#ദിനസരികള് 1267 നൂറു ദിവസം നൂറു പുസ്തകം ||അഞ്ചാം ദിവസം - ഭാഷാപരിചയം ||

 



( മാരാര് കൃതികളിലൂടെ )

            വ്യാകരണത്തിനു വേണ്ടിയല്ല ഭാഷ , ഭാഷയ്ക്കു വേണ്ടിയാണ് വ്യാകരണം എന്ന ഓര്‍മ്മപ്പെടുത്തലാണ് മുണ്ടശേരിയുടെ ഭാഷാപരിചയം എന്ന പുസ്തകം. കേരള പാണിനീയത്തിന്റെ നിഗൂഢമായ വനസ്ഥലികള്‍ കണ്ട് ഭയപ്പെട്ടു പോകുന്നവര്‍ക്ക് ഭാഷാപരിചയത്തിലെ സ്വച്ഛശാന്തമായ താഴ്വര ഒരാശ്വാസം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രമാത്രം ലളിതമായ ഉദാഹരണങ്ങളിലൂടെയും ചിരിപരിചിതമായ സാഹചര്യങ്ങളിലൂടെയും നമ്മെ കൈപിടിച്ചു നടത്തിക്കൊണ്ടുപോകുന്ന മാരാര്‍ , അതുവരെ മലയാള വ്യാകരണത്തിന്റെ മേഖലയില്‍ മറ്റാരും തന്നെ നടന്നിട്ടില്ലാത്ത ഒരു പുതുവഴി കാണിച്ചു തരികയായിരുന്നു. എ ആറും കൂട്ടരും ചെയ്തു വെച്ച രീതികളില്‍ നിന്നും നേരെ ഇടംതിരിഞ്ഞൊരു നടത്തമായിരുന്നു അത്.

            എം ശേഷഗിരിപ്രഭുവിന്റെ വ്യാകരണ മിത്രത്തെ മറന്നു കൊണ്ടല്ല ഞാനിതെഴുതുന്നത്.എന്നാല്‍ കേരള പാണിനീയത്തിന്റെ ചുവടുപിടിച്ചാണ് ആ കൃതി പരുവപ്പെടുത്തിയിരിക്കുന്നത്. പി വി വേലായുധന്‍ പിള്ള ഇങ്ങനെ സൂചിപ്പിക്കുന്നു :-“ മിക്കവാറും സംസ്കൃതമാര്‍ഗ്ഗത്തെയാണ് ശേഷഗിരി പിന്തുടരുന്നത്.ശബ്ദം പദം വാക്യം എന്ന് മൂന്നായി ഭാഷയെ വിഭജിച്ചു പഠിക്കുന്ന സമ്പ്രദായമാണ് അനുസരിച്ചിട്ടുള്ളത്.ഇവിടെ പ്രഭു തമ്പുരാനെത്തന്നെ അനുകരിക്കുകയാണെന്ന് പറയാംഇങ്ങനെ എ ആര്‍ രാജരാജവര്‍മ്മയ്ക്ക് അപ്രീതിയുണ്ടാകാതെയും അദ്ദേഹത്തിന്റെ വഴികളില്‍ നിന്ന് വ്യതിചലനം സംഭവിക്കാതെയും എഴുതപ്പെട്ട വ്യാകരണ മിത്രവും പതിവു നടത്തം മാത്രമായിരുന്നു. എന്നാല്‍ ശേഷഗിരി പ്രഭുവിന് സ്വന്തമായി ഒരു നടവഴിയെങ്കിലുമുണ്ടാക്കാന്‍ ശേഷിയുണ്ടായിരുന്ന പ്രഭു , പക്ഷേ അതിന് ശ്രമിച്ചില്ലെന്ന് മാത്രം. അങ്ങനെയൊരു ശ്രമം, രാജരാജന്റെ മാര്‍ഗ്ഗം മാത്രമല്ല വ്യാകരണത്തിലേക്ക് ഉള്ളതെന്ന പ്രഖ്യാപനം , പിന്നെ നാം കാണുന്നത് മാരാരിലാണ്.

            മാരാരുടെ ഭാഷാപരിചയം മതനിരപേക്ഷമായ ഒരു സമീപനം കൂടി സ്വീകരിക്കുന്നുണ്ടെന്ന് ഈ പുസ്തകത്തിന്റെ അവതാരികയില്‍  ഇ പി സുമിത്രന്‍ ചൂണ്ടിക്കാണിക്കുന്നത് സവിശേഷമായ ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. അതായത്, അതുവരെ ഉദാഹരണങ്ങള്‍ക്ക് ഒരു മതത്തിന്റെ വിശ്വാസികളെ മാത്രം മുഖവിലയ്ക്കെടുത്തുകൊണ്ടാണ് ഉദാഹരണങ്ങളെ സ്വീകരിച്ചിരുന്നത്. മാരാരാകട്ടെ എല്ലാ മതത്തിലുള്ളവര്‍ക്കും ഒരുപോലെ ഉള്‍‌ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് ഉദാഹരണങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. സുമിത്രന്‍ എഴുതുന്നു നാനാമതക്കാരായ വിദ്യാര്‍ത്ഥികള്‍ ഉള്‍‌പ്പെട്ട നമ്മുടെ വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങളില്‍ വിശേഷിച്ച് അക്കാലത്ത് ,ഏതെങ്കിലും ഒരു മതക്കാര്‍ക്ക് മാത്രം ഹൃദ്യങ്ങളായ ഗദ്യപദ്യങ്ങളെ ഉള്‍‌ക്കൊള്ളിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ വിശാല ദൃഷ്ടിയോട് കൂടിത്തന്നെയായിരിക്കണം വിദ്യാര്‍ത്ഥികള്‍ക്ക് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് വായിക്കാനുള്ള ഈ പുസ്തകത്തില്‍ ഒരു മതത്തോട് ഒട്ടിപ്പിടിച്ചവയും തന്മൂലം മറ്റു മതക്കാര്‍‌ക്ക് അരോചകവുമായ വാക്യങ്ങളെ ദൃഷ്ടാന്തത്തിന് എടുക്കാതെ കഴിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ അന്യത്ര സുദുര്‍ല്ലഭവും പ്രോത്സാഹനാര്‍‌ഹവുമായ ഒരു പ്രസ്ഥാനം തന്നെയാണിത് പൂര്‍ണമായും ശരിയല്ലെങ്കിലും വ്യാകരണ പാരമ്പര്യത്തിലെ മതനിരപേക്ഷ വഴികളില്‍ മാരാരാടെ പ്രസക്തിയെക്കുറിച്ച് ഇനിയും വേണ്ടത്ര പഠനങ്ങളുണ്ടായിട്ടില്ല എന്നതാണ് വസ്തുത.

            പദപരിചയം പ്രകൃതിപ്രത്യയ പരിചയം വാക്യപരിചയം എന്നിങ്ങനെ ഈ പുസ്തകത്തിന് മൂന്നു ഭാഗങ്ങളുണ്ട്.വാക്യം ,കര്‍മ്മം,  നാമങ്ങള്‍ , കൃതികള്‍ , ക്രിയാ വിശേഷണങ്ങള്‍ , കാരകങ്ങള്‍ , ദ്യോതകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഒന്നാം ഭാഗത്തും,   വര്‍ണവിഭാഗം, പ്രകൃതിയും പ്രത്യയവും ലിംഗപ്രത്യയങ്ങള്‍ , സന്ധിസ്വരൂപം, വിഭക്തി, ഗതികള്‍ നിഷേദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഒന്നാം ഭാഗത്തും , വാക്യവിഭാഗം, സങ്കീര്‍ണവാക്യം, യൌഗിക വാക്യം പദപ്രയോഗക്രമം വാക്യവിവര്‍ത്തനം കര്‍മ്മണിപ്രയോഗം , സാമസം ,സന്ധി അലങ്കാരങ്ങള്‍ എന്നിങ്ങനെ ഭാഷയിലെ സുപ്രധാനമായ ഘടകങ്ങളെക്കുറിച്ച് മൂന്നാം ഭാഗത്തുമാണ് ചര്‍ച്ച ചെയ്യുന്നത്. സി എച്ച് കുഞ്ഞപ്പ ചൂണ്ടിക്കാണിച്ചതുപോലെ സാഹിത്യാസ്വാദനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മൂന്നാം ഭാഗം കുറച്ചു കൂടി വിസ്തരിച്ചാല്‍ നന്നാകുമായിരുന്നുവെന്ന തോന്നല്‍ ഈ അധ്യായം വായിച്ചു കഴിഞ്ഞാല്‍ നമുക്കും ഉണ്ടാകും. എങ്കിലും മാരാര്‍ തന്നെ സാഹിത്യ ഭൂഷണവും മലയാള ശൈലിയും പോലെയുള്ള ഗ്രന്ഥങ്ങളും  എഴുതിയിട്ടുണ്ടെന്നത് ഭാഷാപ്രേമികള്‍ക്ക് വലിയൊരു ആശ്വാസമാണ്.

            പുസ്തകത്തിലെ വ്യാകരണ ഭാഗങ്ങളിലേക്ക് ഈ ചെറു കുറിപ്പില്‍ പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും മാരാരുടെ സഹൃദയത്വത്തിന് പ്രത്യക്ഷ ഉദാഹരണമായി വചന പ്രത്യയങ്ങള്‍ അഭ്യസിപ്പിക്കുവാന്‍ വേണ്ടി ഏടത്തി അനിയത്തിക്ക് എഴുതുന്ന കത്ത് മാത്രം ചൂണ്ടിക്കാണിക്കാം.എത്ര രസകരമായിട്ടാണ് ആ കത്ത് തയാറാക്കപ്പെട്ടിട്ടുള്ളത്.കത്ത് അവസാനിച്ചതിനു ശേഷം ഒരു കുറിപ്പിലൂടെ ഒന്നു മറന്നു. ഏടത്തിയുടെ പൂച്ചക്കുറിഞ്ഞ്യാര് പെറ്റുവോ? എത്ര കുട്ടിയുണ്ട് ? കാടന്മാരല്ലല്ലോ? ഒന്നിനെ എനിക്ക് തരാമെന്നേറ്റിട്ടുള്ളത് മറക്കരുതേ !” എന്നു കൂടി എഴുതിയിട്ടേ മാരാര്‍ പിന്‍വാങ്ങുന്നുള്ളു. എത്ര സരസമായിട്ടാണ് മാരാര്‍ വ്യാകരണ ഭാഗങ്ങളെ പറഞ്ഞുതരുന്നതെന്ന് സൂചിപ്പിക്കുവാന്‍‌ ഈയൊരുദാഹരണം മാത്രം മതിയാകുമെന്നു കരുതുന്നു. ആഴത്തില്‍ അറിയേണ്ടവര്‍ക്ക് പുസ്തകം തുറക്കുകയല്ലാതെ മറ്റു വഴിയില്ല.

 

 (ചിത്രത്തിന് കടപ്പാട്)


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 06 , 07.15 AM ||

 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം