#ദിനസരികള്‍ 1172 ഡോ ഉപീന്ദര്‍ സിംഗും ഒരു മാതൃകയും



            ബാലിശമെന്ന് പലര്‍ക്കും തോന്നിയേക്കാവുന്ന ഒരു ചിന്ത പങ്കുവെയ്ക്കട്ടെ.          ഡോക്ടര്‍ ഉപീന്ദര്‍ സിംഗിന്റെ A History of Ancient and Early Medieval India എന്ന പുസ്തകം കുറച്ചു നാളായി എന്റെ ശ്രദ്ധയിലുണ്ട്. വയനാട് ജില്ലാ ലൈബ്രറിയില്‍ നിന്നും കഴിഞ്ഞ ദിവസം പുസ്തകം കൈയ്യില്‍ കിട്ടി.ബ്ലര്‍ബ് ഒന്ന് ഓടിച്ചു വായിച്ചു. ഏകദേശം മുന്നൂറ്റമ്പത് ചിത്രങ്ങളും മാപ്പുകളും വിവിധ ഗ്രാഫുകളുമായി ലെറ്റര്‍ സൈസില്‍ എഴുന്നൂറ്റി നാല് പേജുകളാണ് പ്രസ്തുത ഗ്രന്ഥത്തിനുള്ളത്. വിശദമായി തയ്യാറാക്കപ്പെട്ട ഈ ബൃഹത് ഗ്രന്ഥം എഴുതിയ ഉപീന്ദര്‍സിംഗ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണെന്നും Kings, Brāhmaṇas and temples in Orissa , Mysteries Of The Past, Rethinking Early Medieval India എന്നിങ്ങനെ വേറെയും ചില പുസ്തകങ്ങളെഴുതിയിട്ടുണ്ട് എന്നും പിന്‍കുറിപ്പ് സൂചിപ്പിക്കുന്നു. ഞാന്‍ ഉപീന്ദര്‍ സിംഗിനെക്കുറിച്ച് ഇതിനു മുമ്പ് കേട്ടിട്ടുള്ളത് മറ്റൊരു പുസ്തകത്തിലൂടെയാണെങ്കിലും ഇതുവരെ അതെന്റെ കൈയ്യിലേക്ക് എത്തിയിട്ടില്ല.( Political Violence in Ancient India എന്ന പുസ്തകത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.)
          പ്രൊഫസര്‍ സിംഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുസ്തകത്തിലെ The Author എന്ന കുറിപ്പു കൂടി നോക്കി. അവിടേയും കൂടുതലൊന്നുമില്ല. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ചരിത്ര വിഭാഗം പ്രൊഫസര്‍. സെന്‍റ് സ്റ്റീഫന്‍സില്‍ ചരിത്രം പഠിച്ചു. എം എ എം ഫില്‍ ഡല്‍‌ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും.മൊന്‍‌റിയാലിലെ മക്ഗില്‍ യുണിവേഴ്സിറ്റിയില്‍ നിന്നും പി എച്ച് ഡി.കുറച്ചുകാലം വീണ്ടും സെന്‍സ്റ്റീഫന്‍സില്‍ അധ്യാപനം. പിന്നീട് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ .പ്രാചീന ഭാരതത്തിന്റെ ചരിത്രത്തില്‍ അഗാധ പാണ്ഡിത്യം. നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ ലേഖനങ്ങള്‍. പ്രധാനപ്പെട്ട പുസ്തകങ്ങളുടെ പേരുകള്‍. അതോടൊപ്പം വ്യക്തിപരമായ ഒരു കാര്യം ഒറ്റവരിയില്‍ , വിവാഹിതയാണ് , രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞു. ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ അധ്യാപകരുടേയും ചരിത്രകാരന്മാരുടേയും പത്രങ്ങളുടേയും മറ്റും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒരു പുസ്തകത്തിന്റെ രചയിതാവിനെക്കുറിച്ച ഇത്രമാത്രം. നമ്മുടെ സ്വന്തം രാജന്‍ ഗുരിക്കള്‍ പുസ്തകത്തെക്കുറിച്ച് പറയുന്നത് …a well illustrated, marvelously produced text book എന്നാണ്.
          വ്യക്തിപരമായി വളരെ കുറച്ചു വിവരങ്ങള്‍ മാത്രം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കേരളീയരുടെ ദേവതാ സങ്കല്പം എന്ന പുസ്തകമെടുത്തു. രചയിതാവ് ഡോക്ടര്‍ എം ജി ശശിഭൂഷന്‍. അതില്‍ എഴുത്തുകാരനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു. 1951 ജനുവരി ഒന്നിന് ജനിച്ചു. ചരിത്ര ഗവേഷകനും അധ്യാപകനും. പ്രൊഫസര്‍ എസ് ഗുപ്തന്‍ നായരുടെ മകന്‍.മലയാള മനോരമ , മാതൃഭൂമി ദിനപത്രങ്ങളില്‍ സബ് എഡിറ്ററായും .................. വിശേഷണങ്ങളുടെ കുത്തൊഴുക്ക്. ആധികാരികത പിടിച്ചു വാങ്ങാനുള്ള ശ്രമമെന്ന പോലെ. മറ്റു ചില പ്രശസ്തരായ മക്കളുടെ പുസ്തകങ്ങളും നോക്കി. അവിടെയൊക്കെ ഇന്നയാളുടെ മകന്‍ എന്നതിന് അതീവപ്രാധാന്യമുണ്ട്.
          അക്കാദമിക് നിലവാരത്തിന് യോജിച്ച വിധത്തില്‍ ഒരു വരിയില്‍ വ്യക്തിപരമായതെല്ലാം ഒതുക്കിയതില്‍  എനിക്ക് പ്രൊഫസര്‍ ഉപീന്ദര്‍ സിംഗിനോട് വലിയ ബഹുമാനം തോന്നി. മുന്‍ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ , ഡോ. മന്‍‌മോഹന്‍ സിംഗിന്റെ , മകളാണ് താനെന്ന് എവിടേയും രേഖപ്പെടുത്താതില്‍ പ്രത്യേകിച്ചും.
          അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അക്കാദമിക യോഗ്യതപോലും  പരിഗണിക്കാതെ ഗ്രന്ഥത്തിന്റെ ഗുണമേന്‍മ മാത്രം കണക്കിലെടുക്കുന്നതിന് , ആരെഴുതി എന്നല്ല എന്തെഴുതി എന്നതിനു മാത്രം പ്രാധാന്യം കൊടുക്കുന്നതിന് ഒരു മാതൃക ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു.

മനോജ് പട്ടേട്ട് || 03 July 2020, 08.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1