#ദിനസരികള് 1266 നൂറു ദിവസം നൂറു പുസ്തകം ||അഞ്ചാം ദിവസം - പലരും പലതും ||
( മാരാര് കൃതികളിലൂടെ )
ക്ഷേത്ര
പ്രവേശന നിയമത്തോട് മാരാര്‍ക്കുള്ള അപ്രിയം പത്രാധിപര്‍ക്കൊരു കത്ത് എന്ന
ലേഖനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നത് നോക്കുക. "ഇയ്യിടത്തെ നമ്മുടെ ക്ഷേത്രപ്രവേശന നിയമം എല്ലാ ഹിന്ദുക്കള്‍ക്കും
എന്നതിലുപരി എല്ലാ മനുഷ്യര്‍ക്കും എന്നാകേണ്ടിയിരുന്നുവെന്നാണ് എന്റെ പക്ഷം.മഹാത്മാ
ഗാന്ധിയുടെ നിത്യപ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ എന്നപോലെതന്നെ എല്ലാ ഹൈന്ദവ
ക്ഷേത്രങ്ങളിലും ഏതു മനുഷ്യനും സ്വച്ഛന്ദം പ്രവേശിക്കാമെന്നാകേണ്ടിയിരിക്കുന്നു." ഒരു നാടിന്റെ സംസ്കാരത്തേയും ചരിത്രത്തേയും അറിയണമെങ്കില്‍ സംസ്കൃതം
പഠിക്കണമെന്ന വാദത്തെ അനുകൂലിക്കാമെങ്കിലും ഹിന്ദുവായതുകൊണ്ട് സംസ്കൃതം
പഠിക്കണമെന്ന് വാദിക്കുന്നത് ക്ഷുദ്രമാണെന്നും അദ്ദേഹം എഴുതുന്നു. ചില സ്ഥലങ്ങളില്‍ മുട്ടിന്
മുട്ടിന് നിന്ന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന മാരാര്‍ മറ്റു
ചിലയിടങ്ങളില്‍ എത്രമാത്രം ഉത്പതിഷ്ണുവായിരിക്കുന്നുവെന്നതിന്
ഉത്തമോദാഹരണമാണ് ഈ ലേഖനം.
ഗുരുവായൂര്‍ ക്ഷേത്രം ഗുരുവായൂരപ്പനുള്ളതുകൊണ്ടല്ല ,
ചുമരുകളില്‍ വളരെ നല്ല ചിത്രങ്ങളുള്ളതുകൊണ്ടാണ് എനിക്ക്
പ്രിയപ്പെട്ടതായിരിക്കുന്നതെന്ന് മാരാര്‍ "ആ വാക്ക് എന്നെ ഇങ്ങനെയാക്കി" എന്ന ലേഖനത്തില്‍ രസകരമായി എഴുതുന്നുണ്ട്. തികച്ചും
യാഥാസ്ഥിതികമായ ചുറ്റുപാടുകളില്‍ ജീവിച്ചു പോരുന്ന ഒരമ്പലവാസി കുടുംബത്തില്‍ ഏറെ
നേര്‍ച്ച കാഴ്ചകള്‍ക്കു ശേഷം പിറവികൊണ്ട ആണ്‍തരി അമ്പലത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍
തളച്ചിടപ്പെടാതിരിക്കാനുള്ള പ്രധാനമായ ഒരു കാരണം ചെറുപ്പം മുതല്‍ തന്നെ അദ്ദേഹം
പ്രകടിപ്പിച്ചു പോന്ന ഈ നിഷധവാസനയാണ് എന്നു തന്നെ പറയാം. കുലത്തൊഴിലായ ചെണ്ടകൊട്ട്
പഠിക്കാന്‍ നിയോഗിക്കപ്പെട്ട തന്റെ ബാല്യകാലങ്ങളെക്കുറിച്ച് അദ്ദേഹം
എഴുതുന്നത് നോക്കുക " ആദ്യം മുതല്ക്കേ
ചെണ്ടകൊട്ടഭ്യാസത്തോട് എനിക്ക് കടുത്ത വെറുപ്പായിരുന്നു. അച്ഛന്‍ പഠിപ്പിക്കുമ്പോള്‍ ഒരിക്കലും
ശാസിച്ചിരുന്നില്ല.കഴിയുന്നത്ര എന്റെ ഇഷ്ടം നോക്കിയും ലാളിത്യം നോക്കിയും
പഠിപ്പിച്ചു പോന്നു.എന്നാല്‍ കഷ്ടം അദ്ദേഹത്തിന് ഒരിക്കലും എന്നില്‍ നിന്ന്
അര്‍ഹിക്കുന്ന പിതൃഭക്തിപോലും ലഭിച്ചിട്ടില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിന്റെ
കാരണം എന്നെ ചെണ്ട കൊട്ട് പഠിപ്പിച്ചതല്ലാതെ മറ്റൊന്നാവാന്‍ വഴിയില്ല" ഒരുപക്ഷേ ചെണ്ട വാദ്യത്തോടുള്ള
എതിര്‍പ്പായിരുന്നില്ല മാരാരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത് , മറിച്ച്
സാമ്പ്രാദായികതയോടുള്ള വെല്ലുവിളിയായിരുന്നുവെന്നു വേണം മനസ്സിലാക്കാന്‍.
ചെണ്ടയോടു
മാത്രമല്ല അന്നത്തെക്കാലത് സുഖമായി ജീവിച്ചു പോകാന്‍ കഴിയുമായിരുന്ന
മന്ത്രവാദത്തോടും ഇതേ സമീപനം തന്നെയാണ് അദ്ദേഹം പുലര്‍ത്തിയത്. മന്ത്രവാദം
പഠിക്കേണ്ടിവരും എന്നുള്ളതുകൊണ്ടുമാത്രം തനിക്കേറെ ഇഷ്ടപ്പെട്ട ചിത്രകല പഠിക്കാതെ
, പട്ടാമ്പി സംസ്കൃത കോളേജില്‍ പോയി ചേര്‍ന്നതിന്റെ കഥയും ഇതേ ലേഖനം തന്നെ
പറയുന്നുണ്ട്. പ്രസ്തുത ലേഖനം അദ്ദേഹം
അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് " ഞാനിന്ന് നിങ്ങള്‍ക്ക്
നേരിട്ട മാട്ടുമാരണങ്ങളെ അകറ്റാന്‍ പോന്ന ഒരു മന്ത്രവാദിയും ഒരു
ചിത്രകാരനുമാകേണ്ടതായിരുന്നു.ചിത്രം വല്ലതും ഞാനിപ്പോഴും വരച്ചേക്കും.
മന്ത്രവാദിയാകുന്ന കാര്യം അടുത്ത ജന്മത്തില്‍ പോലുമുണ്ടാവില്ല." ഒരാശയത്തെ മുറുകെ പിടിച്ചാല്‍ വിടാതെ പിടിച്ചേക്കുക എന്ന
മാരാരുടെ ശീലത്തിന്റെ തുടക്കം നമുക്ക് ഇവിടെ നിന്നും വായിച്ചെടുക്കാം.
കവികുലഗുരു എന്ന
ലേഖനം കവന കൌമുദിയുടെ സര്‍വ്വാത്മാവായിരുന്ന പി വി കൃഷ്ണവാര്യരെക്കുറിച്ചുള്ള
അനുസ്മരണമാണെങ്കിലും താന്‍ കൌമാര കാലത്ത് കവിതയുടെ പിടിയിലായിരുന്നുകൂടി മാരാര്‍ രസകരമായി
സൂചിപ്പിക്കുന്നുണ്ട്. ഏറെ വിഷമിച്ച് എഴുതിയ ഒരു ഖണ്ഡകാവ്യം വാര്യര്‍
പ്രസിദ്ധപ്പെടുത്തുകയും താനൊരു എഴുത്തുകാരനായി എന്ന് സ്വയം വിശ്വസിക്കുകയും
ചെയ്തിരുന്ന ഒരു കാലമായിരുന്നു അതെങ്കിലും കവിത എഴുതാനുള്ള ഔത്സുക്യം പതിയെപ്പതിയെ
കൈയ്യൊഴിഞ്ഞു പോകുകയാണുണ്ടായതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എനിക്ക് ഏറ്റവും
ഇഷ്ടപ്പെട്ട കവി എന്ന ലേഖനം കണ്ണുനീര്‍ത്തുള്ളിയെഴുതിയ നാലാപ്പാടനെ നാതിവിശദമായി
പരിചയപ്പെടുത്തുന്ന ഒന്നാണ്.കവിത എഴുതുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ആ ലേഖനം
എന്നുകൂടി സൂചിപ്പിക്കട്ടെ.
