#ദിനസരികള്‍ 1121 കല വ്യാഖ്യാനിക്കപ്പെടുന്നു - 2



മൂന്നു വളവുകള്‍ ! ഭംഗിയേറിയ മൂന്നു വളവുകള്‍! തല ഒരു ദിശയിലേക്കും ഉടല്‍ നേര്‍വിപരീത ദിശയിലേക്കും അരയ്ക്കു കീഴേ വീണ്ടും വിപരീത ദിശയിലേക്കും ചെരിച്ചിരിക്കുന്ന മൂന്നു വളവുകള്‍.എന്നാല്‍ ഈ മൂന്നുവളവുകളെ അടിസ്ഥാനപ്പെടുത്തി ബുദ്ധിമാനായ കാലാകാരന്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന ഒരു രൂപത്തില്‍ നിന്ന് കാഴ്ചക്കാരന്‍ വായിച്ചെടുക്കുന്നത് അതിമനോഹരമായ പാര്‍വ്വതി ദേവിയെയാണെന്നു മാത്രം. ഇങ്ങനെ വക്രീകരണങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ഈ ബിംബം , പീക്ക് ഷിഫ്റ്റ് എന്ന ആശയത്തിനെ വിവരിക്കുന്ന ഏറ്റവും മികച്ച ഉദാഹരണമാകുന്നു. നാം നേരത്തെ പരിചയപ്പെട്ട ഒരു കാരിക്കേച്ചറിസ്റ്റ് ചെയ്തതില്‍ നിന്നും വിഭിന്നമൊന്നുമല്ല ഈ ശില്പനിര്‍മ്മാതാവിന്റെ രീതികളും. രണ്ടിടത്തും വക്രീകരണങ്ങളാണ് ആഘോഷിക്കപ്പെടുന്നതെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞല്ലോ.

          ഇവിടെ നിന്നും രാമചന്ദ്രന്‍ മറ്റൊരു ചോദ്യം കൂടി ചോദിക്കുന്നു.കല കേവലം രൂപാത്മകം മാത്രമല്ലല്ലോ. അങ്ങനെയെങങ്കില്‍ അമൂര്‍ത്തകല അഥവാ അബ്സ്ട്രാക്റ്റ് ആര്‍ട്ട് , ഇംപ്രഷണിസം, ക്യൂബിസം എന്നിവയെയൊക്കെ ഈ തത്വത്തിന്റെ പിന്‍ബലത്തില്‍‌ വിശദീകരിക്കുന്നതെങ്ങനെയാണ്? പിക്കാസോ ,വാന്‍ഗോഘ് , ഹെന്‍റി മൂര്‍ മുതലായ വിഖ്യാതരായവരുടെ കലയില്‍ ഈ ആശയങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനായി സ്വഭാവരൂപീകരണ ശാസ്ത്രത്തിന്റെ (Ethology ) സഹായത്തോടെ ഏകദേശം അമ്പതുകൊല്ലങ്ങള്‍ക്കുമുന്നേ നികോ ടിംബെര്‍ഗന്‍ നടത്തിയ Niko Tinbergen ചില പരീക്ഷണ നിരീക്ഷണങ്ങളെ പഠനത്തിനെടുക്കുന്നു.

          ഹെറിംഗള്‍ പക്ഷികളെ Herring-gull Birds ക്കുറിച്ചാണ് ടിംബെര്‍ഗന്റെ പഠനം.ഹെറിംഗള്‍ പക്ഷിക്കുഞ്ഞുങ്ങള്‍  മുട്ടുവിരിഞ്ഞ് പുറത്തു വരുമ്പോള്‍ത്തന്നെ കാണുന്നത് മഞ്ഞയില്‍ ചുവപ്പു പുള്ളികളുള്ള അമ്മയുടെ കൊക്കുകളെയാണ്.അവ കൊക്കുകളിലെ ചുവപ്പുപുള്ളിയില്‍ ഭക്ഷണത്തിനായി മുട്ടുന്നു.ഉടനെത്തന്നെ അമ്മപ്പക്ഷി പാതി ദഹിപ്പിച്ച ഭക്ഷണം അവയുടെ വായിലേക്ക് ചൊരിഞ്ഞു കൊടുക്കുന്നു.ഇവിടെയാണ് കാതലായ ഒരു ചോദ്യം ഉന്നയിക്കപ്പെടുന്നത് :- "എങ്ങനെയാണ് ഈ പക്ഷിക്കുഞ്ഞുങ്ങള്‍ അമ്മമാരെ തിരിച്ചറിയുന്നത്? എന്തുകൊണ്ടാണ് അവയുമായി സമ്പര്‍ക്കത്തിലുള്ള മറ്റെന്തെങ്കിലുമൊന്നിനോട് ഭക്ഷണത്തിനു വേണ്ടി ആവശ്യപ്പെടാത്തത് ?”  ഈ ചോദ്യത്തിന് അനുബന്ധമായി പല വിധത്തിലുള്ള പരീക്ഷണങ്ങള്‍  നടത്തി. അമ്മയുടെ കൊക്കിനു പകരം കൊക്കിനെപ്പോലെ തോന്നിക്കുന്ന മറ്റെന്തെങ്കിലും പകരമായി കൂടിനുള്ളില്‍ സ്ഥാപിക്കപ്പെട്ടാലും കുഞ്ഞുങ്ങളുടെ പെരുമാറ്റത്തില്‍ വ്യത്യാസങ്ങളുണ്ടാകുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി. എന്തുകൊണ്ടാണ് ഒരു ശാസ്ത്രജ്ഞന്‍ കാട്ടുന്നി കൃത്രിമകൊക്കിനെ തന്റെ അമ്മയായി ആ പക്ഷിക്കുഞ്ഞു കാണുന്നത്? സാധാരണയായി നാം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്ക് കുറച്ച് അപഗ്രഥനമോ കണക്കൂകൂട്ടലുകളോ നടത്തുവാനുള്ള ഒരു പ്രക്രിയയാകുക എന്നതാണ് കാഴ്ചയുടെ ലക്ഷ്യം.എന്നാല്‍ ഇവിടെയാകട്ടെ, അമ്മയെ തിരിച്ചറിയുക എന്നതും.നൂറുകണക്കിന് വര്‍ഷങ്ങളായി നീളുന്ന പരിണാമപരമ്പരയിലൂടെ ചുവപ്പ് പുള്ളികളുടെ ആ നീണ്ട സാധനത്തിനൊപ്പം ഒരു അമ്മ എപ്പോഴുമുണ്ടാകുമെന്ന ബോധം പക്ഷിക്കുഞ്ഞ് ആര്‍ജ്ജിച്ചെടുത്തിരിക്കുകയാണ്.അതായത് മുട്ട തുറന്ന് പുറത്തേക്ക് വരുന്ന കുഞ്ഞിന് ചുവപ്പുപുള്ളികളുള്ളതും മഞ്ഞച്ചതുമായ സാധനം അതെന്തുതന്നെയായാലും അമ്മയാകുന്നു.

          അടുത്ത പരീക്ഷണമാണ് ഏറെ തമാശ. കൊക്കുകള്‍ക്കു പകരം പകരം മൂന്നു ചുവപ്പുപുള്ളികളുള്ള ഒരു നീണ്ട മഞ്ഞനിറമുള്ള കോല് കൂട്ടില്‍ സ്ഥാപിച്ചു. ആ കോലുകള്‍ക്ക് കൊക്കുമായി യാതൊരു വിധത്തിലുള്ള സാദൃശ്യവും ആകൃതികൊണ്ട് ഉണ്ടായിരുന്നില്ല എന്നതു ശ്രദ്ധിക്കുക. എന്നാല്‍ യഥാര്‍ത്ഥ കൊക്കില്‍ കൊത്തുന്നതിനെക്കാള്‍ കൂടുതല്‍ തവണ കുഞ്ഞുങ്ങള്‍ ഈ രൂപത്തില്‍ കൊത്തുകയുണ്ടായി.അതായത് യഥാര്‍ത്ഥ കൊക്കല്ലായിരുന്നു അതെങ്കിലും കുഞ്ഞുങ്ങളെ സംബന്ധിച്ച് അത് യഥാര്‍ത്ഥകൊക്കിനെക്കാള്‍ യഥാര്‍ത്ഥമായിരുന്നുവെന്നര്‍ത്ഥം.

          എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് ? “We don't know exactly why, but obviously there are neural circuits in the visual pathways of the chick's brain that are specialized for detecting beaks as soon as the chick hatches. They fire when seeing the beak. .  Perhaps because of the way they are wired up, they may actually respond more powerfully to the stick with the three stripes than to a real beak.  Maybe the neurons' receptive field embodies a rule such as "The more red contour the better," and it's more effective in driving the neuron, even though the stick doesn't look like a beak to you and me - or maybe even to the chick. And a message from this beak-detecting neuron now goes to the emotional limbic centres in the chick's brain giving it a big jolt and saying: "Wow, what a super beak!" and the chick is absolutely mesmerized. അതായത്,കൊക്ക് എന്നല്ല കൊക്കിന്റെ ആകൃതി പോലുമില്ലാത്ത വെറുംകോലുകള്‍ കൊക്കായിത്തന്നെ ഇവിടെ പരിഗണിക്കപ്പെടുന്നു. ഒരു പക്ഷേ ആ കോലുകളിലുള്ള ചുവന്ന പൊട്ടുകളായിരിക്കണം പക്ഷിക്കുഞ്ഞുങ്ങളുടെ നാഡികളെ കൊക്കിന്റെ സാമീപ്യത്തിലേക്ക് ഉണര്‍ത്തിവിടുന്നത്. അവ ചുവന്ന പൊട്ടുകളെ കാണാന്‍ തുടങ്ങുന്ന മാത്രയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. കൂടുതല്‍ ചുവപ്പ് എന്നതൊരു പക്ഷേ കൂടുതല്‍ നല്ല കൊക്ക് എന്ന സാധ്യതയ്ക്ക് സമാനമായിരിക്കണം. അതുകൊണ്ടാണ് ഒരു കഷണം കോലിന്റെ ആകൃതി എന്തുതന്നെയായാലും അതില്‍ തങ്ങളിലെ സിരകളിലെ ന്യൂറോണുകളെ പ്രവര്‍ത്തിപ്പിക്കുവാന്‍ ശേഷിയുള്ള ചുവപ്പ് അടങ്ങിയിട്ടുണ്ടെങ്കില്‍ അവ പ്രവര്‍ത്തിച്ചു തുടങ്ങുന്നതും കൂടുതല്‍ നല്ല കൊക്കിനെ കണ്ടെത്തി എന്നു ചിന്തിച്ചു പോകുന്നതും. എന്തൊരു രസകരമായ സാധ്യതകളാണ് ഈ പഠനം തുറന്നിടുന്നതെന്ന് നോക്കൂ. കാരണം  കൊക്കാണ് വേണ്ടത്. എന്നാല്‍ കൊക്കിനു പകരം ഒന്നോ രണ്ടോ കുത്തുകള്‍ അഥവാ ചുവന്ന പാടുകള്‍ കൊക്കിനെക്കാള്‍ വലിയ സമാശ്വാസമാകുന്നു. അല്ല അവ കൊക്കായും അതുവഴി ഭക്ഷണമായും മാറുന്നു. നാം എന്തെങ്കിലും കണ്ട് കൈയ്യടിച്ചു പോകുന്നതും അതുപോലെതന്നെ ഒച്ചവെച്ച് എതിര്‍ത്തുപോകുന്നതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നില്ലേ ?

    സമാനമായ നിരവധി സാഹചര്യങ്ങളെ നാം ജീവിതത്തിന്റെ ഓരോ മുഹൂര്‍ത്തങ്ങളിലും കണ്ടുമുട്ടുന്നുണ്ട്. ഒരുദാഹരണം നോക്കുക. ഞാന്‍ രാവിലെ കിടപ്പു മുറിയുടെ വാതില്‍ തുറന്നു വന്നാല്‍ കസേരയില്‍ ചുരുണ്ടു കൂടിക്കിടക്കുന്ന ചക്കിപ്പൂച്ച എന്നെ തിരിഞ്ഞു നോക്കാറില്ല. അതല്ലെങ്കില്‍ അവള്‍ ഒന്നുകൂടി കാലുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തിവെച്ച് ഉറക്കം തുടരും. എന്നാല്‍ എന്റെ ഭാര്യ കട്ടിലില്‍ നിന്നും എഴുന്നേറ്റ് കാലുകള്‍ നിലത്തു വെയ്ക്കേണ്ട താമസം അതേ പൂച്ച എഴുന്നേറ്റു നില്ക്കുന്നു. മൂരിനിവര്‍ത്തുന്നു. ഉഷാറാകുന്നു.ഇപ്പുറത്ത് കസേരയിലിരിക്കുന്ന എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിക്കുന്നു. എന്നിട്ട് വാതിലിനു സമീപം പോയി നില്ക്കുന്നു. ഭാര്യ പുറത്തേക്കു വരുന്ന പാടെ കാലുകളില്‍ ഉരുമ്മുന്നു. അവളുടെയൊപ്പം അടുക്കളയിലേക്ക് നടക്കുന്നു. അവളൊഴിച്ചു കൊടുക്കുന്ന പാല്‍ കുടിക്കുന്നു.ഇവിടെ എന്താണ് സംഭവിക്കുന്നത് ? എങ്ങനെയാണ് ആ പുച്ച അവളേയും എന്നേയും കാണാതെതന്നെ തിരിച്ചറിയുന്നത്? ഗന്ധമാണ് കാരണമെന്നാണ് ഞാനാദ്യം കരുതിയത്.ഒന്നുകൂടി സൂക്ഷ്മായി ശ്രദ്ധിച്ചപ്പോഴാണ് ഗന്ധമല്ല , ശബ്ദമാണ് പൂച്ചയെ ഉണര്‍ത്തുന്നതെന്ന് എനിക്ക് മനസ്സിലായത്. അതായത് ഭാര്യയുടെ കാലിലെ പാദസരമാണ് കാരണം. കാലുകള്‍ കട്ടില്‍ നിന്നും നിലത്തു വെയ്ക്കുന്ന പാടെ പാദസരത്തിന്റെ ഒച്ച പുറപ്പെടുന്നു. അതുകേള്‍ക്കുന്ന പാടെ പൂച്ച ഉണരാന്‍ തുടങ്ങുന്നു. പൂച്ചയെ സംബന്ധിച്ച് പാദസരത്തിന്റെ ശബ്ദം ഭക്ഷണം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം.അതുകൊണ്ട് , രാമചന്ദ്രന്‍ പറഞ്ഞതുപോലെ ഈ പൂച്ചയ്ക്ക് ഒരു ദേവാലയമുണ്ടാകുകയാണെങ്കില്‍ അവിടെ ശബ്ദത്തെയായിരിക്കും പ്രതിഷ്ഠിക്കുക എന്ന കാര്യത്തില്‍ എനിക്കും സംശയമില്ല. പക്ഷേ ഈ ഉദാഹരണം ജന്മനാ ചില വാസനകളുമായി പിറന്നു വീഴുന്ന പക്ഷിക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ അപ്രസക്തമായ ഒന്നുതന്നെയാണ് എന്ന കാര്യംകൂടി സൂചിപ്പിക്കട്ടെ. എന്നാലും പരിശീലനത്തിലൂടെ നേടിയെടുക്കാവുന്ന സാധ്യതകളെക്കുറിച്ചൊരു ജാലകം തുറന്നിടാന്‍ ഈ ആശയത്തിന് കഴിയുക തന്നെ ചെയ്യും.

          ഇത്രയും നിരീക്ഷണങ്ങള്‍ക്കു ശേഷം ഒരല്പം തമാശയോടെ രാമചന്ദ്രന്‍ എഴുതുന്നു :-“ ഇവയെല്ലാംതന്നെ കലയെക്കുറിച്ചുള്ള അന്തിമ നിരീക്ഷണങ്ങളിലേക്ക് എന്നെ ഏറെ അടുപ്പിക്കുന്നു.ഹെറിംഗ് ഗള്‍ പക്ഷികള്‍ക്ക് ഒരു ആര്‍ട്ട് ഗാലറിയുണ്ടായിരുന്നുവെങ്കില്‍ അവര്‍ ചുവപ്പു വരകളുള്ള ഒരു വലിയ തടി തൂക്കിയിട്ട ശേഷം ആരാധിക്കുവാന്‍ തുടങ്ങിയേനെ.ഒപ്പം കോടികള്‍ മുടക്കി ഒരു പിക്കാസോ ചിത്രം പോലെ അതു വാങ്ങുകയും ചെയ്യുമായിരുന്നു.പക്ഷേ അപ്പോഴും ഒന്നിനോടും സാദൃശ്യമില്ലാത്ത ഈ സാധനം കണ്ട് അത്ഭുതം കൂറുന്നതെന്തിനെന്ന് ആരും മനസ്സിലാക്കുന്നുമുണ്ടാവില്ല. സമകാലിക ചിത്രകലാ രൂപങ്ങള്‍ വാങ്ങുന്ന കലാപ്രേമികളും യഥാര്‍ത്ഥത്തില്‍ ആ പാവം പക്ഷിക്കുഞ്ഞുങ്ങളെപ്പോലെതന്നെയാണ് എന്നു പറയേണ്ടിവരും.ഇനി മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പരീക്ഷണ നിരീക്ഷണങ്ങളിലുടെയും ഭാവനകളിലൂടെയും പ്രതിഭയിലൂടെയുമൊക്കെ മനുഷ്യരായ കലാകാരന്മാര്‍ കണ്ടെത്തിയത് നമ്മുടെ സംവേദന വ്യാകരണത്തിന്റെ ആദിമമായ സചിത്രരൂപങ്ങളാണ്. അവ മനുഷ്യ മസ്തിഷ്കത്തിനായി മൂന്നു വരകളുള്ള നീണ്ട മരക്കഷണത്തിന്റെ തത്തുല്യമായ അവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് അങ്ങനെ ഒരു ഹെന്‍റി മൂറോ ഒരു പിക്കാസോയോ ഒക്കെ ജനിക്കുകയും ചെയ്യുന്നു.

പീക്ക് ഷിഫ്റ്റ് എന്ന ആശയത്തിലൂടെ കലയെ കാണുകയായിരുന്നു നാം ഇതുവരെ.വളരെ എളുപ്പത്തില്‍ സാമാന്യജനതയ്ക്ക് മനസ്സിലാകുന്ന വ്യത്യസ്ത ഉദാഹരണങ്ങളിലൂടെ കല ഒരുതരത്തിലും യഥാതഥമായിരിക്കുന്നതല്ലെന്നും വിതാനങ്ങളിലെ സമതുലിതങ്ങളെ സൌന്ദര്യാത്മകമായിത്തന്നെ വ്യത്യാസപ്പെടുത്തുന്നതാണെന്നും നാം കണ്ടു.ഒരു വിക്ടോറിയന്‍ ധാര്‍മികതവാദിയ്ക്ക് ചോളകാലത്തെ ഒരു ശില്പം എങ്ങനെയാണ് അസാന്മാര്‍ഗികമായിരിക്കുന്നതെന്നും എന്നാല്‍ കുശലനായ ഒരുവന്റെ കൈയ്യില്‍ അതെങ്ങനെയാണ് കലയായി മാറിയതെന്നു വിശദമാക്കപ്പെട്ടു.

          രണ്ടാമത്തേത് വര്‍ഗ്ഗീകരണം ( Grouping) എന്ന ആശയമാണ്.അതു വ്യക്തമാക്കാന്‍ ഒരു നാടോടിക്കഥയോളം രസകരമായ ഒരു സംഭവത്തെയാണ് ഗ്രന്ഥാകാരന്‍ ആശ്രയിക്കുന്നത്. വനത്തിലെ ഒരു വലിയ മരത്തിലിരുന്ന് താഴെ ഇലകള്‍ക്കും ശിഖരങ്ങള്‍ക്കും ഇടയിലൂടെ ഒരു സിംഹത്തെ കാണുന്ന വനവാസിയെ സങ്കല്പിക്കുക. വളരെ സൂക്ഷിച്ചു നോക്കുന്ന അയാള്‍ ഇലകളുടെ ഇടയിലൂടെ ചില മഞ്ഞപ്പൊട്ടുകള്‍ കാണുന്നു. ചിലപ്പോള്‍ വലിയ ചില മഞ്ഞക്കഷണങ്ങള്‍. നിണ്ടുതതും ചതുരത്തിലുള്ളതുമായവ , കോണിച്ചവ . അങ്ങനെ പല ആകൃതികളിലുള്ള മഞ്ഞക്കഷണങ്ങള്‍. അങ്ങനെയൊരു മഞ്ഞക്കഷണം എന്ന സാധ്യത പൂജ്യമാണ് എന്ന് അയാള്‍ക്കറിയാം. അതായത് അവിടെ ഒരു തരത്തിലുമുള്ള മഞ്ഞക്കഷണങ്ങളേയില്ല എന്നുതന്നെ. അപ്പോള്‍ മസ്തിഷ്കം ഒരു പ്രശ്നത്തെ നേരിടുകയാണ്. എന്താണ് തഴെ ഇലകള്‍‌ക്കിടയിലൂടെ കാണുന്ന മഞ്ഞക്കഷണങ്ങള്‍ എന്നതാണ് ആ പ്രശ്നം. ഉത്തരത്തിനു വേണ്ടി അവയെ ചേര്‍ത്തു വെയ്ക്കുന്നു. ഇടക്കിടയ്ക്ക് കാണുന്ന ഇലകളുടെ പച്ചയെ അരിഞ്ഞു മാറ്റുന്നു. അങ്ങനെ നടത്തുന്ന ഒരു ക്രിയയുടെ അവസാനമായി അവിടെയുള്ളത് ഒരു മഞ്ഞക്കഷണവുമല്ലെന്നും ഒരു സിംഹത്തിന്റെ ഭാഗമാണെന്നും നിശ്ചയിക്കുന്നു.

          മഞ്ഞക്കഷണങ്ങള്‍ എന്ന പ്രതീതി സൃഷ്ടിക്കുന്ന വെല്ലുവിളിയെ അവയെത്തന്നെ ചേര്‍ത്തു വെച്ചു കൊണ്ടു സിംഹം എന്ന ഉത്തരമുണ്ടാക്കി മസ്തിഷ്കം പരിഹരിച്ചെടുക്കുന്നു. ഇങ്ങനെ ചേര്‍ത്തു വെച്ചുകൊണ്ട് അല്ലെങ്കില്‍ ഇല്ലാക്കളങ്ങളില്‍ നിന്നും രൂപങ്ങളെ ആരചിച്ചുകൊണ്ട് മസ്തിഷ്കം കളിക്കുന്ന കളിക്കാണ് ഗ്രൂപ്പിംഗ് എന്നു പറയുന്നത്.

          റിച്ചാര്‍ഡ് ഗ്രിഗറിയുടെ ഡാല്‍‌മേഷ്യന്‍ പട്ടി എന്ന പസിലിനെ മുന്‍നിറുത്തി ഈ ആശയത്തെ ഒന്നുകൂടി വിശദമാക്കാം. ( ചിത്രം നോക്കുക )ആദ്യദൃഷ്ടിയില്‍ വിവിധ തരത്തിലുള്ള കറുത്ത പുള്ളിക്കുത്തുകളെയാണ് നാം ആദ്യം കാണുക. എന്നാലുടന്‍ തന്നെ നിങ്ങളുടെ മസ്തിഷ്കം ഒരു സംവേദനപ്രശ്നത്തെ മറികടക്കുന്നതിനായി പരിശ്രമിക്കുന്നത് നിങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങും. ഒരു മുപ്പത് നാല്പത് സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം വെളിപ്പെട്ടു വരികയും നിങ്ങള്‍ ചിതറിയ കഷണങ്ങളെ യോജിപ്പിച്ചുകൊണ്ട് ഡാല്‍‌മേഷ്യന്‍ നായയെ കാണുകയും ചെയ്യുന്നു.ഈ സംവേദനപ്രശ്നത്തിന് ഒരു സമാധാനം കാണുന്നതിനു വേണ്ടി നിങ്ങളുടെ മസ്തിഷ്കം വര്‍ഗ്ഗീകരണ പ്രക്രിയ നടത്തുന്നതും താമസംവിനാ യുക്തമായവ എല്ലാം ചേര്‍ത്തുവെച്ച് വസ്തുവിനെ കാണുന്നതുമെല്ലാം നിങ്ങള്‍ക്കുതന്നെ അനുഭവമുള്ള കാര്യമാണ്.എനിക്കു തോന്നുന്നത് അപ്പോള്‍ നിങ്ങളുടെ മസ്തിഷ്കത്തിലെ ദൃശ്യകേന്ദ്രങ്ങളില്‍ നിന്നും (Visual Centre ) വികാരകേന്ദ്രമായ ലിംബിക് കേന്ദ്രങ്ങളിലേക്ക് ഒരു സന്ദേശം പ്രവഹിക്കുകയും ഒരു പ്രഹരം അവിടെ ഏല്പിച്ചു കൊണ്ട് ഇങ്ങനെ പ്രതികരിക്കുന്നുവെന്നുമാണ് :- ആഹാ അവിടെയൊരു പട്ടി മറഞ്ഞിരിപ്പുണ്ട്. അല്ലെകില്‍ അവിടെയൊരു മുഖമുണ്ട്.

          ഇപ്പോള്‍ രണ്ടു സുവ്യക്തമായ ഉദാഹരണങ്ങളിലൂടെ ഗ്രൂപ്പിംഗ് എന്താണെന്ന് നമുക്ക് ബോധ്യമായിക്കഴിഞ്ഞു. ദൃശ്യസങ്കീര്‍ണതകളെ ലഘൂകരിച്ചുകൊണ്ട് കാഴ്ചയുടെ തനതു വഴികളെ കണ്ടെത്തുവാനും അല്ലെങ്കില്‍ സൃഷ്ടിക്കുവാനും ഇത്തരം സമീപനങ്ങള്‍ മസ്തിഷ്കത്തെ സഹായിക്കുന്നു. അങ്ങനെ ചെയ്യുമ്പോഴാണ് നമ്മുടെ മസ്തിഷ്കത്തിലെ ദൃശ്യകേന്ദ്രങ്ങള്‍ ആശ്വാസം കൊള്ളുന്നത്. സമസ്യകളെ സമസ്യകളായി നിലനിറുത്തിക്കൊണ്ടുപോകാനല്ല എല്ലായ്പ്പോഴും പരിഹാരമുണ്ടാക്കുവാനാണ് അത് ശ്രമിക്കുക. അതുകൊണ്ടാണ് ഗ്രൂപ്പിംഗിന് തുനിയുന്നത് തന്നെ.ഡാല്‍മേഷ്യന്‍ നായയെ കണ്ടെത്തിയത് എന്നത്  ലളിതക്രിയയുടെ ഫലമാണെന്ന് നമുക്ക് ചിന്തിച്ചുപോകാമെങ്കിലും നായയിലേക്ക് ഗ്രൂപ്പിംഗ് നടത്തി എത്തിയത് അത്ര ചെറുതായ ഒരു പ്രവര്‍ത്തിയല്ലതന്നെ.ഓരോന്നോരോന്നായി അടുക്കിയടുക്കിയെടുക്കുന്ന കറുത്ത പൊട്ടുകളില്‍ നിന്ന് ഒരു നായയെ നിര്‍മ്മിച്ചെടുക്കുക എന്ന പ്രക്രിയയില്‍ അതിസങ്കീര്‍ണമായ ഘട്ടങ്ങളും ശ്രേണികളുമുണ്ടെന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത് നാം ഗൌരവത്തോടെ തന്നെ പരിഗണിക്കണം.

          ഈ ആശയം എങ്ങനെയാണ് കലയുമായി ബന്ധിപ്പിക്കുക എന്ന ചോദ്യം പ്രസക്തമാണ്.നാം നേരിട്ട് സാധാരണ രീതിയില്‍ ഒരു സിംഹത്തെ കാണുന്നതിനെക്കാള്‍ ഉദ്വേഗവും ശ്രദ്ധയും മറഞ്ഞിരിക്കുന്ന ഒരു സിംഹത്തെ കണ്ടെത്തുന്നതിനായി വിനിയോഗിക്കുന്നുണ്ട്. പച്ച ഇലകള്‍ക്കിടയിലൂടെയുള്ള മഞ്ഞക്കഷണങ്ങളെ സിംഹമായി വ്യാഖ്യാനിച്ച ദൃശ്യകുശലത അത്തരമൊരു ക്ലേശഭരിതമായ പരിശ്രമത്തെ അടിവരയിട്ടു വെളിപ്പെടുത്തുന്നു. അപ്പോള്‍  ലിംബിക് വ്യവസ്ഥകളുടെ കൂടുതലായ ഉത്തേജനമാണ് സംഭവിക്കുന്നത്. അതായത് നേരിട്ട് കാണുന്നതിനെക്കാള്‍ കൂടുതല്‍ ഉത്തേജനം ലഭിക്കുന്നത് ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന വസ്തുക്കളെ കഠിനമായി പരിശ്രമിച്ച് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് എന്ന് സാരം. അതുകൊണ്ട്  ഡോക്ടര്‍ രാമചന്ദ്രന്‍ എഴുതുന്നു യഥാര്‍ത്ഥ/ പൂര്‍ണമായ ദൃശ്യരംഗങ്ങളിലൂടെയും റിയലിസ്റ്റിക് ചിത്രങ്ങളിലൂടെയും സാധ്യമാവുന്നതിനെക്കാള്‍ പെയിന്റുങ്ങുകളിലൂടെയോ ശില്പങ്ങളിലൂടെയോ കൂടുതല്‍ ദൃശ്യമേഖലകളെ ഉത്തേജിപ്പിക്കുന്നു. ഇതുതന്നെയാണ്, ലിംബിക് വ്യവസ്ഥകളെ കൂടുതലായി ഉത്തേജിപ്പിക്കുന്നതിനു വേണ്ടി അഥവാ വര്‍ഗ്ഗീകരണത്തിലൂടെ രഹസ്യം  കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ , കലയെ ഒളിപ്പിച്ചു വെച്ചുകൊണ്ട് കൂടുതല്‍ ആനന്ദം കണ്ടെത്തുന്ന വഴികളെ സൃഷ്ടിക്കുവാന്‍ കലാകാരന്മാരെ പ്രേരിപ്പിക്കുന്നത്.
സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - വി എസ് രാമചന്ദ്രന്‍ . വിവര്‍ത്തകന്‍ ബിബു വി എന്‍ , ഡി സി ബുക്സ്
  • The Tell Tale Brain - Ramachandran, V. S.

© മനോജ് പട്ടേട്ട് ||12 May 2020, 04:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1