#ദിനസരികള് 1269 നൂറു ദിവസം നൂറു പുസ്തകം ||എട്ടാം ദിവസം – സാഹിത്യപര്യടനം ||

 



 

( മാരാര് കൃതികളിലൂടെ )

 

            മാരാരെ അനുസ്മരിക്കുന്ന ഒരു ലേഖനത്തില്‍ കെ പി അപ്പന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഹിംസാത്മക വ്യക്തിത്വം (Violent Personality ) എന്നാണ്. അദ്ദേഹം എഴുതുന്നു :- " സമകാലിക സാഹിത്യചിന്തകരുമായി പൂര്‍ണമായി ഇണങ്ങിപ്പോകുവാന്‍ മാരാര്‍ക്ക് കഴിഞ്ഞില്ല.അതുകൊണ്ട് എതിര്‍പ്പിന്റേയും ചെറുത്തുനില്പിന്റേയും ആക്രമണത്തിന്റേയും ചരിത്രമാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം പറയുന്നത്. വാസ്തവത്തില്‍ ചിന്തയുടെ രംഗത്തു തന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും അനുരഞ്ജനം അസാധ്യമാണെന്ന് സ്വന്തം വിമര്‍ശന ഗ്രന്ഥങ്ങളിലൂടെ സ്ഥാപിക്കുകയാണ് മാരാര്‍ ചെയ്തത്.അതോടൊപ്പം മാമൂലുകളെ ധിക്കരിക്കുന്ന മനസ്സാണ് തന്റേതെന്ന് അദ്ദേഹത്തിന്റെ ചിന്ത വ്യക്തമാക്കി.വിലക്കുകളെ മാനിക്കാത്ത ഭാഷയാണ് തന്റേതെന്ന് അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കി.ഈ പ്രത്യേകതകള്‍ ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ മാരാര്‍ക്കുണ്ടായിരുന്നത് ഒരു ഹിംസാത്മക വ്യക്തിത്വമാണെന്ന നിഗമനത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. ( ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക. പേജ് 207 ) മാരാരിലെ ഹിംസാത്മകത്വത്തെക്കുറിച്ച് അപ്പനെന്നല്ല അദ്ദേഹത്തെ അടുത്തറിയുവാന്‍ ശ്രമിച്ചവരൊക്കെ എഴുതിയിട്ടുണ്ട്. താന്‍ പറയുന്നതിന് സാധൂകരിക്കുന്നതിനു വേണ്ടി ഏതറ്റംവരേയും സഞ്ചരിക്കാന്‍ ആ നിരൂപക 'വ്യാഘ്ര'ത്തിന് മടിയേതുമില്ലായിരുന്നു. ആരുടെ മടയില്‍ കയറിച്ചെല്ലാനും ആരോടുമൊന്നിടയാനും മടിയില്ലാത്ത അദ്ദേഹത്തിന്റെ തൂലിക തൊലിപ്പുറം മാന്തിമാത്രം തൃപ്തിയടഞ്ഞില്ലെന്ന് മാത്രമല്ല ചിലപ്പോഴെങ്കിലും പച്ചമാംസത്തെ തുളച്ച് രുദിരാനുസാരിയായ സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. മാരാര്‍ തന്നെ പറയുന്നത് കേള്‍ക്കുക :- "സ്വതന്ത്രമായ എന്റെ നിരൂപണ സമ്പ്രദായത്തില്‍ നിര്‍ദാക്ഷിണ്യവും നിഷ്ഠൂരവുമായ ഒരു നിലയാണ് ഞാന്‍‌ സ്വീകരിച്ചിട്ടുള്ളതെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. അത് ഏറെക്കുറെ ശരിയാണ്. ഒരു നിരൂപകനെന്ന നിലയില്‍ എന്റെ വ്യക്തിപരമായ സിദ്ധാന്തങ്ങളെ ഏറ്റവും ശക്തിയുക്തമായും തീക്ഷ്ണമായും ഊന്നിപ്പറയുന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.ഞാന്‍‌ വിമര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ എനിക്കു ബഹുമാന്യനായ ഒരു മികച്ച സാഹിത്യകാരന്‍ പറയാനുള്ളതെന്തും ശക്തിയായി പറയണമെന്ന് എന്നെ ഉപദേശിക്കുകയുണ്ടായി.