#ദിനസരികള്‍ 1242 ഇ.എം എസും മലയാള സാഹിത്യവും - 2
"ഒരു
സാമൂഹിക പരിഷ്കര്‍ത്താവായി ജീവിതം ആരംഭിച്ച് സ്വാതന്ത്ര്യ സേനാനിയും രാഷ്ട്രീയ
വിപ്ലവകാരിയുമായി വളര്‍ന്ന പ്രായോഗിക പ്രവര്‍ത്തന രംഗങ്ങളിലെന്ന പോലെ
താത്വികരംഗങ്ങളിലും ഒരുപോലെ ശോഭിക്കുന്നു.മാര്‍ക്സിസം ലെനിനിസത്തില്‍ അടിയുറച്ചു
വിശ്വസിച്ചിരുന്ന അദ്ദേഹം അവയെ
ഇടയ്ക്കിടയ്ക്ക് ഉരുക്കഴിക്കാനുള്ള മന്ത്രങ്ങളായിട്ടല്ല തന്റെ സ്വതന്ത്രമായ
പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴികാട്ടിയായ വെളിച്ചമായാണ്
ഉപയോഗപ്പെടുത്തിയത്.കേരളത്തിന്റെ ചരിത്രപഠനത്തില്‍ അചുംബിതവും മൌലികവുമായ
സംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ട്.ഒളിവിലും തെളിവിലും തടവിലും സംഘാടകനും
പോരാളിയുമായി വ്യക്തിത്വം തെളിയിച്ച ഈ എം എസ് പത്രാധിപരും നിയമസഭാ സമാജികനും
ഭരണാധികാരി എന്ന നിലയിലും അപൂര്‍വ്വമായ ഔന്നത്യങ്ങള്‍ നേടി" എന്ന്
ഏതുവിഷയത്തിലും നിഷ്ണാതരായിരുന്നു നവോത്ഥാന നായകരെന്ന് ഫ്രെഡറിക് ഏംഗല്‍സ്സ്
പറയുന്നതിനെ മുന്‍നിര്‍ത്തി ഇ എം എസിനെക്കുറിച്ച് പി ജി എഴുതുന്നത് ഒരു തരത്തിലും
അസ്ഥാനത്തിലല്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം നേരിട്ടുകണ്ട മലയാളികള്‍ക്ക് ബോധ്യമുണ്ട്.
1927 കാലങ്ങളില്‍ ഉണ്ണിനമ്പൂതിരിയില്‍ ( മുപ്പതുകളിലെന്നാണ് പി ജി എഴുതുന്നതെങ്കിലും
1927 ല്‍ അദ്ദേഹം എഴുതിയ ലേഖനം കണ്ടെത്തിയിട്ടുണ്ട് ) പ്രസിദ്ധീകരിക്കപ്പെട്ട
ആദ്യ ലേഖനം മുതല്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിത്തീര്‍ത്തതുവരെയുള്ളവ
നൂറു വോള്യങ്ങളിലായി സമാഹരിച്ചിട്ടും തീരാതെ പിന്നേയുമുണ്ട്. കേരളത്തെ നവോത്ഥാന
മൂല്യങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ മുഖ്യമന്ത്രിയായി രണ്ടുതവണ അദ്ദേഹം
ചുമതലയേറ്റു.കേരളം എന്താകണമെന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇ എം
എസിനെ ഏതെങ്കിലും ഒരു തലത്തില്‍ മാത്രം ബന്ധിച്ചിടുകയെന്നത് അസാധ്യമാണ്. ബഹുശാഖിയായി
പടര്‍ന്നു കേരളത്തിന്റെ സമസ്തമേഖലകളിലും തന്റേതായ തണലുകള്‍ വിരിച്ച അസാമാന്യ
പ്രതിഭാശാലിയായിരുന്നു അദ്ദേഹം.
തന്റെ പതിനെട്ടുകളില്‍ തുടങ്ങിയ എഴുത്തുജീവിതത്തില്‍ അദ്ദേഹം
കൈവെയ്ക്കാത്ത മേഖലകളുണ്ടായിരുന്നില്ല.ഉണ്ണി നമ്പൂതിരിയുടെ എല്ലാമായിരുന്ന
സാക്ഷാല്‍ വി. ടി വാരികയുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇ എം എസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതെക്കുറിച്ച് തന്റെ
ആത്മകഥയില്‍ ഇ എം എസ് ഇങ്ങനെ എഴുതുന്നു " ഉണ്ണി നമ്പൂതിരി വാരികയില്‍ എല്ലാത്തരം
ജോലികളും ചെയ്യാന്‍ എനിക്ക് കഴിവുണ്ടെന്ന് വി ടിക്ക്
അറിയാമായിരുന്നു.സാമുദായിക കാര്യങ്ങളെക്കുറിച്ച് കുറേ കാര്യങ്ങള്‍ ഞാന്‍
എഴുതിയിട്ടുള്ളതുമാണ്.കൂടാതെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് തര്‍ജ്ജമയായോ സ്വന്തം
ലേഖനമായോ എഴുതുക , വാര്‍ത്താ സംഗ്രഹങ്ങളും കുറിപ്പുകളും എഴുതുക എന്നിവയും
എന്നെക്കൊണ്ട് വി ടി ചെയ്യിക്കാന്‍ തുടങ്ങി.ചിലപ്പോള്‍ പുസ്തക
പംക്തിയിലേക്കും ഞാന്‍ എഴുതിയിട്ടുണ്ട്.ഏതായാലും ഒന്നോ അധികമോ
പംക്തികളിലേക്കായി മൂന്നും നാലും കോളം മാറ്റര്‍ തയ്യാറാക്കുന്നത് എന്റെ
പതിവായിത്തീര്‍ന്നു"
ഇതു സൂചിപ്പിക്കുന്ന അത്ര ചെറിയ പ്രായത്തില്‍തന്നെ വി
ടിയെപ്പോലെയൊരാളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രതിഭാവിലാസം ഇ എം എസ്
പ്രകടിപ്പിച്ചിരുന്നുവെന്നാണ്. അതേ പ്രതിഭയുടെ തെളിഞ്ഞാട്ടമാണ് പിന്നീട് കേരളം
അത്ഭുതാദരങ്ങളോടെ കണ്ടു നിന്നത്.
(തുടരും )
മനോജ് പട്ടേട്ട് || 2020 സെപ്തംബര്
10 , 8.15 AM ||
Comments