#ദിനസരികള്‍ 1241 - ഇരുട്ടില്‍ പൊതിഞ്ഞ തീനാളം

 


            അധ്വാനത്തിന്റെ വീര്യവും മൂല്യവുമാണ് പുനലൂര്‍ ബാലനില്‍ പ്രശോഭിക്കുന്നതെന്നാണ് എം കെ സാനു അദ്ദേഹത്തെക്കുറിച്ച്  രേഖപ്പെടുത്തിയിരിക്കുന്നത്. കലയെ സമരവും ജീവിതവുമാക്കിയ ഒരാളായിരുന്നു ബാലനെന്ന് പി ഗോവിന്ദപ്പിള്ളയും സാക്ഷ്യപ്പെടുത്തുന്നു. വളരെ കൃത്യവും കണിശവുമായ ഈ രണ്ടു നിലപാടുകളിലൂടെയും പുനലൂര്‍ ബാലന്‍ എന്ന കവി ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും നമുക്ക് അടയാളപ്പെട്ടു കിട്ടുന്നു.പോരാത്തതിന് എന്തു ദര്‍ശനമാണ് നയിക്കുന്നതെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

            ചന്തയില്‍ക്കമ്മൂണിസ്റ്റു

            പാര്‍ട്ടി തന്‍ പൊതുയോഗ     

            മുണ്ടതില്‍ സംബന്ധിക്കാ

            നാളുകളൊഴുകുന്നു

            ദൂരെയാ മൈക്കില്‍ കൂടി

            കേള്‍ക്കയായൊരു ഗാനം

            ധൈര്യവും ആവേശവും

            പകരും നവഗാനം

            ഉയരുന്നെന്‍ നാടിന്റെ

            കാഹളമാഗാനത്തി

            ലുണരുന്നെന്‍ നാടിന്റെ

            സിരയാ സന്ദേശത്തില്‍ - എന്ന പ്രഖ്യാപനം കവിയുടെ പക്ഷമേത് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു.

            1929 ലാണ് ബാലന്‍ ജനിക്കുന്നത്. ചങ്ങമ്പുഴപ്പഴത്തിന്റെ രുചി നുണയാത്തതും അയവിറക്കാത്തതുമായ ഒരു കവിയും ജീവിച്ചിരുന്നിട്ടില്ലാത്ത അക്കാലത്ത് ആ പ്രകാശവലയത്തില്‍ പോയി പെടാത്ത ഒരാളായിരുന്നു പുനലൂര്‍ ബാലന്‍. പ്രത്യയശാസ്ത്രപരമായ ഉള്‍ക്കരുത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ലോകത്തെ അവലോകനം ചെയ്യുന്നത്. അതില്‍ ഇക്കിളികളെക്കാള്‍ മനുഷ്യ ജീവിതവ്യഥകളില്‍ പരിതപിക്കുന്ന , വര്‍ഗ്ഗപരമായ ചായ്വ് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കുന്ന ഒരാളെ നമുക്ക് കാണാം.പുതിയ വെളിച്ചം നല്കാം , കയ്യിലണഞ്ഞ വിളക്കുകളുണ്ടോ എന്ന ചോദ്യം പുറപ്പെട്ടു പോരുന്നത് ഈ ഉള്‍ബലത്തിന്റെ ആവനാഴിയില്‍ നിന്നാണ്.

            ബാലന്റെ ഏറെ വിഖ്യാതമായ ഒരു കവിതയാണ് ഇരുട്ടില്‍ പൊതിഞ്ഞ തീനാളം . ഏതു കൂരിരിട്ടിലും വെളിച്ചത്തിന്റേതായ ഒരു കീറ് അണയാതെ പഥികനെ കാത്തിരിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുന്ന ഈ കവിത അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളിലെ രചന കൂടിയാണ്. എന്‍ ബി എസ് പ്രസിദ്ധീകരിച്ച പുനലൂര്‍ ബാലന്റെ കവിതകള്‍ എന്ന പുസ്തകത്തില്‍ സമാഹരിക്കപ്പെടാത്ത രചനകളുടെ കൂട്ടത്തിലാണ് ഈ കവിത.

