#ദിനസരികള്‍ 1275 ചാരിറ്റിയെക്കുറിച്ച് അല്പം

 

ചാരിറ്റി എന്ന ആംഗലേയ പദത്തിന് സഹാനുഭൂതി , പരോപകാരം, ദീനാനുകമ്പ എന്നൊക്കെയാണ് അര്‍ത്ഥം. അതായത് കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായമാകുക എന്നതാണ് ഉദ്ദേശം. എന്നാല്‍ ഇക്കാലങ്ങളില്‍ നമുക്കു ചുറ്റും നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഒന്ന് നിരീക്ഷിക്കുക. ഞാന്‍ മുകളിലുദ്ധരിച്ച ഒരു ഭാവവും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന് മാത്രമല്ല കേവലം പബ്ലിസിറ്റിക്കു വേണ്ടി മാത്രം ചാരിറ്റിയെ ഉപയോഗപ്പെടുത്തുന്നവരാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പലരും എന്ന വസ്തുത കൂടി നമുക്ക് അപ്പോള്‍ മനസ്സിലാകുന്നതാണ്. ഒരു കൈകൊടുക്കുന്നത് മറു കൈ അറിയരുത് എന്നാണല്ലോ ചാരിറ്റിയുടെ പ്രസിദ്ധി. വാങ്ങുന്നവന് അപകര്‍ഷതയുണ്ടാകാതിരിക്കാനും കൊടുക്കുന്നവന് അമ്പടാ ഞാനേ എന്ന തോന്നലുണ്ടാകാതിരിക്കാനുമാണ് ഇത്തരമൊരു നിബന്ധന ബോധമുള്ളവര്‍ വെച്ചതെന്ന് നമുക്കറിയാം. എന്നാല്‍ കൊടുക്കലുകളെല്ലാം തന്നെ കൂട്ടിക്കൊടുക്കലുകളാകുന്ന ഇക്കാലത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പബ്ലിസിറ്റിക്കു വേണ്ടിയാകുമ്പോള്‍ എല്ലാ ധാര്‍മ്മികതയും അട്ടിമറിക്കപ്പെടുന്നു.നീചവും സങ്കുചിതവുമായ വ്യക്തിതാല്പര്യങ്ങള്‍ പകരം വെയ്ക്കപ്പടുന്നു. കൊടുക്കുന്നവന്റേയും കൂട്ടിക്കൊടുക്കുന്നവന്റേയും കലയായി മാറിയ ചാരിറ്റി പ്രവര്‍ത്തനം , എളുപ്പം പണവും പ്രശസ്തിയുമുണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി മാറിയിരിക്കുന്നു. ഇത്തിരി തുക കൈവശം ബാക്കിയുള്ളവര്‍ അത്താഴപ്പട്ടിണിക്കാരെ വിലയ്ക്കുവാങ്ങാനിറങ്ങുന്ന ഈ നെറികെട്ട പരിപാടിയെ ചാരിറ്റി എന്നുമാത്രം വിളിക്കരുത്.

 

          ചാരിറ്റി പ്രവര്‍ത്തനത്തെ ഘോഷിക്കുന്ന ഒരു നോട്ടീസിന്റെ മാതൃക ഞാനീയിടെ കണ്ടു. എ ബി സി ഡിയുടെയും എക് വൈ സെഡിന്റേയും മഹനീയ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് നാട്ടുകാരെ ക്ഷണിക്കുന്നു എന്നതാണ് നോട്ടീസ്. എബിസിഡി എന്നയാള്‍ കൊടുക്കുന്നവനും എക്സ് വൈ സെഡ് എന്നയാള്‍ കൂട്ടിക്കൊടുക്കുന്നവനുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നോട്ടീസിസില്‍ അവരുടെ വലിയ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ജനപ്രതിനിധികളുടെ പേര് പരാമര്‍ശിക്കാനോ അവര്‍ക്ക് അര്‍ഹമായ സ്ഥാനം അനുവദിച്ചുകൊടുക്കാനോ ഇവര്‍ തയ്യാറാകുന്നില്ല. ദീനദയാലുക്കളെന്ന പരിവേഷം ജനപ്രതിനിധികള്‍ക്കും ആവശ്യമുള്ളതിനാല്‍ ഇക്കൂട്ടരുടെ പരിപാടികളില്‍ നിന്നും വിട്ടുനില്ക്കാനുള്ള ആര്‍ജ്ജവം അവരും കാണിക്കുന്നില്ല. എന്തുതരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനമാണിതെന്ന് ഒന്നാലോചിച്ചു നോക്കുക. പബ്ലിസിറ്റിയോടൊപ്പം തങ്ങളുടെ ബാങ്ക് അക്കൌണ്ടും വളരെ എളുപ്പത്തില്‍ വികസിക്കുന്നുവെന്നതാണ് ഈ ചാരിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.  സാധാരണക്കാരെ സഹായിക്കണമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഇത്തരം ആളുകളെ ദൂരേക്ക് അകറ്റി നിറുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.

 

          എന്നാലോ മറ്റൊരാള്‍ അറിയരുത് എന്ന നിഷ്കര്‍ഷയോടെ പാവങ്ങളെ സഹായിക്കുന്ന എത്രയോ ആളുകള്‍ ഇവരുടെ ഇടയില്‍ നിശബ്ദമായി ജീവിച്ചു പോകുന്നു. തങ്ങള്‍ ചെയ്യുന്നതിന് ഒരു തരത്തിലുള്ള പബ്ലിസിറ്റിയും കിട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നേയില്ല. അവര്‍ സ്ഥലമായും വീടായും ചികിത്സക്കും പഠനത്തിനുമുള്ള പണമായും മറ്റും തങ്ങളുടെ കൈയ്യിലുള്ള തുക ചിലവഴിക്കുന്നു.  

 

          മറ്റുള്ളവരെ സഹായിക്കുന്നതിനു വേണ്ടി എന്ന നാട്യത്തില്‍ ചിലര്‍ നടത്തുന്ന ഇത്തരം കൈയ്യിട്ടുവാരലുകളെ  പൊതുസമൂഹം കരുതിയിരിക്കേണ്ടതുണ്ട്. ഇവരുടെ സാമൂഹ്യ സേവന വ്യഗ്രതയ്ക്കു പിന്നിലുള്ള താല്പര്യങ്ങളെ തിരിച്ചറിയാഞ്ഞിട്ടല്ല മറിച്ച് പാവപ്പെട്ടവന്  കിട്ടുന്നത് കിട്ടട്ടെ എന്ന ചിന്തയില്‍ നാം പൊതുവേ ഇക്കൂട്ടരെ എതിര്‍ത്തു പോകുന്നില്ല എന്നേയുള്ളു. എന്നാല്‍ ഇക്കാലങ്ങളില്‍ എതിര്‍ക്കപ്പെടേണ്ട മറ്റേതൊരു ആഭാസത്തരവും പോലെ ചാരിറ്റിയും മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്  ഖേദപൂര്‍വ്വം തുറന്നു പറയാതെ വയ്യ.


മനോജ് പട്ടേട്ട്

13-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം