#ദിനസരികള്‍ 1291 - രാഹുല്‍ - കാതലില്ലാത്ത വന്മരം

 

രാഷ്ട്രീയത്തില്‍ അവസരങ്ങള്‍ തുലച്ചു കളഞ്ഞവന്‍ എന്ന് ഇക്കാലത്ത് ആരെക്കുറിച്ചെങ്കിലും പറയാമെങ്കില്‍ അത് കോണ്‍ഗ്രസ് നേതവ് രാഹുലിനെക്കുറിച്ചായിരിക്കും. രാജ്യം സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ ആ പോരട്ടമുഖങ്ങളെ തിരിച്ചറിയാന്‍ രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും കഴിയാറില്ല എന്ന ആക്ഷേപം ശരിയാണെന്ന് കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിഷ്ക്രിയത്വം സാക്ഷ്യപ്പെടുത്തുന്നു. രാജ്യം മാത്രമല്ല ലോകമൊട്ടാകെ തന്നെ നിരീക്ഷിക്കുന്ന ഒരു മുന്നേറ്റത്തില്‍ ഒരു പക്ഷേ മുന്നില്‍ നിന്നും നയിക്കേണ്ട ഒരു മുഖം അദ്ദേഹത്തിന്റേതായിരുന്നുവെങ്കില്‍ എന്ന് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ആഗ്രഹിച്ചു പോകും. ഒരു പക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് അത്തരമൊരു ആഗ്രഹമുണ്ടാകുമെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കാം. കാരണം വര്‍ഗ്ഗീയതയെ എതിര്‍ക്കുവാനുള്ള ആര്‍ജ്ജവം തങ്ങള്‍ക്കില്ലെന്ന് ആ പാര്‍ട്ടി എത്രയോ തവണ തെളിയിച്ചതാണ്. എന്നിരുന്നാലും മതേതരപാര്‍ട്ടി എന്നൊരു ലേബല്‍ പുരപ്പുറത്ത് അലക്കിയിട്ടിരിക്കുന്നതുകൊണ്ട് ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.

            രാഹുല്‍ കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഏതെങ്കിലും അനുയായികളെ അയക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത് , മറിച്ച് താന്‍ മുന്നിട്ടിറങ്ങി ഇടതുപക്ഷമടക്കമുള്ള നേതാക്കളോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്ന് ഡല്‍ഹിയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കണമായിരുന്നു. കോണ്‍‌ഗ്രസിന്റെ നേതാക്കള്‍ക്ക് സമരമുഖങ്ങള്‍ അന്യമല്ലെന്ന് തെളിയിക്കാനും ചുവന്ന മഷി ഉപയോഗിക്കാതെ തന്നെ സ്വശരീരത്തില്‍ നിന്ന് ചോര പൊടിയുമെന്ന് കാണിച്ചു തരാനും കഴിയുമായിരുന്നു. സമരത്തിന് മുന്നണിപ്പോരാളിയാകുവാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ പോലീസിന്റെ വെടിവെയ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരേയും  അടിയേറ്റ് വശംകെട്ട മറ്റു പോരാളികളേയും സന്ദര്‍ശിക്കാനെങ്കിലുമുള്ള സൌമനസ്യം കാണിക്കണമായിരുന്നു. അതിനു പകരം ചെങ്കോട്ടയില്‍ ആരാണ് കൊടിയുയര്‍ത്തിയത് എന്ന് അന്വേഷിക്കുക പോലും അതിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. രാജ്യം കര്‍ഷക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ആ ദിവസം സ്വാതന്ത്ര്യപൂര്‍വ്വഭാരതത്തില്‍ നാളിതുവരെ കാണാന്‍ കഴിയാത്ത സമരാഗ്നിയാണ് തലസ്ഥാന നഗരിയില്‍ ആളിപ്പടര്‍ന്നത്. അവിടെ പുകയുന്ന ഒരു കരിക്കൊള്ളിയാകാനെങ്കിലും ഒരവസം കിട്ടുക എന്നത് ഏതൊരു വ്യക്തിയുടേയും രാഷ്ട്രീയ ജീവിതത്തില്‍ പരമപ്രധാനമായിരുന്നു. രാഹുലിന് അത് തിരിച്ചറിയാന്‍ കഴിയാതെ പോയി എന്നത് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഭാവിയും ഭാവനാശേഷിയുമില്ല എന്നതിന്റെ തെളിവാകുന്നു.

            തറവാട്ടു മാഹാത്മ്യത്തിന്റേ പേരില്‍ സംഘടനാ നേതാവായ ഒരാള്‍ മാത്രമാണ് താനെന്നും രാജ്യം പ്രതീക്ഷിക്കുന്നതെങ്കിലും തരാന്‍ താന്‍ അശക്തനാണ് എന്നുമാണ് രാഹുലിന്റെ ഇത്തരം നീക്കങ്ങള്‍ വെളിപ്പെടുത്തുന്നത്. തന്റെ പാരമ്പര്യത്തില്‍ നിന്നും എന്തെങ്കിലും മൂല്യങ്ങള്‍ ആവാഹിച്ചെടുക്കാന്‍ കഴിയാത്ത ആ മനുഷ്യനില്‍ നിന്നും  'കോണ്‍ഗ്രസ്' ബേക്കറികളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്താനല്ലാതെ മറ്റെന്തെങ്കിലും ഇനിയും പ്രതീക്ഷിക്കാനില്ല എന്ന ബോധ്യത്തില്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ


മനോജ് പട്ടേട്ട്

29-01-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1