#ദിനസരികള്‍ 1274 കര്‍ഷക സമരം - കോടതിയിലെ നാടകങ്ങള്‍

 

കര്‍ഷക സമരത്തെ മുന്‍നിറുത്തി ഇന്നലെ സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. പുതിയ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ അത് റദ്ദു ചെയ്യുമെന്ന് കോടതി സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി.അനാവശ്യമായ തിടുക്കം കാണിച്ച് കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കിയതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നതെന്നും സമരത്തെ നേരിടാനും ഫലപ്രദമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാനുമുള്ള ആര്‍ജ്ജവം കേന്ദ്രസര്‍ക്കാര്‍ കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. അസാധാരണമായ ഒരു ഇടപെടല്‍ തന്നെയായിരുന്നു അത്. നമ്മുടെ ഒരു പത്രം എഴുതിയത് കേന്ദ്രത്തെ കുടഞ്ഞ് സുപ്രിംകോടതിഎന്നാണ്. ചില സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും കോടതികള്‍ക്ക് നമ്മുടെ ജനാധിപത്യ ഭരണക്രമത്തില്‍ ഇടപെടാനുള്ള ശേഷിയെക്കുറിച്ച് ഊറ്റം കൊള്ളാനും ഈ സംഭവം ഇടയാക്കി. എല്ലാ പ്രതീക്ഷയും അസ്തമിച്ചുപോയിട്ടില്ലെന്ന് അക്കൂട്ടര്‍ ആശ്വസിച്ചു.

 

          എന്നാല്‍ കോടതിയുടെ രീതിയിലുള്ള ഈ നിലപാടിനെ ഞാന്‍ വളരെ സംശയത്തോടെയാണ് കാണുന്നത്. അത്തരത്തിലൊരു സംശയത്തിനുള്ള പ്രധാന കാരണം കോടതിയുടെ അഭിപ്രായ പ്രകടനങ്ങള്‍ പതിവിലും കടുത്തതായിരിക്കുന്നു എന്നതു തന്നെയാണ്. ആ കടുപ്പത്തിന് പിന്നില്‍ ഒരു നാടകത്തിന്റെ എല്ലാ വിധ അണിയറയൊരുക്കങ്ങളുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.കര്‍ഷക സമരത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയ കേന്ദ്രസര്‍ക്കാറിനെ രക്ഷിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ് ഇന്നലെ കോടതിയുടെ ഭാഗത്തു നിന്നുണ്ടായ അസാധാരണ പരാമര്‍ശങ്ങളുടെ പിന്നിലെന്നത് തര്‍ക്കരഹിതമായ വസ്തുതയാണ്.

 

          കോടതിയുടെ മുന്നില്‍ സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളൊന്നും തന്നെ പരാതിയുമായി എത്തിയിട്ടില്ലെന്ന  കാര്യം പ്രത്യേകം പരിഗണിക്കുക. മാത്രവുമല്ല കാര്‍ഷിക നിയമം കോടതിയിലൂടെ പരിഹരിക്കേണ്ട ഒരു പ്രശ്നമല്ലെന്നും അത് നയപരമാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരാണ് ഏകപക്ഷീയമായി പ്രസ്തുത നിയമം പിന്‍വലിക്കേണ്ടതെന്നുമാണ് കര്‍ഷക നേതാക്കള്‍ അടിവരയിട്ടു വാദിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പലതലത്തിലും കര്‍ഷകരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടു പോകുവാനും സമരം പിന്‍വലിക്കാനും കൃഷിക്കാര്‍ തയ്യാറാകാതിരുന്നത് സര്‍ക്കാറിനെ വട്ടം കറക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കര്‍ഷക സമരത്തില്‍ അണി ചേരുവാന്‍ ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങുന്നതോടെ സമരം കൂടുതല്‍ വഷളാകുമെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. എന്നാല്‍ നിയമത്തില്‍ നിന്നും പിന്‍വാങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളോര്‍ത്ത് കോടതിയെ മുന്‍നിറുത്തി കളിച്ച ഒരു നാടകമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോടതിയുടെ ഇടപെടല്‍ കൊണ്ടാണ് , അല്ലാതെ കര്‍ഷക സമരങ്ങള്‍ കൊണ്ടല്ല , നിയമം പിന്‍വലിച്ചതെന്ന് വരുത്തിത്തീര്‍ക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതുകൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന സത്യവാങ്മൂലത്തില്‍ അവര്‍ ഉറച്ചു നില്ക്കുന്നു.

 

          കര്‍ഷക സമരത്തെപ്രതി തങ്ങളുടെ മുന്നില്‍ വന്ന പരാതികളെ മുന്‍നിറുത്തി പ്രസ്തുത കാര്‍ഷിക നിയമത്തിന്റെ ഭരണഘടനാ സാധുതയൊന്നും കോടതി പരിശോധിച്ചിട്ടില്ല. നിയമത്തിനെതിരെ സമരം നടക്കുന്നുവെന്നതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമം അസാധുവാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയായ കീഴ് വഴക്കമല്ല. എന്നു മാത്രവുമല്ല നിങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഞങ്ങള്‍ റദ്ദു ചെയ്യും എന്ന് പാര്‍ലമെന്റിനോട് സുപ്രിംകോടതി ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെടുകയെന്നതും ജനാധിപത്യ മര്യാദയല്ല.പുനപരിശോധിക്കാന്‍ ആവശ്യപ്പെടുക എന്നത് കോടതിക്കുമുന്നിലുള്ള ഒരു വഴിയാണെങ്കിലും അതിവിടെ ഉപയോഗിച്ചതായും കാണുന്നില്ല. അപ്പോള്‍ കോടതി കാണിച്ച അമിതാവേശം സംശയകരമായിരിക്കുന്നു.

 

          ഈ അമിതാവേശമാണ് കോടതിയുടെ ശേഷിയില്‍ മതിപ്പു തോന്നിയ സുഹൃത്ത് കാണാതിരുന്നത്. അതുകൊണ്ടുതന്നെയാണ് ആ പ്രകടനം ജനാധിപത്യത്തോടോ ജനകീയ സമരങ്ങളോടോ ഉള്ള താല്പര്യം കൊണ്ടായിരുന്നില്ല മറിച്ച് തങ്ങളുടെ യജമാനന്മാരോടുള്ള വിധേയത്വം കൊണ്ടായിരുന്നുവെന്ന് എന്നെപ്പോലെയുള്ള ദോഷൈകദൃക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

 


മനോജ് പട്ടേട്ട്

         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1