#ദിനസരികള്‍ 1169 കഥ പറയുന്ന കാസ്ട്രോ – 4




            ഏതെങ്കിലും ധനിക യുവാവിന് പട്ടാളത്തിലേക്കുള്ള വിളി വന്നാല്‍ ഉടന്‍ തന്നെ തനിക്കു പകരം പോകാന്‍ തയ്യാറുള്ള മറ്റൊരു ചെറുപ്പക്കാരനെ കണ്ടുപിടിക്കും. എന്നിട്ട് അയാള്‍ക്കു കുറേ പണം കൊടുത്ത് പറഞ്ഞയക്കും. അങ്ങനെ ആ പ്രദേശത്തെ ഒരു ധനികയുവാവിന്റെ പകരക്കാരനായിട്ടാണ് കാസ്ട്രോയുടെ അച്ഛന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. ജീവിക്കാന്‍ ഒരു ഗതിയുമില്ലാത്ത പട്ടിപ്പാവങ്ങളായ ചെറുപ്പക്കാരെ ഇത്തരത്തില്‍ പകരക്കാരാക്കുന്ന ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ സ്പാനിഷ് പട്ടാളത്തിലേക്ക് ചേരുന്നതിനു വേണ്ടിയാണ് അച്ഛന്‍ ഇവിടെ വന്നത്.

          ഒരല്പം മുന്‍ശുണ്ഡിക്കാരനായിരുന്നു അച്ഛന്‍.എങ്കിലും അദ്ദേഹം നീതിമാനായിരുന്നു. തന്നെ തേടിയെത്തിയവരെ ഒരിക്കലും വെറും കൈയ്യോടെ പറഞ്ഞയച്ചില്ല. സ്വയം നിര്‍മ്മിച്ച ഒരാളായിരുന്നു അദ്ദേഹം. എഴുതാനും വായിക്കാനും പഠിച്ചു. അദ്ദേഹം തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നിന്നു. ആവശ്യത്തിന് ധനം സമ്പാദിച്ചു. ശക്തമായ ഒരു മനസ്സില്ലായിരുന്നുവെങ്കില്‍‌ ഇതൊന്നും തന്നെ നേടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആളുകളെ കേള്‍ക്കാനും അവരെ ഒരു കൈ സഹായിക്കുവാനും അദ്ദേഹം എല്ലായ്പ്പോഴും തയ്യാറായിരുന്നു. വിഷമഘട്ടങ്ങളില്‍ പെട്ടവര്‍ക്ക് എപ്പോഴും പ്രതീക്ഷിക്കാവുന്ന കരങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ മരിച്ചതോടെ അദ്ദേഹം അനാഥനായതാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചു.അച്ഛന്റെ കുട്ടിക്കാലം സഹനത്തിന്റേതായിരുന്നു. എന്നിട്ടും ഗലീഷ്യയില്‍‌ നിന്നും വരുന്ന ഭൂരിഭാഗം കുടിയേറ്റക്കാരെപ്പോലെയും അദ്ദേഹവും കഠിനാധ്വാനിയും മനുഷ്യസ്നേഹമുള്ളവനുമായിരുന്നു.

          അദ്ദേഹത്തിന്റെ ഉദാരതയെക്കുറിച്ച് കഥകള്‍ ധാരാളമുണ്ട്.ചിലപ്പോഴൊക്കെ അദ്ദേഹം പരാതിപറയുകയും പിറുപിറുക്കുകയുമൊക്കെ ചെയ്യുമെങ്കിലും തന്നെ സമീപിക്കുന്നവരെ സഹായിക്കാതിരുന്നിട്ടില്ല.കുട്ടികള്‍ക്കു വിശക്കുന്നുവെന്നും വീട്ടില്‍ തിന്നാനൊന്നുമില്ലെന്നുംല എന്തെങ്കിലും പണിവേണമെന്നും സങ്കടം പറയുന്നവരെ അത്ര അത്യാവശ്യമില്ലെങ്കിലും സ്ഥലത്തെ കാടുവെട്ടാനോ മറ്റെന്തെങ്കിലും ജോലിക്കോ അദ്ദേഹം നിയോഗിക്കുമായിരുന്നു. ഒരു നിശ്ചിത പ്രദേശത്തെ കാടുവെട്ടിത്തെളിക്കുന്ന ഒരു രീതി അക്കാലത്തുണ്ടായിരുന്നു. തന്നെ സമീപിക്കുന്നവരെ അദ്ദേഹം അത്തരം കാര്യങ്ങള്‍ക്കു നിയോഗിക്കുമായിരുന്നു. ലാഭം പ്രതീക്ഷിക്കാതെയുള്ള ഇത്തരം നടപടികള്‍ ദരിദ്രനാരായണന്മാ‍ര്‍ക്ക് വലിയ സഹായമായിരുന്നു.പില്ക്കാലത്ത് പണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാനുള്ള ജോലി കൊടുക്കുന്ന ഒരു സ്വഭാവം എനിക്കുമുണ്ടായി വന്നു. അച്ഛന്‍ മാന്യനും ദയാലുവുമായിരുന്നു.

          1898 ല്‍ സൈനിക സേവനത്തിനു ശേഷം അദ്ദേഹത്തെ സ്പെയിനിലേക്ക് തിരിച്ചയച്ചുവെങ്കിലും അദ്ദേഹം മറ്റു ധാരാളം ഗലീഷ്യന്‍ കുടിയേറ്റക്കാര്‍‌ക്കൊപ്പം അടുത്ത കൊല്ലം ക്യൂബയിലേക്ക് മടങ്ങി വന്നു. കാരണം അദ്ദേഹത്തിന് ക്യൂബയെ ഇഷ്ടപ്പെട്ടിട്ടുണ്ടാകണം.1899 ഡിസംബറില്‍ ല്‍ ഹവാന തുറമുഖത്ത് അദ്ദേഹം എത്തിച്ചേര്‍ന്നതായി രേഖയുണ്ട്.ഒരു നയാപൈസയോ ഒരു കുടുംബമോ ഇല്ലാതെ അദ്ദേഹം തൊഴിലെടുത്തു ജീവിക്കാന്‍ തുടങ്ങുകയും എങ്ങനെയോ കിഴക്കന്‍ ദേശത്തേക്ക് എത്തിപ്പെടുകയും ചെയ്തു. അമേരിക്കക്കാരുടെ നേതൃത്വത്തില്‍ തോട്ടം വ്യാപകമായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. കാടുകള്‍ ധാരാളമായി വെട്ടി വെളുപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.  കാഠിന്യമുള്ള തടികള്‍ പഞ്ചസാര ഫാക്ടറികളിലേക്ക് വിറകിന്റെ ആവശ്യത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു.അതേ തടി ഉപയോഗിച്ചായിരുന്നു എല്‍ എസ്കോറിയല്‍ കൊട്ടാരം നിര്‍മ്മിച്ചിരുന്നത്.അതുമാത്രമല്ല മറ്റു ചില കൊട്ടാരങ്ങളും കപ്പലുകളുമൊക്കെ ഉണ്ടാക്കാന്‍ ഈ തടി ഉപയോഗിക്കപ്പെട്ടിരുന്നു.അക്കാലത്തെ പേരുകേട്ട സാന്റിസിമ ട്രിനിഡാഡ് എന്ന പടക്കപ്പല്‍ ഹവാനയില്‍ ഈ മരം കൊണ്ടാണുണ്ടാക്കിയത്.1805 ല്‍ നടന്ന ട്രഫാള്‍ഗര്‍ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ഈ കപ്പല്‍ പിടിച്ചെടുത്തുവെങ്കിലും കൊടുങ്കാറ്റില്‍ മുങ്ങിപ്പോയി. ഇങ്ങനെ കാടുവെട്ടിത്തെളിച്ച് കരിമ്പുകൃഷി നടത്തുന്നതിനുവേണ്ടി അമേരിക്കക്കാര്‍ തദ്ദേശീയരായ തൊഴിലാളികളെ ജോലിക്കെടുത്തു. കാടായിരുന്നതുകൊണ്ട് മണ്ണ് എപ്പോഴും ഫലഭൂയിഷ്ടമായിരുന്നു. നൂറുമേനിയായിരുന്നു ആദ്യ വിളവെടുപ്പിന്റെ ഫലം.

(തുടരും )
         
മനോജ് പട്ടേട്ട് || 30 June 2020, 08.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1