#ദിനസരികള്‍ 1276 - യു ഡി എഫിനോട്

 

 

 

ഇന്നലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് യു ഡി എഫിന്റെ കരടു പ്രകടനപത്രിക പുറത്തിറക്കിയല്ലോ. പ്രസ്തുത പത്രിക ആറായിരം രൂപവെച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്കുമെന്ന് പ്രഖ്യാപിക്കുന്നു. അതോടൊപ്പംതന്നെ ബില്ല് രഹിത ചികിത്സ എന്ന ആശയം നടപ്പിലാക്കുന്നതിനായി നാട്ടിലുടനീളം ആശുപത്രികള്‍ സ്ഥാപിക്കുമെന്നും യു ഡി എഫ് വാഗ്ദാനം ചെയ്യുന്നു. ന്യായ് എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത പദ്ധതിയിലൂടെ സംശുദ്ധം സദ്ഭരണം എന്ന ലക്ഷ്യം സാധിച്ചെടുക്കുന്നതിനാണ് യു ഡി എഫ് പരിശ്രമിക്കുക എന്നും പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു. വാഗ്ദാനങ്ങളും മുന്നോട്ടു വെയ്ക്കുന്ന സ്വപ്നങ്ങളും മറ്റും കുലങ്കഷമായി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ അവരോട് ഒരു ചോദ്യം ചോദിക്കാതെ വയ്യ എന്നായിരിക്കുന്നു :- പ്രിയപ്പെട്ട യു ഡി എഫ് നേതാക്കളേ , അടുത്തു വരാന്‍ പോകുന്ന നിയമസഭ ഇലക്ഷനില്‍‌ വിജയിക്കണമെന്ന ആഗ്രഹം നിങ്ങളെ സംബന്ധിച്ച് നടപ്പില്ലാത്ത കാര്യമാണെങ്കിലും നല്ലൊരു മത്സരം കാഴ്ചവെയ്ക്കണമെന്നെങ്കിലും ചിന്തിക്കാനുള്ള ശേഷി നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുവോ ? ന്യായ് എന്ന അന്യായ ആശയം മുന്നോട്ടു വെയ്ക്കുന്ന സൌജന്യ പായ്ക്കപ്പലിലൂടെ അടുത്ത ഇലക്ഷനില്‍ കടന്നു പോകാമെന്ന് ചിന്തിക്കുന്ന നിങ്ങള്‍ എത്ര ഭാവനാശൂന്യരാണ് ? കേരളത്തിലെ ജനത ഈ ചപ്പടാച്ചികള്‍ വിശ്വസിക്കുമെന്ന് സത്യമായും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?

 

    സത്യം പറഞ്ഞാല്‍ യു ഡി എഫ് ദുര്‍ബലപ്പെടാന്‍ അനുവദിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അത് അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മറിച്ച് അവര്‍ ക്ഷീണിച്ചാല്‍ ആ സ്ഥാനത്തേക്ക് കടന്നുവരുന്നത് ബി ജെ പി പോലെയുള്ള വര്‍ഗ്ഗീയ ശക്തികളായിരിക്കും എന്നതാണ് എന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലുള്ള ഹിന്ദുക്കളില്‍ മുക്കാലേ മുണ്ടാണിയും ബി ജെ പിയോട് പ്രത്യക്ഷമായും പരോക്ഷമായും അനുഭാവം പ്രകടിപ്പിക്കുന്നവരാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സുധാകരന്‍ തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചത് നാം കേട്ടതുമാണ്. ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു നേതാവിനെ എടുത്തുപറയാന്‍ യു ഡി എഫിനില്ല. പാതി ആറെസ്സെസ്സായ പ്രതിപക്ഷ നേതാവിനെയൊക്കെ എത്ര പുച്ഛത്തോടെയാണ് ജനം വീക്ഷിക്കുന്നതെന്ന് അറിയണമെങ്കില്‍ സാധാരണക്കാരായ ആളുകളോട് ചോദിച്ചു നോക്കണം. തക്കവും തരവും ഒത്തു വന്നാല്‍ ബി ജെ പിയിലേക്ക് ചേക്കാറാനുള്ള അവസരം കാത്തിരിക്കുന്നവരാണ് കോണ്‍ഗ്രസിലെ ഓരോരുത്തരുമെന്നതാണ് വസ്തുത.ഇതുകൊണ്ടൊക്കെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നാളിതുവരെയുണ്ടാകാത്ത ക്ഷീണാവസ്ഥയിലാണ് യു ഡി എഫ് ഇന്നുള്ളത്.

 

          പഞ്ചായത്ത് ഇലക്ഷന്റെ മുന്നേ ലൈഫ് പദ്ധതിയടക്കമുള്ളവ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ച യു ഡി എഫ് ഇപ്പോള്‍‌ തങ്ങളങ്ങനെ പറഞ്ഞിട്ടേയില്ലെന്നാണ് വാദിക്കുന്നത്.ജനങ്ങള്‍ക്ക് സൌജന്യ കിറ്റ് കൊടുത്ത് സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് എല്‍ ഡി എഫിനെതിരെ ആരോപണമുന്നയിച്ചവര്‍ ഇപ്പോള്‍ പറയുന്നത് സൌജന്യ കിറ്റ് എന്ന ആശയം കൊണ്ടുവന്നത് തങ്ങളാണെന്നാണ്.ഇതുപോലെ ആലോചിക്കാതെ പറഞ്ഞും പറഞ്ഞത് വിഴുങ്ങിയും സ്വന്തം വിശ്വാസ്യത തീര്‍ത്തും ഇല്ലാതാക്കിയ യു ഡി എഫ് ഇപ്പോള്‍ സൌജന്യങ്ങളുടെ ചൂണ്ടയില്‍ ജനങ്ങളെ കോര്‍‌ത്തെടുക്കുവാനാണ് ശ്രമിക്കുന്നത്.

 

          ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വിജയിക്കാനായില്ലെങ്കിലും നല്ലൊരു മത്സരം സംഘടിപ്പിക്കാനെങ്കിലും കുറച്ചു കൂടി ഭാവനാ സമ്പന്നത യു ഡി എഫ് പ്രകടിപ്പിക്കണം.നിലവിലുള്ള നേതൃത്വത്തെ മാറ്റണമെന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം മാറ്റിയാലും മികച്ചതൊന്നും വരാനില്ലാത്തതുകൊണ്ട് ആ ആശയത്തില്‍ എനിക്ക് ഒട്ടുംതന്നെ പ്രതീക്ഷയില്ല.പകരം ബാലരമയിലും പൂമ്പാറ്റയിലും കഥകളെഴുതാന്‍ ശേഷിയുള്ളവരെയെങ്കിലും പ്രകടനപത്രക പോലെയുള്ളവ തയ്യാറാക്കുവാന്‍ വിനിയോഗിക്കണം എന്ന അപേക്ഷ മാത്രം മുന്നോട്ടു വെയ്ക്കുന്നു.

         


മനോജ് പട്ടേട്ട്

14-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1