#ദിനസരികള്‍ 1288 - കര്‍ഷകര്‍ വളയുന്ന ഇന്ത്യ
ഇന്ന് തങ്ങളുടെ കൃഷിയിടങ്ങളില്‍
അതിക്രമിച്ചു കടക്കുവാന്‍ തുനിഞ്ഞ കോര്‍പ്പറേറ്റ് കീടങ്ങളെ തുരത്താന്‍ ഇന്ത്യയിലെ
കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിരോധമതിലുകള്‍ തീര്‍ക്കുന്നു. പാടത്ത് വിയര്‍പ്പൊഴുക്കി
നിലമുഴുത് വിത്തെറിഞ്ഞ് വിളവെടുത്ത് നഗരങ്ങളേയും അധികാരികളേയും നിറച്ചൂട്ടുവാന്‍ മാത്രമല്ല
അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിവന്നാല്‍ രാജ്യത്തിന്റെ സിരാകേന്ദ്രങ്ങളെ
നിശ്ചലമാക്കുവാനും തങ്ങള്‍ക്കു കഴിയുമെന്നാണ് കര്‍ഷകര്‍ അവരുടെ
സമാനതകളില്ലാത്ത പോരാട്ട വീര്യം കൊണ്ട് വിളംബരം ചെയ്യുന്നത്. ഇത് തങ്ങളുടെ
മാത്രമല്ല , രാജ്യത്തിന്റെ തന്നെ നിലനില്പിനു വേണ്ടിയുള്ള സമരമാണെന്ന് അവര്‍ക്കറിയാം.
അതുകൊണ്ടുതന്നെ കൃഷിസ്ഥലങ്ങളില്‍ ഒളിച്ചു കയറി നാശം വിതയ്ക്കുന്ന
കാട്ടുപന്നിയെ തുരത്തുന്നവന്റെ രണോത്സുകത കര്‍ഷകരുടെ ഓരോ നീക്കങ്ങളിലും നമുക്ക്
കാണാം. അണയാത്ത ഈ പോരാട്ടവീര്യത്തിന് തല നരച്ചതോ തുണി മുഷിഞ്ഞതോ എന്ന
പരിമിതികളൊന്നുമില്ല. നാളെ വരാനിരിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി വിജയം എന്ന ഒരൊറ്റ
ലക്ഷ്യമേയുള്ളു.
ഇതിനു മുമ്പ് തലസ്ഥാനത്ത് നാം ഏറെ പ്രതീക്ഷയോടെ
നോക്കിക്കണ്ട ഒരു സമരം റാളെഗന്‍സിദ്ധിയിലെ മാന്ത്രികന്റെ നേതൃത്വത്തില്‍ 2011 ല്‍
നടന്നതായിരുന്നു. ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള ആ സമരം ലോകത്താകമാനമുള്ള
ഇന്ത്യക്കാരെ ആകര്‍ഷിച്ചു. തുടക്കത്തില്‍ അണ്ണാ ഹസാരേക്കും കൂട്ടര്‍ക്കും
ലഭിച്ച പിന്തുണ അഭൂതപൂര്‍വ്വമായിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ. എന്നാല്‍ പോകെപ്പോകെ
ആ സമരങ്ങളില്‍ ചിലര്‍ ഇടിച്ചു കയറി. അല്ലെങ്കില്‍ മറ്റു ചിലരുടെ
താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു അണ്ണാ ഹസാരെ ആ സമരം
നടത്തിയതെന്ന് സംശയിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടായി. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ
അഴിമതിയും കെടുകാര്യസ്ഥതയും മുതലാക്കി അണ്ണാ ഹസാരേയിലൂടെ ഛിദ്രശക്തികള്‍ അധികാരത്തിലേക്ക്
വേഗത്തില്‍ ചുവടുവെച്ചു. ആ നീക്കം നരേന്ദ്രമോഡിയെന്ന വര്‍ഗ്ഗീയ
രാഷ്ട്രീയക്കാരനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. ആ സമരത്തിലെ ഒരു "ബൈപ്രൊഡക്ടായി" കെജ്രിവാള്‍
ഡല്‍ഹി മുഖ്യമന്ത്രിയുമായി.
അങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോഡി രാജ്യത്തെ
കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി. സാധാരണക്കാരന്
നക്കാപ്പിച്ചകള്‍ എറിഞ്ഞുകൊടുത്ത് കോടികള്‍കൊണ്ട് മുതലാളിമാരെ അഭിഷേകം
ചെയ്തു. അത്താഴപ്പട്ടിണിക്കാരന്‍ അങ്ങനെ എറിഞ്ഞു കിട്ടിയ തുകയുടെ മാഹാത്മ്യം
പാടിക്കൊണ്ടിരിക്കുമെന്ന പ്രതീക്ഷ കഴിഞ്ഞ ആറുകൊല്ലവും അസ്ഥാനത്തായില്ലെന്നതാണ്
വസ്തുത. എവിടെയെങ്കിലും പ്രതിഷേധസ്വരങ്ങളുണ്ടാകുന്നുവെന്ന സൂചന ലഭിച്ചാല്‍
അവിടവിടങ്ങളില്‍ മതത്തേയും ദേശീയതയേയും വിശ്വാസത്തേയും സമര്‍ത്ഥമായി
പ്രയോഗിച്ചു.ജനതയെ പരസ്പരം ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും നുണകളില്‍ മയക്കിക്കിടത്തിയും
അയാള്‍ തന്റെ കെട്ടഭരണം തുടര്‍ന്നു.
എന്തും ചെയ്യാമെന്നും ആരും ചോദിക്കാനില്ലെന്നുമുള്ള ആ ധാര്‍ഷ്ട്യത്തിന്റേയും
ആത്മവിശ്വാസത്തിന്റേയും മുകളിലാണ് കാര്‍ഷികബില്‍ അവതരിപ്പിച്ച്
പാസാക്കിയെടുക്കുന്നത്. എന്നാല്‍ ആ നിമിഷം തൊട്ട് മോഡിയുടേയും കൂട്ടരുടേയും
കണക്കുകൂട്ടലുകള്‍ പിഴച്ചു തുടങ്ങി. രാജ്യത്തെ നിലനിറുത്തുന്ന കര്‍ഷകര്‍
ഒറ്റക്കെട്ടായി തെരുവിലിറങ്ങി. വീറും വാശിയും ചോരാതെ അവര്‍ നടത്തുന്ന
പോരാട്ടം ഇന്ന് രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കുന്നു. ഞാന്‍ ഈ കുറിപ്പ്
എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഹരിയാനയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള
വഴികള്‍ പോലീസ് അടച്ചിരിക്കുകയാണ്. സമരസഖാക്കള്‍ക്ക് സര്‍ക്കാര്‍ നല്കിയ
വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണിത്. സമധാനപരമായി ഡല്‍ഹിയില്‍ പ്രവേശിക്കുവാനും
ട്രാക്ടര്‍ റാലി നടത്തുവാനുള്ള അനുമതി കര്‍ഷകര്‍ക്കുള്ളതാണ്. എന്നാല്‍
ലക്ഷക്കണക്കിന് ട്രാക്ടറുകളുമായി ഏകദേശം അഞ്ചുലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയെ
വളയുമ്പോള്‍ അധികാരികള്‍ക്ക് ഇരുപ്പുറക്കുന്നതെങ്ങനെ ? അവര്‍ സമരത്തെ
തകര്‍ക്കാനുള്ള എല്ലാത്തരം കുത്സിത നീക്കങ്ങളും നടത്തുന്നു.
എന്നാലും ആവേശോജ്ജ്വലമായ ഈ പോരാട്ടത്തില്‍ രാജ്യം കര്‍ഷകരോടൊപ്പമാണ്.
ഇങ്ങകലെ ഈ തെക്കന്‍ മുനമ്പിലിരുന്ന ആ ആവേശത്തോടൊപ്പം ചേര്‍ന്ന് സമരസഖാക്കളെ
നെഞ്ചോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യട്ടെ : ലാല്‍ സലാം സഖാക്കളേ , ഈങ്കുലാബ് സിന്ദാബാദ് ....
#ദിനസരികള് 1288
മനോജ് പട്ടേട്ട്
26-01-2021
Comments