#ദിനസരികള്‍ 1171 ശൂദ്രര്‍ ആരായിരുന്നു ? - 3





( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras എന്ന കൃതിയിലൂടെ )


പുരുഷ സൂക്തത്തില്‍ പ്രതിപാദിക്കപ്പെടുന്ന സാമൂഹ്യ ഘടനയെയാണ് ചാതുര്‍വര്‍ണ്യം എന്നു പറയുന്നത്. ദൈവീക നിര്‍‌ദ്ദേശമെന്ന നിലയില്‍ ഇന്തോ ആര്യന്‍ സമൂഹത്തില്‍ അതൊരു മാതൃകയായിരുന്നു. ഈ ആശയത്തിന്റെ മൂശകളിലായിരുന്നു ഇന്തോ ആര്യന്‍  സമൂഹത്തിന്റെ അസ്തിവാരം പണിതെടുത്തത്. ഇതേ ആശയത്തിന്റെ അടിത്തറകളിലായിരുന്നു ആ സമൂഹം അതിന്റെ ഘടനാപരമായ സവിശേഷതകളെ രൂപപ്പെടുത്തിയത്. ചാതുര്‍വര്‍ണ്യമെന്ന ആശയത്തോട് ആ സമൂഹത്തിന്റെ വിവരണാതീതമായ ഭയഭക്തി ബഹുമാനങ്ങളുണ്ടായിരുന്നു. അതിന്റെ സ്വാധീനമാകട്ടെ ആഴമുള്ളതും കല്പാന്തത്തോളം നീണ്ടു നില്ക്കുന്നതുമായിരുന്നു. ബുദ്ധനല്ലാതെ മറ്റാരും തന്നെ ചാതുര്‍വര്‍ണ്യത്തിന്റെ അടരുകളെക്കുറിച്ച് ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ല. ബുദ്ധനുപോലും അതിനെയൊന്നുലയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അതിന് കാരണം , ബുദ്ധമതത്തിന്റെ പതനത്തിനു ശേഷവും അല്ലെങ്കില്‍ ബുദ്ധമതത്തിന് ശേഷിയുണ്ടായിരുന്ന കാലത്തും തങ്ങളുടെ ആശയാദര്‍ങ്ങളെ സംരക്ഷിച്ചു പിടിക്കാനും പ്രചരിപ്പിക്കുവാനും ശേഷിയുള്ള നിയമജ്ഞര്‍ അക്കാലത്തുണ്ടായിരുന്നുവെന്നതാണ് വസ്തുത. അവര്‍ പുരഷസൂക്തത്തേയും അതിലെ നിര്‍‌ദ്ദേശങ്ങളേയും സംരക്ഷിച്ചു പിടിക്കാനും വിപുലപ്പെടുത്താനും ശേഷിയുള്ളവരായിരുന്നു.അത്തരത്തില്‍ പുരുഷ സൂക്തത്തെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ നമുക്ക് ആപസ്തംബത്തിലും വസിഷ്ഠ സൂത്രത്തിലും കാണാം. ആപസ്തംബ ധര്‍മ്മ സൂത്രം നോക്കുക :- “ബ്രാഹ്മണന്‍ , ക്ഷത്രിയന്‍ , വൈശ്യന്‍ , ശൂദ്രന്‍ എന്നിങ്ങനെ നാലു ജാതികളുണ്ട്. ഇവ അതേ ക്രമത്തില്‍ തൊട്ടടുത്ത ജാതിയെക്കാള്‍ ശ്രേഷ്ഠതയുള്ളവയാണ്. നീചജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട ശൂദ്രരും ഭ്രഷ്ടരുമൊഴിച്ച് ബാക്കിയെല്ലാ ജാതി വിഭാഗത്തിനും ഉപനയനവും വേദപഠനവും അഗ്നിഹോത്രം അഥവാ യജ്ഞാധികാരവുമുണ്ട്.

          ഇത് വസിഷ്ഠ സൂത്രത്തിലും ആവര്‍ത്തിക്കപ്പെടുന്നത് നോക്കുക :-“ നാലു ജാതികള്‍ വര്‍ണങ്ങളുണ്ട്. ബ്രാഹ്മണന്‍ , ക്ഷത്രിയന്‍ , വൈശ്യന്‍ , ശൂദ്രര്‍. ആദ്യത്തെ മൂന്നു വിഭാഗം ദ്വിജരാണ്. ആദ്യം അവര്‍ അമ്മയില്‍ നിന്നുമുണ്ടാകുന്നു. രണ്ടാമതായി അഗ്നിചയനം നടത്തി സാവിത്രിയെ അമ്മയായി സ്വീകരിക്കുന്നു.  വേദം പഠിപ്പിക്കുന്നതിനാല്‍ അവര്‍ ഗുരുവിനെ പിതാവായും കാണുന്നു. നാലുജാതികളും ജനനംകൊണ്ടും കര്‍മ്മം കൊണ്ടും തിരിച്ചറിയപ്പെടുന്നു. വേദത്തില്‍ ഇങ്ങനേയും കാണുന്നു. ബ്രാഹ്മണന്‍ മുഖത്തുനിന്നും ക്ഷത്രിയന്‍ കരങ്ങളില്‍ നിന്നും വൈശ്യന്‍ ഊരുക്കളില്‍ നിന്നും ശൂദ്രന്‍ കാല്പാദങ്ങളില്‍ നിന്നുമാണ് ഉണ്ടായത്. വേദങ്ങളില്‍ ശൂദ്രര്‍ ഒരു കാരണവശാലും വൈദികകര്‍മ്മങ്ങള്‍ സ്വീകരിച്ചു കൂടായെന്നും കാണുന്നു.

          മറ്റു നിരവധിയായ പണ്ഡിതന്മാര്‍ പുരുഷ സൂക്തത്തിന്റെ മഹത്വം ആവര്‍ത്തിച്ച് ഉദ്ഘോഷിക്കുകയും അതിന്റെ വിശുദ്ധിയെക്കുറിച്ച് വാചാലരാകുകയും ചെയ്യുന്നത് കാണാറുണ്ട്. അത്തരത്തിലുള്ള ആഹ്വാനങ്ങളെ ഞാന്‍ ആവര്‍ത്തിക്കുന്നത് അനാവശ്യമാണ്.മനുവിന്റെ കടന്നുവരവോടെ പുരുഷ സൂക്തത്തോടും അതിന്റെ വര്‍ണവ്യവസ്ഥയോടെയും ഏതെങ്കിലും വിധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചവരെല്ലാം തന്നെ നിശബ്ദരാക്കപ്പെട്ടു.രണ്ടു കാര്യങ്ങളാണ് മനു ചെയ്തത്.ഒന്ന് പുരുഷസൂക്തത്തിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത വിശുദ്ധിയെ പുനസ്ഥാപിച്ചു.അദ്ദേഹം പറഞ്ഞു :- ലോകത്തിന്റെ സുഖത്തിനു വേണ്ടി സ്രഷ്ടാവ് അദ്ദേഹത്തിന്റെ മുഖത്തു നിന്നും കരങ്ങളില്‍  നിന്നും ഊരുക്കളില്‍ നിന്നും കാലടികളില്‍ നിന്നും യഥാക്രമം ബ്രാഹ്മണനേയും ക്ഷത്രിയനേയും വൈശ്യനേയും ശൂദ്രനേയും സൃഷ്ടിച്ചു.ആദ്യമൂന്നു വര്‍ണത്തിനും രണ്ടും ജന്മവും ശൂദ്രന് ഒന്നുമാണ് ഉള്ളത്. മനു തന്റെ പൂര്‍വ്വികരെ പിന്തുടരുക മാത്രമാണ് ചെയ്തത്. എന്നാല്‍ അവരില്‍‌ നിന്നും ഒരല്പം വ്യത്യസ്തമായി മറ്റൊരു പ്രസ്താവന മനു നടത്തി :-“ ധര്‍മ്മത്തിന്റെ ഏകവും ആത്യന്തികവുമായ സാക്ഷാത്കാരം വേദമാകുന്നു” .  പുരുഷ സൂക്തം വേദത്തിന്റെ ഭാഗമാണെന്നതുകൂടി ഓര്‍ക്കുക.അതുകൊണ്ടുതന്നെ അത് വിശുദ്ധവുമാകുന്നു.വേദത്തിന്റെ വിവിധ അധ്യായങ്ങളില്‍ ഈ ആശയം വിശദമാക്കപ്പെട്ടിരിക്കുന്നു.ദൈവികവും അതുകൊണ്ടുതന്നെ അപ്രമാദിത്തമുള്ളതുമായ ഒന്നാണ് പുരുഷസൂക്തം എന്ന ആശയം അതിനുമുമ്പ് മനുവിനോളം മറ്റാരും തന്നെ സ്ഥാപിച്ചെടുത്തിട്ടില്ല.

മനോജ് പട്ടേട്ട് || 02 July 2020, 09.30 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1