#ദിനസരികള്‍ 1125 കല വ്യാഖ്യാനിക്കപ്പെടുന്നു.



            വാക്കുകളിലൂടെ എന്നതിനെക്കാള്‍ കാഴ്ചയിലൂടെ നമ്മെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും കഴിയും. കാഴ്ചയിലെ രൂപകല്പനകള്‍ ഒരു പക്ഷേ മസ്തിഷ്കത്തിന്റെ വലത്തെ അര്‍ദ്ധഗോളം മനസ്സിലാക്കി വളരെ കഴിഞ്ഞാണ് വാക്യാര്‍ത്ഥത്തില്‍‌ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഇടത്തെ അര്‍ദ്ധഗോളം അതിന്റെ കാരണം കണ്ടെത്തുന്നതെന്നത് എനിക്ക് കൌതുകകരമായി തോന്നുന്നു.ഇടത്തെ അര്‍ദ്ധഗോളത്തിന്റെ ഭാഷ ആധാരമാക്കിയ പ്രസ്താവനാരൂപത്തിലുള്ള യുക്തിയും വലത്തെ അര്‍ദ്ധഗോളത്തിന്റെ കൂടുതല്‍ സ്വപ്നതുല്യമായ അന്തര്‍ജ്ഞാനപരമായ ചിന്താരീതിയും തമ്മിലൊരു വിവരവിനിമയ തടസ്സം നിലവിലുണ്ടെന്നും മികച്ച കല ചിലപ്പോഴൊക്കെ വിജയിക്കുന്നത് ഈ തടസ്സം അലിഞ്ഞു പോകുമ്പോഴാണെന്നും മെറ്റഫോര്‍ അഥവാ രൂപകം എന്ന ആശയത്തെ അവതരിപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ സുചിപ്പിക്കുന്നു.ഇവിടെ ഒന്നൊന്നിനെക്കാള്‍ മികച്ചത് എന്ന രീതിയിലുള്ള ഒരു വിലയിരുത്തലിനെക്കാള്‍ ആശയ സംവേദനശേഷിയെ നിജപ്പെടുത്തി ഒരു നിഗമനത്തിലെത്തുകയാണ് എന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്.അങ്ങനെയല്ലെങ്കില്‍ നമ്മള്‍ അനാദിയായ ആ പഴയ തര്‍ക്കത്തിലേക്ക് - ഏതാണ് മൂത്തത് എന്ന തര്‍ക്കത്തിലേക്ക് പോയിവീഴും.
          എന്തായാലും ഭാഷയില്‍ രൂപകങ്ങള്‍ നാം ധാരാളമായി ഉപയോഗിക്കുന്നുവെന്ന് നമുക്കറിയാം. അതേപോലെതന്നെ ദൃശ്യകലയിലും വേണ്ടത്ര തിരിച്ചറിയുന്നില്ലെങ്കിലും രൂപകങ്ങള്‍ ധാരാളമായിത്തന്നെ ഉപയോഗിക്കുന്നുവെന്ന് രാമചന്ദ്രന്‍ രേഖപ്പെടുത്തുന്നു.രണ്ടുതരത്തിലുള്ള ആ പ്രയോഗങ്ങളേയും താരതമ്യപ്പെടുത്തി വേഗത്തില്‍ ആശയങ്ങളെ വിനിമയം ചെയ്യാനുള്ള ശേഷി ദൃശ്യകലയിലെ രൂപകങ്ങള്‍ക്കാണ് എന്നും നാം കണ്ടു. ഒരുദാഹരണം ചൂണ്ടിക്കാണിച്ചാല്‍ മിന്നല്‍ എന്ന വാക്കുല്പാദിപ്പിക്കുന്ന അര്‍ത്ഥപരിസരങ്ങളെക്കാള്‍ ഏറെ വിസ്മയകരമാണ് ഒരു മിന്നല്‍ നേരിട്ടു കാണുന്ന ഒരുവനിലുണ്ടാകുന്നത്. ആ വാക്കു കേട്ടാലുണ്ടാകുന്നതിനെക്കാള്‍ എത്രയോ ഇരട്ടി ഉത്തേജനങ്ങള്‍ മസ്തിഷ്കത്തിലുണ്ടാക്കാന്‍ നേരിട്ടു അനുഭവിക്കുന്ന മിന്നലിന് കഴിയും. ദൃശ്യകലയിലെ രൂപകങ്ങളുടെ വിന്യാസം നമ്മുടെ മസ്തിഷ്കത്തില്‍ വേഗത്തിലും ആഴത്തിലും അനുരണനങ്ങള്‍ തീര്‍ക്കുന്നുവെന്നതിന് ചെറുപ്പകാലങ്ങളില്‍ നാം ഏറെ രസിച്ചു വായിച്ച ചിത്രകഥകളിലെ ചില പ്രയോഗങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. അതുപരിശോധിക്കുന്നതിനു മുമ്പ് ശ്രദ്ധ പിടിച്ചു പറ്റാന്‍ നമ്മുടെ ഡിസൈനര്‍മാര്‍ പ്രയോഗിക്കുന്ന ചില രീതികളെ മനസ്സിലാക്കുന്നത് കൂടുതല്‍ രസകരമായി ഈ വിഷയത്തെ മനസ്സിലാക്കാന്‍ ഉപയോഗപ്പെടും.