#ദിനസരികള്‍ 1290 - വിദ്യാസമ്പന്നരായ അന്ധവിശ്വാസികള്‍

 ആലേഖ്യ 27 വയസ്സ് , പി ജി വിദ്യാര്ത്ഥിനി. സായി ദിവ്യ 22 വയസ്സ്. സംഗീത വിദ്യാര്ത്ഥിനി.രണ്ടുപേരേയും ത്രിശൂലം വെച്ച് കുത്തിയും ഡംബലുകൊണ്ട് തലക്കടിച്ചും സ്വന്തം മാതാപിതാക്കള്തന്നെ ക്രൂരമായി കൊലപ്പെടുത്തിയ വാര്ത്ത വായിച്ച് നാം നടുങ്ങിപ്പോകാത്തവര് ആരുണ്ട് ? കുട്ടികള് കൂടുതല് കരുത്തോടെ എല്ലാ വിധത്തിലുള്ള ശാരീരീക അവശതകളേയും അതിജീവിച്ച് കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുന്ന ജനുവരി 25 ന് പുനര്ജനിച്ചു വരുമെന്നാണ് രക്ഷിതാക്കള് ഉറച്ച് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണത്രേ അത്തരത്തിലൊരു കൊലപാതകം നടന്നത്.ഈ സുദിനത്തിനുവേണ്ടി ദീര്ഘകാലമായി അവര് മുന്നൊരുക്കങ്ങള് നടത്തി വരികയായിരുന്നുവെന്നാണ് മാധ്യമങ്ങള് പറയുന്നത്. അതായത് ഒരു സുപ്രഭാതത്തില് എന്തെങ്കിലും വെളിപാടുണ്ടായി കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നില്ലെന്ന് ചുരുക്കം. കൊല്ലുന്നതിനും കൊന്നതിനുശേഷമുള്ള കാര്യങ്ങളിലും കുട്ടികളുടെ രക്ഷിതാക്കള്ക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില് സംഭവസ്ഥലം സന്ദര്ശിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും പോലീസുദ്യോഗസ്ഥരെപ്പോലും രക്ഷിതാക്കള് സമ്മതിച്ചിരുന്നില്ല. പോലീസ് പ്രവേശിച്ചാല് ദൈവത്തിന്റെ സാന്നിധ്യമുള്ള വീടിന്റെ പവിത്രമായ അന്തരീക്ഷത്തിന് ക്ഷതമുണ്ടാകുമെന്നാണ് അവര് വാദിച്ചത്. രക്ഷിതാക്കള് സാധാരണക്കാരല്ലെന്നു കൂടി നാം മനസ്സിലാക്കണം. രണ്ടുപേരും ഉയര്ന്ന വിദ്യാഭ്യാസമുള്ളവര്.അച്ഛന് പുരുഷോത്തം നായിഡു. രസതന്ത്രത്തില് പി എച്ച് ഡി, വൈസ് പ്രിന്സിപ്പാള്. അമ്മ പദ്മജ. ഗണിതത്തില് ബിരുദാനന്തര ബിരുദം. ഐ ഐ ടിയില് അധ്യാപികയായിരുന്നു. പിന്നീട് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി കുട്ടികളെ പഠിപ്പിച്ചു വരുന്നു. ഇത്രയും അകാദമിക യോഗ്യതയുള്ള , സമൂഹത്തിന്റെ ഉന്നതശ്രേണിയില് ജീവിക്കുന്നവരാണ് ഈ കേസിലെ പ്രതികള് എന്നത് സംഭവത്തെ കൂടുതല് ഗൌരവമുള്ളതാക്കുന്നു.

ദൈവവിശ്വാസിയായിരിക്കുന്ന ഒരാള്ക്കും തന്നെ ജീവിതം തുടങ്ങിയിട്ടില്ലാത്ത രണ്ടുപേരുടെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കുവാനോ കഷ്ടം എന്നൊന്ന് ആശ്വസിക്കാനോ യോഗ്യതയില്ലെന്ന് ആദ്യമായി ചൂണ്ടിക്കാണിക്കട്ടെ. നിങ്ങളില് അടങ്ങിയിരിക്കുന്ന അതേ ഗംഗതന്നെയാണ് മറനീക്കി പദ്മജയിലൂടെയും അവരുടെ ഭര്ത്താവിലൂടെയും പുറത്തു വന്നിരിക്കുന്നത്. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഏതൊരു വിശ്വാസിയും ഈ ഭ്രാന്തിന്റെ വളയത്തിനകത്താണെന്നതാണ് വസ്തുത.ഭക്തിമൂത്ത് തീയിലേക്ക് എടുത്തുചാടുന്നവനും "അമ്മ"യെ കാണുമ്പോള് കണ്ണുകള് നിറഞ്ഞു തുളുമ്പിവിറകൊള്ളുന്നവനും ശരീരത്തിലാകെ കമ്പി തറച്ച് കാവടിയാടുന്നവനുമൊക്കെ ഒരേ ഭ്രാന്തിന്റെ വകഭേദങ്ങള് മാത്രമാണ്. അതുകൊണ്ടുതന്നെ ഈശ്വരവിശ്വാസിയായിരിക്കുന്ന ഒരാള്ക്കും ഈ അമ്മയും അച്ഛനും ചെയ്ത പാതകത്തെ അപലപിക്കുക വയ്യ. കാരണം നിങ്ങള് ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതിന് ഉപയോഗിക്കുന്ന അതേ യുക്തി തന്നെയാണ് തന്റെ മക്കള് ദൈവശക്തിയില് കൂടുതല് വിശുദ്ധീകരിക്കപ്പെട്ട് മടങ്ങിവരും എന്നു കരുതുന്ന അവരിലും പ്രവര്ത്തിക്കുന്നത്.
നമ്മുടെ നാട് കൂടുതല്കൂടുതലായി വിശ്വാസങ്ങളുടെ അരികുപറ്റി നടക്കുവാന് തുടങ്ങിയിരിക്കുന്നു. ഒരു സംഭവത്തെ അടിസ്ഥാനമാക്കി നിരത്തിപ്പറയുകയാണെന്ന് ചിന്തിക്കരുത്. ചരിത്രത്തില് നാളിതുവരെയില്ലാത്ത വിധത്തില് മതവിശ്വാസത്തിന് പൊതുസമൂഹത്തിന്റെയിടയില് പ്രസക്തിയുണ്ടായിരിക്കുന്നുവെന്നത് വസ്തുതയാണ്. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങള് അതിനു പിന്നിലുണ്ട്. മഹാത്മാ ഗാന്ധിയെന്ന കുറിയ മനുഷ്യന്റെ നെഞ്ചിന്കൂട് പിളര്ന്ന് പാഞ്ഞുപോയ വെടിയുണ്ടമുതല് ബാബറി മസ്ജിന്റെ മിനാരങ്ങളെ മണ്ണിലേക്ക് ഇടിച്ചു വീഴ്ത്തിയതുവരെ എത്രയെത്ര സംഭവങ്ങള് സ്ഥൂലവും സൂക്ഷ്മവുമായി നമുക്കു മുന്നിലുണ്ട്. ഒരു മതവും തീവ്രവാദത്തിന്റേയും വിശ്വാസഭ്രാന്തിന്റേയും പിടിയില് നിന്നും മുക്തമല്ല. അങ്ങ് സിറിയ മുതല് ഇങ്ങ് പോട്ടവരെ ആ ഭ്രാന്തിന്റെ നിരവധി വകഭേദങ്ങളെ നമുക്ക് കണ്ടെടുക്കാം.
ഇനിയും ഈ ഭ്രാന്തില് നിന്ന് വരും തലമുറകളെയെങ്കിലും മോചിപ്പിച്ചെടുക്കണമെങ്കില് ദൈവത്തിനെതിരെ അവന് പ്രദാനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥങ്ങള്ക്കെതിരെ ആകെയുള്ള മാനവസമൂഹം യുദ്ധം പ്രഖ്യാപിക്കുക തന്നെ വേണം.

മനോജ് പട്ടേട്ട്
28-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1