#ദിനസരികള്‍ 1287 ഐസ്ക്രീമും സോളാറും സി ബി ഐയും
ലീഗ്
നേതാവ് കുഞ്ഞാലിക്കുട്ടി ,തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരസ്യമായി
ആരോപണമുന്നയിച്ച കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ ? അന്ന് വ്യവസായ
വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്ക് ആ ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം
രാജി വെയ്ക്കേണ്ടിവന്നുവെങ്കിലും ഐസ്ക്രിം പെണ്‍വാണിഭ കേസ് എങ്ങുമെത്തിയില്ല.
കോടികള്‍ വാരിയെറിഞ്ഞ്
കുഞ്ഞാലിക്കുട്ടിയും കൂട്ടരും ന്യായാധിപരെയടക്കം വിലക്കെടുത്ത് കേസ്
ഒതുക്കിയെടുത്തു. ഇരയെ ഭീഷണിപ്പെടുത്തിയും പണംകൊടുത്തും മറ്റും
മൊഴിമാറ്റിപ്പറയിപ്പിച്ചു. ചില മാധ്യമങ്ങളുടേയും ഏറാന്‍ മൂളികളുടേയും
പിന്തുണയോടെ മാനസിക രോഗിയായി ചിത്രീകരിച്ചു അപകീര്‍ത്തിപ്പെടുത്തി.അവരെ മാനസികമായി
തളര്‍ത്താനും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഒറ്റപ്പെടുത്താനും പ്രതികള്‍ നടത്തിയ
ശ്രമങ്ങള്‍ ഐസ്ര്കീം പാര്‍ലര്‍ കേസില്‍ ഫലം കണ്ടു. സ്വന്തം പാര്‍ട്ടിയുടെ
പിന്‍ബലത്തോടെ അണികളെ ഉപയോഗിച്ചു നടത്തിയ നീക്കങ്ങളുടെ ഫലമായി പ്രായപൂര്‍ത്തിയാകുന്നതിന്
മുമ്പ് പീഢീപ്പിക്കപ്പെട്ട അവര്‍, തലക്കു സ്ഥിരതയില്ലാത്തവളും
വിശ്വാസ്യതയില്ലാത്തവളും പറഞ്ഞതു മാറ്റി പറയുന്നവളും സാമൂഹ്യവിരുദ്ധയുമൊക്കെയായി
മാറി. എന്നാല്‍ പീഢകരായ നേതാക്കന്മാരാകട്ടെ പരിശുദ്ധിയുടെ പര്യായങ്ങളായി മാറി.
അവര്‍ പൊതുസമൂഹത്തില്‍ ഇപ്പോഴും മാന്യമായ സ്ഥാനങ്ങള്‍ വഹിക്കുന്നു.
വാദിയെ പ്രതിയാക്കുന്ന അതേ അത്ഭുത പ്രവര്‍ത്തിതന്നെയാണ്
സോളാര്‍ കേസിലും സംഭവിച്ചത്. ഒരു ബിസിനസ്സ് സംരംഭവുമായി അധികാര കേന്ദ്രങ്ങളെ
സമീപിച്ച ഒരു യുവതി മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള ഒരു നിര ‘ജനകീയ’ നേതാക്കന്മാരാല്‍
പീഢിപ്പിക്കപ്പെട്ടതിന്റെ കഥയാണ് സോളാര്‍ കേസ്. ഇവിടേയും കോഴിക്കോട് പെണ്‍വാണിഭക്കേസില്‍ അധികാര
സ്ഥാനത്തുള്ളവര്‍ അവലംബിച്ച അതേ രീതിയാണ് സംരഭകയായിരുന്ന ഈ സ്ത്രീക്കെതിരേയും
പ്രയോഗിക്കപ്പെട്ടത്. അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ
സ്വഭാവഹത്യയുടെ കഥ മെനയാന്‍ നമ്മുടെ മാധ്യമങ്ങള്‍ മത്സരിച്ചു. ഇരയുടെ
മൊഴിയ്ക്ക് പരമപ്രാധാന്യം ലഭിക്കണമെന്ന നിയമശാസനം തുടര്‍ച്ചയായി
അട്ടിമറിക്കപ്പെട്ടു. ഇര കുടിലയും വിശ്വാസ്യതയില്ലാത്തവളും നീചബുദ്ധിക്കാരിയുമായി
മാറുകയും അവരെ ലൈംഗികമായും അല്ലാതെയും ഉപയോഗിച്ചവരെല്ലാം വിശുദ്ധരാകുകയും
ചെയ്യുന്നത് നാം നേരിട്ടു കണ്ടതാണ്.
ഈ രണ്ടുദാഹരണങ്ങളിലും സ്ത്രീ
ചവിട്ടയരയ്ക്കപ്പെടുന്നു. അവര്‍ക്ക് സ്വഭാവികമായും ലഭിക്കേണ്ട നീതി
നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല അവരെ അപഹാസ്യരായി ചിത്രീകരിക്കുവാനുള്ള
ശ്രമങ്ങള്‍ കൊണ്ടു പിടിച്ച് നടക്കുകയും ചെയ്യുന്നു. അഭിസാരികയെന്ന്
ആക്ഷേപിക്കപ്പെടുമ്പോള്‍ എങ്ങനെയാണ് ഒരു സമൂഹത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും
ആളുകളുണ്ടാകുന്നത് എന്ന് നാം ചിന്തിക്കാറില്ല. പുരുഷ കേന്ദ്രിതമായ സമൂഹത്തില്‍ ഒരു
വില്പനചരക്കുപോലെ തന്നെയാണ് സ്ത്രീയും എന്നു കരുതുന്ന അവസ്ഥയില്‍ നിന്നും
നാം ഇനിയും മുന്നോട്ടു പോയിട്ടില്ല എന്നതുകൂടിയാണ് ഈ കേസുകള്‍ തെളിയിക്കുന്നത്. ലീഗും കോണ്‍ഗ്രസുംപോലെയുള്ള പാര്‍ട്ടികളുടെ
പിന്തുണയുണ്ടെങ്കില്‍ എന്തു നെറികേടുകളും വെളുപ്പിച്ചെടുക്കാം എന്ന
അവസ്ഥയിലേക്ക് നാം പരിണമിച്ചെത്തിയിരിക്കുന്നുവോ എന്നുകൂടി ഈ സന്ദര്‍ഭത്തില്‍
ആലോചിച്ചു നോക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ സോളാര്‍ കേസില്‍ സി ബി ഐ
അന്വേഷണം സ്വാഗതാര്‍ഹമാണ്. സി ബി ഐ പക്ഷപാതങ്ങളൊന്നുമില്ലാതെ സത്യസന്ധമായി കേസ്
അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയൊന്നും
എനിക്കില്ലെങ്കിലും നാളെ വരുന്ന തലമുറ കേസ് സി ബി ഐയ്ക്ക് വിടാതിരുന്നത് നിങ്ങളുടെ
മുന്‍വിധി കാരണമല്ലേ എന്ന ചോദ്യം ചോദിക്കാതിരിക്കാനെങ്കിലും ഈ തീരുമാനം
സഹായിക്കും. അത്രമാത്രം.
മനോജ് പട്ടേട്ട്
25-01-2021
Comments