#ദിനസരികള്‍ 1174 ഉണ്ണായിവാര്യരുടെ കാട്ടാളന്‍ - ചില ചിന്തകള്‍ - 1



            ഉണ്ണായി വാര്യരുടെ നളചരിതത്തിലെ കഥാപാത്രങ്ങളില്‍ രണ്ടാംദിവസത്തിലെ കാട്ടാളന്‍ എന്തുകൊണ്ടും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഒരു പക്ഷേ തന്റെ പാത്രങ്ങളില്‍ മറ്റൊരാള്‍ക്കും അനുവദിച്ചു കൊടുക്കാത്ത ശ്രദ്ധയോടെയാണ് വാര്യര്‍ കാട്ടാളനെ പരുവപ്പെടുത്തിയിരിക്കുന്നത്. നാം അറിഞ്ഞിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനും ആഭിജാത്യമുള്ളവനുമായിട്ടാണ് വാര്യരുടെ കാട്ടാളനെ നമുക്ക് കാണാന്‍ കഴിയുക. അരങ്ങില്‍ അവതരിപ്പിക്കുന്നവര്‍ക്ക് ഒരല്പം പാളിയാല്‍ കേവലം മുട്ടാളനും വിടനുമായ ഒരാളായി കാട്ടാളന്‍ മാറുമെന്നതിന് ഉദാഹരണങ്ങളുണ്ട്. മറ്റൊരു കാര്യം അവസാനരംഗമാകുമ്പോഴേക്കും ഉന്നതകുലജാതയായ ദമയന്തിയുടെ പ്രഭയ്ക്ക് ഇടിവു സംഭവിക്കുകയും കാട്ടാളന്‍ കൂടുതല്‍ തേജസ്വിയായി പരിലസിക്കുകയും ചെയ്യുന്നുവെന്ന വൈരുധ്യവും നമുക്ക് അനുഭവപ്പെടുന്നുണ്ട്.
          കാട്ടില്‍ തനിച്ചാക്കപ്പെട്ട ദമയന്തിയുടെ വിലാപമാണ് കാട്ടാളന്റെ ശ്രദ്ധ അവളിലേക്ക് ആകര്‍ഷിക്കുന്നത്.തന്നെ ഉപേക്ഷിച്ചു പോയ നളനെ തിരഞ്ഞും ഓരോന്നു പറഞ്ഞു വിലപിച്ചും വനത്തിലൂടെ നടക്കുന്ന ദമയന്തിയെ ഒരു പെരുമ്പാമ്പു പിടികൂടുന്നു. തോടെ ആകെ പരവശയാകുന്നു. ആ വിധത്തിലാണ് കാട്ടാളന്റെ മുമ്പില്‍ ദമയന്തി അവതരിപ്പിക്കപ്പെടുന്നത്. കാട്ടാളനാകട്ടെ കേവലം കാട്ടാളന്‍ മാത്രമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അയാളില്‍ ഉന്നതമായ മൂല്യങ്ങളെ അതിവിദഗ്ദമായിട്ടാണ് വാര്യര്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ദമയന്തിയുടെ വിലാപങ്ങള്‍ കേട്ട അയാള്‍ കൊടുംകാടിനുള്ളിലേക്ക് വിവരം തിരക്കി പ്രവേശിക്കുവാന്‍ ഒരുങ്ങുന്നതു മുതല്‍ ആ ഔന്നത്യം പ്രകടിപ്പിക്കപ്പെടുന്നു. ആരാണെന്നോ എന്താണെന്നോ ആ സന്ദര്‍ഭത്തില്‍ കാട്ടാളന് മനസ്സിലാകുന്നില്ലെങ്കിലും എല്ലാത്തരം കാട്ടാളത്തരങ്ങളും വിടണമെന്നുതന്നെ അയാള്‍ ചിന്തിക്കുന്നത്.നീചത്വം വിട്ടൌചിത്യം ഞാനാശുത്വം പൂണ്ടാചരിപ്പന്‍ എന്നാണ് വനപ്രവേശത്തിന് മുന്നോടിയായി സ്വയം ഉറപ്പിക്കുന്നത്.
          അങ്ങനെ തീരുമാനിച്ചുറപ്പിച്ച കാട്ടാളന്‍ വനനത്തിനുള്ളിലേക്ക് കടക്കുന്നതോടെ ശബ്ദം കൂടുതല്‍ വ്യക്തമാകുന്നു. ആ ഹന്ത ! ദയിത ! നീയെന്നെ അപഹായ യാസി കഥം? എന്ന വിലാപം കാട്ടാളന്‍ കേള്‍ക്കുന്നു. അതോടെ അതൊരു സ്ത്രീയാണെന്ന് കാട്ടാളന്‍ ഉറപ്പിക്കുന്നു.അതിമനോഹരമായ ആ രംഗം. നോക്കൂ.
          സ്വരത്തിനുടെ മാധുര്യം കേട്ടാല്‍
          ഒരുത്തിയെന്നതു നിശ്ചയം
          സ്വൈരം ചാരെ ചെന്നവളുടെ . ഞാന്‍
          സുമുഖിയോടാരിതി പൃച്ഛേയം .
          മരത്തിനിടയില്‍ കാണാമേ
          സുന്ദരത്തിനുടെ സാദൃശ്യേയം
          കേന വിയോഗാല്‍ കേണീടുന്നവള്‍
          കേനനുവിധിനാ പശ്യേയം ? (കേനനുവിധിനാ വശ്യേയം എന്നുമുണ്ട്. പശ്യേയം എന്ന പ്രയോഗത്തിനാണ് ഔചിത്യം കൂടുതല്‍.അതാണ് ഭംഗി. എന്നാല്‍ കാട്ടാളനെ തുടക്കം മുതല്‍ വിവശനാക്കുന്ന വശ്യേയം എന്ന പാഠത്തിന് ഇന്നും ആരാധകരുണ്ട്. സത്യത്തില്‍ അത് കാട്ടാളന്റെ സ്വഭാവഹത്യയ്ക്കു വേണ്ടി ബോധപൂര്‍വ്വം പ്രയോഗിക്കുന്നതാണ് എന്ന അഭിപ്രായമുണ്ട്. കാന്താരതാരകം വശ്യേയം എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും എം എച്ച് ശാസ്ത്രികളും എം പി ശങ്കുണ്ണി നായരും അതിനോട് യോജിക്കുന്നില്ല. എന്നാല്‍ കലാമണ്ഡലം ഗോപിയെപ്പോലെയുള്ള പ്രഗല്ഭര്‍ ഇപ്പോഴും വശ്യേയം എന്നു തന്നെ പ്രയോഗിക്കുന്നു. അദ്ദേഹത്തിന്റെ നളചരിത പ്രഭാവം എന്ന ഗ്രന്ഥം നോക്കുക. ഇളംകുളവും ഈ അഭിപ്രായക്കാരനാണ്. അദ്ദേഹത്തിന്റെ നളചരിത വ്യാഖ്യാനം നോക്കുക.എങ്കിലും കാട്ടാളനെ അത്ര നേരത്തെതന്നെ പരവശനാക്കി അവളെ എങ്ങനെ വശീകരിക്കാന്‍‌ കഴിയുമെന്ന വിധത്തില്‍ ചിന്തിപ്പിക്കുന്നതില്‍ ഔചിത്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. (തുടരും )



മനോജ് പട്ടേട്ട് || 05 July 2020, 08.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