#ദിനസരികള്‍ 1279 - വ്യാപാരികളുടെ രാഷ്ട്രീയപാര്‍ട്ടി
വ്യാപാരികളുടെ പാര്‍ട്ടി
എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഏകദേശം പത്തു ലക്ഷത്തോളം
അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മറ്റുമായി അക്ഷരാര്‍ത്ഥത്തില്‍തന്നെ വലിയൊരു
വിഭാഗം ജനതയുടെ പിന്തുണ പ്രസ്തുത പാര്‍ട്ടിക്കുണ്ടാകുമെന്നും വരുന്ന നിയമസഭാ
തിരഞ്ഞെടുപ്പില്‍ യു ഡി എഫിനോടൊപ്പം നിന്ന് അവരെ പിന്തുണയ്ക്കുന്ന നിലപാടു
സ്വീകരിക്കുമെന്നുമാണ് വ്യാപാരികളുടെ നേതാവ് ടി നസിറുദ്ദീന്‍ ഈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യു ഡി എഫിനെ സഹായിക്കുമെന്ന
തീരുമാനമുണ്ടായത് ബജറ്റില്‍ വ്യാപാരിസമൂഹങ്ങളെ അവഗണിച്ചതുകൊണ്ടാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നൂറ്റിനാല്പതു നിയമസഭാ മണ്ഡലങ്ങളില്‍ പലതിലും ആരു
ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പലരും ജയിക്കുന്നത്
തുച്ഛമായ വോട്ടുകളുടെ ഭൂരപക്ഷത്തിലാണെന്നത് മറക്കരുതെന്നും നസിറുദ്ദീന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍
അതിനെ മുഖവിലക്കെടുക്കാതിരിക്കുന്നതെങ്ങനെ ?
ധനമന്ത്രി തോമസ് ഐസക്
അവതരിപ്പിച്ച ക്ഷേമബജറ്റില്‍ തങ്ങളെ അവഗണിച്ചുവെന്ന വാദത്തിന് പ്രസക്തിയില്ല.
കോവിഡുണ്ടാക്കിയ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന വ്യാപാരികളെ കഴിയാവുന്ന
വിധത്തില്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50000 കോടി രൂപ
മുടക്കില്‍ മൂന്ന് വ്യാവസായിക ഇടനാഴി എന്ന ആശയം വ്യാപാരമേഖലയ്ക്ക് ഉണര്‍വ്വേകുന്നതാണ്.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ കൈയ്യയച്ച് സഹായിക്കുന്ന നിലപാടാണ് ബജറ്റ്
സ്വീകരിച്ചത്. അതോടൊപ്പം പ്രളയ സെസ്സ് അവസാനിപ്പിച്ചതും നികുതി കുടിശികകള്‍ അടച്ചു
തീര്‍ക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചതും വലിയ നേട്ടങ്ങള്‍ തന്നെയാണ്. വ്യവസായ
പാര്‍ക്കുകളിലെ ഭൂമിയുടെ നികുതി അമ്പതു ശതമാനമാണ് കുറച്ചത്. ബജറ്റിലെ പെട്ടെന്ന്
ഓര്‍മ്മ വന്ന ചില പ്രഖ്യാപനങ്ങളാണ് ഇത്. അതെല്ലാം മറച്ചുവെച്ചുകൊണ്ട് നസിറുദ്ദീനും
കൂട്ടരും വ്യാപാര മേഖലയെ തഴഞ്ഞു എന്ന ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്,
വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കാനും മറ്റു ചില താല്പര്യങ്ങള്‍ നടപ്പില്‍
വരുത്തുവാന്‍ വേണ്ടി മാത്രമാണ് എന്ന് തുറന്ന മനസ്സോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍
ശ്രമിക്കുന്നവര്‍ക്ക് ബോധ്യപ്പെടാവുന്നതേയുള്ളു.
വ്യാപാരികളുടെ
പാര്‍ട്ടി എന്ന ആശയത്തെ ഒന്ന് അടുത്തു പരിശോധിക്കുക. വ്യാപാരി വ്യവസായി ഏകോപനസമിതി
അതിന്റെ മാതൃസംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് സ്വന്തമായി പ്രവര്‍ത്തിക്കുവാന്‍
തീരുമാനിക്കുമ്പോള്‍ ആ നീക്കത്തിനുണ്ടായ ഏറ്റവും അനുകൂലമായ ഘടകം ഒരു രാഷ്ട്രീയ
കക്ഷിയോടും കൂറുപ്രഖ്യാപിച്ചിരുന്നില്ല എന്നതായിരുന്നു. തങ്ങള്‍ സ്വതന്ത്രരാണ്
എന്നാണ് ഏകോപന സമിതി അന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ഇതര രാഷ്ട്രീയ
കക്ഷികളില്‍ വിശ്വസിക്കുന്ന വ്യാപാരികളായ നിരവധിയാളുകള്‍ ഏകോപന
സമിതിയ്ക്കു പിന്നില്‍ അണി നിരന്നു. കുറഞ്ഞ കാലം കൊണ്ട് ശക്തമായ സംഘടനാ ശേഷി
കൈവരിച്ച അവര്‍ തങ്ങളുടെ അംഗങ്ങളെ സഹായിക്കുന്നതിനായി വിവിധ ധനവിനിമയസംഘങ്ങളും
സൃഷ്ടിച്ചെടുത്തു. തങ്ങളുടെ അംഗങ്ങളായ വ്യാപാരികളെ പ്രതിസന്ധി ഘട്ടങ്ങളില്‍
സഹായിക്കുവാന്‍ കഴിഞ്ഞതോടെ ഏകോപന സമിതി കൂടുതല്‍ക്കൂടുതല്‍ ശക്തമാകുകയും
തങ്ങളുടെ മാതൃസംഘടനയെക്കാള്‍ പതിന്മടങ്ങ് ശക്തരാകുകയും ചെയ്തു. കുറച്ചു കൊല്ലങ്ങള്‍ക്കുമുന്നേ
പിണങ്ങി മാറി നിന്ന ഹസ്സന്‍ കോയ വിഭാഗംകൂടി 2020 ല്‍ തിരിച്ച് എത്തിയതോടെ വ്യാപാരി
വ്യവസായി ഏകോപന സമിതി ഈ രംഗത്തെ ചോദ്യം ചെയ്യാനാകാത്ത ശക്തിയായി മാറി.
എന്നാല്‍ യു
ഡി എഫിനോട് അനുഭാവം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന പ്രഖ്യാപനം ആ
സംഘടനയെ ശിഥിലമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.അണികളില്‍ ഒട്ടുംമോശമല്ലാത്ത
ഒരു വിഭാഗം ഇടതുപക്ഷ അനുഭാവികളാണ് എന്ന കാര്യം വസ്തുതയാണ്. സംഘടന ശക്തമായതുകൊണ്ടും
പ്രത്യക്ഷത്തില്‍ ഏകോപന സമിതിയ്ക്ക് രാഷ്ട്രീയ ആഭിമുഖ്യമില്ലാത്തതുകൊണ്ടും
മാത്രമാണ് അവര്‍ അവിടെ തുടരുന്നത്.എന്നുമാത്രവുമല്ല ഇടതനുഭാവം പുലര്‍ത്തുന്ന
വ്യാപാരി വ്യവസായി സമിതി വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്നതും വ്യാപാരികള്‍ ഏകോപന
സമിതയില്‍ തുടരാന്‍ കാരണമാകുന്നു. എന്നാല്‍ ഏകോപന സമിതി ഒരു രാഷ്ട്രീയ കക്ഷി
രൂപീകരിക്കുകയും തങ്ങളുടെ പക്ഷപാതം വ്യക്തമാക്കുകയും ചെയ്യുന്നതോടെ ആ സംഘടനയുടെ
അംഗബലം മൂന്നിലൊന്നായി ചുരുങ്ങും. അതായത് നസിറുദ്ദീന്‍ അളന്നു കാണിച്ച പത്തുലക്ഷം
എന്നത് കേവലം രണ്ടോ മൂന്നോ ലക്ഷത്തിലേക്ക് ഒതുങ്ങിപ്പോകും എന്നര്‍ത്ഥം. അവരില്‍തന്നെ
എത്ര പേര്‍ നസിറുദ്ദീനൊപ്പം മാനസികമായി ഉണ്ടാകും എന്ന ചോദ്യവും പ്രസക്തമാണ്.
കേരളം
കണ്ട ഏറ്റവും ജനക്ഷേമകരമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കൊവീഡുണ്ടുക്കിയ
പ്രതിസന്ധികള്‍ക്കിടയിലും എല്ലാ മേഖലകളിലും ഇടപെടുവാന്‍ പ്രസ്തുത ബജറ്റിന്
കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നുമാത്രവുമല്ല നിരവധി പ്രതിസന്ധികളെ
നേരിടേണ്ടിവരുമ്പോഴും ജനങ്ങളെ ഒരു അല്ലലും അറിയിക്കാതെ കൈ പിടിച്ചു കൂടെ നിറുത്തിയ
ഒരു സര്‍ക്കാറാണ് ഇവിടെയുള്ളവത്. ഇന്നും സാധാരണക്കാരായ ആളുകളുടെ വീടുകളില്‍ തീ
പുകയുന്നുണ്ടെങ്കില്‍ അത് ഈ സര്‍ക്കാറിന്റെ സമയോചിതമായ ഇടപെടലുകളുടെ ഫലമാണെന്ന്
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കും നന്നായി അറിയാം. ആ വസ്തുത മറച്ചു വെച്ചുകൊണ്ട് തെറ്റിദ്ധാരണ
പരത്തി മുതലെടുക്കാനുള്ള ശ്രമങ്ങളെ വ്യാപാരി സമൂഹം തിരിച്ചറിയേണ്ടതുണ്ട്
എന്നുമാത്രമാണ് സൂചിപ്പിക്കുവാനുള്ളത് .
മനോജ് പട്ടേട്ട്
17-01-2021
Comments