ആദ്യഘട്ടങ്ങളില്‍ ഒരു കൊലപാതകിയുടെ മനോവൃത്തി തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്." ( വിമര്‍ശാദര്‍ശം , സാഹിത്യപര്യടനം പേജ് 26 ) പോകെപ്പോകെ കുറച്ചൊക്കെ പക്വത കൈവന്നിട്ടുണ്ടെന്ന് സ്വയം ഒരാശ്വാസത്തിനെന്ന വണ്ണം മാരാര്‍ എഴുതുന്നുണ്ടെങ്കിലും അവസാന കാലം വരെ അപ്പന്‍ ചൂണ്ടിക്കാണിച്ച ഹിംസാത്മകതയില്‍ നിന്നോ മാരാര്‍തന്നെ സ്വയംസമ്മതിച്ച കൊലപാതകപ്രവണതകളില്‍ നിന്നോ പൂര്‍ണമായും മുക്തനായിട്ടുണ്ടെന്ന് പറയുക വയ്യ. ആധ്യാത്മികതിയിലേക്ക് ഒതുങ്ങിയെന്ന് നാം കരുതുന്ന 62 - 64 കാലങ്ങളില്‍‌പ്പോലും ശൌര്യം വിടാത്ത ഒരു യുവാവിനെപ്പോലെ ആധ്യാത്മികവിദ്യയ്ക്കുവേണ്ടി വാദിക്കുന്ന മാരാരേയും നമുക്ക് കാണാം. താന്‍ എഴുതിയതിലോ പറഞ്ഞതിലോ രൂക്ഷതയേറി എന്ന കാരണത്താല്‍ ഒരു കാലത്തും മാരാര്‍ പശ്ചാത്തപിക്കുന്നതായി നാം കാണുന്നില്ല. മറിച്ച് പറഞ്ഞതിനെ ഒന്നുകൂടി ന്യായീകരിക്കുകയാണ് , അല്ലെങ്കില്‍ ഒന്നുകൂടി ഊന്നിയുറപ്പിക്കുകയാണ് അദ്ദേഹം ചെയ്യുക. നോക്കുക " അവതാര പുരുഷനായ ശ്രീരാമനെ ചീത്തയായി ഞാന്‍ ചിത്രീകരിച്ചതില്‍ പല പഴമക്കാരും എന്നോടു പരാതിപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യനാണെങ്കില്‍ അവന്‍ എത്ര ആദര്‍ശവാനാണെങ്കിലും അവനില്‍ ദോഷങ്ങളും കാണാതിരിക്കാന്‍ സാധ്യമല്ല. അപ്പോള്‍ ശ്രീരാമനും ഒരു മനുഷ്യനെന്ന നിലയ്ക്ക് ചിലപ്പോള്‍ തെറ്റുകാരനായി കാണപ്പെടുന്നുണ്ടെങ്കില്‍ അതിലത്ഭുതപ്പെടാനൊന്നുമില്ല. എന്തായാലും ഞാന്‍ ചെയ്തിട്ടുള്ള വിമര്‍ശനങ്ങളുടെ രൂക്ഷതയിലോ കാഠിന്യത്തിലോ ഞാന്‍ ഒട്ടും പശ്ചാത്തപിക്കുന്നില്ല" (വിമര്‍ശാദര്‍ശം , പേജ് 26 ) നിന്നാല്‍ ഉറച്ചു നില്ക്കുക എന്ന മാരാരുടെ ശീലത്തില്‍ നിന്നാണ് ഈ പ്രസ്താവന പുറപ്പെട്ടു വരുന്നതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. പറയുന്നതെന്തുതന്നെയായാലും ഉറപ്പിച്ച് ബലത്തോടെ പറയുക എന്നതായിരുന്നു മാരാരുടെ സ്വഭാവം. ഭാരതപര്യടനത്തിലെ നേശേ ബലസ്യേതി ചരേദധര്‍മ്മം എന്ന അധ്യായത്തില്‍ ഈ ചിന്തയുടെ വര്‍ണമാലകള്‍ മറ്റൊരു തലത്തില്‍ പൊട്ടിവിരിയുന്നത് കാണാം. ഈ ലേഖനത്തില്‍ തന്നെ ആ ചിന്തയെ മാരാര്‍ ഇങ്ങനെ ചുരുക്കിയെഴുതുന്നു-" അധര്‍മ്മമായാലും കൊള്ളാം അത് ബലത്തോടു കൂടി പ്രവര്‍ത്തിക്കണമെന്നു തന്നെയാണ് നാം കാണുന്നത്.അതിനാല്‍  വ്യാസാഭിസമ്മതമായ ഈ തത്വം സ്വീകരിച്ചുകൊണ്ടുള്ള എന്റെ പ്രവര്‍ത്തികളില്‍ എനിക്ക് അഭിമാനമാണുള്ളത്." ബലഹീനന്‍ പരമപദത്തിന് അര്‍ഹനാകുന്നില്ലെന്ന വേദാന്തവാക്യവും (മുണ്ഡകോപനിഷത്ത് ) മാരാര്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ട്.തനിക്ക് ശരിയെന്നു തോന്നുന്നതിനുവേണ്ടി വാളെടുക്കുവാന്‍ മടിയേതും കാണിക്കാത്ത മാരാരുടെ ആ രീതി തന്നെയായിരിക്കണം അദ്ദേഹത്തെ മലയാളനിരൂപണ സാഹിത്യത്തിനെ തലയെടുപ്പുള്ള ഒറ്റയനായി മാറ്റുന്നത്. മാരാരെ നിര്‍വചിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അഹിംസയ്ക്കുവേണ്ടി എത്ര ഹിംസ ചെയ്യാനും മടിയില്ലാത്തയാള്‍ എന്നായിരിക്കും ഞാന്‍ പറയൂക.അത് മാരാരുടെ ഹിംസാത്മക വ്യക്തിത്വത്തെ സമഗ്രമായിത്തന്നെ അടയാളപ്പെടുത്തുന്നുവെന്ന് ഞാന്‍ കരുതുന്നു.

 

            നിരൂപണസാഹിത്യം നിരൂപണം എന്തിന് ? എന്നീ ലേഖനങ്ങള്‍ പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ നമ്മുടെ ഭാഷയിലെ നിരൂപണരംഗവുമായി നേരിട്ടു സംവദിക്കുന്നു. സാഹിത്യ നിരൂപണമെന്ന് പ്രയോഗം നേരെ തിരിച്ചിട്ടാല്‍ നിരൂപണസാഹിത്യമാകുമെന്ന ധാരണയെ അബദ്ധമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഒന്നാമത്തെ ലേഖനം ആരംഭിക്കുന്നത്.സാഹിത്യമുണ്ടായി ഏറെക്കുറെ വികാസം പ്രാപിച്ചതിനുശേഷമാണ് നിരൂപണസാഹിത്യം ഉണ്ടായിത്തുടങ്ങുക.നിരൂപണമുണ്ടായി ഏറെക്കുറെ വികാസം പ്രാപിച്ചതിനുശേഷമാണ് അതു നിരൂപണസാഹിത്യമായി വളരുക.സാഹിത്യത്തെ സംബന്ധിച്ച നിരൂപണമായാല്‍ പോര , ആ നിരൂപണം സ്വയം ഒറു സാഹിത്യമായി കലയായി- വളരുമ്പോഴേ നിരൂപണസാഹിത്യമാകൂ.എന്ന മുഖവുരയോടെ നിരൂപണം ഒരു സ്വതന്ത്രകലയായി മാറേണ്ടുന്നതിന്റെ ആവശ്യകത അടിവരയിട്ടു പറയുന്ന ഈ ലേഖനം സാഹിത്യരൂപത്തിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളെ ഈ ചര്‍ച്ചയ്ക്കെടുക്കുന്നു.

