#ദിനസരികള്‍ 1170 മദനനു വേണ്ടി



          പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരാന്തലോടെയാണ് കൈപ്പറ്റിയത്.സുനില്‍ പി ഇളയിടത്തെക്കുറിച്ച് കെ സി എസ് പണിക്കര്‍ എഴുതിയിരിക്കുന്നുവെന്ന് വന്നാല്‍ ആന്തലുണ്ടാകാതിരിക്കുന്നതെങ്ങനെ ? കെ സി എസ് മരിക്കുമ്പോള്‍ സുനിലിന് പത്തോ പതിനൊന്നോ വയസുണ്ടാകും. ആ പ്രായത്തിലുള്ള ബാലനെക്കുറിച്ച് കെ സി എസ് എഴുതിയിരിക്കുന്നുവെങ്കില്‍  അതില്‍പരം അത്ഭുതമെന്ത് എന്നാണ് നമ്പൂതിരിയുടെ മനോഹരമായ ഫോട്ടോ അച്ചടിച്ച കവര്‍ പേജിനൊപ്പം എഴുത്തുകാരുടെ പേരു നിരത്തിയിരിക്കുന്ന രീതി കണ്ടപ്പോള്‍ എനിക്കു തോന്നിയത്. സുനില്‍ പി ഇളയിടം - കെ സി എസ് പണിക്കര്‍ , എന്‍ പി വിജയകൃഷ്ണന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി , കവിത ബാലകൃഷ്ണന്‍ - കെ ഷെരീഫ് , പുനലൂര്‍ രാജന്‍ - എം  വി ദേവന്‍ , പ്രദീപ് പനങ്ങാട് എ സി കെ രാജ, എം നളിന്‍ ബാബു അക്കിത്തം നാരായണന്‍ , കീര്‍ത്തി ശശിധരന്‍ - ഡാവിഞ്ചി എന്നിങ്ങനെയാണ് പേരുകള്‍ അച്ചടിച്ചിരിക്കുന്നത്. ആരെക്കുറിച്ചാണോ എഴുതുന്നത് അവരുടെ പ്രാധാന്യം കുറയുകയും ആരാണോ എഴുതുന്നത് അവര്‍ക്ക് പ്രാധാന്യം കൂടുകയും ചെയ്യുന്ന തരത്തിലാണ് പേരുകളുടെ വിന്യാസം. കൃഷ്ണന്റെ അമ്പലം എന്നു പറയേണ്ടതിനു പകരം പോറ്റിയുടെ അമ്പലം എന്നു പറയുന്നതുപോലെ ജുഗുപ്സാവഹവും തികച്ചും അസംബന്ധവുമാണ് ഈ ക്രമം എന്ന്  പറയാതെ വയ്യ.വര്‍ത്തമാനകാല വിപണി മൂല്യം കെ സി എസിനെക്കാള്‍ സുനിലിനാണ് എന്ന എന്ന ചിന്തയില്‍ നിന്നുണ്ടായ വ്യാപാര മനസ്ഥിതിയാണ് ഈ ക്രമത്തിന് കാരണം എന്ന് ആര്‍ക്കും മനസ്സിലാകും. എനിക്ക് അറിയാവുന്ന സുനില്‍ പി ഇളയിടം ഇതു കാണുമ്പോള്‍ അയ്യേ എന്നു പറഞ്ഞിട്ടുണ്ടാകുമെന്നു കൂടി ഞാന്‍ വിശ്വസിക്കുന്നു.
          പക്ഷേ പൂമുഖത്തെ അസംബന്ധത്തെ മാറ്റി നിറുത്തിയാല്‍ ഈ ലക്കം മനോഹരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കലയിലെ രാഷ്ട്രീയം സൈദ്ധാന്തികമല്ലെന്ന് അടിവരയിട്ടുകൊണ്ട് കെ സി എസ് പണിക്കരെക്കുറിച്ച് സുനില്‍ പി ഇളയിടം എഴുതിയ ലേഖനം പണിക്കരെക്കുറിച്ചു മാത്രമല്ല ഇന്ത്യന്‍ ചിത്രകലയെക്കുറിച്ചും സംവദിക്കുന്ന ഒന്നാണ്. അതോടൊപ്പം നമ്പൂതിരിയെക്കുറിച്ച് എന്‍ പി വിജയകൃഷ്ണനും ഷെരീഫിനെക്കുറിച്ച് കവിതാ ബാലകൃഷ്ണനും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും എന്റെ സവിശേഷമായ ശ്രദ്ധ ചെന്നു വീണത് എന്‍‌ പി വിജയകൃഷ്ണന്‍ മദനനുമായി നടത്തിയ അഭിമുഖത്തിലാണ്. മദനനെക്കുറിച്ചും അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചും സ്കൂള്‍ കാലങ്ങള്‍ മുതല്‍ മനസ്സില്‍ ചേക്കേറിയിരിക്കുന്ന അത്ഭൂതാദരങ്ങളാണ് അതിനു കാരണമെന്നു പറയാം.അക്കാലത്ത് മദനന്റെ വരകള്‍ കാണാനും വെട്ടിയെടുത്തു സൂക്ഷിച്ചു വെയ്ക്കാനും പകര്‍ത്തിനോക്കാനുമൊക്കെയായി മാത്രം മാതൃഭൂമി ആഴ്ചപ്പതിപ്പു വാങ്ങിയിരുന്നുവെന്നതാണ് വസ്തുത. മഥുരാപുരിയും മായാമുരളിയും തട്ടകവും മധുരം ഗായതിയും ചരമവാര്‍ഷികവുമൊന്നും (കെ പി രാമനുണ്ണിയുടെ ചരമവാര്‍ഷികം എന്ന നോവലിനു വേണ്ടി മദനന്‍ വരച്ച ചിത്രങ്ങള്‍ നമ്മുടെ രേഖചിത്ര ചരിത്രത്തില്‍തന്നെ അത്ഭുതമാണ് എന്നു എടുത്തു പറയട്ടെ )   വായിച്ചില്ലെങ്കിലും (എനിക്ക് നോവലുകള്‍ ഖണ്ഡശ്ശ വായിക്കുന്നത് തീരെ താല്പര്യമുള്ള കാര്യവുമല്ല) മദനന്‍ വരച്ച ചിത്രങ്ങള്‍ക്കു വേണ്ടി മാത്രം ഞാന്‍ ആഴ്ചപ്പതിപ്പു വാങ്ങിച്ചു.വി കെ  എന്നിനെയൊക്കെ കൈയ്യില്‍ കിട്ടിയാല്‍ മദനന്‍ പിന്നെ അഴിഞ്ഞാടുകയാണ് ചെയ്യുക. വിസ്മയം കൊണ്ട് സ്തംഭിച്ചു പോകുകയല്ലാതെ പിന്നെ നമുക്കൊന്നും ചെയ്യാനുണ്ടാകില്ല.അന്നൊക്കെ വെട്ടിയെടുത്തു സൂക്ഷിച്ചു വെച്ച ചിത്രങ്ങള്‍ കുറച്ചൊക്കെ ഇന്നും എന്റെ ശേഖരത്തിലിരിക്കുന്നു.
          മദനന്‍ മാതൃഭൂമിയില്‍ ഒതുങ്ങിപ്പോയില്ലായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ആ ചിന്തയില്‍ നിന്നും ഒരു നിര്‍‌ദ്ദേശം മാതൃഭൂമിയുടെ അധികാരികള്‍ക്കു മുന്നില്‍ വെയ്ക്കട്ടെ. ആഴ്ചപ്പതിപ്പില്‍ ഒരു പേജ് മദനന് സര്‍വ്വതന്ത്രസ്വതന്ത്രമായി വരയ്ക്കാന്‍ നീക്കിവെയ്ക്കുക.എങ്കില്‍ മാതൃഭൂമിയ്ക്കു വേണ്ടി ഹോമിച്ച ഒരു വിശ്വോത്തരമായ കലാജീവിതത്തോട്  ഏറ്റവും ചെറിയ തരത്തില്‍ നന്ദി കാണിക്കലാകും അത് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
         
മനോജ് പട്ടേട്ട് || 01 July 2020, 08.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1