            എല്ലാം നശിച്ചു പോയിട്ടില്ല , പോകില്ല

            വല്ലതും ശേഷിക്കുമെന്നു വിചാരിക്കേ

            എന്തെന്തിതെന്‍ കരളിലാനന്ദവും

മിഴിയില്‍ വിശ്വാസവും പുതിയ

ഭാവിയുടെ തെളിവാര്‍ന്ന ജൈവപ്രഭാവവും പ്രത്യാശയുടേതായ ഈ തിളക്കത്തിന് മനുഷ്യരാശിയെ ആകമാനം മുന്നോട്ടു ആനയിക്കാനുള്ള ശേഷിയുണ്ടെന്ന് വിളംബരം ചെയ്യുന്ന ഈ കവിത നമ്മുടെ ഭാഷയില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.ഏതിരുള്‍ക്കാട്ടിലും വഴികാട്ടാനൊരു മിന്നാമിനുങ്ങെങ്കിലും ഉണ്ടാകാതെ വയ്യെന്ന പ്രതീക്ഷയല്ലേ മനുഷ്യ വംശത്തെ ഇവിടംവരെ കൊണ്ടെത്തിച്ചത് ? ഈ മണല്‍ക്കാടു കടന്നാല്‍ ഫലവൃക്ഷലതാദികളുടെ മഹാരുചികളാണ് കാത്തിരിക്കുന്നതെന്ന ശുഭചിന്തയല്ലേ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത് ? എങ്കില്‍ കത്തിയമര്‍ന്നു ധൂളിസദൃശമായി അടിഞ്ഞു പോയ ആരണ്യകങ്ങളില്‍ നിന്ന് ഒരു മുളപൊടിയാതിരിക്കില്ലെന്ന് തന്നെയാണ് കവിയും പറഞ്ഞുതരുന്നത്

            എത്രമധുരം സഖീ, ജീവിത,മെനിക്കെന്റെ

            സ്വപ്നമോഹങ്ങളില്‍ ചുടുചാരമെങ്കിലും

            എങ്കിലുമതിന്നടിയില്‍ നീറുന്ന പൊടിയുണ്ട്

            നീറ്റുന്ന വെയിലിലിളകൊള്ളുവാന്‍ സത്രമു

            ണ്ടറ്റുപോം കൊമ്പില്‍ക്കളിക്കുന്ന കിളികളു

            ണ്ടസ്ഥിത്തറകളില്‍ ജീവിത സ്പന്ദമു

            ണ്ടിനി നാളെയെന്നു മിഴി പൂട്ടുന്ന പൂവുകളി

            ലുറയുന്ന ഗന്ധമുണ്ടിനിവരാമെന്നു വിട

            പറയുന്ന മതിലേഖയില്‍ തൂവെളിച്ച മു

            ണ്ടൊട്ടകലയെങ്കിലും നീയുണ്ട് ഞാനുണ്ട്

            നമ്മളില്‍ പൂത്ത നല്ക്കനികളു

            ണ്ടോരോ മുഖത്തും ചിരിയുണ്ട് ദുഖമു

            ണ്ടാത്മനാളത്താല്‍ തെളിച്ച ചെറുതിരിയുഴി

            ഞ്ഞീയിരുട്ടിന്‍ സന്ധ്യയേയും തുടുത്തുവിട

            രുന്നോരുഷസ്സിനേയുമൊത്തു വരവേല്ക്കനാം അതെ, ഒടുങ്ങിപ്പോകുന്ന പകലിനപ്പുറം തുടുപ്പാര്‍ന്ന് വന്നെത്തുന്ന ഒരു പ്രഭാതത്തിന്റെ അരുണച്ഛവികളുണ്ട് എന്ന വസ്തുതയെ നാം അടവരയിട്ടു പുണരുക, കവിയോടൊപ്പം.

           

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 10 , 8.15 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം