#ദിനസരികള്‍ 1273 മരട് - മാനിക്കേണ്ടിയിരുന്ന ചില ചിന്തകള്‍

 

സുപ്രിംകോടതിയിലെ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഉത്തരവനുസരിച്ച് മരടിലെ ഗോള്‍ഡന്‍ കായലോരം , ഹോളി ഫെയ്ത്ത് , ആല്‍ഫ സെറിന്‍ , ജെയിന്‍ കോറല്‍ കേവ് , ഹോളി ഡേ ഹെറിറ്റേജ് എന്നീ അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു കളഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതായി നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അഞ്ചു ഫ്ലാറ്റുകളിലുമായി ഏകദേശം മുന്നൂറ്റി എഴുപത്തിയഞ്ച് കുടുംബങ്ങളാണ് കഴിഞ്ഞു പോന്നിരുന്നത്. അവരുടെയെല്ലാം ഇടപെടലുകളെ അസാധുവാക്കിക്കൊണ്ട് സുപ്രിംകോടതി , പ്രസ്തുത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയേ തീരൂ എന്ന കര്‍ശന നിലപാടു സ്വീകരിച്ചതോടെ പോംവഴികളൊന്നുമില്ലാതായി. അവസാനം ആകാശത്ത് തൊട്ടു നിന്നിരുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിരവധിയാളുകളുടെ കണ്ണീരുകള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊപ്പം ധൂളീശകലങ്ങളായി നിലംപതിച്ചു.

           

ഒരു പക്ഷേ ഒരു പച്ചമഷിയുദ്യോഗസ്ഥന്റെ പേനത്തുമ്പില്‍ തീരുമായിരുന്ന ഒരു വിഷയമാണ് പതിന്നാലുകൊല്ലക്കാലത്തെ നിയമ പോരാട്ടത്തിനു ശേഷം പൊളിച്ചു നീക്കിയത്. ആര്‍‌ക്കൊക്കെയാണ് ഈ കേസില്‍ ഉത്തരവാദിത്തമുള്ളതെന്ന് ഒന്ന് പരിശോധിച്ചു നോക്കുക. കോസ്റ്റല്‍  സോണ്‍ മാനേജ് മെന്റിന്റെ വിജ്ഞാപനമനുസരിച്ചുമാത്രമേ നിര്‍‌മ്മാണങ്ങള്‍ അനുവദിക്കാവു എന്ന നിര്‍‌ദ്ദേശം  2006 ജൂണ്‍ മാസത്തില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചുവെങ്കിലും മരട് മുന്‍സിപ്പാലിറ്റി ആ മുന്നറിയിപ്പിനെ അവഗണിച്ചു കൊണ്ട് ഫ്ലാറ്റുകള്‍ പണിയാനുള്ള അനുവാദം നല്കിയതോടെയാണ് എല്ലാ പ്രശ്നങ്ങളുടേയും തുടക്കം എന്നു തന്നെ പറയാം.  പിന്നീട് നിര്‍മ്മാണം നിറുത്തി വെയ്ക്കാന്‍ മുന്‍സിപ്പാലിറ്റിയുടെ നിര്‍‌ദ്ദേശം വന്നുവെങ്കിലും നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു മുന്നോട്ടു പോകുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് ഓരോ ഘട്ടത്തിലും അനുകൂല വിധി സമ്പാദിച്ചാണ് ഫ്ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെങ്കിലും കോസ്റ്റല്‍ സോണ്‍ അതോറിറ്റി സുപ്രിംകോടതിയെ സമീപിച്ചതോടെ കളി മാറി. നിര്‍മ്മാണം നടത്തിയിരിക്കുന്നത് തീരദേശ നിയമം ലംഘിച്ചാണോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സുപ്രിംകോടതി ഉത്തരവുണ്ടായി. കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍മ്മാണം അനധികൃതമാണെന്ന് സുപ്രിംകോടതി കണ്ടെത്തുകയും ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ജസ്റ്റീസ് അരുണ്‍ മിശ്ര ഉത്തരവിടുകയും ചെയ്തു. പഞ്ചായത്തും ( പഞ്ചായത്ത് പിന്നീട് മുന്‍സിപ്പാലിറ്റിയായി ) തീരദേശ അഥോറിറ്റിയും ഹൈക്കോടതിയുമടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ ഇത്തരത്തിലൊരു വിധിയുണ്ടാകാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ കാരണമായിട്ടുണ്ടെന്ന് ഈ സന്ദര്‍ഭത്തില്‍ നാം മനസ്സിലാക്കുക.

 

            വിചിത്രമായ രംഗങ്ങളാണ് ഈ കേസിനെത്തുടര്‍ന്ന് സുപ്രിംകോടതിയില്‍ അരങ്ങേറിയതെന്ന് അന്നത്തെ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹജഡ്ജിക്കുപോലും അദ്ദേഹത്തോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടേണ്ട ഘട്ടമുണ്ടായി. പൊളിച്ചു നീക്കണമെന്ന തന്റെ ഉത്തരവിനെതിരെ ഇടക്കാല ബഞ്ചില്‍ നിന്നും ഉത്തരവുണ്ടായതാണ് ജസ്റ്റീസ് അരുണ്‍ മിശ്രയെ പ്രകോപിച്ചത്. അതോടുകൂടി ഈ കേസിനെ അദ്ദേഹം വ്യക്തിപരമായ ഒന്നായി കണ്ടു. പൊളിച്ചു മാറ്റിയേ തീരൂ എന്ന കര്‍ശനമായ നിലപാടിലേക്ക് അദ്ദേഹം എത്തിപ്പെട്ടു. അന്ന് എഴുതിയ ഒരു ലേഖനത്തില്‍ ഞാനിങ്ങനെ അഭിപ്രായപ്പെട്ടു. "ഇവിടെ വില്ലനായി പ്രവര്ത്തിക്കുന്നത് അരുണ് മിശ്രയുടെ ഈഗോയാണോയെന്ന് ആരെങ്കിലും സംശയിച്ചാല് അവരെ സംശയിച്ചാല് കുറ്റം പറയാനാകില്ല.അവധിക്കാല ബഞ്ച് അനുവദിച്ച സാവകാശത്തെക്കുറിച്ചും ആ വിധിയെക്കുറിച്ചും തുറന്ന കോടതിയില് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സിനെ ബാധിക്കുന്നതാണ്.സാവകാശം അനുവദിച്ച ജഡ്ജി ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്ത്തിച്ചുവെന്ന പോലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം കേട്ടാല് തോന്നുക. ഏതൊരു വിധിയും ആവശ്യമെങ്കില് കൂടുതല് വാദംകേട്ട് പുനപരിശോധിക്കുക എന്നത് ഇന്ത്യന് നിയമ വ്യവസ്ഥിതിയുടെ സവിശേഷതയാണ്. ഏകാധിപത്യപരമായ ഒരു വിധിയേയും ആ നിയമ വ്യവസ്ഥ അനുകൂലിക്കുന്നില്ല. കൂടാതെ ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചില് നിന്നും അനുകൂല വിധിയുമായി വന്നവര്‌ക്കെതിരെ ഒരു ജഡ്ജി പുറപ്പെടുവിച്ച വിധി പുനപരിശോധിക്കാന് കഴിയില്ലെന്ന് കരുതുന്നത് മൌഡ്യമാണ്."

 

            പൊളിച്ചു കളയുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ നിന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ഒന്ന് മാറിച്ചിന്തിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നൊന്ന് ആലോചിച്ചു നോക്കുക.  പ്രസ്തുത കെട്ടിടങ്ങള്‍ സര്‍ക്കാറിനോട് ഏറ്റെടുക്കാന്‍ പറയുകയും അത് വീടില്ലാത്ത പാവങ്ങള്‍ക്ക് അനുവദിച്ചുകൊടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നാണ് അന്നത്തെപ്പോലെ ഇന്നും ഞാന്‍ ആലോചിക്കുന്നത്. പൊടിപൊടിയായി കാറ്റില്‍ പറത്തുന്നതിനെക്കാളും എത്രയോ അധികം നന്നാകുമായിരുന്നു അത്തരമൊരു വിധി ! ഇത്തരം നിയമലംഘനങ്ങള്‍ പിഴ ഈടാക്കി വകവെച്ചു കൊടുക്കുന്ന ഒരു നാട്ടിലാണ് പൊളിച്ചേ തീരുവെന്ന പിടിവാശിയുമായി ഒരു ന്യായാധിപന്‍ നിലയുറപ്പിച്ചത്. ആ പിടിവാശിയില്‍ കോടികളാണ് പൊടിഞ്ഞു പോയതെന്നതു കൂടി നാം കാണണം.

 

            എന്തായാലും ഇന്ത്യ പോലെയൊരു ദരിദ്ര രാജ്യത്ത് , വീടില്ലാതെ ആയിരങ്ങള്‍ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന ഒരു രാജ്യത്ത് കുറച്ചു കൂടി ഭാവനാശാലികളായ ന്യായാധിപന്മാര്‍ ഉണ്ടായേ തീരൂ എന്നാണ് മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ഒരു വര്‍ഷത്തിനു ശേഷവും നമ്മെ പഠിപ്പിക്കുന്നത്.


മനോജ് പട്ടേട്ട്

11-01-2020

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം