#ദിനസരികള്‍ 1168 ഒരു മുരിങ്ങയുടെ കഥ




           കാരണം ജീവിതത്തിന്റെ സ്വസ്ഥത മുഴുവനും തകരുന്ന സാഹചര്യം നിങ്ങള്‍ക്കാര്‍‌ക്കെങ്കിലുമുണ്ടായിട്ടുണ്ടോ ? അത്തരത്തില്‍ സങ്കീര്‍ണവും കലുഷിതവുമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇപ്പോള്‍ എന്റെ ജീവിതം ഓരോ ദിവസവും കടന്നു പോകുന്നത്. ഒന്നുകില്‍ മുരിങ്ങ അല്ലെങ്കില്‍ ഞാന്‍, രണ്ടും കൂടി ഒന്നിച്ച് ഇനിയൊരു നിമിഷം പോലും ഈ ഭൂമുഖത്ത് കഴിയില്ല എന്ന ഭീകരമായ അവസ്ഥ. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളും പരസ്പരം സ്നേഹബഹുമാനങ്ങളോടെ ജീവിച്ചു പോകണമെന്നു ചിന്തിക്കുന്ന, ഒരാളെയും ഒരു നോട്ടംകൊണ്ടുപോലും വേദനിപ്പിക്കാനിഷ്ടമില്ലാത്ത , തിന്നാനല്ലാതെ ഒന്നിനേയും കൊല്ലരുതെന്ന് നാഴികയ്ക്ക് നാല്പതു വട്ടം ചിന്തിക്കുന്ന എനിക്ക് കേവലം ഒരു മുരിങ്ങ കാരണം ഇത്തരമൊരവസ്ഥയുണ്ടായത് ദയനീയമെന്നല്ലാതെ എന്തു പറയാന്‍ ?
          അടുത്ത വീട്ടിലെ ഹസനിക്ക രണ്ടുമാസം മുമ്പ് മുരിങ്ങയുടെ ഒരു നീണ്ട കൊമ്പ് എന്റെ പ്രിയപത്നിക്ക് സമ്മാനിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അതൊന്ന് കുഴിച്ചിടൂ എന്ന എന്ന അപേക്ഷയമുമായി രണ്ടു ദിവസം അവളെന്റെ പിന്നാലെ നടന്നു. അങ്ങനെ പറഞ്ഞ പാടെ കുഴിച്ചിട്ടാല്‍ കൊള്ളൂലല്ലോ. ഇത്തിരി വെയിറ്റിട്ടേക്കാം. രണ്ടു ദിവസം കഴിഞ്ഞു. മൂന്നാമത്തെ ദിവസം രാവിലെ അവളൊരു തൂമ്പയുമെടുത്ത് തെക്കുവശത്തേക്കു നടക്കുന്നതു കണ്ടപ്പോഴാണ് കളി കാര്യമാകുമല്ലോ എന്നു ഞാന്‍ ചിന്തിച്ചത്. ടോം ജെറിയെ സ്നേഹിക്കുന്നതുപോലെ അവളെയൊന്ന് സ്നേഹിക്കാമെന്ന് വെച്ചു. ഓടിച്ചെന്നു തൂമ്പ പിടിച്ചു വാങ്ങി.
ഞാനിക്കാര്യം മറന്നു പോയതല്ലേ നീയാ മുരങ്ങയിങ്ങ് എടുത്തേഞാന്‍ പറഞ്ഞതു കേട്ട് അവള്‍ പോയി മുരിങ്ങാക്കമ്പ് കൊണ്ടുവന്നു. നീണ്ട കമ്പാണ്.
ഇത് മുറിക്കണോ ?” ഞാന്‍ ചോദിച്ചു.
വേണം….. രണ്ടായി മുറിച്ചു വേണം നടാന്‍. അവള്‍ പറഞ്ഞു.
അല്ല ഇത് ഇങ്ങനെ തന്നെ കഴിച്ചിട്ടാല്‍ പോരേ ? വേരു പിടിച്ചാല്‍ പെട്ടെന്നു തന്നെ വലിയ മരമാകില്ലേ ? “ എന്റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ നോക്കിയ നോട്ടം ഉടന്‍ മഹാദേവിയിടത്തു കൈയ്യാല്‍ അഴിഞ്ഞ വാര്‍പുങ്കുഴലൊന്നൊതുക്കി , ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കു നോക്കി എന്ന് വള്ളത്തോള്‍ പണ്ട് എഴുതി വെച്ചിട്ടുണ്ട്.
          അവള്‍ അകത്തുപോയി വാക്കത്തി എടുത്തുകൊണ്ടു വന്നു.
മുറിയ്ക്ക് കല്പന വന്നു. ഞാനത് വിദഗ്ദമായി നേര്‍പകുതിയ്ക്ക് രണ്ടാക്കി.
ഇവിടെ രണ്ടു കുഴി കഴിയ്ക്ക് വീണ്ടും കല്പന. ഒരര മീറ്റര്‍ ദൂരത്തില്‍ അവള്‍ പറഞ്ഞ പ്രകാരം രണ്ടു കുഴിയെടുത്തു. കുഴികള്‍ അടുത്തുപോയില്ലേ എന്ന എന്റെ ചോദ്യത്തിന് അതിലൊരെണ്ണം അവിടുന്ന് പറിച്ചെടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കാനുള്ളതാണ്.ലോക്ക് ഡൌണായതുകൊണ്ടു കൊണ്ടുകൊടുക്കാന്‍ കഴിയാത്തതുകൊണ്ട് കമ്പ് ഉണങ്ങാതിരിക്കാന്‍ കുഴിച്ചിടുന്നതാണ് എന്നൊരു വിശദീകരണം വന്നു.ഓ ശരി എന്നു ഞാന്‍ തലകുലുക്കി.
          അപ്പോഴേക്കും രംഗത്തേക്ക് അടുത്തയാളുടെ വരവായി.കുഞ്ഞു. അമ്മയെ അന്വേഷിച്ചുള്ള വരവാണ്. അവളെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു. ഇത് ഇവളെ കൊണ്ടു കുഴിച്ചു വെപ്പിക്കാം. മോള്‍ ആദ്യമായി നടുന്നതല്ലേ? കൈപ്പുണ്യം എങ്ങനെയുണ്ടെന്ന് നോക്കാമല്ലോ. എന്നായി ഭാര്യ. ഒന്നു പോടീ .. വളമുള്ള മണ്ണാണെങ്കില്‍ ആരു കുഴിച്ചു വെച്ചാലും വളരും. അതിനൊരു കൈപ്പുണ്യവും വേണ്ട. എന്നു പറഞ്ഞു കൊണ്ടു ഒന്നാമത്തെ കമ്പ് ഞാനെടുത്ത് ഒരു കുഴിയിലേക്ക് വെച്ചു മണ്ണിട്ടു. അപ്പോഴേക്കും രണ്ടാമത്തെ കമ്പ് കുഞ്ഞു കൈയ്യിലെടുത്തു. അതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. എന്നാ മോളു തന്നെ വെയ്ക്ക്. ഞാന്‍ ചെയ്ത പോലെ അവള്‍ ആ കമ്പ് കുഴിയിലേക്ക് വെച്ച് കുഞ്ഞിക്കൈ കൊണ്ട് മണ്ണു നീക്കി. ഓ മതി... ബാക്കി അച്ഛ ചെയ്തോളാം ട്ടോ.. അവളെ മാറ്റി നിറുത്തി ഞാന്‍ തൂമ്പ കൊണ്ട് മണ്ണിട്ട് മുരിങ്ങത്തണ്ട് ഉറപ്പിച്ചു.
          ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞു. ഒരു ദിവസം രാവിലെ പല്ലു തേച്ചു കൊണ്ടുനിന്ന എന്നെ നോക്കി ഭാര്യ ചിരി തുടങ്ങി. എന്നാഡീ ഞാന്‍ ചോദിച്ചു. അവളൊന്നും പറയുന്നില്ല. പിന്നേയും ചിരിമാത്രം. രാവിലെതന്നെ മനുഷ്യനെ മെക്കാറാക്കാതെ കാര്യം പറ. ഞാന്‍ പിന്നേയും ചോദിച്ചു. അത് നോക്ക് മനുഷ്യാ.. അവള്‍ കൈ ചൂണ്ടി . ഏത് ? ഞാന്‍  ചോദിച്ചു.. ആ മുരിങ്ങാച്ചെടികളെ നോക്ക്.. അവള്‍ പറഞ്ഞു.. ഞാന്‍ നോക്കി. അതിലെന്താണിത്ര ചിരിക്കാന്‍ ? എനിക്ക് ദേഷ്യം വന്നു. നിങ്ങളല്ലേ പറഞ്ഞത് കൈപ്പുണ്യവും കോപ്പുമൊന്നുമില്ലെന്ന്.. ഇപ്പോ കണ്ടോ ഒരേ സ്ഥലത്ത് ഒരേ സമയത്ത് ഒരേ തണ്ട് രണ്ടാക്കി നട്ട മുരിങ്ങയുടെ അവസ്ഥ.. അപ്പോഴാണ് ഞാനതു ശ്രദ്ധിക്കുന്നത്. ഞാന്‍ കുഴിച്ചിട്ട കമ്പിന് ഒരു വ്യത്യാസവുമില്ല. നന്നായി സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ മൂന്നാല് മുളകള്‍ പൊടിഞ്ഞു നില്ക്കുന്നത് കാണാം. കുഞ്ഞു കുഴിച്ചിട്ട കമ്പാകട്ടെ ശാഖകള്‍ മുളച്ച് ഇലകള്‍ വിരിഞ്ഞ് വിശാലമായി നില്ക്കുന്നു.(ചിത്രത്തിലെ നീലച്ചതുരത്തില്‍ ഞാന്‍ നട്ട മുരിങ്ങയും ചുവന്ന ചതുരത്തില്‍ കുഞ്ഞു നട്ടതുമാണ്.)
          അപ്പോഴേക്കും രംഗത്തേക്ക് അമ്മയും വന്നു. അവള്‍ അമ്മയോട് വിശദമായി സംഭവം വിവരിച്ചു.രണ്ടുംകൂടി കൂട്ടച്ചിരിയായി. അതിനിടയില്‍ അമ്മയുടെ വക ഒരു കമന്റ് വീണതും ഞാന്‍ ശ്രദ്ധിച്ചു. അവന്‍ പണ്ടേ അങ്ങനെയാ.. അവന്റെ കൈകൊണ്ട് ഇടവപ്പാതിയ്ക്ക് നട്ടാലും അതുവരെ കരിഞ്ഞുപോകും. ചങ്കുകുത്തിപ്പറിയ്ക്കുന്ന ഒന്നായിപ്പോയി അമ്മയുടെ അഭിപ്രായപ്രകടനമെങ്കിലും കേള്‍ക്കാത്ത മാതിരി വായും മുഖവും കഴുകി ഞാന്‍ അകത്തു കയറി. അന്നുമുതല്‍ ഇന്നു വരെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കൈപ്പുണ്യത്തിന്റെ കഥയാണ് വീട്ടില്‍. മണ്ണിന്റെ ഘടനയെക്കുറിച്ചും കമ്പിന്റെ മൂപ്പിളമകളെക്കുറിച്ചുമൊക്കെ (?) ഞാന്‍ ശാസ്ത്രീയമായി വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അതൊക്കെ അവരുടെ ഒരു ചെറുചിരിയുടെ മുന്നില്‍ അസ്തമിച്ചു പോകുന്നു. രണ്ടു വഴികളേ ഇനി അവശേഷിക്കുന്നുള്ളു. ഒന്ന് രാത്രിയില്‍ ആരും കാണാതെ കുഞ്ഞു നട്ട മുരിങ്ങ എങ്ങനെയെങ്കിലും ഉണക്കിക്കളയണം. അല്ലെങ്കില്‍ ഞാന്‍ നട്ട മുരിങ്ങ ഉഷാറായി വരാന്‍ എന്തേലും മരുന്നു വെയ്ക്കണം. രണ്ടിലൊന്നു സംഭവിക്കുന്നതുവരെ ജീവിതം പൊട്ടച്ചിരികള്‍ക്കിടയില്‍ തേഞ്ഞു കൊണ്ടേയിരിക്കുമെന്നതാണ് അവസ്ഥ.
          ഇതിവിടെ പറയാന്‍ കാരണം , പോം വഴികള്‍ അറിയാവുന്നവര്‍ ,സഹായിക്കട്ടെ എന്നു കരുതിയാണ്. കൈപ്പുണ്യത്തിന്റെ മുന്നില്‍ ശാസ്ത്രം തോറ്റു പോയാല്‍ വലിയ കുറച്ചിലല്ലേ ? അതുകൊണ്ട് ശാസ്ത്രപാരംഗതര്‍ ഈ വിഷമവൃത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെ സഹായിക്കുക. ശാസ്ത്രം ജയിക്കട്ടെ , അന്ധവിശ്വാസം തുലയട്ടെ ശുഭം.

         
മനോജ് പട്ടേട്ട് || 29 June 2020, 09.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1