#ദിനസരികള് 1243 - സ്തീപക്ഷ സിലബസ്സുകളെക്കുറിച്ച്

          സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്ന ഇടം. നാം ഏറെ അഭിമാനത്തോടെ പലപ്പോഴും ഊറ്റംകൊള്ളുന്ന ഒരു പ്രയോഗമാണ് ഇത്. സ്ത്രീകളെ സംരക്ഷിക്കുന്ന ഒരു സമൂഹമാകണമെന്ന് പലരും പലപ്പോഴായി പ്രഘോഷിക്കുന്നതും നാം കേട്ടിട്ടുണ്ട്. എല്ലാത്തരത്തിലും സ്തീകള്‍ സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹമാണ് പൊതുവേ നാം ലക്ഷ്യം വെയ്ക്കേണ്ടതെന്നും പലരും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.അങ്ങനെ പറയുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സ്ത്രീപക്ഷത്തു നില്ക്കുന്നവരെന്നും സ്ത്രീപക്ഷ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നവരെന്നുമൊക്കെ വിശേഷിപ്പിക്കുന്നതും കേള്‍ക്കാറുണ്ട്.  ഇക്കാലത്ത് മാത്രമല്ല , മനുഷ്യനുണ്ടായി ഈ ഭൂമുഖത്ത് പിച്ചവെയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്ത്രീകളെക്കുറിച്ച് സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന തരത്തിലൊരു ചിന്തയാണ് നാം പൊതുവേ പുലര്‍ത്തിപ്പോരാറുള്ളത്        

 

                        പിതാ രക്ഷതി കൌമാരേ 

                        ഭര്‍ത്താ രക്ഷതി യൌവനേ

                        പുത്രോ രക്ഷതി വാര്‍ദ്ധക്യേ

                        ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി -  എന്ന മനുവാചകത്തില്‍ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന പ്രത്യക്ഷ അര്‍ത്ഥത്തെക്കാള്‍ എല്ലാക്കാലത്തും സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന ചിന്തയാണുള്ളതെന്നും വാദിക്കുന്നവരുണ്ട്. അര്‍ത്ഥഭേദങ്ങള്‍ എന്തൊക്കെത്തന്നെയായാലും  സ്ത്രീ എല്ലാക്കാലത്തും ഒരു ചര്‍ച്ചാ വിഷയം തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്.അതുകൊണ്ടാണ് സ്ത്രീപക്ഷ നിയമങ്ങളും സ്ത്രീപക്ഷ പെരുമാറ്റശീലങ്ങളുമൊക്കെയായി ഒരു സ്ത്രീപക്ഷ സംരക്ഷണ വ്യഗ്രതയുള്ള സമൂഹത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.

 

            എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് , സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ചിന്ത നിലനില്ക്കുന്ന ഒരു സമൂഹം എന്ന വിശേഷണമുണ്ടാക്കുന്ന മാനക്കേടിനെക്കാള്‍‌ വേറെയെന്താണള്ളത് എന്നാണ്. അതായത് സ്ത്രീകള്‍ അങ്ങനെ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് കരുതുന്ന സമൂഹത്തില്‍ സ്ത്രീ എപ്പോഴും രണ്ടാം രണ്ടാം സ്ഥാനത്തായിരിക്കുമെന്ന കാര്യം ഉറപ്പായിരിക്കുമല്ലോ. അവിടെ അവള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ സ്വാഭാവികമായിരിക്കുകയില്ലെന്ന് മാത്രമല്ല അത് മറ്റാരുടേതൊക്കെയോ അധീശത്വങ്ങളെ പ്രഖ്യാപിക്കുന്നതു കൂടിയായിരിക്കും.  അതുകൊണ്ടാണ് സംരക്ഷണം എന്നത് രണ്ടാം സ്ഥാനത്തേക്കുള്ള ക്ഷണപത്രമാണ്.

 

            അപ്പോള്‍ എന്താണ് വേണ്ടത്? ഒരു തരത്തിലും വേര്‍തിരിവുകളില്ലാത്ത ഒരു സമൂഹത്തിലേക്കുള്ള പ്രയാണം തുടങ്ങേണ്ടത് കുറേ നിയമങ്ങളുടേയും വേലിക്കെട്ടുകളുടേയും പിന്‍ബലത്തിലല്ല, മറിച്ച് അതൊരു സ്വാഭാവികതയായി മാറുമ്പോഴാണ്. ഇത്രയും മുന്നോട്ടു പോന്ന സമൂഹത്തില്‍ ഇന്നും പ്രാകൃതമായ ഒരു കാലത്തെ ചിന്തകളാണ് സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നതെങ്കില്‍ എന്നെങ്കിലും മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. സ്ത്രീയ്ക്ക് അനുകൂലമായ കുറേ നിയമങ്ങളുണ്ടാക്കി നാം അവളെ സംരക്ഷിക്കുന്നവരായി മേനി നടിക്കാമെന്ന് മാത്രം.അപ്പോള്‍ മാറേണ്ടത് നാം കാലങ്ങളായി പുലര്‍ത്തിപ്പോരുന്ന ധാരണകളാണ്. അതാകട്ടെ അങ്ങനെ എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന ഒന്നുമല്ലതാനും.നിരന്തര ശ്രമങ്ങള്‍ അതിന് ആവശ്യമുണ്ട്. ഈ തലമുറയെ ഉന്നം വെച്ചുകൊണ്ടായിരിക്കരുത് നാം ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കേണ്ടത്. ഇനി വരാനിരിക്കുന്ന നാലാമത്തെ തലമുറയിലെങ്കിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്ന ചിന്ത ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ്.

 

            ഇത്രയും സൂചിപ്പിച്ചത് , പാഠ്യപദ്ധതികള്‍ അടിമുടി പരിഷ്കരിക്കപ്പെടുന്ന ഇക്കാലത്ത് ഒരു സ്ത്രീപക്ഷ സിലബസ്സിന്റെ സാധ്യതയെക്കുറിച്ച് പറയുന്നതിനു വേണ്ടി മാത്രമാണ്.

                       

           

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 10 , 8.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം