#ദിനസരികള്‍ 1120 - കല വ്യാഖ്യാനിക്കപ്പെടുന്നു.



          ഇന്ത്യന്‍ കലാപാരമ്പര്യത്തോടുള്ള വിക്ടോറിയന്‍ പ്രതികരണങ്ങളെചര്‍ച്ച ചെയ്തുകൊണ്ടാണ് കലയുമായി ബന്ധപ്പെട്ട ചില പൊതുസിദ്ധാന്തങ്ങളെ കണ്ടെത്താനുള്ള ഗാഢമായ ശ്രമം രാമചന്ദ്രന്‍ ആരംഭിക്കുന്നത്. ഇന്ത്യക്കാരുടെ കാഴ്ചപ്പാടില്‍ പാര്‍വ്വതി വെളിപ്പെടേണ്ടത് സ്ത്രീത്വത്തിന്റെ മാദകത്വവും തേജസ്സും പ്രൌഢിയും അന്തസ്സും ആഭിജാത്യവുമെല്ലാം സമ്മേളിക്കുന്ന പെണ്മ എന്നതിന്റെ എല്ലാ തികവുകളും കൂടിച്ചേര്‍ന്ന മൂര്‍ത്തിമദ്ഭാവത്തിലാണ്. മാത്രവുമല്ല ഈ രൂപം ഏറെ മദാലസവുമാണ് സ്ത്രീത്വത്തിന്റെ അല്ലെങ്കില്‍ അത്തരമൊരു മാതൃസങ്കല്പത്തിന്റെ ഉദാത്തമായ ആശങ്ങളെയെല്ലാം ഉള്‍വിളിക്കിച്ചേര്‍ത്തുകൊണ്ടാണ് നാം പാര്‍വ്വതിയെ സങ്കല്പിക്കാറുള്ളത്. അത്തരത്തിലുള്ള അഭിജാതയായ ഒരു പാര്‍വ്വതിയെയാണ് കലാകാരനും ആവിഷ്കരിക്കുവാന്‍ ഉദ്യമിക്കുന്നത് എന്ന കാര്യം സുവ്യക്തമാണല്ലോ. എന്നാല്‍ അങ്ങനെ നിര്‍മ്മിച്ചെടുക്കപ്പെട്ട ഈ രൂപം തികച്ചും അനുചിതമായ ചിന്തകളെയാണ് ഉണര്‍ത്തിവിടുകയെന്നാണ് വിക്ടോറിയന്‍ ധാര്‍മികനായ ഒരുവന്‍ ചിന്തിക്കുക. ഇത്തരത്തിലുള്ള ശില്പങ്ങളുമായ ആദ്യം ബന്ധപ്പെട്ട ഇംഗ്ലീഷുകാര്‍ ചകിതരായി ലൈംഗികതയുമായി ബന്ധപ്പെട്ട സങ്കോചമായിരുന്നു അതിനുള്ള പാതി കാരണം.പാതിയാകട്ടെ അവരുടെ നിര്‍വ്യാജമായ അജ്ഞതയും. ശില്പത്തിന്റെ സ്തനങ്ങള്‍  ഏറെ വലുപ്പമേറിയവയാണെന്ന് അവര്‍ പരാതിപ്പെട്ടു.അതുപോലെ തുടകള്‍ വീതിയേറിയതും അരക്കെട്ട് ഏറെ ഇടുങ്ങിയതാണെന്നായിരുന്നു അടുത്ത പരാതി.ആ ശില്പം കണ്ടാല്‍ അത് യഥാര്‍ത്ഥത്തിലുള്ള ഒരു സ്ത്രീയായി തോന്നില്ലെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതല്ലെന്നും അവര്‍ വിധിച്ചു” ‘വികൃതമാക്കപ്പെട്ടഇത്തരം രൂപങ്ങളെയാണ് അവര്‍ ഇന്ത്യയിലെ പ്രതിമനിര്‍മാണ മേഖലയില്‍ ദര്‍ശിച്ചത്. പല ക്ഷേത്രങ്ങളിലുമുള്ള അത്തരം പ്രതിമകള്‍ ശാരീരികമായ അനുപാതങ്ങളും മറ്റു അളവുകളും പരിഗണിക്കാതെ നിര്‍മ്മിച്ചവയാണെന്നും അവയ്ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്നും വിക്ടോറിയന്‍ ധാര്‍മ്മികവാദികളായ അക്കൂട്ടര്‍ ശഠിച്ചു.
          രസകരമായ ഒരു വാദമായിരുന്നു അത്. കലയെന്നാല്‍ നേരെ കാണുന്നത് മാത്രമാണെന്ന് ചിന്തിച്ചു വശായ ഒരു കാലത്തിന്റെ സങ്കല്പങ്ങള്‍ അതിനെ അടിസ്ഥാനപ്പെടുത്തി പരുവപ്പെട്ടു വരുന്നതായിരിക്കുമല്ലോ. ഇവിടേയും അതുതന്നെയാണ് സംഭവിച്ചത്.യാഥാര്‍ത്ഥ്യവുമായി , നിലവിലുള്ളതുമായി . തട്ടിച്ചു നോക്കുമ്പോള്‍ അവരുടെ വാദം കഴമ്പുള്ളതാണ്.കാരണം തങ്ങളുടെ കണ്ണുകള്‍ കണ്ടു പരിചയിച്ച ലോകങ്ങളെയല്ല ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.പകരം നേരെ കാണുന്നതില്‍ നിന്ന് വക്രീകരിക്കപ്പെട്ടിരിക്കുന്നു, കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു, മുഴുപ്പുകളും കുഴിപ്പുകളും താന്താങ്ങള്‍ക്ക് തോന്നിയ സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതുകൊണ്ട് അവ കലയല്ലെന്നു പ്രഖ്യാപിക്കുവാന്‍ ഏറെ ചിന്തിക്കേണ്ടി വന്നില്ല.
          ഇവിടെയാണ് രാമചന്ദ്രന്‍ റിയലിസത്തെ വിചാരണ ചെയ്യുന്നത്. മുകളില്‍ പറഞ്ഞ വിക്ടോറിയന്‍ ധാര്‍മികവാദികളുടെ സൌന്ദര്യ സങ്കല്പങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ക്ലാസിക്കല്‍ ഗ്രീക്കുചിന്തകളെ പിന്തുടര്‍‌ന്നെത്തിയ റിയലിസത്തിനു മുകളിലാണ്. അവര്‍ക്ക് കാണുന്നത് കാണുന്നതുപോലെ ആവിഷ്കരിച്ചാലേ കലയാകൂ.കാരണം അവര്‍ക്ക് ഏറെക്കുറെ നേരിട്ടു പരിചയമുണ്ടായിരുന്ന നവോത്ഥാനകാലനിര്‍മ്മിതികളൊക്കെത്തന്നെ പിന്‍പറ്റുന്നത് അത്തരത്തിലുള്ള അടിസ്ഥാനങ്ങളെയായിരുന്നു. ഇവിടെയാണ് റിയലിസം കലയല്ല എന്ന് അര്‍ത്ഥശങ്കയില്ലാത്ത വിധത്തില്‍ രാമചന്ദ്രന്‍ പ്രഖ്യാപിക്കുന്നത്.
          എന്തുകൊണ്ടാണ് റിയലിസം കലയല്ലാത്തത് ? അദ്ദേഹം പറയുന്നു :- യഥാര്‍ത്ഥത്തില്‍ ലോകത്തിലുള്ളത് പുനസൃഷ്ടിക്കുക എന്നതില്ല കാര്യം. എനിക്കു വേണമെങ്കില്‍ എന്റെ വളര്‍ത്തുപൂച്ചയുടെ യഥാര്‍ത്ഥത്തിലുള്ള ഒരു ഫോട്ടോ എടുക്കാനാകും.എന്നാല്‍ ഒരാള്‍ പോലും അത് പൈസ നല്കി വാങ്ങില്ല.യഥാര്‍ത്ഥമായി പറഞ്ഞാല്‍ കല എന്നത് റിയലിസം അല്ലേയല്ല.എന്നാല്‍ അതിനു നേരേ എതിരായുള്ള ഒന്നുതന്നെയാണ്. അതില്‍ കരുതിക്കൂട്ടിയുള്ള അതിശയോക്തികളും അത്യുക്തികളും എന്തിന് വക്രീകരണങ്ങളും ഉള്‍‌പ്പെടുന്നു. ഇവയെല്ലാം തന്നെ മസ്തിഷ്കത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ ഉളവാക്കുന്നതിന് വേണ്ടിയാണ് (It is not about creating a realistic replica of what's out there in the world.I can take a five dollar camera, aim it at one of you here, take a photograph. It's very realistic but you wouldn't give me a penny for it. In fact art is about the exact opposite. It's about deliberate hyperbole, exaggeration, in fact even distortion in order to create pleasing effects in the brain.)
          ഇവിടെ വെച്ച് ഞാന്‍ നിങ്ങള്‍ക്ക് ഭാരതീയനായ ഒരു ചിന്തകന്‍ രചിച്ച ഒരു ശ്ലോകത്തെ നാലുവരിക്കവിതയെ പരിചയപ്പെടുത്താം.
          പ്രസിദ്ധം മാര്‍ഗ്ഗമുത്സൃജ്യ
          യത്ര വൈചിത്ര്യ സിദ്ദയേ
          അന്യഥൈവാച്യതേ സോര്‍/
          സാ വക്രോക്തിരുദാഹൃതാ -  ആകെത്തുകയില്‍ പ്രസിദ്ധമായ രീതികള്‍ വിട്ട് മറ്റേതെങ്കിലും രീതിയില്‍ കാര്യങ്ങള്‍ പറയുന്ന ഒരു രീതിയെയാണ് ഇവിടെ പറയപ്പെട്ടിരിക്കുന്നതെന്ന് കാണാം. പ്രസിദ്ധമായ രീതി എന്ന് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് കാണുന്നത് കാണുന്നപോലെയും കേള്‍ക്കുന്നത് കേള്‍ക്കുന്നതുപോലെയും തന്നെ പറയുക എന്നതാണല്ലോ. അതില്‍ നിന്നും ഭിന്നമായി മറ്റൊരു രീതി അവലംബിക്കുമ്പോഴോ ? അതാണ് സംസ്കൃസാഹിത്യ മിമാംസയിലെ പ്രസിദ്ധമായ വക്രോക്തി. രാമചന്ദ്രന്‍ , റിയലിസം കലയേയല്ലെന്ന് ആണയിടുമ്പോള്‍ കുന്തകന്‍ എന്ന ഭാരതീയ ആചാര്യന്റെ വക്രോക്തിസിദ്ധാന്തവുമായി ആ നിലപാടിനെ താരതമ്യപ്പെടുത്തിനോക്കേണ്ടതു തന്നെയാണ്. ഈ സിദ്ധാന്തത്തിന്റെ ഒരു വിപുലനത്തെ മാതൃകയായി സൂക്ഷ്മാര്‍ത്ഥങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകാം- അദ്ദേഹം സ്വീകരിക്കുന്നുണ്ട്.
          കുന്തകന്‍  പത്താം നൂറ്റാണ്ടിന്റെ അവസാനകാലത്തും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യാപാദങ്ങളിലുമാണ് ജീവിച്ചിരുന്നത്.ഇതുപക്ഷേ കുന്തകന്റെ മാത്രമായ ഒരാശയമല്ലെങ്കിലും അദ്ദേഹമാണ് അതിനെ വികസിപ്പിക്കുകയും കുടുതല്‍ യുക്തിഭദ്രമായി സ്ഥാപിച്ചെടുക്കുകയും ചെയ്തത്. അദ്ദേഹത്തിന് മുന്‍പുള്ള മിമാംസകന്മാര്‍ ചര്‍ച്ചകള്‍ക്കിടയില്‍ പറഞ്ഞു വെയ്ക്കാറുണ്ടെന്നല്ലാതെ കുന്തകനെപ്പോലെ വക്രോക്തിതന്നെയാണ് കല എന്ന് അടിവരയിട്ടു വാദിച്ചുറപ്പിക്കുവാന്‍ ഉദ്യമിച്ചിട്ടില്ല.അദ്ദേഹത്തിന്റെ വക്രോക്തിജീവിതം എന്ന വിശിഷ്ടമായ ഗ്രന്ഥം ഈ വാദത്തെ സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയാണ് രചിച്ചിട്ടുള്ളത്.          എന്നാല്‍ ഈ പുസ്തകം അതിന്റെ പൂര്‍ണമായ നിലയില്‍ ഇന്ന് ലഭ്യമല്ല. കണ്ടുകിട്ടിയതില്‍ നാല് അധ്യായങ്ങളാണ് ഉള്ളത്.
          വക്രതകളെ മുഖ്യമായും ആറെണ്ണമായി തിരിക്കാമെന്ന് കുന്തകന്‍ പറയുന്നു. വര്‍ണ്ണവിന്യാസ വക്രത, പദപൂര്‍വ്വാര്‍ദ്ധവക്രത , പ്രത്യയ വക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധവക്രത എന്നിവയാണ് അവ.ഓരോ വക്രതകളും പ്രചാരത്തിലിരിക്കുന്ന നേരായ ആവിഷ്കാരരീതികളെ അഥവാ റിയലിസത്തിന്റെ വഴികളെ നിഷേധിക്കുന്നവയാണ്. ആ രീതികളെങ്ങനെയെന്ന് ഇവിടെ വിശദമായി ചര്‍‌ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ല. വക്രോക്തിയെ ഒന്ന് ചൂണ്ടിക്കാണിക്കുക എന്നതുമാത്രമായിരുന്നു എന്റെ ഉദ്ദേശം.നേരെ കാണുന്നതിന് അപ്പുറമാണ് കല എന്നു ചിന്തിക്കുവാന്‍ ധൈര്യപ്പെട്ട ഒരു കാലത്തിന്റെ ആശയങ്ങള്‍ ആധുനികമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും പ്രസക്തമായിത്തീരുന്നുവെങ്കില്‍ അത് രസകരമായ കൌതുകം തന്നെയാണ്.
          വക്രോക്തിയില്‍ നിന്നും വീണ്ടും രാമചന്ദ്രനിലേക്ക് മടങ്ങുക.റിയലിസം കലയല്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം കരുതിക്കൂട്ടിയുള്ള അതിശയോക്തികളും അത്യുക്തികളും വക്രോക്തികളും അടങ്ങുന്നതാണ് കലയെന്ന് ചിന്തിക്കുന്നുമുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇവ സംഭവിക്കേണ്ടത് ? അതിന് എന്തെങ്കിലും പൊതുവായ മാനദണ്ഡങ്ങള്‍ ഉണ്ടോ ?  ഉണ്ടെങ്കില്‍ അവ എന്താണ് ? ലോകത്തെവിടേയും ഒരുപോലെതന്നെ നടപ്പിലാക്കാന്‍ കഴിയുന്ന സാര്‍വ്വ ലൌകിക നിയമങ്ങളാണോ അവ ? എന്നിങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ ഇവിടെ ഉടലെടുക്കുന്നു. എന്നാല്‍ ഇതെല്ലാം ( നേരത്തെ സൂചിപ്പിക്കപ്പെട്ട വക്രതകള്‍ ) ചെയ്തതുകൊണ്ടുമാത്രം കലയാവില്ല.ഒരു ചിത്രം എടുത്തുവെച്ച് തോന്നിയതുപോലെ അതിനെ വികൃതമാക്കിയിട്ട് കലാസൃഷ്ടിയെന്ന് വിളിക്കാനാവില്ല. വക്രീകരണങ്ങള്‍ എല്ലാംതന്നെ നിയമാനുസൃതമാകണം.അപ്പോള്‍ ചോദ്യങ്ങള്‍ ഉയരുകയായി ഏതുതരം വക്രീകരണങ്ങളാണ് ഗുണമാകുക? എന്താണ് അതിന് അടിസ്ഥാനമായുള്ള നിയമങ്ങള്‍ ?”
            ഈ ചോദ്യങ്ങളെ അദ്ദേഹം നേരിടുന്നത് കലാസൃഷ്ടിയുടെ പത്തു സാര്‍വ്വലൌകിക നിയമങ്ങളെ ആവിഷ്കരിച്ചുകൊണ്ടാണ്. ഒന്ന് പീക്ക് ഷിഫ്റ്റ് (ഇതിനെയാണ് പി എം ഗിരീഷ് ഔന്നത്യരസാന്തരണം എന്നു വിളിച്ചത് ) രണ്ട് വര്‍ഗ്ഗീകരണം (Grouping ) മൂന്ന് വ്യതിരേകം / വിപരീതത്വം (Contrast ) നാല് ഒറ്റപ്പെടുത്തല്‍ ( Isolation ) അഞ്ച് അവബോധത്തിലൂടെയുള്ള പ്രശ്നപൂരണം ( Perceptional Problem Solving ) ആറ് പ്രതിസമത (Symmetry ) ഏഴ് യാദൃശ്ചികതകളുടെ വിയോജിപ്പ് / പൊതുവായ കാഴ്ചപ്പാട്  ( Abhorrence of coincidence generic view point ) എട്ട് ആവര്‍ത്തനം , താളം, ക്രമം (Repetition , Rhythm and orderliness ) ഒമ്പത് സമതുലത (Balance ) പത്ത് രൂപകം (Metaphor ).സാര്‍വ്വ ലൌകമായ കലാനിയമങ്ങളെന്ന് രാമചന്ദ്രന്‍ പറയുമ്പോഴും അതൊരു വിട്ടുവീഴ്ചയില്ലാത്ത നിലപാടല്ല മറിച്ച് കൂട്ടിച്ചേര്‍ത്തും വെട്ടിക്കുറച്ചും ഇനിയും പുതിയവയുണ്ടായേക്കാം. എന്നാലും തുടങ്ങി വെയ്ക്കാനൊരിടം എന്ന നിലയില്‍ ഈ പത്തെണ്ണത്തിന് പ്രധാന്യമുണ്ട് എന്ന് രാമചന്ദ്രന്‍ പറയുന്നതിന് നാം വിലമതിക്കുക. സാംസ്കാരിക വൈവിധ്യങ്ങള്‍ കാരണം തൊണ്ണൂറു ശതമാനത്തോളം തികച്ചും ഭിന്നമായിരിക്കുന്ന കലയ്ക്ക് പൊതുവേ എന്തുണ്ട് എന്ന അന്വേഷണം ഈ പത്തെണ്ണത്തിലൂടെയാണ് ആരംഭിക്കുന്നത്.
          പീക്ക് ഷിഫ്റ്റ് എന്താണെന്ന് വിവരിക്കുന്നത് രസകരമായ അനുഭവമാണ്. Imagine you're training a rat to discriminate a square from a rectangle. So every time it sees a particular rectangle you give it a piece of cheese. When it sees a square you don't give it anything. Very soon it learns that the rectangle means food, it starts liking the rectangle - although you're not supposed to say that if you're a behaviourist. And it starts going towards the rectangle because it prefers the rectangle to the square.
But now the amazing thing is if you take a longer skinnier rectangle and show it to the rat, it actually prefers the longer skinnier rectangle to the original rectangle that you taught it. And you say: Well that's kind of stupid. Why does it prefer a longer skinnier rectangle rather than the one you originally showed it? Well it's not stupid at all because what the rat is learning is a rule - Rectangularity.സമചതുരത്തേയും ദീര്‍ഘചതുരത്തേയും വേര്‍തിരിച്ചു മനസ്സിലാക്കുവാന്‍‌ പരിശീലിപ്പിക്കപ്പെടുന്ന ഒരെലിയ്ക്ക് ദീര്‍ഘചതുരം താമസിയാതെ ഭക്ഷണം തന്നെയായി മാറുന്നു. കുറേക്കൂടി ദീര്‍ഘമായ ചതുരം കുറേക്കൂടി ഭക്ഷണം എന്ന സാധ്യതയെ തുറന്നിടുന്നുവെന്ന് എലി ചിന്തിക്കുന്നു. അത് കൂടുതല്‍ റെക്ടാംഗുലാരിറ്റിയ്ക്ക് വേണ്ടി പ്രതീക്ഷിക്കുന്നു. ഈ ഉദാഹരണത്തിന് കലയിലെന്താണ് സ്ഥാനം ?
          രാമചന്ദ്രന്‍ ഈ ചോദ്യത്തിനുത്തരമായി കാരിക്കേച്ചര്‍ വരയ്ക്കുന്ന ചിത്രകാരന്മാരെ കൂട്ടുപിടിയ്ക്കുന്നു.റിച്ചാര്‍ഡ് നിക്സന്റെ കാരിക്കേച്ചര്‍ വരയ്ക്കുവാന്‍ അദ്ദേഹത്തിന്റെ മുഖത്തിന്റെ പ്രത്യേകത എന്താണെന്ന് ചിത്രകാരന്‍ സ്വയം ചോദിക്കണം.മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്ന ഘടകമേതാണെന്നും കണ്ടെത്തണം. ചിത്രകാരന്‍ തന്റെ മനസ്സിലുള്ള എല്ലാ ആണ്‍മുഖങ്ങളേയും നിക്സന്റെ മുഖവുമായി ചേര്‍ത്തുവെയ്ക്കുന്നു. മറ്റുള്ളവരില്‍ നിന്നും നിക്സനെ വേര്‍തിരിക്കുന്ന സവിശേഷതകളെ കണ്ടെത്തി ബാക്കിയെല്ലാം നീക്കിക്കളയുന്നു.അവശേഷിക്കുന്നത് വീര്‍ത്തുരുണ്ട ഒരു മൂക്കും കട്ടിയായ പുരികവുമായിരിക്കും.ഇവയെ കുറേക്കൂടി വലുതാക്കി വരച്ച് അയാള്‍ നിക്സന്റെ ഒരു ചിത്രമുണ്ടാക്കുന്നു.ആ ചിത്രമാകട്ടെ യഥാര്‍ത്ഥ നിക്സന്റെ ചിത്രത്തെക്കാള്‍ സാമ്യമുള്ളതായിരിക്കുമെന്നതാണ് കൌതുകം.അനുഗ്രഹീതരായ കലാകാരന്മാര്‍ തങ്ങളുടെ ഗംഭീരമായ ചിത്രങ്ങളെ ഈ രീതിയിലാണ് വരയ്ക്കുക.അങ്ങനെ യഥാര്‍ത്ഥ നിക്സനെക്കാള്‍ നിക്സനായിരിക്കുന്ന ഒരു കാരിക്കേച്ചര്‍ നിങ്ങള്‍ക്കു ലഭിക്കുന്നു.അങ്ങനെ എലി പെരുമാറുന്നതുപോലെ നിങ്ങളും പെരുമാറിക്കൊണ്ടിരിക്കുന്നു.
          എലി പെരുമാറുന്നതുപോലെ നിങ്ങളും പെരുമാറിക്കൊണ്ടിരിക്കുന്നു ! എന്തൊരു കൌതുകമുള്ള പ്രസ്താവനയാണ് അതെന്ന് നോക്കുക. ദീര്‍ഘമായ ചതുരം കാണുന്ന എലി അത് ഭക്ഷണം തന്നെയാണ് എന്ന് ചിന്തിക്കുന്നതുപോലെ പൊലിപ്പിച്ചെടുത്ത ഏതാനും വരകളും കുറികളും കാണുന്ന നിങ്ങള്‍ അത് നിക്സന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നു. എലിയെപ്പോലെന്നെ നിങ്ങളും പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്. അതല്ലെങ്കില്‍  വക്രീകരിക്കപ്പെട്ട തില വരകള്‍ എങ്ങനെയാണ് നിക്സനാകുക ? രണ്ടുവലിയ ചെവികളെങ്ങനെയാണ് ഗാന്ധിയാകുക ? ഒരു പതിനൊന്നു മീശ എങ്ങനെയാണ് ഹിറ്റ്‌ലറാകുക? ഒരു നീണ്ട മൂക്കും കുറച്ച് നരച്ച മുടിയിഴകളും എങ്ങനെയാണ് ഇന്ദിരയാകുക ?
            പീക്ക് ഷിഫ്റ്റ് എന്താണെന്ന് ഇതിലും മനോഹരമായി എങ്ങനെയാണ് പറയുക ? നേരെയുള്ള ഒരു നിക്സനെക്കാളും വക്രീകരിക്കപ്പെട്ട നിക്സന്‍ എങ്ങനെയാണ് കൂടുതല്‍ യഥാര്‍ത്ഥ നിക്സനായിരിക്കുക എന്ന് മനസ്സിലാക്കുകയായിരുന്നു നാം. എന്നാല്‍ ഇവയ്ക്ക് കലയുടെ അടിസ്ഥാനവശങ്ങളുമായി എന്തുബന്ധമാണ് ഉള്ളതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രാമചന്ദ്രന്‍ നമ്മെ വീണ്ടും പാര്‍വ്വതി ദേവിയുടെ വെങ്കലശില്പത്തിലേക്ക് ആനയിക്കുന്നു. ഇവിടേയും മുമ്പു സൂചിപ്പിച്ച തത്വങ്ങള്‍ തന്നെയാണ് പ്രയോഗിക്കപ്പെട്ടത്.സ്ത്രൈണ ലൈംഗികതയെ അതിന്റെ മൂര്‍ത്തമദ്ഭാവത്തില്‍ എങ്ങനെയാണ് കലാകാരന്‍ ആവിഷ്കരിച്ചിരിക്കുന്നത് ? അതിനായി അദ്ദേഹം സാധാരണമായ ഒരു സ്ത്രീരൂപം എടുത്തു.അതില്‍ നിന്നും ഒരു സാധാരണ പുരുഷ രൂപത്തെ നിക്കം ചെയ്തു.അവശേഷിക്കുന്നതാകട്ടെ വലിയ സ്തനങ്ങളും വലിയ തുടകളും ഇടുങ്ങിയ അരക്കെട്ടും മാത്രമാകുന്നു. ഈ വ്യത്യാസങ്ങളെ അയാള്‍ ഊതിപ്പെരുപ്പിച്ചെടുത്തു.ഫലമോ ശരീരഘടനാപരമായി കൃത്യതയില്ലാത്തതെങ്കിലും മാദകത്വം നിറഞ്ഞ ഒരു ദേവതാ രൂപം ഉടലെടുത്തുഒരു കാരിക്കേച്ചറിസ്റ്റ് ചെയ്തതുപോലെതന്നെ വ്യത്യാസങ്ങളെ പെരുപ്പിച്ചു കാട്ടുകതന്നെയായിരുന്നു ഇവിടേയും സംഭവിച്ചത്. എന്നാല്‍ വ്യത്യസ്തത നമ്മുടെ ചില ലൈംഗികധാരണകളുമായി ആഴത്തില്‍ വേരുപിണഞ്ഞു കിടക്കുന്നു. അതുകൊണ്ട് വലിയ മുലകളും ഇടുങ്ങിയ അരക്കെട്ടും വലിയ തുടകളും സ്ത്രീതന്നെയായി മാറി. ( ഒരു പക്ഷേ ഇത്രമാത്രമായിരിക്കണം നമ്മുടെ സ്ത്രീസങ്കല്പത്തിന്റെ ആദിപ്രരൂപങ്ങളെന്ന് ചിന്തിച്ചാല്‍‌പ്പോലും അത് തെറ്റാണെന്ന് വരികയില്ല. ദീര്‍ഘദീര്‍ഘമായ ഒരു കാലംമുഴുവന്‍ സ്ത്രീ നമുക്ക് അത്തരത്തിലുള്ള ഒരവയവം മാത്രമായി ചുരുങ്ങിക്കിടക്കുകയായിരുന്നുവല്ലോ.)
          പാര്‍വ്വതിയുടെ സുന്ദരമായ ശില്പം കേവലം ചില വക്രീകരണങ്ങളില്‍ മാത്രമല്ലല്ലോ നിലനിന്നു പോകുന്നത്. വക്രീകരണങ്ങള്‍ പ്രധാനഘടകമായിരിക്കുമ്പോള്‍ത്തന്നെ മറ്റു ചില ഗുണങ്ങളും അവിടെ നമുക്ക് കണ്ടെത്താന്‍‌ കഴിയുന്നില്ലേ ? അവയക്കുറിച്ചു കൂടി മനസ്സിലാക്കാതെ ഈ വിചിന്തം ഇവിടെ അവസാനിപ്പിക്കുവാന്‍ കഴിയില്ല.അതുകൊണ്ട് ചോളകാലത്തെ ആ ശില്പം ഉയര്‍ത്തിപ്പിടിക്കുന്ന പ്രൌഢി, അന്തസ്സ്, തേജസ്സ് മുതലായ ഗുണങ്ങളെക്കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ആ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് അവയില്‍ പീക്ക് ഷിഫ്റ്റ് തത്വം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു തരുന്നു. ഇവിടെ ചോളകാല വെങ്കലശില്പം തീര്‍ത്ത ശില്പി അതിബുദ്ധിമാനാണ്.വസ്തിപ്രദേശത്തിന്റെ ഘടനകൊണ്ടും നട്ടെല്ലിന്റെ വളഞ്ഞ ആകൃതികൊണ്ടും തുടയെല്ലിന്റേയും കഴുത്തെല്ലിന്റേയും കോണസ്ഥിതികൊണ്ടുമൊക്കെ പുരുഷന്മാര്‍ക്ക് ഒരിക്കലും അവലംബിക്കാനാകാത്ത ചില ശരീരവിന്യാസങ്ങള്‍ അഥവാ നില്പുകളുണ്ട്.പാര്‍വ്വതി ദേവി നില്ക്കുന്നതുപോലെ ഒരാണിന് നില്ക്കാനാവില്ല.അങ്ങനെ ആ ശില്പി ഏറെ അമൂര്‍ത്തമായ ഒരു സ്ഥലം സൃഷ്ടിച്ചെടുക്കുന്നു. പോസ്റ്റര്‍ സ്പേയ്സ് അഥവാ വിന്യാസസ്ഥലം എന്നാണ് ഞാനതിനെ വിളിക്കുക.ഇതിനെ ഒരു പുരുഷന്റെ നില്പുമായി തട്ടിച്ച് നോക്കുന്നു.അതിലൂടെ ലഭിക്കുന്നതിനെ വീണ്ടും അതിശയോക്തിപരമായി ചിത്രീകരിക്കുകയും ചെയ്യുന്നു.ഇതിലൂടെ ഏറെ ഭംഗിയാര്‍ന്ന മൂന്നു വളവുകള്‍ ലഭിക്കുകയും ചെയ്യുന്നു (അവസാനിക്കുന്നില്ല )

സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - ഡി സി ബുക്സ് വിവര്‍ത്തകന്‍ ബിബു വി എന്‍
  • The Tell Tale Brain - Ramachandran, V. S.

© മനോജ് പട്ടേട്ട് ||11 May 2020, 11:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1