#ദിനസരികള് 1268 നൂറു ദിവസം നൂറു പുസ്തകം ||ഏഴാം ദിവസം – സാഹിത്യശേഷം ||



( മാരാര് കൃതികളിലൂടെ )

 

സാഹിത്യശേഷം പ്രസിദ്ധീകരിക്കപ്പെടുന്നത് മാരാരുടെ മരണശേഷമാണ്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത്തരമൊരു സമാഹാരം പ്രസിദ്ധപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നുവെന്ന് മാരാരുടെ കണ്ടെടുത്ത കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്ന് സാഹിത്യശേഷത്തിന്റെ അവതാരികയില്‍ കെ ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. സാഹിത്യ ഭൂഷണം, സാഹിത്യ വിദ്യ , സാഹിത്യ സല്ലാപം , സാഹിത്യ പര്യടനം, സാഹിത്യ വീക്ഷണം എന്നിങ്ങനെയാണല്ലോ മാരാരുടെ ചില പുസ്തകങ്ങളുടെ പേരുകള്‍. അവയെല്ലാം തന്നെ സാഹിത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നവയാണ്. എന്നാല്‍ സാഹിത്യത്തിന്റെ അങ്കലാപ്പുകള്‍ ഒടുങ്ങിയെന്നാണ് ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത്.

 

ജീവിതത്തിന്റെ അവസാന കാലത്ത് മാരാര്‍ സാഹിത്യവിദ്യയെ വിട്ട് ആത്മവിദ്യയുടെ വഴിയേയായിരുന്നു സഞ്ചരിച്ചിരുന്നത്. നമ്മുടെ ഒരു എഴുത്തുകാരന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഒരു ശരാശരി ഇന്ത്യന്‍ ബുദ്ധിജീവിയുടെ അവസ്ഥ തന്നെയായിരുന്നു മാരാരുടേതും. (വിപ്ലവകാരിയായി ജീവിതം തുടങ്ങിയ അരവിന്ദന്‍ പോണ്ടിച്ചേരിയിലെ ഒരു ആശ്രമത്തില്‍ ഒരു സന്യാസിയായി ഒടുങ്ങിയതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.) എന്നാല്‍ മാരാരെ സംബന്ധിച്ച് സാഹിത്യവിദ്യയും ആത്മവിദ്യയും പരസ്പരഭിന്നങ്ങളായിരുന്നില്ലെന്നതിന് തെളിവ് ധാരാളമുണ്ട്. സാഹിത്യം മൂല്യാധിഷ്ടിതമായിരിക്കണമെന്നും ആ മൂല്യം സാര്‍വ്വലൌകികയും സര്‍‌വ്വകാലികവുമായിരിക്കണമെന്നും വാശി പിടിക്കുന്ന മാരാരെ നമുക്ക് ഏതിടങ്ങളിലും കാണാം. അനാദിയായ ഈ മൂല്യംതന്നെയാണ് സാക്ഷാല്‍ ഈശ്വരനെന്നും അതുകൊണ്ടുതന്നെ സാഹിത്യ വിദ്യ ഒരു തരത്തിലുള്ള ആത്മവിദ്യ തന്നെയാകുന്നുവെന്നും മാരാര്‍ അടിവരയിട്ടു പറയും. ഒരു പക്ഷേ ഈ ആത്മവിദ്യ എന്ന വശം പ്രധാനമായിരിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് കമ്യൂണിസത്തോടും കമ്യൂണിസ്റ്റ് മൂല്യങ്ങളോടും പലപ്പോഴും എതിര്‍ത്തു നില്ക്കേണ്ടി വന്നിട്ടുള്ളത്. മനുഷ്യന് വേണ്ടിയാകണം കലയെന്ന വാദത്തെ എതിര്‍ത്തുകൊണ്ട് കല ജീവിതം തന്നെയാണെന്നും ഈ ജീവിതം പരമമായ സത്യസാക്ഷാത്കാരത്തിന് വേണ്ടിയാണെന്നും മാരാര്‍ വാദിക്കുന്നതിന്റേയും രഹസ്യം ഇവിടെ വെളിവാകുന്നു.

 

കലകള്‍ ഈശ്വരനിലേക്കുള്ള വഴിയാണെന്ന് ചിന്തിക്കുന്ന മാരാര്‍ക്ക് ഏതുതരത്തിലുള്ള കലാപ്രവര്‍ത്തനവും ഈശ്വരപൂജയുമായിരിക്കണമല്ലോ. എല്ലാത്തരം കലകളും സര്‍‌വ്വേശ്വരനിലേക്ക് എത്തിച്ചേരാനുള്ള പൂജകള്‍‌ മാത്രമാണ്. അങ്ങനയല്ല എന്നു തോന്നുന്നവയെ മാരാര്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തുപോന്നു. എന്തുകൊണ്ടാണ് പ്രപഞ്ചത്തിന് ആകമാനം ഒരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കുന്ന വിശ്വാസിയായ മാരാര്‍ക്ക് 'അവിശ്വാസം' പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട് ഇത്ര വൈരാഗ്യം വന്നത് എന്നിപ്പോള്‍ വ്യക്തമായിക്കാണും. ഈ പുസ്തകത്തിലെ കലകള്‍മാത്രം എന്ന ലേഖനം ഈ വഴിക്കുള്ളതാണ്.

 

സംസ്കൃതഭാഷ ഒരിക്കലും വീണുപോയിട്ടില്ലെന്നും ഇനി വീണുപോകില്ലെന്നും വാദിക്കുന്ന ഏകം സദ് വിപ്രാ ബഹുദാ വദന്തി എന്ന ലേഖനത്തിനുശേഷം ബുദ്ധിജീവികള്‍ക്ക് എന്തുചെയ്യാം ? എന്നൊരു രസകരമായ ലേഖനമുണ്ട്. ഈ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ് " ബുദ്ധിജീവികള്‍ എന്നു പറയപ്പെടുന്നവര്‍ ആദ്യം ബോധിക്കേണ്ടത് ലോകത്തില്‍ തങ്ങള്‍ക്ക് ആനുകാലികമായി ഒന്നും ചെയ്യാനില്ലെന്നതാണ്.ആധുനികേന്ത്യയില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ല." ഇതുവായിക്കുന്ന ആരും ആദ്യമൊന്ന് അന്ധാളിച്ചു പോകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.എന്നാല്‍ വായിച്ചു ചെല്ലുമ്പോള്‍ മാരാര്‍ ഊന്നുന്ന ഇടങ്ങള്‍ മറ്റു ചിലതാണെന്ന് നാം തിരിച്ചറിയും." ബുദ്ധിജീവികള്‍ക്ക് സ്വന്തം ശബ്ദമുയര്‍ത്താന്‍ താല്ക്കാലികങ്ങളും തദ്ദേശീയങ്ങളുമായ ഗതിവിഗതികള്‍ പുതിയ പ്രേരണകളും പുതിയ ഉപാധികളുമാകാം.അവയെല്ലാം ഉപയോഗപ്പെടുത്തണം താനും. പക്ഷേ അപ്പോഴെല്ലാം സ്വന്തം ശബ്ദത്തെ സ്വന്തം ശബ്ദമായിത്തന്നെ നിലനിറുത്തുവാന്‍ ഏകാന്ത ശ്രദ്ധ വെയ്ക്കണം. അല്ലാതെ അന്യര്‍ക്കുവേണ്ടി കാക്ക കരയാനും കോഴി കൂവാനും തത്ത ചിലയ്ക്കാനും മിനക്കെട്ടുപോകരുത്" എന്ന മുന്നറിയിപ്പ് കാണുമ്പോഴാണ് മാരാര്‍ നടക്കാന്‍‌ ശ്രമിക്കുന്ന വഴികളെക്കുറിച്ച് നമുക്ക് ബോധ്യമാകുക.

 

പാശ്ചാത്യലോകത്തേക്ക് വിവേകാനന്ദനൊരു ആക്രമണം നടത്തി എന്നൊക്കെ എഴുതുന്നുണ്ടെങ്കിലും അവതരിപ്പിക്കുന്ന ആശയങ്ങളിലെ നിഷ്കളങ്കതകൊണ്ട് വായനക്കാരന് മനോഹരമായി തോന്നിയേക്കാവുന്ന ഒരു ലേഖനമാണ് രാഷ്ട്രപിതാമഹന്‍.  നമ്മുടെ രാജ്യത്തെ സെകുലര്‍‌ സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്നതില്‍ മാരാര്‍ക്കുള്ള എതിര്‍പ്പാണ് ഈ ലേഖനത്തിന്റെ വിഷയം. ആ എതിര്‍പ്പ് ഏതെങ്കിലും മതത്തോട് പക്ഷം ചേര്‍ന്നു നില്ക്കണമെന്ന അഭിപ്രായത്തില്‍‌ നിന്നും ഉരുത്തിരിഞ്ഞു വരുന്നതല്ല, മറിച്ച് ഈ നാട് , ഇന്ത്യ , സ്വഭാവികമായിത്തന്നെ മതേതരമായിരിക്കുമെന്നും ആയിരിക്കണമെന്നുമുള്ള ധാരണയില്‍ നിന്നും ഉണ്ടായി വന്നതാണ്. എന്നാലോ അത് ഭാരതത്തിന്റെ ചിരന്തനമായ ആത്മീയതയെ നിഷേധിക്കുന്ന ഒന്നുമായിക്കൂടാ എന്ന ശാഠ്യം കൂടി മാരാര്‍ക്കുണ്ട്. പാശ്ചാത്യ ലോകത്തില്‍ ഇന്ത്യ സ്ഥാനം നേടിയത് സഹിഷ്ണുതയിലൂന്നിനില്ക്കുന്ന ആധ്യാത്മികത കൊണ്ടുതന്നെയാണെന്നും സ്വാമി വിവേകാനന്ദനടക്കമുള്ള ഭാരതീയാചാര്യന്മാര്‍ ലോകമാകെ പ്രചരിപ്പിച്ചതും അതേ ആശയം തന്നെയാണെന്നും അതുകൊണ്ടുതന്നെ ഇവിടുത്തെ ആധ്യാത്മികതയെ നിഷേധിക്കുന്നത് ഭാരതത്തെ തന്നെ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ചിന്തിക്കുന്നു. സെക്കുലര്‍ സ്റ്റേറ്റ് എന്നതില്‍ ഒരു മതനിഷേധമുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്. അത് അദ്ദേഹത്തിന്റെ ആധ്യാത്മികമായ പക്ഷപാതം കൊണ്ടുമാത്രമാണ്, അല്ലാതെ ഏതെങ്കിലും മതത്തോടുള്ള പ്രത്യേക വാത്സല്യം കൊണ്ടല്ല. മാരാരെ പഠിക്കാനുദ്ദേശിക്കുന്നവര്‍ ഈ ലേഖനം കാണാതെ പോകരുത്.

 

പരാമര്‍ശിക്കാതെ പോകുന്ന ബാക്കിയുള്ള ലേഖനങ്ങളെല്ലാം തന്നെ പ്രക്യക്ഷമായോ പരോക്ഷമായോ ആത്മവിദ്യയിലേക്ക് ചെന്നു ചേരുന്നതാണ്. ആ ചിന്തകളില്‍ പുതുമയൊന്നുമില്ല.കാളിദാസനെക്കുറിച്ചും ആശാനെക്കുറിച്ചുമൊക്കെ എഴുതിയിരിക്കുന്ന ലേഖനങ്ങളുടെ അവസ്ഥയും അതുതന്നെയാണ്. ആശാനെ മനസ്സിലാക്കുക എന്ന പേരിലെഴുതിയിരിക്കുന്ന ലേഖനം എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഒന്നായി അനുഭവപ്പെട്ടാലും അത്ഭുതമില്ല. താനെഴുതുന്ന എന്തിനേയും ആത്മവിദ്യയുമായി യോജിപ്പിച്ചുകൊണ്ടുപോകാനുള്ള മാരാരുടെ ശ്രമങ്ങള്‍ കാണാം. തന്റെ നല്ലകാലത്ത് താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാന്‍ കഴിയുമായിരുന്ന മാരാരുടെ ആ വാക്പ്രയോഗചാതുര്യം മുഴുവനായും കൈമോശം വന്നിട്ടില്ലെന്ന് ഈ ലേഖനങ്ങളില്‍ ചിലത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; അതുപക്ഷേ ആത്മവിദ്യയ്ക്കുവേണ്ടിയാണെന്നു മാത്രം.

 

(ചിത്രത്തിന് കടപ്പാട്)


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 07 , 07.15 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം