#ദിനസരികള്‍ 1289 - പോക്സോ - കോടതി ഇനിയും മനസ്സിലാക്കാത്തത്

 

          പേരയ്ക്ക നല്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പന്ത്രണ്ടുവയസ്സുകാരിയായ കുഞ്ഞിനെ ആരുമില്ലാത്ത ഇടത്തേക്ക് കൊണ്ടുപോയി ശാരീരിക ഉപദ്രവം ചെയ്യാനുള്ള ശ്രമം , അവിചാരിതമായി അവിടെയെത്തിയ കുട്ടിയുടെ അമ്മയുടെ ഇടപെടല്‍ മൂലം തടയപ്പെട്ടു. പ്രസ്തുത കേസില്‍ പോലീസ് പോക്സോ ചുമത്തുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ പോക്സോ നിലനില്ക്കുകയില്ലെന്ന വാദം പ്രതി ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഹൈക്കോടതിയാകട്ടെ ചരിത്രപരമായ ഒരു വിധിയിലൂടെ പ്രതിയുടെ വാദങ്ങളെ സാധൂകരിക്കുകയാണുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ പിടിച്ചാല്‍ അത് പോക്സോ പ്രകാരമുള്ള കേസിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മഹത്തായ ആ സാധൂകരണം. തൊലി തൊലിയോടു ചേര്‍‌ന്നാല്‍ മാത്രമേ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടുകയുള്ളുവെന്നും കോടതി വിശദീകരിച്ചു. അതുകൊണ്ടുതന്നെ പോക്സോ കേസിന്റെ പരിധിയില്‍ നിന്നും പ്രതിയെ ഒഴിവാക്കാനും ഐ പി സി 354 പ്രകാരമുള്ള കേസ് റജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍‌ദ്ദേശിച്ചു.

          സ്ത്രീകളുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്നതും         സ്ത്രീയുടെ അനുവാദം കൂടാതെ ശാരീരിക ബന്ധമുണ്ടാക്കുന്നതും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലച്ചുവയുള്ള പ്രയോഗങ്ങള്‍ നടത്തുന്നതുമൊക്കെ 354 ന്റേയും അതിന്റെ വിവിധ ഉപവകുപ്പുകളുടേയും പരിധിയില്‍ വരും. എന്നാല്‍ ഇതേ കുറ്റം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു നേരെയാണെങ്കില്‍ പോക്സോയുടെ പരിധിയിലാണ് വരുന്നത്. ഇവിടെ പ്രധാനമായും പ്രായമാണ് മാനദണ്ഡം. പ്രായത്തിനുള്ള ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടിതന്നെയാണ് Protection of Children from Sexual Offences നിലവില്‍ വന്നത്. വയസ്സ് എത്രയായിരിക്കുന്നു എന്ന ചോദ്യം ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ ഒന്നാമത്തേതാണ്. അതുകൊണ്ടുതന്നെ പന്ത്രണ്ടു വയസ്സുകാരിക്കെതിരെയുള്ള ഏത് അതിക്രമവും പോക്സോയുടെ പരിധിയില്‍ വരേണ്ടതാണ്. അതാണ് ആ നിയമത്തിന്റെ അന്തസ്സത്ത. ഇതു മനസ്സിലാക്കാതെ 354 നില്ക്കും എന്നും പോക്സോ നിലനില്ക്കില്ലെന്നും ഒരു ന്യായാധിപന്‍ കണ്ടെത്തുന്നുവെങ്കില്‍ അയാള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. കാരണം 354 ലോ അതിന്റെ ഏതെങ്കിലും ഉപവകുപ്പുകളിലോ പെടുന്ന കുറ്റകൃത്യത്തിന് ഇരയുടെ പ്രായത്തെക്കൂടി പരിഗണിച്ചാണ് ശിക്ഷ വിധിക്കേണ്ടത്. പോക്സോ പെടുന്നില്ലയെങ്കില്‍ താരതമ്യേന ചെറിയ ശിക്ഷയായിരിക്കും പ്രതിക്കു ലഭിക്കുക. അതുമനസ്സിലാക്കിയാണ് പ്രതി കോടതിയുടെ മുന്നില്‍ വിചിത്ര വാദവുമായി എത്തിയത്. എന്നാല്‍ കോടതിയാകട്ടെ അയാളുടെ വാദങ്ങളെയാകമാനം അംഗീകരിച്ചുകൊടുത്തുകൊണ്ട് പോക്സോ നിയമങ്ങളെ അട്ടിമറിക്കാന്‍ കൂട്ടുനില്ക്കുകയാണ് ചെയ്തതെന്ന് പറയാതെ വയ്യ. അത്രമാത്രം ലാഘവബുദ്ധിയോടെയായിരുന്നു കോടതിയുടെ വിശകലനമുണ്ടായത്. എത്ര ശക്തമായ നിയമങ്ങളുണ്ടായിട്ടും കാര്യമില്ല , ഇത്തരം ശുംഭന്മാരുടെ കൈകളില്‍ അതെല്ലാം വൃഥാവിലാകുമെന്നാണ് മുംബേ ഹൈക്കോടതിയുടെ ഈ വിധി ലോകത്തോടു വിളിച്ചു പറയുന്നത്.

മനോജ് പട്ടേട്ട്

27-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം