#ദിനസരികള്‍ 1124 കല വ്യാഖ്യാനിക്കപ്പെടുന്നു.




          യാദൃശ്ചികതയോടുള്ള വെറുപ്പ് (Abhorrence of Coincidence ) എന്ന ആശയത്തെക്കുറിച്ച് ധാരണയൊന്നുമില്ലെങ്കിലും രണ്ടുകുന്നുകളുടെ കൃത്യം മധ്യത്തിലുള്ള ഒരു തെങ്ങിനെക്കാള്‍ ഏതെങ്കിലും വശത്തേക്ക് മാറ്റിവരച്ച തെങ്ങുള്ള രണ്ടു കുന്നുകളുടെ ചിത്രം നമുക്ക് കൂടുതല്‍ ഹൃദ്യമായി തോന്നുന്നു. ചിത്രം എയും ബി യും നോക്കുക.എയില്‍ ഞാനാദ്യം പറഞ്ഞ മധ്യത്തിലുള്ള തെങ്ങിനേയും രണ്ടു കുന്നുകളേയും കാണാം. ബിയില്‍ കുന്നുകളേയും അതോടൊപ്പം ഒരല്പം വലതു വശത്തേക്ക് മാറ്റി വരച്ച തെങ്ങിനേയും കാണാം. നിങ്ങള്‍ സ്വയം ചോദിക്കുക. ഏതു ചിത്രമാണ് കൂടുതല്‍ മനോഹരമായിരിക്കുന്നത്? നിങ്ങളുടെ ഉത്തരം ബി എന്നാണെങ്കില്‍ എന്തുകൊണ്ടാണ് അത് എയെക്കാള്‍ മനോഹരമായിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
          ഇവിടെയാണ് യാദൃശ്ചികതയോടുള്ള വെറുപ്പ് എന്ന ആശയത്തെ രാമചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ആദ്യചിത്രം രാമചന്ദ്രന്റെ ചെറുപ്പത്തില്‍ അദ്ദേഹം തന്നെ വരച്ചതാണ്. അന്ന് ചിത്രകലാ അധ്യാപിക ആ ചിത്രത്തിലെ തെങ്ങിനെ ഒരു വശത്തേക്ക് മാറ്റി വരയ്ക്കാന്‍ അദ്ദേഹത്തോടു നിര്‍‌ദ്ദേശിച്ചു. വിശദീകരണമായി അവര്‍ പറഞ്ഞത് കലയില്‍ യാദൃശ്ചികത അനുവദിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു. എന്നാല്‍ ആ വിശദീകരണം ന്യായമായും ബോധ്യപ്പെടുന്നതായിരുന്നില്ല. കാരണം രണ്ടുകുന്നുകളുടെ ഒത്ത നടുക്ക് ഒരു തെങ്ങ് വളരാനുള്ള എല്ലാ സാധ്യതയുമുണ്ട്. എത്ര ശതമാനം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ശതമാനക്കണക്കില്‍ എത്ര ചെറിയ സാധ്യതയെ കണ്ടെത്താന്‍ കഴിയുമോ അത്രയും ചെറിയ സാധ്യതയ്ക്കെങ്കിലും എന്നാണുത്തരം. എന്നാല്‍ അതുതന്നെയാണ് ഇവിടെ പ്രശ്നമായി മാറുന്നതുമെന്നാണ് രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്.


          എന്തുകൊണ്ട് ? അദ്ദേഹം വിശദീകരിക്കുന്നത് നോക്കുക.ചിത്രം ഒരു യാഥാര്‍ത്ഥ്യമാണെന്ന് കരുതുക.ആലോചിച്ചു നോക്കിയാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എ എന്ന ചിത്രം  ഒരൊറ്റ വീക്ഷണകോണിലൂടെ മാത്രമേ കാണാനാകൂ.എന്നാല്‍ ചിത്രം ബിയിലേത് അനവധി വീക്ഷണ കോണുകളില്‍ നിന്ന് സാധ്യമാകും.ആദ്യത്തേത് അതുകൊണ്ടുതന്നെ തികച്ചും അപൂര്‍വ്വമാണ്.മറ്റേത് തികച്ചും സാധാരണവും ബി പോലെയുള്ള ചിത്രങ്ങള്‍ സര്‍വ്വസാധാരണമായവയില്‍ പെടുന്നു.എ ആകട്ടെ സംശയാസ്പദമായ ഒരു യാദൃശ്ചികതയാണ്.എപ്പോഴും നിങ്ങളുടെ മസ്തിഷ്കം യാദൃശ്ചികത ഒഴിവാക്കാനുള്ള ശ്രമത്തില്‍ ശരിയാകാന്‍ കൂടുതല്‍ സാധ്യതയുള്ള സാധാരണമായ ഒരു വ്യാഖ്യാനം കണ്ടെത്താന്‍ ശ്രമിക്കും.ഇവിടെ അങ്ങനൊന്ന് കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ട് ചിത്രം സാധ്യമാകുന്നില്ല. അതായത് എ എന്ന തികച്ചും അപൂര്‍വ്വമായ ഒരു യാദൃശ്ചികതയാണ്. അതുമായി പൊരുത്തപ്പെട്ടു പോകാന്‍ മസ്തിഷ്കം ചില സ്വഭാവികമായ വ്യഖ്യാനങ്ങളെ തേടുകയും അതിന്റെ അടിസ്ഥാനത്തില്‍ ചിത്രം എ യെ വിലയിരുത്തുകയും ചെയ്യും. എന്നാല്‍ ഇവിടെ ഒരൊറ്റ വീക്ഷണകോണില്‍ നിന്നുള്ള തികച്ചും യാദൃശ്ചികമായ ഒരു കാഴ്ച എന്നതിനപ്പുറം മറ്റൊരു വിശദീകരണവും മസ്തിഷ്കത്തിന് കണ്ടെത്താന്‍ കഴിയാതെ വരികയും ചിത്രം സംശയാസ്പദമായി തുടരുകയും ചെയ്യും



          എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളില്‍ യാദൃശ്ചികതകളെ കൃത്യമായി വ്യാഖ്യാനിച്ചുകൊണ്ട് മസ്തിഷ്കം ഹൃദ്യത കൈവരുത്തുന്നത് ? ഈ ചോദ്യത്തിന് ഉത്തരം മൂന്നു പാക്മാന്‍ രൂപങ്ങളെ സവിശേഷമായി വിന്യസിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ മനശാസ്ത്രജ്ഞനായ ഗെയ്റ്റാലോ കാനിസ സൃഷ്ടിച്ചെടുത്തിരിക്കുന്ന ത്രികോണത്തെ ഉദാഹരിച്ചു കൊണ്ട് രാമചന്ദ്രന്‍ വിശദമാക്കുന്നുണ്ട്.ചിത്രം രണ്ട് നോക്കുക. മൂന്നു വൃത്തങ്ങളെ ഭാഗികമായി മറച്ചിരിക്കുന്ന ഒരു വെള്ള ത്രികോണത്തെ ഈ ചിത്രത്തില്‍ നിങ്ങള്‍ കാണുന്നു. എന്നാല്‍ ഇവിടെ അങ്ങനെയൊരു ത്രികോണമില്ല എന്നതാണല്ലോ വസ്തുത.പരസ്പരം പ്രത്യേക രീതിയില്‍ തിരിഞ്ഞിരിക്കുന്ന പാക്മാന്‍ രൂപങ്ങള്‍ മാത്രമാണ് അവ. പക്ഷേ ആ തിരിയലിനെ വേണ്ട പോലെ സ്ഥാപിച്ചുകൊണ്ട് കാനിസ ഒരു ത്രികോണം സ്ഥാപിച്ചു എന്നേയുള്ളു. ഇതു കാണുന്ന നിങ്ങള്‍ എന്താണ് ചിന്തിക്കുക ? രാമചന്ദ്രന്‍ പറയുന്നു :-“ ഈ മൂന്നു പാക്മാന്‍മാര്‍ യാദൃശ്ചികമായി കൃത്യം ഇതുപോലെ ക്രമമായി വരാന്‍ എത്രമാത്രം സാധ്യതയുണ്ട് ? ഇതില്‍ സംശയാസ്പദമായ യാദൃശ്ചികത ധാരാളമുണ്ട്.കൂടുതല്‍ സാധ്യതയുള്ള ഒരു വിശദീകരണം, അതാര്യമായ ഒരു വെള്ളത്രികോണം മൂന്നു കറുത്ത വൃത്തങ്ങളെ മറയ്ക്കുന്നതാണ് അവിടെ കാണുന്നതെന്നതാണ്.ശരിക്കും ത്രികോണത്തിന്റെ അരികുകള്‍ നിങ്ങള്‍ കാണുന്നുണ്ട് എന്ന മിഥ്യാധാരണ പോലും നിങ്ങള്‍ക്കുണ്ടാകും അങ്ങനെ ഈ സംഭവത്തില്‍ നിങ്ങളുടെ ദൃശ്യവ്യവസ്ഥ യാദൃശ്ചികത വിശദീകരിക്കാന്‍ (ഒഴിവാക്കാന്‍ എന്നും പറയാം ) നല്ലതെന്നു തോന്നുന ഒരു വ്യാഖ്യനവുമായി വരുന്നു. മലകളുടെ നടുവിലുള്ള മരത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ മസ്തിഷ്കം യാദൃശ്ചികതയ്ക്ക് ഒരു വിശദീകരണം നല്കുവാന്‍ യത്നിക്കുകയും അങ്ങനെയൊന്ന് ഇല്ലാത്തതുകൊണ്ട് അലോസരപ്പെടുകയും ചെയ്യുന്നു


            ഇവിടെ കാര്യങ്ങള്‍ ഇപ്പോല്‍ കൂടുതല്‍‌ വ്യക്തമാണ്. കൂടുതല്‍‌ സാധ്യതകള്‍ ഉണ്ട് എങ്കില്‍ നമുക്ക് അതു ഹൃദ്യമായി തോന്നുകയും ഒന്നുമില്ലാത്ത അവസ്ഥയില്‍ ആ യാദൃശ്ചികത ഇനി സത്യമാണെങ്കില്‍ പോലും നാം അവിശ്വസിക്കുകയും ചെയ്യുന്നു. ഇവിടെ നമുക്ക് ഫോട്ടോഗ്രഫിയിലെ സുപ്രധാനമായ റൂള്‍ ഓഫ് തേഡ് എന്ന നിയമത്തെ പരിശോധിക്കുക. തുല്യമായി വിഭജിക്കപ്പെട്ട ഒമ്പത് കളങ്ങളില്‍ പരസ്പരം ബന്ധിപ്പിക്കുന്ന നാലുപോയിന്റുകളുണ്ടാകും. ഒത്ത നടുവ് ഒഴിവാക്കിക്കൊണ്ട് ആ പോയിന്റുകളോട് ചേര്‍ന്നു നില്ക്കുന്ന വിധത്തില്‍ കമ്പോസിംഗ് നടത്തിയാല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് ഉണ്ടാകുമെന്നാണ് നിയമം പറയുന്നത്.അങ്ങനെ എടുക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഈ നിയമം ലംഘിക്കുന്ന ചിത്രങ്ങളെക്കാള്‍ എത്രയോ ഭംഗിയുണ്ടാകുമെന്നത് നമുക്ക് അനുഭവം കൊണ്ടറിയാം. (അപവാദങ്ങളില്ലെന്നല്ല, എന്നാല്‍ ആ നേരങ്ങളില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ അത് വിശദീകരിക്കുവാന്‍   ഒന്നിലധികം സാധ്യതകളുണ്ടാകുമെന്നതാണ് കാര്യം.പാക്മാന്‍‌മാരുടെ ത്രികോണം പോലെ ) അതായത് ഒത്ത നടുവ് എന്നത് അപൂര്‍വ്വമായ ഒരു യാദൃശ്ചികതയാണ്. അതിനെ നിഷേധിക്കുകയെന്നത് മസ്തിഷ്കത്തിന്റെ സ്വഭാവവുമാണ്. അതുകൊണ്ട് ഒരു പരിചയ സമ്പന്നനായ ഫോട്ടോഗ്രാഫര്‍ അത്തരം യാദൃശ്ചികതകളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിത്രത്തിന് പരമാവധി സ്വാഭാവികതയെ കൈവരിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നു. യാദൃശ്ചികതയോടുള്ള വെറുപ്പ് എന്ന ആശയത്തെ മനസ്സിലാക്കാനും ഫലപ്രദമായി വ്യാഖ്യാനിക്കാനും ഫോട്ടോഗ്രാഫിയിലെ റൂള്‍ ഓഫ് തേഡ് ഇങ്ങനെയാണ് സഹായകമാകുന്നത്.
          അടുത്തത് ക്രമമാണ്.(Orderliness ) നമുക്ക് ഏറെ ഇഷ്ടപ്പെട്ടതും അധികം വിശദീകരിക്കേണ്ടതില്ലാത്തതുമായ കനപ്പെട്ട ഒരാശയമാണ് ക്രമം. അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് ഒരെണ്ണം പുറത്തേക്ക് തെറിച്ചു നിന്നാല്‍ നാം അസ്വസ്ഥരാകുന്നു. അതെങ്ങനെയെങ്കിലും ക്രമപ്പെടുത്തിയാലേ നമുക്ക് സ്വസ്ഥത കിട്ടുകയുള്ളു. അതുകൊണ്ട് നാം ഉടനടി അത് നിരയോടൊപ്പം ക്രമീകരിക്കുന്നു. എന്നിട്ട് തല ചെരിച്ചു പിടിച്ച് ക്രമീകരിക്കപ്പെട്ടോ എന്ന് നിരീക്ഷിക്കുന്നു. ആകാശത്തിലൂടെ പറക്കുന്ന കൊക്കുകളെ നോക്കുക. അവയ്ക്ക് ഒരു ക്രമമുണ്ട്. വ്യക്തമായി ക്രമീകരിക്കപ്പട്ടെ ഒരു സൈനികസംഘത്തെപ്പോലെ അത് < എന്ന ആകൃതിയിലാണ് അവ പറക്കുക. അതു കാണുമ്പോള്‍ നാം രസിക്കുന്നു. സ്വസ്ഥത അനുഭവിക്കുന്നു. എല്ലാം ക്രമത്തില്‍ തന്നെ എന്നാശ്വസിക്കുന്നു.എന്നാല്‍ ചില സായാഹ്നങ്ങളില്‍ ആകാശം മറച്ചുകൊണ്ട് വാവലുകള്‍ പറക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? എല്ലാ അര്‍ത്ഥത്തിലും അക്രമമാണ് അവിടെ നടക്കുന്നത്.അതു കാണുന്ന നമുക്ക് ഒരുതരം ഭയമാണുണ്ടാകുക. അതായത് ആ ക്രമമില്ലായ്മയെ മനസ്സ് അംഗീകരിക്കുന്നില്ലെന്ന് അര്‍ത്ഥം.എന്നാല്‍ ഈ പൊതുവായ സങ്കല്പത്തിനും അപവാദങ്ങളുണ്ട് എന്നതും കാണാതിരിക്കരുത്.
          ക്രമത്തേയും ചിലപ്പോഴെങ്കിലും ക്രമമില്ലായ്മയേയും പരിഗണിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇങ്ങനെ എഴുതുന്നു –“ ക്രമം പ്രവചനക്ഷമത എന്നിവയില്‍ നിന്നുള്ള വ്യതിചലനം ചിലപ്പോഴെങ്കിലും ഡിസൈനര്‍മാരും കലാകാരന്മാരും ഹൃദ്യമായ ഫലം ലഭിക്കുവാന്‍ പ്രയോഗിക്കാറുണ്ട്.അപ്പോള്‍ എന്തുകൊണ്ടായിരിക്കും ചെരിഞ്ഞ പോലുള്ള വ്യതിയാനങ്ങള്‍ വൃത്തികേടായി കാണപ്പെടുമ്പോള്‍ മറ്റു ചിലവ , ഉദാഹരണമായി താടിയുടേയും മൂക്കിന്റേയും ഒത്ത മധ്യത്തില്‍ വരേണ്ടതിനു പകരം സിന്‍ഡി ക്രാഫോണിന്റെ അധരകോണില്‍  അസന്തുലിതമായി കാണപ്പെടുന്ന അലങ്കാര മറുക് ആകര്‍ഷണീയമായി തോന്നാല്‍ കാരണമെന്താണ്? കലാകാരന്‍ വളരെ മുഷിപ്പനായ അതികൃത്യതയും സമ്പൂര്‍ണമായ അലങ്കോലപ്പെടലും തമ്മിലൊരു തുലനം കൈവരിക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു.ഉദാഹരണത്തിന് ഒരു ദേവതാ ശില്പത്തിന് വലയം തീര്‍ക്കാന്‍‌ ആവര്‍ത്തിക്കപ്പെടുന്ന ചെറുപുഷ്പങ്ങളുടെ ഒരു അലങ്കാരം അവര്‍ ഉപയോഗിക്കുന്നുവെന്നിരിക്കട്ടെ.അതില്‍ കുറച്ച് വലിയ പൂക്കള്‍ കൃത്യമായ ഇടവേളകളില്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിനുമുകളില്‍ ഒന്നായി ആവര്‍‌ത്തിക്കുന്ന രണ്ടു വ്യത്യസ്ത താളക്രമങ്ങള്‍ സൃഷ്ടിച്ച് അവര്‍ത്തനവിരസത ഒഴിവാക്കാന്‍ ശ്രമിച്ചേക്കാം.രണ്ട് ആവര്‍ത്തനങ്ങളുടേയും ക്രമത്തില്‍ ഗണിതശാസ്ത്രപരമായ എന്തെങ്കിലും പ്രത്യേക ബന്ധം വേണമോ രണ്ടും തമ്മില്‍ ഏതൊക്കെ തരത്തിലുള്ള വ്യതിയാനങ്ങള്‍ അനുവദനീയമാണ് എന്നതെല്ലാം ഇനിയും കണ്ടെത്തേണ്ട നല്ല ചോദ്യങ്ങളാണ്.”*
          പ്രകൃതിയ്ക്ക് ക്രമത്തോട് പ്രത്യേക മമതയുണ്ടെന്ന് നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. അവിടെ എല്ലാത്തിനും പലപ്പോഴും ചില കണക്കുകളുണ്ട്. സൂര്യകാന്തിപ്പൂവിന്റെ ഇതളുകളും അതിന്റെ വിത്തുകളും വിന്യസിച്ചിരിക്കുന്നതും നമ്മുടെ തെങ്ങിന്റെ ഓല ക്രമപ്പെടുത്തിയിരിക്കുന്നതുമൊക്കെ ചില സുവര്‍ണഅനുപാതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.അവയൊക്കെയും ഒരു ക്രമത്തെ ഉല്പാദിപ്പിക്കുയും കാഴ്ചയുടെ ശീലങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. (കനകാനുപാതത്തെക്കുറിച്ചും (Golden Ratio ) ചിത്രകാരന്മാരും ശില്പികളുമൊക്കെ അതു ഉപയോഗിച്ചിരിക്കുന്ന രീതികളെക്കുറിച്ചുമൊക്കെ പഠിച്ചു നോക്കുന്നത് സൌന്ദര്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് രസകരമായിരിക്കും.നല്കിയിരിക്കുന്ന സൂര്യകാന്തിയുടെ ചിത്രം നോക്കുക )




          കാലിഡോസ്കോപ്പ് കൊണ്ട് കളിച്ചിട്ടുള്ള ഏതൊരു കുട്ടിയും താജ്മഹല്‍ കണ്ടിട്ടുള്ള ഏതൊരു കമിതാവും സമമിതിയുടെ (Symmetry ) യുടെ മായാവലയത്തില്‍ പെട്ടുപോയിട്ടുണ്ടാകും.ഡിസൈനര്‍മാര്‍ അതിന്റെ വശ്യത തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കവികള്‍ പുകഴ്ത്താന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സമസമിതിയുള്ള വസ്തുകള്‍ (Symmetrical Objects ) എന്തുകൊണ്ട് സുന്ദരമാകണം എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് രാമചന്ദ്രന്‍ കലയെക്കുറിച്ചുള്ള സാര്‍വ്വലൌകിക തത്വങ്ങളിലെ സമമിതി വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
            സമമിതി നമുക്ക് ഏറെ പരിചയമുള്ളതും അതിലേറെ പ്രിയപ്പെട്ടതുമാണന്ന കാര്യത്തില്‍‌ തര്‍ക്കമില്ല.ഒരു മുഖത്തിന്റെ രണ്ടുവശങ്ങളും ഏറെക്കുറെയെങ്കിലും ഒരേപോലെയായിരിക്കണമെന്ന് നാം ചിന്തിക്കുന്നു. അങ്ങനെയല്ലാത്തവരെ വിരൂപമെന്നാണ് നാം വിലയിരുത്തുക.എന്നാല്‍  രാമചന്ദ്രന്‍ പറഞ്ഞതുപോലെ എന്തുകൊണ്ട് സമമിതി എന്ന് നാം ചിന്തിക്കാറില്ല. അങ്ങനെയായിരിക്കുന്നത് സ്വഭാവികമാണെന്നും അതുകൊണ്ടുതന്നെ അത് മനോഹരമായിരിക്കുന്നുവെന്നും ആശ്വസിച്ച് നാം പിന്തിരിയുന്നു. ഇവിടെയാകട്ടെ ഇനി പിന്തിരിയാനാകാത്ത വിധത്തില്‍ സമമിതിയെ നമുക്ക് ചര്‍ച്ചയ്ക്ക് എടുക്കേണ്ടിവരുന്നു.അതോടൊപ്പംതന്നെ ക്രമത്തിന്റെ കാര്യത്തില്‍ നാം ചര്‍ച്ച ചെയ്തതുപോലെ ചിലപ്പോഴെല്ലാം അസമമിതി , സമമിതിയെക്കാള്‍ കൂടുതല്‍ സുന്ദരങ്ങളായിരിക്കുന്നതെന്തുകൊണ്ട് എന്നും നമുക്ക് ആലോചിക്കേണ്ടിവരുന്നു. രാമചന്ദ്രന്റെ വിശദീകരണത്തെത്തന്നെ ആശ്രയിക്കുക രണ്ടുതരം പരിണാമ സമ്മര്‍ദ്ദങ്ങള്‍ സമമിതിയുടെ ആകര്‍ഷണത്തിന്റെ വിശദീകരണമാകം.കാഴ്ചയുടെ ആവിര്‍ഭാവം പ്രധാനമായും വസ്തുക്കളെ കണ്ടെത്താനായിട്ടാണ്.ഒഴിഞ്ഞു മാറുക , ഇണചേരുക, ഭക്ഷിക്കുക, പിടികൂടുക അങ്ങനെ എന്തിനുവേണ്ടിയാണെങ്കിലും വസ്തുക്കളെ കണ്ടെത്തേണ്ടതുണ്ട് എന്ന വസ്തുതയെ ആസ്പദമാക്കിയാണ് ആദ്യത്തെ വിശദീകരണം.എല്ലായ്പ്പോഴും നിങ്ങളുടെ ദൃശ്യമണ്ഡലം നിറയെ വസ്തുക്കളാണ്.വൃക്ഷങ്ങള്‍ വീണുകിടക്കുന്ന മരത്തടികള്‍ നിലത്തു നിറയെ നിറമുള്ള പാടുകള്‍ ,കുത്തിയൊഴുകുന്ന അരുവികള്‍ , മേഘങ്ങള്‍ , പാറകളുടെ തള്ളിനില്ക്കുന്ന ഭാഗങ്ങള്‍ അങ്ങനെയങ്ങനെ.നിങ്ങളുടെ മസ്തിഷ്കത്തിന് ശ്രദ്ധിക്കാനുള്ള കഴിവ് പരിമിതമായതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ളയിടത്തുതന്നെ ശ്രദ്ധ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ സാമാന്യ നിയമങ്ങളായിരിക്കും അതുപയോഗിക്കുക? മസ്തിഷ്കം ഒരു മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കുന്നതെങ്ങനെ ? പ്രകൃതിയില്‍ പ്രധാനം എന്നാല്‍ ഇര , ഇരപിടിയന്‍ , ഒരേ സ്പീഷിസിലെ അംഗം അല്ലെങ്കില്‍ ഇണ മുതലായ ജൈവവസ്തുക്കള്‍  എന്നാണ് അര്‍ത്ഥമാക്കുന്നത്.ഇവയ്ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട് : സമമിതിഅതായത് കാഴ്ച പരുവപ്പെട്ടിരിക്കുന്നത് ആവശ്യങ്ങളെ നിശ്ചയിക്കാനും അതിനനുസരിച്ചുള്ള ക്രമപ്പെടുത്തലുകള്‍ നടത്താനുമാണ്. അതുകൊണ്ട് ആ പ്രാധാന്യമനുസരിച്ച് രൂപാത്മകം എന്നതിനെക്കാള്‍ ഭാവാത്മകമായി, ഭാവാത്മകം എന്നതിനെക്കാള്‍ ആവശ്യങ്ങളുടെ പ്രാധാന്യമനുസരിച്ച് വസ്തുക്കളെ നാം ക്രമപ്പെടുത്തുന്നു.ആ ക്രമപ്പെടുത്തലാണ് സമമിതിയുടെ തുടക്കം കുറിയ്ക്കുന്നതും നമ്മെ ആകര്‍ഷിച്ച് അടുപ്പിച്ച് നിറുത്തുന്നതും. രണ്ടാമത്തേതാകട്ടെ പല തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന മുഖങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ആശയമാണ്.മുഖങ്ങളുടെ രണ്ടു വശങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഏതെങ്കിലും തരത്തിലുള്ള അണുബാധയുടെ ഫലമായിരിക്കാം എന്നു നാം ചിന്തിക്കുന്നു. ഒരു വശം കോടിയ മത്തങ്ങ ഈച്ച കുത്തിയതാണെന്നോ ഏതെങ്കിലും കീടങ്ങളുടെ ആക്രമണങ്ങള്‍ കൊണ്ടാണെന്നോ ചിന്തിക്കുന്നതുപോലെത്തന്നെയാണ് ഇവിടേയും കാര്യങ്ങള്‍ . അസമമിതമായ മുഖം അനാരോഗ്യത്തിന്റെ ലക്ഷണമായി മാറുന്നു.അപ്പോള്‍ സുന്ദരമായിരിക്കുന്നത് സ്വഭാവികമായും സമമിതിയുള്ളതായിരിക്കുമെന്ന് നമ്മുടെ ദൃശ്യവ്യവസ്ഥ ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ സുന്ദരമായിരിക്കുന്നത് സമമിതിയുണ്ടായിരിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കുന്നു.ആകെത്തുകയില്‍ ശ്രദ്ധിക്കുക എന്ന പ്രവര്‍ത്തി പ്രാധാന്യമനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്നതിനാല്‍ മസ്തിഷ്കം പ്രധാനപ്പെട്ടത് ആദ്യം എന്ന നിലയില്‍ അടുക്കിവെയ്ക്കാനുള്ള പ്രവണത കാണിക്കും. അതുകൊണ്ട് സമമിതിയുള്ളതിനോട് കൂടുതല്‍ ഐക്യപ്പെടുക തന്നെ ചെയ്യും. അപവാദങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു മുറിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന വീട്ടുസാധനങ്ങള്‍ മറ്റനുബന്ധങ്ങളും സമമിതിയിലായിരിക്കില്ലെന്ന് ഗ്രന്ഥാകാരന്‍ അടിവരയിടുന്നുണ്ട്. ഒരു പക്ഷേ അവിടെ സമമിതിക്കുള്ള ശ്രമം ബാലിശമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുറിയെ സംബന്ധിച്ച് ശ്രദ്ധാപൂര്‍വ്വം വിന്യസിക്കുന്ന അസമമിതിയിലാണ് സൌന്ദര്യം എന്ന കണ്ടെത്തല്‍ യാദൃശ്ചികതകളോട് അപ്രിയം കാണിക്കുമെന്ന തത്വത്തേയും മുന്‍നിറുത്തി സ്ഥാപിച്ചെടുക്കുന്നുണ്ട്.
           
         

സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - വി എസ് രാമചന്ദ്രന്‍ . വിവര്‍ത്തകന്‍ ബിബു വി എന്‍ , ഡി സി ബുക്സ്
  • The Tell Tale Brain - Ramachandran, V. S , വിവര്‍ത്തകന്‍ - രവിചന്ദ്രന്‍ സി.( എല്ലാ ഭാഷാന്തരങ്ങളും ഈ പുസ്തകത്തില്‍ നിന്നാണ് )


© മനോജ് പട്ടേട്ട് ||15 May 2020, 01:00 PM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1