ചെരിവ് എന്ന വാക്ക് ചെരിഞ്ഞ അക്ഷരങ്ങളില്‍ത്തന്നെ എഴുതിയാല്‍ എങ്ങനെയുണ്ടാകും ? ഗൌരവമില്ലാത്തതെങ്കിലും ഹൃദ്യമായ ഒരു ഫലം അതുകൊണ്ടുവരും.വ്യത്യസ്തമായ ഒരു സൌന്ദര്യശാസ്ത്ര നിയമം സങ്കല്പിക്കാന്‍ ഇതെന്നെ പ്രലോഭിപ്പിക്കുന്നു.നമുക്കതിനെ ദൃശ്യാനുരണനം എന്നോ മാറ്റൊരില എന്നോ വിളിക്കാം.ഇവിടെ ചെരിവ് എന്ന വാക്ക് പ്രതിനിധീകരിക്കുന്ന ആശയവും കാഴ്ചയില്‍ ആ വാക്കിനുള്ള ചെരിവും തമ്മിലുള്ള അനുരണനം ആശയവും കാഴ്ചയും തമ്മിലുള്ള അതിര്‍ത്തി മായ്ച്ചു കളയുകയാണ്* ചെരിവ് എന്ന ചരിഞ്ഞ അക്ഷരത്തില്‍ത്തന്നെ എഴുതുന്നത് നിസ്സാരമായ ഒന്നായിരിക്കാം. എന്നാല്‍ അത് നമ്മളിലൊരു രസകരമായ അനുരണനം ഉല്പാദിപ്പിക്കുന്നുണ്ട്. സ്ഥലത്തിന്റെ ചരിവ് എന്ന പ്രത്യേകത ഒരു പരിധിവരെ ഇവിടെ പ്രതിധ്വനിക്കപ്പെടുകയും ചരിവ് എന്ന് വായിക്കുന്നതോടൊപ്പം അത് അനുഭവിക്കുകയും ചെയ്യുന്നു.ഇത് കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കുവാന്‍ നാം നേരത്തെ കണ്ട ചിത്രകഥയിലെ പ്രയോഗങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും ചിത്രകഥാ പുസ്തകങ്ങളില്‍ ഞെട്ടല്‍ ഭയം വിറയല്‍ പോലെയുള്ള വാക്കുകള്‍ അക്ഷരങ്ങള്‍ തന്നെ വിറയ്ക്കുകയാണെന്ന മട്ടില്‍ വളഞ്ഞു പുളഞ്ഞ വരകളുപയോഗിച്ച് അച്ചടിച്ചിരിക്കുന്നത് കാണാം. അതും തത്ത്വത്തില്‍ ഫലപ്രദമാണ്.എന്തുകൊണ്ട് ? വളഞ്ഞു പുളഞ്ഞു വിറയ്ക്കുന്ന വരകള്‍ നമ്മുടെതന്നെ ബാഹ്യലോകത്തിന്റെ പ്രതിഫലനമാണ്.അതായത് അത്തരം അക്ഷരങ്ങള്‍ വീണ്ടും ഭയം എന്ന സങ്കല്പത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഞാന്‍ പറയും.ആരെങ്കിലും വിറയ്ക്കുന്നത് കാണുമ്പോള്‍ (അല്ലെങ്കില്‍ ക്രമമില്ലാത്ത അക്ഷരങ്ങളിലിലൂടെ ആ വിറയലിനെ ആലങ്കാരികമായി ചിത്രീകരിക്കുന്നത് ) നിങ്ങളില്‍ വളരെ ചെറിയ അളവിലാണെങ്കിലും വിറയല്‍ അനുഭവമുണ്ടാക്കുന്നുണ്ട്.അതായത് ഈ വിറയലിനേയും ഭയത്തേയുമൊക്കെ സാധാരണ രീതിയില്‍ അച്ചടിച്ചാല്‍ മസ്തിഷ്കം മനസ്സിലാക്കി പ്രതികരിക്കുന്നതിനെക്കാള്‍ വളരെ വേഗത്തില്‍ വിറച്ചു വളഞ്ഞ് പുളഞ്ഞ രീതിയില്‍ അച്ചടിച്ചിരിക്കുന്ന വാക്കുകളെ കണ്ട് പ്രതികരിക്കാനാകും. അപ്പോള്‍ ദൃശ്യകലയിലെ രൂപകങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രതികരണക്ഷമത യെ ഉദ്ധീപിപ്പിക്കുന്നുവെന്ന് സ്ഥാപിക്കപ്പെടുന്നു.
          എന്നാല്‍ ഈ രൂപകങ്ങളെ വായിക്കുക എന്നത് , ചിത്രകലയിലെ അനുരണനങ്ങളെ കണ്ടറിയുക എന്നതിനെക്കാള്‍ ഏറെ ശ്രമകരമായ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഖജുരാഹോയില്‍ നിന്നുള്ള ഒരു ശില്പത്തെ മുന്‍നിറുത്തി ഒരു പഠനമാതൃകയെ രാമചന്ദ്രന്‍ സൃഷ്ടിക്കുന്നത് നോക്കുക മാദക സ്വഭാവമുള്ള ഒരു അപ്സരസ്സ് അല്പം പുറകോട്ട് വളഞ്ഞ് മുകളിലേക്ക് ഉറ്റുനോക്കുന്നതാണ് ഈ ശില്പം കാണിക്കുന്നത്.ഒരു പക്ഷേ അവള്‍ ഏതെങ്കിലും ദേവനെയോ സ്വര്‍ഗ്ഗത്തേയോ കാംക്ഷിക്കുന്നുണ്ടാകണം.ഏതെങ്കിലുമൊരു ക്ഷേത്രത്തറയില്‍ അലങ്കാരസ്ഥാനത്ത് ഇരുന്നതാകാം ഈ ശില്പം. മിക്ക ഇന്ത്യന്‍ ദേവതകളേയും പോലെ തടിച്ച നിതംബവും വലിയ സ്തനങ്ങളും താങ്ങുന്ന ഇടുങ്ങിയ അരക്കെട്ടാണ് ഇതിനുമുള്ളത്.തലയ്ക്കു മുകളിലെ ഇലച്ചാര്‍ത്തുകളുടെ കമാനം നോക്കുക. കൈയ്യുടെ ആകൃതി അത് സൂക്ഷ്മമായി അനുകരിക്കുന്നു.(അടച്ചുകെട്ടല്‍ എന്ന വര്‍ഗ്ഗീകരണ തത്വത്തിന് അതില്‍ ഉദാഹരണമുണ്ട് ) ചില്ലയില്‍ നിന്നും തൂങ്ങിക്കിടക്കുന്ന പഴുത്തു തുടുത്ത മാങ്ങകള്‍ ശ്രദ്ധിക്കുക.അത് അപ്സരസ്സിനെപ്പോലെത്തന്നെ പ്രകൃതിയുടെ സമൃദ്ധിയും ഫലപുഷ്ടിയും സൂചിപ്പിക്കുന്നു. പാകമായ തുടുത്ത മാങ്ങകള്‍ തുടുപ്പാര്‍ന്ന സ്തനങ്ങളുടെ ഒരുതരം ദൃശ്യപ്രതിധ്വനിയായും വര്‍ത്തിക്കുന്നു.അതായത് ശില്പത്തില്‍ പലതരത്തിലുള്ള സാദൃശ്യങ്ങളും ധ്വനികളുമുണ്ട്. അതിന്റെ ഫലമാകട്ടെ അതിമനോഹരമായ ദൃശ്യവിരുന്നും. പലതരത്തിലുള്ള രൂപകങ്ങള്‍ പരസ്പരം തീവ്രത വര്‍ദ്ധിപ്പിക്കുന്നതുപോലെയാണ് ഇവിടെ നമുക്ക് അനുഭവപ്പെടുക.എങ്കിലും ആന്തരിക പ്രതിധ്വനിയും പരസ്പര പൊരുത്തവും എന്തുകൊണ്ട് വിശേഷാല്‍ ഹൃദ്യമാകുന്നുവെന്ന് ആര്‍ക്കും അറിയില്ല.നാം പരിചയപ്പെട്ടുപോന്ന ക്രമങ്ങളെ മാറ്റി മറിച്ച് പരുവപ്പെടുത്തിയിരിക്കുന്ന ഈ കലാമാതൃക രൂപകങ്ങളുടെ സംവേദനശേഷിയെ വിശദീകരിക്കുവാന്‍ കരുത്തുറ്റതാണ്.

 ചിത്രം 1
           
          അതുപോലെതന്നെ ഭാരതീയ ശില്പകലയുടെ സമസ്ത സൌന്ദര്യവും ആവാഹിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നടരാജനും രാമചന്ദ്രന്റെ സൂദീര്‍ഘമായ സൂക്ഷ്മവിചിന്തനത്തിന് വിധേയമാകുന്നുണ്ട്. ചലനാത്മകതയെ ആവാഹിച്ചെക്കാനുള്ള വ്യഗ്രത നടരാജന്റെ ശില്പത്തെ അനന്യമാക്കുന്നു. പാശ്ചാത്യ മാതൃകകളില്‍ നിന്ന് വിഭിന്നമായ ഒരു ശ്രമമാണത് പടിഞ്ഞാറന്‍ ശില്പികള്‍ ഒരു സമയത്തേയോ അല്ലെങ്കില്‍ ഒരു നിമിഷാര്‍ദ്ധത്തെ നിശ്ചലതയെയോ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ കലാകാരന്മാര്‍  സമയത്തിന്റെ സ്വഭാവം തന്നെ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. പ്രപഞ്ച സൃഷ്ടിയുടെ താളത്തേയും ഒരു പക്ഷേ ജൈവവസ്തുക്കളുടെ നാഡിമിടിപ്പുകളേയും സൂചിപ്പിക്കുന്ന ഒരു ഉടുക്ക് ശിവന്റെ വലതുകൈകളിലൊന്നിലുണ്ട്.അതേ സമയം ഇടതുകൈകളിലൊന്നില്‍ പ്രപഞ്ചത്തെ ചൂടാക്കി ഉത്തേജിപ്പിക്കുമാത്രമല്ല,അതിനെ ദഹിപ്പിക്കുകയും കാലചക്രത്തിന്റെ നിത്യതയില്‍ സംഹാരത്തെ സൃഷ്ടിയുമായി സമതുലനം പാലിക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്ന അഗ്നിയാണ് ഉള്ളത്.അങ്ങനെയാണ് എല്ലാം ആഹരിക്കുകയും എന്നാല്‍ നിത്യമായി സൃഷ്ടിക്കുകയും ചെയ്യുന്ന കാലത്തിന്റെ അമൂര്‍ത്തമായ വൈരുധ്യപ്രകൃതിയെ നടരാജന്‍  പ്രകടിപ്പിക്കുന്നത്. ഇങ്ങനെ ദൃശ്യകലയില്‍ രൂപകങ്ങള്‍ കൂടുതല്‍ ഭാവപരമായും സംവേദനോത്കടമായും പ്രവര്‍ത്തിക്കുന്നു.
(ചിത്രം 2 )
          കലയ്ക്ക് ഏതെങ്കിലും തരത്തില്‍ സാര്‍വ്വലൌകികമായ നിയമങ്ങള്‍ ഉണ്ടോയെന്ന പരിശോധനയാണ് നമ്മെ ഇവിടെയെത്തിച്ചത്. അത്തരത്തില്‍ പൊതുവായ പത്തോളം ആശയങ്ങളെ ഇവിടെ നാം കണ്ടെത്തുകയും ചെയ്തു. അവയൊക്കെയും മസ്തിഷ്കപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിശദമാക്കപ്പെടുകയും ചെയ്തു.കല നമ്മുടെ മസ്തിഷ്കത്തെ ഏതൊക്കെ വിധത്തിലാണ് ഉത്തേജിപ്പിച്ച് അസുലഭമായ വികാരത്തിലേക്ക് അഥവാ ഭാവോന്മീലനത്തിലേക്ക് എത്തിക്കുന്നത് എന്നതാണ് ഈ അന്വേഷണങ്ങളുടെ ആകെത്തുകയെന്ന് പറയാവുന്നത്. നമ്മള്‍ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിക്കുന്നത് പല തരത്തിലുള്ള രസ സ്പര്‍ശനാനുഭവങ്ങള്‍ കൊണ്ട് രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.സമാനമായി മസ്തിഷ്കത്തിലെ ദൃശ്യകേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിഭവ സമൃദ്ധമായ സദ്യ എന്ന നിലയിലാണ് നാം കല ആസ്വദിക്കുന്നത്.(നേരെ മറിച്ച് തട്ടുകട ഭക്ഷണം ജനപ്രിയ കലയ്ക്ക് സമാനം ) കലാകാരന്‍ ഉപയോഗപ്പെടുത്തുന്ന നിയമങ്ങള്‍ ആരംഭത്തില്‍ പരിണമിച്ചുണ്ടായത് അവയുടെ അതിജീവന മൂല്യത്തെ ആധാരമാക്കിയാണെങ്കിലും കലാസ്വാദനത്തിന് സ്വന്തം നിലയില്‍ അതിജീവനമൂല്യമൊന്നുമില്ല എന്നറിയണം.ആസ്വാദ്യകരമായതുകൊണ്ട് മനുഷ്യന്‍ കലയില്‍ ഏര്‍‌പ്പെടുന്നുവെന്നതാണ് വാസ്തവം. അതിനപ്പുറമുള്ള ന്യായീകരണമൊന്നും ആവശ്യമില്ല”*  ( ഇവിടെ കലയെ രൂപീകരിക്കുവാന്‍ തൊണ്ണൂറു ശതമാനം വരുന്ന സാംസ്കാരികതയെ പങ്കുവെച്ചു നല്കിയ സാമൂഹ്യജീവിതത്തിന് പ്രസക്തിയുണ്ട് എന്നൊരു വിഭിന്നമായ സൂചന നല്കുവാന്‍ ഞാനുദ്യമിക്കുന്നു. ആയതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെങ്കിലും കലയും സാമൂഹികതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്ന് ഡോക്ടര്‍ രാമചന്ദ്രനും സമ്മതിച്ചതാണ് )
          ആനന്ദം നല്കുന്നതിനുപരിയായി ഇത്ര ആസക്തിയോടെ കലയില്‍ വ്യാപൃതരാകുന്നതെന്തുകൊണ്ട് എന്നതിന് നാലുത്തരങ്ങള്‍ രാമചന്ദ്രന്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. അത് കലയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വേരുകളോളം ചെന്നു തൊടുവാന്‍ പര്യാപ്തവുമാണ്. അതോടൊപ്പം തന്നെ സൃഷ്ടിയുടെ രഹസ്യങ്ങളിലേക്ക് ഇറങ്ങി നില്ക്കുന്ന ചില സൂചനകളേയും അദ്ദേഹം നമ്മുടെ മുമ്പില്‍ വെയ്ക്കുന്നുണ്ട്.ഒന്നും അവസാനവാക്കുകളായല്ല, ഇനിയും തിരുത്തപ്പെടാനും നവീകരിക്കപ്പെടാനും ഏറെ സാധ്യതയുള്ള നിരവധി ആശയങ്ങളുടെ ഒരു വേദി എന്ന നിലയ്ക്കു മാത്രമാണ് ഇവയെല്ലാം തന്നെ നമ്മുടെ വിചിന്തനത്തിനു വേണ്ടി കാത്തുനില്ക്കുന്നത്. ഈ മേഖലയിലെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ഇക്കാലത്ത് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വളരെ കുറഞ്ഞ കാലംകൊണ്ട് സവിശേഷമായ പ്രസക്തിയും പ്രാധാന്യവും കൈവരിച്ചു കൊണ്ട് ന്യൂറോഈസ്തെറ്റിക്സിലേക്ക് എല്ലാവരുടേയും പ്രത്യേക ശ്രദ്ധ ചെന്നു പതിക്കുന്നത്.

സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - വി എസ് രാമചന്ദ്രന്‍ . വിവര്‍ത്തകന്‍ ബിബു വി എന്‍ , ഡി സി ബുക്സ്
  • The Tell Tale Brain - Ramachandran, V. S , വിവര്‍ത്തകന്‍ - രവിചന്ദ്രന്‍ സി.( എല്ലാ ഭാഷാന്തരങ്ങളും ഈ പുസ്തകത്തില്‍ നിന്നാണ് )


© മനോജ് പട്ടേട്ട് ||16 May 2020, 12:00 PM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1