#ദിനസരികള്‍ 1240 കേരളത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍
ആരായിരിക്കും
കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അധികം
സന്തോഷിക്കുന്ന ആള്‍ ? ചോദ്യം കേട്ട്
അങ്ങനെ കൃത്യമായി ഒരുത്തരം പറയാന്‍ കഴിയുമോ എന്ന ഭാവത്തില്‍ നിങ്ങളെന്നെ തുറിച്ചു
നോക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ നിങ്ങളുടെ നോട്ടങ്ങളെ യാതൊരു കൂസലുമില്ലാതെ
അവഗണിച്ചു കൊണ്ട് അതേ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.ആരായിരിക്കും
കേരളത്തില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം സന്തോഷവാനായ മനുഷ്യന്‍ ?
സംശയലേശമില്ലാതെ ഞാന്‍ പറയും അത് നമ്മുടെ ഉമ്മന്‍
ചാണ്ടി സാറാണെന്ന്. അദ്ദേഹത്തെപ്പോലെ സന്തോഷവാനായ ഒരു മനുഷ്യനെ ഈ ദിവസങ്ങളില്‍
നിങ്ങള്‍ക്ക് കാട്ടിത്തരാമോ? അത്തരത്തിലുള്ള സന്തോഷ
പ്രകടനത്തിന്റെ മാസ്മരിക രൂപമാണ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെങ്കിലും
തീരുമാനം വരേണ്ടത് ഹൈകമാന്‍റില്‍ നിന്നാണെന്ന് ഒരു മാധ്യമത്തിന് നല്കിയ
ഒളിയമ്പിലൂടെ ഒ.സി പുറത്തു പ്രകടിപ്പിക്കുന്നത്. എന്നു മാത്രവുമല്ല താന്‍ നിയമ
സഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഒ സി നല്കുന്നതോടെ കോണ്‍ഗ്രസിലെ
പടക്കളം ഒരുങ്ങിക്കഴിഞ്ഞുവെന്നു തന്നെയാണ് വ്യക്തമാകുന്നത്. എന്നാല്‍ ഒരോളത്തിന്
പടക്കളമെന്നൊക്കെ പറഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടി സാറിന് ഒരെതിരാളിയാണ് ചെന്നിത്തല
എന്നൊന്നും ഞാന്‍ ചിന്തിക്കുന്നേയില്ലെന്ന് അടിവരയിട്ടു സൂചിപ്പിക്കേണ്ടതുണ്ട്.
കേരളത്തിന്റെ
മുഖ്യമന്ത്രിയാകുക എന്നതാണ് ചെന്നിത്തല ചൂടാന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട
കിരീടമെന്ന് നമുക്ക് അറിയാം. കരുണാകരന്റെ ഈ പ്രിയ ശിഷ്യന് അതിനാവശ്യമായ അടിതടകളൊക്കെ
അറിയാമെന്നും നാം ചിന്തിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവായ അന്നുമുതല്‍ അദ്ദേഹത്തിന്റെ ഗ്രാഫ്
താഴോട്ട് താഴോട്ടു എന്നല്ലാതെ പേരിനെങ്കിലും മുകളിലേക്ക് ഉയര്‍ന്ന ഒരു ഘട്ടവും
രാഷ്ട്രീയ കേരളം കണ്ടിട്ടില്ല.ഇപ്പോള്‍ അവസാനമായി , കോണ്‍ഗ്രസിലെ സാധാരണക്കാരനായ രണ്ടണ അംഗം പോലും പറയാന്‍ സാധ്യതയില്ലാത്ത രാഷ്ട്രീയ
കേരളത്തിന് തികച്ചും അപമാനകരമായ ഒരു പ്രസ്താവനയിലൂടെ ജനത്തിരക്കാര്‍ന്ന
നാല്ക്കവലയില്‍ നഗ്നനായി നില്ക്കുകയാണ് രമേഷ് ചെന്നിത്തല. സത്യത്തില്‍ എന്റെയൊരു സുഹൃത്ത്
, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി ചെന്നിത്തല ഇങ്ങനെയാണ്
പ്രതികരിച്ചതെന്ന് പറഞ്ഞപ്പോള്‍ അതൊരു തമാശമാത്രമായിരിക്കുമെന്നാണ് ഞാന്‍
കരുതിയത്. അയാള്‍ അങ്ങനെ പറയാനും സാധ്യതയുണ്ട് എന്ന് ഒരൊഴുക്കന്‍ മറുപടി ഞാന്‍
പറഞ്ഞുവെങ്കിലും അങ്ങനെ അയാള്‍ പറയുക തന്നെ ചെയ്തു എന്നറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ
ഞെട്ടിപ്പോയി.കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇത്രയും അധമനാണെന്ന് ഒരിക്കലും
ചിന്തിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്.എന്നാല്‍ താനെന്താണെന്ന്
പുരപ്പുറത്തു കയറി ഒരാള്‍ വിളിച്ചു പറയുമ്പോള്‍ നാം
അവഗണിക്കുന്നതെങ്ങനെ ? കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടേയും
അന്തസിന്റെ മുകളിലാണ് –
അങ്ങനെയൊന്നുണ്ടെങ്കില്‍ - ചെന്നിത്തല കത്തി പായിച്ചത്. മുഖ്യമന്ത്രിമോഹത്തില്‍ നിന്നും ചെന്നിത്തലയുടെ
സ്വയം വിരമിക്കല്‍ പ്രസ്താവനയാണ് അതെന്ന കാര്യത്തില്‍ എനിക്കു
സംശയമില്ല. സ്വയം വിഡ്ഢി വേഷം കെട്ടി അരങ്ങാട്ടം കഴിച്ച ഒരു വിദൂഷകന്‍ മാത്രമായി ചെന്നിത്തല കളമൊഴിയേണ്ടി വരും.
അധികം അധ്വാനം കൂടാതെ ,
ചെന്നിത്തലയുടെ നെഞ്ചിലേക്ക് വെള്ളിക്കുറ്റി താഴ്ത്താന്‍ കിട്ടുന്ന ഒരവസരത്തെ
നമ്മുടെ ഉമ്മന്‍ ചാണ്ടി പാഴാക്കുമോ ? ഇല്ല എന്നാണ് , ചെന്നിത്തലയില്‍ നിന്ന് നിരന്തരം കുത്തുകളേറ്റുവാങ്ങിയിട്ടും
എല്ലാം കടിച്ചമര്‍ത്തി തക്ക സന്ദര്‍ഭത്തിനു വേണ്ടി കാത്തിരിക്കുന്ന ഒ. സി നമ്മോട്
പറയുന്നത്. അതുകൊണ്ടാണ് കേരളത്തിലെ
ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് തുടക്കത്തിലേ ഞാന്‍ സൂചിപ്പിച്ചത്.
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 09 , 8.15 AM ||
Comments