മാരാരുടെ നര്‍മ്മ ബോധത്തിന് ഈ സമാഹാരത്തിലെ മിക്ക
പ്രപന്ധങ്ങളും സമര്‍ത്ഥമായ
ഉദാഹരണമാണ്. പ്രത്യേകിച്ചും എ മോണോലോഗ് ഇന്‍ മലയാലം പ്രോസ് ബൈ കുറ്റികൃഷ്ണമാരാര്‍ എന്ന
ലേഖനം എടുത്തു പറയേണ്ടതാണ്. പ്രാദേശിക ഭാഷകളെ തഴഞ്ഞ് അഖിലേന്ത്യ തലത്തില്‍
രാഷ്ട്രഭാഷയും നാട്ടുഭാഷയും ഇംഗ്ലീഷു തന്നെയായാലുണ്ടാകുന്ന
അഭിവൃദ്ധിയെക്കുറിച്ചാണ് മാരാര്‍ ഇവിടെ ചിന്തിക്കുന്നത്. ഇംഗ്ലീഷിന്റെ സീല്‍ക്കാര ശൂല്‍ക്കാരങ്ങള്‍ കേട്ടുകേട്ട്
നുണയ്ക്കുന്ന ഒരു മനുഷ്യനും പിന്നെ ഹിന്ദിയുടെ ഹുങ്കാര ഹൈങ്കാരങ്ങള്‍ക്ക്
ചെവികൊടുക്കില്ല എന്നാണ് മാരാരുടെ മതം.നിന്ദസ്തുതി അസകലം
പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഈ ലേഖനം മാരാരുടെ പൊതുരീതികളില്‍ നിന്നും
വഴിമാറി നടക്കുന്നു.
സനാതനധര്‍മ്മം
അഥവാ ശാശ്വതമൂല്യം എന്ന ലേഖനം നോക്കുക :" ഈശ്വരന്‍ ഒരു
കയ്യില്‍ കലാവിദ്യയും മറ്റേതില്‍ സദാചാരവുമായി എഴുന്നള്ളി വന്ന്
അതിലേതെങ്കിലുമൊന്ന് എടുത്തുകൊള്ളുവാന്‍ പറഞ്ഞാല്‍ അരുളിച്ചെയ്താല്‍ - നമ്മുടെ ആസ്ഥാന കവി പണ്ടൊരിയ്ക്കല്‍
പറയുകയുണ്ടായി - ഞാന്‍ കലാവിദ്യയാണെടുക്കുക എന്ന്. എന്നോടാണ് ആ ഈശ്വരന്‍ ഇങ്ങനെ
പറഞ്ഞതെങ്കില്‍ ഞാന്‍ ഇതാണ് പറയുക :" നിങ്ങളുടെ
അക്കയ്യിലുള്ളത് കലാവിദ്യയല്ല, ഇക്കയ്യിലുള്ളത് സദാചാരമല്ല, നിങ്ങളൊട്ട്
ഈശ്വരനുമല്ല. ദയ വിചാരിച്ച് വഴി മാറിനില്ക്കൂ" മാരാരുടെ ഈ
മറുപടി നമ്മുടെ ചിന്തയെ പ്രകോപിപ്പിക്കുക തന്നെ ചെയ്യും.കലാഭംഗിയും സദാചാരവും വേര്‍തിരിച്ചെടുക്കാന്‍
ഈശ്വരന്‍പോലും അശക്തനാണെന്ന് മാരാര്‍ വാദിക്കുന്നു. സാര്‍വ്വലൌകികമായ സ്നേഹമെന്ന
മൂല്യമായിരിക്കണം സാഹിത്യത്തിന്റെ അന്തര്യാമിയായി അനുവര്‍ത്തിക്കേണ്ടതെന്നതിന്
മാരാര്‍ തന്റേതായ വഴികളിലൂടെ സ്ഥാപിച്ചെടുക്കുന്നത് രസമുള്ള കാഴ്ചയാണ്.
(ചിത്രത്തിന് കടപ്പാട്)
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 05 , 07.15 AM ||
Comments