്ന നമുക്ക് പോയകാലം ചില തിരിച്ചറിവുകളെങ്കിലും
അനുവദിക്കാതിരിക്കുമോ?
മനോജ് പട്ടേട്ട്
30-01-2021
Comments