 

            രണ്ടാമത്തെ ലേഖനം നിരൂപണം എന്തിന് ? എന്ന ചോദ്യത്തെയാണ് പ്രത്യക്ഷമായിത്തന്നെ അഭിമുഖീകരിക്കുന്നത്. കലകള്‍ ആസ്വദിച്ചാല്‍‌ മാത്രം പോരേ അവയെ നിരൂപിക്കുക കൂടി വേണമെന്ന് കരുതുന്നതെന്തിനെന്ന എന്ന സംശയത്തിന് ഒരു  സാഹിത്യകൃതി എങ്ങനെ ആസ്വദിക്കപ്പെടണമെന്നും അതില്‍ നിന്നും സാംസ്കാരികമായി എന്തെന്ത് എങ്ങനെ നേടിവെയ്ക്കണമെന്നും വായനക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത് എന്നാണ് മാരാര്‍ മറപടി പറയുന്നത്. അതായത് നല്ല സാഹിത്യങ്ങളെ കൂടുതല്‍ നല്ല നിലയില്‍ കയറിനിന്ന് ആസ്വദിക്കാനാവശ്യമായ തട്ടൊരുക്കുക എന്നതാണ് നിരൂപകന്റെ കടമ കൂടാതെ ജീവിതത്തെ , നാളിതുവരെ നാം ആര്‍ജ്ജിച്ചു പോന്ന ആശയാദര്‍ശങ്ങളെ പിന്നോട്ടടിപ്പിക്കുന്ന പ്രവണതകള്‍ പുലര്‍ത്തുന്ന കൃത്യങ്ങളെ നിസ്സങ്കോചം ഒടുക്കിക്കളയുക എന്നൊരു ദൌത്യവും നിരൂപകനില്‍ നിക്ഷിപ്തമായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കളയും പതിരും വേര്‍തിരിക്കുകയെന്ന കര്‍ഷകവൃത്തി തുല്യമായ പ്രവര്‍ത്തിതന്നെയാണ് നിരൂപകനും സാഹിത്യത്തില്‍ ചെയ്യാനുള്ളത്.കളയില്‍ നിന്നും കതിരെന്ന മൂല്യത്തെ കണ്ടെടുക്കാനുള്ള ആ നെട്ടോട്ടത്തില്‍ ഏതറ്റം വരേയും പോകാനും നിരുപകന്‍ ധൈര്യപ്പെടണം. കലയിലെ ശാശ്വതമൂല്യങ്ങള്‍ എന്ന ലേഖനത്തില്‍ പറയുന്നതു നോക്കുകമനുഷ്യജീവിതങ്ങളില്‍ ചില ശാശ്വതമൂല്യങ്ങള്‍ ഉള്ളടക്കപ്പെട്ടിരിക്കേ കല എന്ന പേരില്‍ വരുന്ന മിക്കതിലും അതുണ്ടാവാറില്ല.അത്തരം കലകളും പൊട്ടിത്തെറിച്ച അമിട്ടിന്‍ ഗുളോപ്പുകള്‍ പോലെ തെല്ലിട നമ്മെ അത്ഭുതാഹ്ലാദ വിവശരാക്കുമെങ്കിലും അവ പിന്നാലെ വരുന്ന സ്വന്തം കൂട്ടാളികള്‍ക്ക് വേഗത്തില്‍ സ്ഥലമൊഴിഞ്ഞുകൊടുത്തുപോകുന്നു. ശാശ്വതമൂല്യമുള്‍‌ക്കൊണ്ട കലാകൃതികളാകട്ടെ നക്ഷത്രങ്ങളെപ്പോലെ എന്നെന്നും മിന്നിത്തിളങ്ങി നില്ക്കുന്നുമാരാരുടെ ശാശ്വത മൂല്യങ്ങളെക്കുറിച്ച് നമുക്ക് അഭിപ്രായഭേദമുണ്ടെങ്കിലും എന്തായിരിക്കണം കല എന്നതിനെക്കുറിച്ചൊരു ധാരണയുണ്ടാക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

 

            കാലത്തിനൊപ്പം , പലപ്പോഴും കാലത്തേയും കടന്ന് , സഞ്ചരിക്കുന്ന മനസ്സുമായാണ് മാരാര്‍ ഇവിടെ ജീവിച്ചത്. സാഹിത്യത്തിലുണ്ടാകുന്ന പുതുനാമ്പുകളെ അദ്ദേഹം സാകൂതം അഭിവാദ്യം ചെയ്തു.ആധുനികകവിത എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതുന്നതുനോക്കുക :” ഇന്നത്തെ കവിതാരീതിയില്‍ സുവ്യക്തമായ ചില പുരോഗതി ലക്ഷണങ്ങളുള്ളവയെ ആര്‍ക്കും നിഷേധിക്കുവാന്‍‌ സാധിക്കില്ല.സംസ്കൃത വൃത്തങ്ങളെയെന്നപോലെ പുരാണേതിഹാസകഥകളേയും ഇന്നത്തെ കവികള്‍ നിഷ്കാസനം ചെയ്തിരിക്കുന്നു.ചുറ്റുമുള്ള ജീവിതത്തില്‍ നിന്നാണ് അവരിപ്പോള്‍ പ്രചോദനം ഉള്‍‌ക്കൊള്ളുന്നത്.മാമൂലുകളും അന്ധവിശ്വാസങ്ങളുമല്ല, ശാസ്ത്രീയ ബോധമാണ് അവര്‍ക്ക് നേതൃത്വം നല്കുന്നത്.വാനയക്കാരെ വല്ല സ്വപ്നലോകത്തും കൊണ്ടുപോയി മയക്കുവാനല്ല ജീവിത വിജയത്തിനു വേണ്ടി സമരോദ്യുക്തരാക്കുന്നതിനു വേണ്ടിയാണ് അവര്‍ ഏകാഗ്രമായി ആഗ്രഹിക്കുന്നത്.ഭാഷാ പാണ്ഡിത്യത്തിലും പദവാക്യവൈദഗ്ദ്യത്തിലുമെന്നതിലധികം അവരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് രൂപഭദ്രതയിലും അതിലുമധികം ഭാവഭദ്രതയിലുമാണ്. ചുരുക്കത്തില്‍ ഇന്ന് കല കലയ്ക്കുവേണ്ടിയല്ല ജീവിതത്തിനു വേണ്ടിയാണെന്ന സിദ്ധാന്തം സര്‍വ്വസമ്മതമായിരിക്കുന്നു.” ആധുനിക കവിതകളില്‍ നര്‍മ്മബോധം പൊതുവേ കുറവാണെന്ന ഒരു പരാതി മാരാര്‍ക്കുണ്ടെങ്കിലും അത് പ്രപഞ്ചനം ചെയ്യുന്ന ജീവിതവീക്ഷണത്തെ പുരോഗമനോന്മുഖതയെ ഇകഴ്ത്തിക്കാണിക്കുവാന്‍ അദ്ദേഹം ഒരുമ്പെടുന്നില്ല. കാലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കടന്നു കാണുന്ന ഒരു നിരൂപകന് മാത്രമേ അത്തരത്തിലൊരു ഉള്ളടക്കം സാധ്യമാകൂ.

 

            മാരാരുടെ പ്രധാനപ്പെട്ട കൃതികളിലൊന്നായ സാഹിത്യപര്യടനത്തില്‍ നാം തലയെടുപ്പുള്ള ഒരു വിമര്‍ശകനെയാണ് അഭിമുഖീകരിക്കുന്നത്. വിസ്താരം ഭയന്ന് ഇവിടെ ചര്‍ച്ചക്കെടുക്കാത്ത നിരൂപകനായ വള്ളത്തോള്‍ , വ്യാഖ്യാനം  കലാകാരന്മാരോട്, സാഹിത്യപുരോഗതിയെങ്ങനെ? എന്നിങ്ങനെ വേറെയും മികച്ച ലേഖനങ്ങള്‍ ഈ സമഹാരത്തിലുണ്ട്.  തനിക്ക് പറയുവാനുള്ളത് സങ്കോചമെന്യേ പറയുകതന്നെ വേണമെന്ന് പ്രഖ്യാപിക്കുകയും സ്വന്തം വാക്കുകളിലൂടെ അത് തെളിയിക്കുകയും ചെയ്ത മാരാരുടെ മുന്നില്‍ മലയാള നിരൂപണസാഹിത്യം തലകുനിക്കുക തന്നെ വേണം, അഭിമാനത്തോടെ !

           

 

 

(ചിത്രത്തിന് കടപ്പാട്)


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 08 , 07.15 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം