#ദിനസരികള് 1270 നൂറു ദിവസം നൂറു പുസ്തകം ||ഒമ്പതാം ദിവസം – രാജാങ്കണം ||




( മാരാര് കൃതികളിലൂടെ )

 

             സാഹിത്യത്തില്‍ നിഷ്പക്ഷത എന്നൊന്നില്ല എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് മാരാരുടെ രാജാങ്കണം ആരംഭിക്കുന്നത് തന്നെ. നിഷ്പക്ഷനാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ ആത്മവഞ്ചകനാണ് എന്നുകൂടി അദ്ദേഹം പറയും. "അതുകൊണ്ട് എന്റെ ചില വ്യക്തിപക്ഷപാതങ്ങളുടെ സമാഹാരമാണ് ഈ രാജാങ്കണമെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.ഒരുമിച്ചു ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്കു തമ്മിലേ വ്യക്തിപക്ഷപാതം വരൂ എന്ന് കാണുന്ന കണ്ണുകള്‍ക്ക് നെടുംകാഴ്ചയില്ല.സാഹിത്യകൃതികളില്‍ സ്വന്തം വ്യക്തിത്വം നിലനിറുത്തി പണ്ടെന്നോ ദേഹം വെടിഞ്ഞുപോയ ഏതൊരാളോടും നമുക്ക് ആ സാഹിത്യം മുഖേന വ്യക്തിപക്ഷപാതം വളര്‍ത്താവുന്നതാണ് , വളര്‍‌ത്തേണ്ടതുമാണ് " എന്ന് രാജാങ്കണത്തിന്റെ ആമുഖമായി മാരാര്‍ കുറിച്ചുവെയ്ക്കുന്നു. പക്ഷപാതം ഒരു മോശം പ്രവണതയായി കരുതിപ്പോരുന്നവര്‍ക്ക് മാരാരുടെ അടി കുറച്ച് കനത്തതുതന്നെയായിരിക്കും. അതുകൊണ്ടുതന്നെയാണ് നിങ്ങള്‍ ഏതുചേരിയിലാണ് എന്ന ചോദ്യം ഏതുകാലത്തും പ്രസക്തമായിരിക്കുന്നത്.

           
മാരാരുടെ ഏറെ വിഖ്യാതമായ വാല്മീകിയുടെ രാമന്‍ എന്ന ലേഖനം രാജാങ്കണത്തിലാണ്. (അക്കാദമിയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരങ്ങളില്‍ ഇത് ഉള്‍‌പ്പെടുത്തിയിട്ടുമുണ്ട് ) മാരാര്‍ പല വഴിക്കും പഴികേട്ട ആ ലേഖനം തുടങ്ങുന്നത് വളരെ രസകരമായിട്ടാണ് :- "ഉടലിലെമ്പാടും ഗോപിമണ്‍ചന്ദനങ്ങള്‍ കൊണ്ട് ശ്രീരാമപാദമുദ്രകുത്തി, ശിരസ്സിന്നുമീതേ ഉയര്‍ത്തിപ്പിടിച്ച കൂപ്പുകൈയ്യും ഭക്തിഭാവലഹരിയില്‍ അടഞ്ഞു കൂമ്പിയ കണ്ണുമായി രാമഭദ്രാ ജയ , രാമചന്ദ്രാ ജയ എന്ന് അത്യുച്ചത്തില്‍ സ്തുതിഗീതം ഉതിര്‍ത്തുകൊണ്ട് ചൂഴ്ന്നു നിന്ന് ആനന്ദ നൃത്തം തുള്ളുന്ന തുളസീദാസാദി ഭക്തകവികളേയും അവരുടെ ശിഷ്യന്മാരായ രാമായണവ്യാഖ്യാതാക്കളേയും ഒട്ടകലെ മാറ്റിനിറുത്തിയിട്ടുവേണം നാം ആദികവിയായ വാല്മീകിമഹര്‍ഷിയുടെ ലോകോത്തര കാവ്യത്തിലെ നായകനായ രാമചന്ദ്രന്‍ തിരുവടിയെ നോക്കിക്കാണുക" മാരാര്‍ നല്ക്കുന്ന സൂചന കൃത്യമാണ്. രാമന്‍ വിചാരണ ചെയ്യപ്പെടുവാന്‍ പോകുകയാണ്. അതുകൊണ്ടുതന്നെ അയാളുടെ പരിവേഷങ്ങളെല്ലാം അഴിച്ചു വെയ്ക്കേണ്ടതുണ്ട്. വാല്മീകി നിര്‍ണയിച്ചു വെച്ചിരിക്കുന്നതില്‍ ഭിന്നമായി മറ്റുള്ളവര്‍ അടിച്ചേല്പിച്ചു രാകിത്തിളക്കിവെച്ചിരിക്കുന്ന അത്തരം വിഭൂഷകളെല്ലാം തന്നെ മാറ്റിവെച്ചാല്‍പ്പിന്നെ അവശേഷിക്കുന്ന രാമനെയാണ് നാം വിചാരണക്കെടുക്കുക. അന്തിക്കിരുന്ന് ഉരുക്കഴിക്കാവുന്ന നാമവും അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കാവുന്ന ഒരു രൂപവും എന്ന നിലയില്‍ നിന്നും വ്യത്യസ്തനാകുന്ന ആ രാമന്‍ ദിവ്യത്വമൊന്നുമില്ലാത്ത ഒരാളായിരിക്കുമെന്ന് പ്രത്യേകിച്ചും പറയേണ്ടതില്ലല്ലോ.

           
രാമന്‍ അവതാരമാണെന്ന വാദത്തിന് ആദികവി വേണ്ടത്ര തെളിവുകള്‍ നല്കുന്നില്ല. ഒന്നു രണ്ടിടത്ത് അത്തരം സൂചനകളുണ്ടെങ്കിലും അവ പിന്നീടെപ്പോഴെങ്കിലും ആധികാരികതയ്ക്കു വേണ്ടി ഏതെങ്കിലും ഭക്തശിരോമണികള്‍ കൂട്ടിച്ചേര്‍ത്തതായിരിക്കുമെന്നാണ് മാരാര്‍ പറയുന്നത്. ദേശമംഗലത്തിന്റെ അഭിപ്രായത്തെ ഉദ്ധരിച്ചുകൊണ്ട് മാരാര്‍ പ്രക്ഷിപ്തവാദത്തെ ബലപ്പെടുത്തുന്നുമുണ്ട്.  അങ്ങനെ നൂറ്റാണ്ടുകളായി ഭാരതീയരുടെ ഇടയില്‍ ഗണ്യമായ നിലയില്‍ സ്വാധീനം ചെലുത്തിയിരിക്കുന്ന രാമനെ മനുഷ്യനായി മാത്രം പരിഗണിച്ചുകൊണ്ടാണ് മാരാര്‍ ഈ വിമര്‍ശപഠനം തയ്യാറാക്കിയിരിക്കുന്നത്. ഈ ലേഖനത്തില്‍ സംഭവിച്ച ഒരു നോട്ടക്കുറവിനെ വിശദീകരിച്ചുകൊണ്ട് മുപ്പതുകൊല്ലത്തിനുശേഷം മാരാര്‍ എഴുതിയ അനുബന്ധവും ഇതോടൊപ്പമുണ്ട്.മാരാരുടെ യുക്തിബോധത്തിനും ആദര്‍ശാത്മകതയ്ക്കും ഉത്തമനിദര്‍ശനമായ ഈ ലേഖനം , സത്യത്തിന്റെ ചാണക്കല്ലില്‍ വെച്ച് ഉരച്ചുനോക്കാതെ ആരേയും - അത് ദൈവത്തിന്റെ പരിവേഷമുള്ളയാളെയാണെങ്കില്‍‌പ്പോലും  - അന്ധമായി വിശ്വസിക്കുകയില്ല എന്ന പ്രഖ്യാപനം കൂടിയാണ്.  ഇക്കാലത്തെ രാമഭക്തന്മാര്‍ ഈ ലേഖനം ഒന്ന് മനസ്സുറപ്പിച്ചു വായിക്കേണ്ടതു തന്നെയാകുന്നു.

           
മാരാരുടെ നിര്‍ഭയത്വത്തിന് നാം നിരവധി ഉദാഹരണങ്ങള്‍ പലപ്പോഴായി കണ്ടു. എത്ര വലിയ ആചാര്യനാണെങ്കിലും തനിക്കുള്ള അഭിപ്രായവ്യത്യാസങ്ങളെ കാര്യകാരണസഹിതം ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മടിക്കാറില്ല. അതിപ്പോള്‍ തുഞ്ചത്ത് എഴുത്തച്ഛനാണെങ്കിലും കലക്കത്ത് കുഞ്ചന്‍ നമ്പ്യാരാണെങ്കിലും മാരാരെ സംബന്ധിച്ച് തുല്യമാണ്. ഇങ്ങനെ തുഞ്ചനേയും കുഞ്ചനേയും ഒന്നുപോലെ വിചാരണക്കെടുക്കുന്ന ഒരു ലേഖനമാണ് നമ്മുടെ സംസ്കാര ലോപം. കല്യാണ സൌഗന്ധികത്തിനുവേണ്ടി വെപ്രാളം കൂട്ടുന്ന പാഞ്ചാലിയെ സമാധാനിപ്പിക്കാന്‍ ഗന്ധമാദനത്തിലേക്ക് പുറപ്പെട്ട ഭീമനെ, വഴിയില്‍ വൃദ്ധവാനരവേഷധാരിയായ ഹനുമാന്‍ തടയുന്നതാണ് സന്ദര്‍ഭം.വഴി വേണമെങ്കില്‍ കവച്ചു കടന്നുകൊള്ളൂ എന്ന് ഹനുമാന്‍ പറയുന്നു. എന്നാല്‍ നിര്‍ഗ്ഗുണന്‍ പരമാത്മാവ് ദേഹം വ്യാപിച്ചു നില്പതാം, ജ്ഞാനവിജ്ഞേയനവനെ നിന്ദയായ്ച്ചാടുകില്ല ഞാന്‍ എന്നാണ് ഭീമന്റെ മറുപടി. ഇതൊരു ആര്‍ഷ സംസ്കാരമാണെന്നും "ഏതു നിസ്സാരചലനത്തില്‍പ്പോലും - വഴിക്കുകണ്ട ഒരു ക്ഷുദ്രജീവിയെ കവച്ചു കടക്കേണ്ടി വരുമ്പോള്‍ പോലും - ആധ്യാത്മിക പരമാര്‍ത്ഥങ്ങളെ ഓര്‍ത്തുകൊണ്ടുവേണം ജീവിത സിദ്ധി നേടുവാന്‍  എന്നു കാണിച്ചതാണ് ഇതിലെ ആര്‍ഷമായ ക്രാന്തദര്‍ശിത" എന്ന് മാരാര്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് തുഞ്ചത്താചാര്യനും കുഞ്ചനും കോട്ടയം തമ്പുരാനും കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയും അടക്കമുള്ള വിദ്വാന്‍മാര്‍ ഇതെന്തു കണ്ടില്ല എന്നാണ് മാരാര്‍ പരിഹസിക്കുന്നത്. കവച്ചുകടക്കാതിരിക്കുന്നതില്‍ മാരാര്‍ കാണുന്ന മൂല്യം എന്തുതന്നെയായായും തനിക്ക് തെറ്റാണെന്ന് കണ്ടാല്‍ ആരേയും വിചാരണ ചെയ്യാന്‍ അദ്ദേഹം മടിക്കാറില്ലെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ കഥാസന്ദര്‍ഭം.

 

ഭാരതീയ ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതെയ വെളിപ്പെടുത്തുന്ന നമ്മുടെ വിലാപകാവ്യങ്ങളെക്കുറിച്ച് ദീര്‍ഘമായ ഒരു പ്രബന്ധമുണ്ട് ഈ സമാഹാരത്തില്‍. താരതമ്യങ്ങളിലേര്‍‌പ്പെടുമ്പോള്‍ മാരാര്‍ പുലര്‍ത്തുന്ന നിഷ്കര്‍ഷകള്‍ എന്തൊക്കെയാ ണെന്ന്  മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിക്കുന്നു.

 

രാജാങ്കണമെന്ന പേരിലും ഒരു ഔചിത്യമുണ്ട്. ആ അങ്കണത്തില്‍ കഴിവുള്ളവന്‍ അതിജീവിക്കുന്നു. ഇല്ലാത്തവനെ മുഖം നോക്കാതെ വെട്ടിവീഴ്ത്തുന്നു. അതിപ്പോള്‍ നൈഷധീയ കര്‍ത്താവായ ശ്രീഹര്‍ഷനാണെങ്കിലും തുഞ്ചത്താചാര്യനാണെങ്കിലും കലയുടെ അളവുകോലുകള്‍ കൊണ്ടുള്ള അടിയേല്ക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു.വലിപ്പച്ചെറുപ്പങ്ങള്‍ ഇവിടെ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ജനാഭിപ്രായത്തെ മാനിച്ചല്ല. അങ്ങനെയായിരുന്നുവെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിമര്‍ശന വിധേയനാകുമായിരുന്നില്ല. ശ്രീഹര്‍ഷന്‍ ബാലിശമായ കൌതുകങ്ങളില്‍ അഭിരമിച്ചവനാണെന്ന് വിധിയെഴുത്തുണ്ടാകുമായിരുന്നില്ല. ഒരു വിലാപത്തെക്കാള്‍ കണ്ണുനീര്‍ത്തുള്ളിയ്ക്കാണ് കലയുടെ സോപാനത്തില്‍ പ്രവേശിക്കുവാന്‍ കൂടുതല്‍ അര്‍ഹത എന്ന ചിന്തയുണ്ടാകുമായിരുന്നില്ല. അതുകൊണ്ട് ഈ രാജാങ്കണം കലയെ മാത്രം കണക്കിലെടുക്കുന്ന ഒരിടമാണ്, മറ്റെല്ലാം അവിടെ അപ്രസക്തവുമാണ്.

 

(ചിത്രത്തിന് കടപ്പാട്)


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 09 , 07.15 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1