#ദിനസരികള് 1271 നൂറു ദിവസം നൂറു പുസ്തകം ||പത്താം ദിവസം – മാരാരുടെ കത്തുകള്‍ ||
( മാരാര് കൃതികളിലൂടെ )
മാരാരുടെ കത്തുകള്‍ വായിക്കുക
എന്നത് രസമുള്ള കാര്യമാണ്. കേവലം വ്യക്തിപരമായ കുശലാന്വേഷണങ്ങള്‍ക്കും മറ്റും
അപ്പുറത്ത് ആ കത്തുകള്‍ പലപ്പോഴും സാഹിത്യത്തിന്റെ , സംസ്കാരത്തിന്റെ ഊര്‍ജ്ജ്വസ്വലമായ
ചില വിതാനങ്ങളെ തൊട്ടുനില്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാരാരുടെ ആഴവും
പരപ്പുമുള്ള ലേഖനങ്ങളെന്നതുപോലെ തന്നെ അദ്ദേഹം തന്റെ സമകാലികരായ പ്രസിദ്ധ
വ്യക്തികള്‍ക്ക് അയച്ച കത്തുകളും പ്രസക്തമാണ്. മകന്‍ മുരളിധരന്‍ ആ പ്രസക്തിയെ
ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു :
"സാഹിത്യകാരന്മാരുടെ കത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നത്
ഉചിതമല്ലെന്നുളള ഒരു അഭിപ്രായം നമ്മുടെ സഹൃദയന്മാരുടെയിടയിലുണ്ട്. അതിനുള്ള പ്രധാന
കാരണങ്ങളിലൊന്ന് ആ കത്ത് എഴുതിയ വ്യക്തി പില്ക്കാലത്ത് അതാരെങ്കിലും
പ്രസിദ്ധപ്പെടുത്തിയേക്കുമെന്ന് കരുതിയിട്ടുണ്ടാവില്ലല്ലോ എന്നാണ്. സാഹിത്യകാരനെ
സാമാന്യനായൊരാളല്ല സമാജത്തിലെ സംസ്കാരനായകനായാണ് നാം കരുതിപ്പോരാറ്. അതുകൊണ്ട് ഒരു
കൊച്ചുകുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അദ്ദേഹം ഒതുനില്ക്കുന്നില്ല.വ്യക്തികള്‍ക്കയക്കുന്ന
കത്തിലായിരിക്കും വാസ്തവത്തില്‍ സാഹിത്യകാരന്റെ യഥാര്‍ത്ഥവ്യക്തിത്വം
തികച്ചും പ്രതിഫലിച്ചു കാണുക.സാഹിത്യകാരനെപ്പറ്റി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക്
ഇത്തരം കത്തുകള്‍ വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യും"
ആനന്ദശിവറാം,
എസ് കെ പൊറ്റെക്കാട്, എസ് ഗുപ്തന്‍ നായര്‍ , ജി ശങ്കരക്കുറുപ്പ്, സുകുമാര്‍ അഴീക്കോട്
, ഒ എം നീലകണ്ഠനമ്പൂതിരിപ്പാട്, എം ഗോവിന്ദന്‍ , വി പനോളി , നിത്യചൈതന്യയതി,
ബാലാമണിയമ്മ , പി കെ ബാലകൃഷ്ണന്‍ , കാരൂര്‍ തുടങ്ങി നാല്പതോളമാളുകള്‍ക്ക് അയച്ച
174 കത്തുകളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
ഗതികേടുകൊണ്ട് നാലുലേഖനത്തിന് നൂറുരൂപയെങ്കിലും കിട്ടിയാല്‍ പ്രസിദ്ധീകരിക്കാന്‍ നല്കാമെന്ന്
ജി ശങ്കരക്കുറിപ്പിന് എഴുതുന്ന ഒരു കത്ത് നോക്കുക. "മഹാഭാരതത്തെ മുന്‍നിറുത്തി നാലു നിരുപണ
ലേഖനങ്ങള്‍ എഴുതിത്തീര്‍ത്തിട്ടുണ്ട്.നിരൂപണ വിഷയമായ കഥാഭാഗത്തിന്റെ ചെറുകഥാ
രൂപത്തിലുള്ള സംക്ഷേപം പൂര്‍വ്വഭാഗം, നിരൂപണം ഉത്തരഭാഗം എന്നിങ്ങനെയാണ്
എല്ലാറ്റിന്റേയും സ്വരൂപം. അംബയുടെ കഥ, ഘോഷയാത്ര,ഋശ്യശൃംഗകഥ എന്നിവയാണ്
ഇപ്പോഴെഴുതിയത്. വളരെ നന്നായിട്ടുണ്ടെന്നാണ് വായിച്ചവര്‍ അഭിപ്രായപ്പെട്ടത്.ഞാനിപ്പോള്‍ ഭാരതം
വായിച്ചു വരികയാണ്.വായനക്കിടയില്‍ കണ്ടുകിട്ടുന്ന ഇത്തരം വിഷയങ്ങളെടുത്ത്
എട്ടോ പത്തോ നിരൂപണമായാല്‍ എല്ലാംകൂടി പുസ്തകമാക്കണമെന്നുദ്ദേശിച്ചാണ് എഴുതാന്‍ തുടങ്ങിയത്.ഒറ്റയൊറ്റയായി
പ്രസിദ്ധപ്പെടുത്തുന്നില്ലെന്നും ആദ്യം വിചാരിച്ചു.പക്ഷേ പണത്തിന്റെ തിടുക്കം
അസഹ്യമായിരിക്കുന്നു.തല്ക്കാലം ഒരു നൂറുറുപ്പിക കിട്ടിയാലേ നില്ക്കക്കള്ളിയുള്ളു.അതിനാല്‍ നൂറു
രൂപ പ്രതിഫലത്തിന് ഈ നാലുലേഖനങ്ങളും പ്രസിദ്ധീകരണത്തിനു വിടുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്."
മാരാരുടെ കത്തില്‍ നിന്നും വിഖ്യാതമായ ഭാരതപര്യടനത്തിലെ
ലേഖനങ്ങളെക്കുറിച്ചാണ് സൂചനയെന്ന് വ്യക്തമാണ്. ഇന്ത്യയില്‍ തന്നെ അത്യപൂര്‍വ്വമായ
ഒരു പുസ്തകമായ ഭാരതപര്യടനം എഴുതുമ്പോള്‍ മാരാരുടെ സ്വകാര്യജീവിതത്തിന്റെ അവസ്ഥ ഈ
കത്ത് വെളിപ്പെടുത്തുന്നു.
സുകുമാര്‍ അഴീക്കോടിന്റെ ഭാഷാരീതിയെ തനിക്ക് അത്ര
പഥ്യമല്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് എഴുതിയ കത്തുകള്‍ , പി കെ ബാലകൃഷ്ണന്റെ
രചനാകൌശലത്തിന് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടുള്ള കത്തുകള്‍ തുടങ്ങിയവയെല്ലാം നാം
വായിച്ചു പോകേണ്ടവ തന്നെയാണ്. (അവസാനിക്കുന്നില്ല )
(ചിത്രത്തിന് കടപ്പാട്)
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 10 , 03.15 PM ||
Comments