#ദിനസരികള് 1239 'ഇ.എം.എസും മലയാള സാഹിത്യവും '

 


 

 

            നമ്മുടെ സാഹിത്യത്തില്‍ യുഗപ്രഭാവനായ  ഇ എം എസ് ഇടപെട്ടതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമാണ് പി ഗോവിന്ദപ്പിള്ള എഴുതിയ 'ഇ.എം.എസും മലയാള സാഹിത്യവും ' എന്ന പുസ്തകം. പ്രതിഭയുടെ പ്രഭാവം , പ്രസ്ഥാനവും പ്രത്യയശാസ്ത്രവും , പ്രതിഭാ സംഗമം, സാഹിത്യ പ്രപഞ്ചം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഓരോ ഇ എം സിന്റെ സാഹിത്യ സംബന്ധിയായ സംഭാവനകളെ പി ജി വിലയിരുത്തുന്നത്. ഇ എം എസിന്റെ ചിന്തകളെ മുന്‍നിറുത്തി അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തിറങ്ങിയ ഏറ്റവും ഈടുറ്റതും സമഗ്രവുമായ ഒരു പുസ്തകമാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഏകദേശം നാല്പതിനായിരിത്തില്‍പ്പരം പേജുകളിലായി നൂറിലധികം വാല്യങ്ങളില്‍ പരന്നു കിടക്കുന്ന ഇ എം എസിന്റെ രചനകളില്‍ നിന്നും പ്രസക്തമായവ തിരഞ്ഞെടുക്കുകയും അവ നമ്മുടെ ഭാവുകത്വപരിണാമങ്ങളില്‍ നിര്‍വഹിച്ച പങ്കിനെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം അതുകൊണ്ടുതന്നെ മലയാള സാഹിത്യത്തിന്റെ ചരിത്രവഴികളെക്കുറിച്ച് പഠിക്കുവാന്‍ അനുപേക്ഷണീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

            ഇ. എം. എസ് ജീവിച്ചിരിക്കുമ്പോഴാണ് ഈ പുസ്തകം എഴുതിത്തുടങ്ങിയതെന്ന് പി ജി ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട് :- " പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ ഒരു ചരിത്രവും ഇ എം എസ് മലയാള സാഹിത്യത്തില്‍ പൊതുവേയും നിരൂപണ സാഹിത്യത്തിന് പ്രത്യേകിച്ചും നല്കിയ സംഭാവനകളേയും കുറിച്ച് പരസ്പര പൂരകങ്ങളായ രണ്ടു പുസ്തകങ്ങള്‍ എഴുതുക എന്നുള്ളത് വളരെക്കാലമായി ഞാന്‍ ആഗ്രഹിച്ചിരുന്നതും ഇ എം എസ് ജീവിച്ചിരുന്ന കാലത്തുതന്നെ അവ രണ്ടും എഴുതിത്തുടങ്ങുകയും ചെയ്തിരുന്നതുമാണ്. ഇവ രണ്ടിനും അദ്ദേഹത്തിന്റെ പ്രാഥമിക നിര്‍‌ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അവ രണ്ടും അദ്ദേഹത്തിന്റെ ജീവിതകാലത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി. " എന്നു സൂചിപ്പിക്കുന്ന അദ്ദേഹം ഈ രണ്ടു പുസ്തകങ്ങളില്‍ ആദ്യത്തേത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നതും എടുത്തുപറയുന്നുണ്ട്.  പുസ്തകത്തിലെ ചില വിമര്‍ശന പരാമര്‍ശങ്ങളെ വിശാലബുദ്ധിയോടെ ഇ എം എസ് അംഗീകരിച്ചിരിക്കുന്നുവെന്നും പി ജി എഴുതുന്നു. അത്തരമൊരു 'ഇ എം എസ് വിമര്‍ശന' മുണ്ടായത് പില്കാലത്ത് അദ്ദേഹം തന്നെ നടത്തിയ സ്വയം വിമര്‍ശനപരമായ ചില നിലപാടുകളെത്തുടര്‍ന്നാണെന്നും ഗ്രന്ഥകര്‍ത്താവ് അടിവരയിടുന്നുണ്ട്. പല വിധത്തിലുള്ള പരിമിതികളുണ്ടെങ്കിലും ഈ പ്രമേയത്തെക്കുറിച്ച് പല സാഹിത്യ ചരിത്രകാരന്മാരും ബോധപൂര്‍വ്വം മൌനം അവലംബിക്കുന്നതിലുള്ള ഒരു പ്രതിഷേധംകൂടിയാണ് പി ജി യുടെ ഈ രചന. ഇത്തരത്തിലൊരു ശ്രമം അതുകൊണ്ടുതന്നെ ചരിത്രത്തോട് നീതിപുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു (തുടരും)

           

 

 

 

 

 

 

 

മനോജ് പട്ടേട്ട് || 2020 സെപ്തംബര്‍ 08 , 1.07 PM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം