#ദിനസരികള്‍ 1122 കല വ്യാഖ്യാനിക്കപ്പെടുന്നു.




            നഗ്നത നമ്മെ ആകര്‍ഷിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ പൂര്‍ണമായ നഗ്നത പൂര്‍ണമായും ഭാഗികമായ നഗ്നത ഭാഗികമായുമാണ് ആകര്‍ഷിക്കുന്നത് എന്ന് പറയനാകുമോ ? കേള്‍ക്കുമ്പോള്‍ ശരിയെന്ന് തോന്നിപ്പിച്ചേക്കാവുന്ന ഈ പ്രസ്താവന തികച്ചും തെറ്റാണെന്ന് തെളിയിക്കുന്ന നിരവധിയായ നിരീക്ഷണങ്ങളുണ്ട് കാര്യങ്ങള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്നാണ് ആ നിരീക്ഷണങ്ങള്‍ നമുക്ക് മുന്നറിയിപ്പു നല്കുന്നത്.അതായത് പൂര്‍ണമായ നഗ്നത ഭാഗികമായും ഭാഗികമായ നഗ്നത പൂര്‍ണമായും നമ്മുടെ ശ്രദ്ധയെ ആവാഹിക്കുന്നുവെന്നുതന്നെ.സുന്ദരിയായ ഒരു യുവതിയുടെ പരിപൂര്‍ണനഗ്നയായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നുവെന്നിരിക്കട്ടെ. അതേ യുവതിതന്നെ സുതാര്യമായ നനുത്ത വസ്ത്രത്തിനുള്ളില്‍ വളരെ കലാകുശലതയോടെ തന്റെ നഗ്നതയെ ഭാഗികമായി മറച്ചുകൊണ്ടുള്ള ഒരു ചിത്രവും നോക്കുക.രണ്ടാമത്തെ ചിത്രത്തെ  നമുക്ക് കൂടുതല്‍ ആകര്‍ഷണീയമായും സൌന്ദര്യാത്മകമായും അനുഭവപ്പെടും. നമ്മള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ നഗ്നതയാണ്. അതില്‍ നിന്ന് പ്രതീക്ഷിക്കുന്നതോ കൂടുതല്‍ സന്തോഷവും . എന്നാല്‍ സംഭവിക്കുന്നതോ കുറഞ്ഞ നഗ്നതയില്‍ നിന്നും കൂടുതല്‍ സന്തോഷം എന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്  എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
          ഈ ചോദ്യത്തെ രാമചന്ദ്രന്‍ ഇങ്ങനെ നേരിടുന്നത് Perceptual Problem Solving അഥവാ അവബോധത്തിലൂടെയുള്ള പ്രശ്നപൂരണം എന്ന ആശയത്തെ മുന്‍‌നിറുത്തിയാണ്. അദ്ദേഹം പ്രകടിപ്പിച്ച കലയുടെ സാര്‍‌വ്വ ലൌകിക തത്വങ്ങള്‍ എന്ന പത്ത് ആശയങ്ങളിലെ മൂന്നാമത്തേതാണ് ഇതെന്നുകൂടി ഓര്‍മ്മിക്കുക. ഞാന്‍ മുമ്പു പറഞ്ഞതുപോലെ നമ്മുടെ മസ്തിഷ്കത്തിന് ഏറെ പ്രച്ഛന്ന വേഷങ്ങളും ഒളിച്ചു കളികളും നിറഞ്ഞ ഒരു പശ്ചാത്തലത്തിലൂടെയാണ് വികാസം പ്രാപിച്ചത്.കനത്ത മൂടല്‍ മഞ്ഞിലൂടെ നിങ്ങള്‍ നിങ്ങളുടെ ഇണയെ പിന്തുടരുകയാണെന്ന് വിചാരിക്കൂ.അപ്പോഴെന്താണ് സംഭവിക്കുന്നത് ? അവളുടെ ഭാഗികമായ ഏതു ദര്‍ശനവും നിങ്ങളെ കൂടുതല്‍ സന്തുഷ്ടനാക്കുകയും കൂടുതല്‍ തിരയലിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.നിങ്ങള്‍ നിരാശയോടെ തിരച്ചില്‍ അവസാനിപ്പിക്കില്ല തന്നെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ മസ്തിഷ്കത്തിലെ വൈകാരിക കേന്ദ്രങ്ങളിലൂടെ നാഡീബന്ധങ്ങള്‍ പ്രശ്നപരിഹാരത്തിനായി നടത്തുന്ന തിരച്ചില്‍ സന്തോഷകരമായ ഒന്നാണെന്ന് തീര്‍പ്പുകല്പിക്കുന്നു.അവസാനത്തെ ആഹായ്ക്ക് മുമ്പായി ഒരു ജിഗ്സോ പസിലുമായി ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം പോലെയുള്ള ഒന്ന്.അതുപോലെത്തന്നെ ഒരിക്കല്‍ കൂടി മസ്തിഷ്കത്തില്‍ കൂടുതല്‍ സന്തോഷം നിറയ്ക്കുന്നതിനു തന്നെയാണ് ഇവിടേയും ശ്രമം.കലാസ്വാദനത്തെ അതിനാല്‍ത്തന്നെ രതിമൂര്‍ച്ഛയ്ക്കു മുന്നേയുള്ള പ്രാരംഭകേളീവേളയായി കരുതാവുന്നതാണ്.  
            അതായത് പൂര്‍ണമായും തുറന്നിട്ട ഒരാശയം അതൊരു - ശരീരംതന്നെയാകട്ടെ അതു നമ്മുടെ ആകാംക്ഷകളെ അവസാനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സന്തോഷത്തിനുള്ള സാഹചര്യം കണ്ടെത്താനുള്ള പ്രയത്നത്തെ പിന്നോട്ടടിക്കുന്നു.അവിടെ മാസ്മരികതകളൊന്നും അവശേഷിക്കുന്നില്ലെന്ന് നാം നമ്മെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. അതോടുകൂടി തിരച്ചില്‍ അവസാനിപ്പിക്കുയും മനസ്സ് പിന്തിരിയുകയും ചെയ്യുന്നു.
          ഇവിടെ നമുക്ക് വള്ളത്തോളിന്റെ ഏറെ പ്രശസ്തമായ നാലുവരികളെ എടുക്കാം. പാര്‍വ്വതി കുളിക്കാന്‍ പോകുന്നതിനു മുമ്പായി എണ്ണയൊക്കെ തേച്ചിരിക്കുന്ന ഒരവസ്ഥയെ ശിവന്‍ നേരിട്ടു കാണുന്നതാണ സാഹചര്യം
                   എണ്ണ തോല്ക്കുമുടലില്‍ സുഗന്ധിയാ
                   മെണ്ണ തേച്ചരയിലൊറ്റ മുണ്ടുമായ്
                   തിണ്ണ മേലമരുമാ നതാംഗി മു-
                   ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം എന്നാണ് ആ കാഴ്ചയെ വള്ളത്തോള്‍ നമുക്ക് അനുവദിച്ചു തരുന്നത്.ഒരൊറ്റമുണ്ടില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഭംഗിയില്ലാതിരുന്നെങ്കില്‍ ആ ശ്ലോകം അഥവാ കാഴ്ച ഇത്രത്തോളം ഉത്സവമാകുമായിരുന്നോ? ഇമ്പം നല്കുമായിരുന്നോ ? ഉത്തരം നിങ്ങളോരുരുത്തരും സ്വയം ചോദിച്ചു തന്നെ കണ്ടെത്തുക.
          അപ്പോള്‍ ഇനിയും വായിച്ചെടുക്കാന്‍ എന്തെങ്കിലുമുണ്ട് എന്ന് തോന്നിപ്പിക്കുന്ന കലകളോടാണ് ശരീരങ്ങളോടെന്ന പോലെ പിന്നെയും ആകര്‍ഷണം തോന്നുക.എല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ ആകാംക്ഷ ശമിക്കുകയും നാം പിന്തിരിയുകയും ചെയ്യും. നമ്മുടെ ജീവിതത്തിന്റെതന്നെ വിവിധ മേഖലകളെ ഈ ആശയത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തമായി  മനസ്സിലാക്കുവാന്‍ ഇപ്പോള്‍ നമുക്ക് കഴിയുന്നു. വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ചോദ്യത്തിന്റെ പ്രസക്തിയും അക്കരപ്പച്ചയുടെ സാംഗത്യവും നമുക്ക് മനസ്സിലാകുന്നു.
          നാലാമത്തേത് ഒറ്റപ്പെടുത്തല്‍ അഥവാ Law of Isolation ആണ്.തൊട്ടുകഴിഞ്ഞ ആശയത്തിന്റെ വിശകലനത്തില്‍ മറച്ചു വെച്ചിരിക്കുന്ന ചില അഴകുകള്‍ പൂര്‍ണമായും വെളിപ്പെട്ടിരിക്കുന്ന അഴകുകളെക്കാള്‍ വൈകാരികമായി നമ്മെ ഉത്തേജിപ്പിക്കുന്നുവെന്ന് നാം കണ്ടു. പിക്കാസോയോ റോഡോ ക്ലിന്റോ ഒക്കെ അവ്യക്തമായി കോറിയിട്ട ഒരു നഗ്നചിത്രത്തിന് സചിത്ര പിന്‍ അപ് ചിത്രങ്ങളെക്കാള്‍ വികാരോത്തേജനം സാധ്യമാകും. അതുപോലെതന്നെ ലാസ്ക്കോസ് ഗുഹകളിലെ കാര്‍ട്ടൂണ്‍ പോലെയുള്ള കാളക്കൂറ്റന്മാരുടെ രേഖാചിത്രങ്ങള്‍ നാഷണല്‍ ജ്യോഗ്രാഫിക് മാസികയിലെ യഥാര്‍ത്ഥ കാളയുടെ ചിത്രത്തെക്കാള്‍ ശക്തിമത്താണ്.അതിനാല്‍ത്തനെ അല്പമെന്ന് പറയുന്നത് അധികമെന്ന സമ്മതിക്കുകയാവും. പക്ഷേ എന്തുകൊണ്ടാണ് എല്ലാം ഇങ്ങനെ ? കൂടുതല്‍ ആഹാകളെ ഉത്തേജിപ്പിക്കുക എന്നതു ലക്ഷ്യമിടുന്ന ആദ്യസിദ്ധാന്തത്തിന് തീര്‍ത്തും കടകവിരുദ്ധമല്ലേ അപ്പോള്‍ ഇത് ? ഒരു പിന്‍അപ് ചിത്രത്തിലോ ഒരു മൂന്നുപേജ് ഫോട്ടോയിലോ നിങ്ങള്‍ക്ക് കൂടുതല്‍ വിശാദംശങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും. അതാകട്ടെ നിങ്ങളുടെ മസ്തിഷ്കത്തിനുള്ളിലെ കൂടുതല്‍ മേഖലകളെ , ന്യൂറോണുകളെ ഉത്തേജികമാക്കുകയും ചെയ്യണം. എന്നിട്ടും അവ എന്തുകൊണ്ട് അത്യധികം സൌന്ദര്യാത്മകമാകുന്നില്ല ? “
            അതായത് കുറച്ചു പ്രദര്‍ശിപ്പിക്കപ്പെടുന്ന യുവതിയുടെ ചിത്രമുല്പാദിപ്പിക്കുന്നയത്ര സന്തോഷം മുഴുവന്‍ തന്നെ പ്രദര്‍ശിപ്പിക്കുന്ന യുവതി നമ്മില്‍ ഉല്പാദിപ്പിക്കുന്നില്ലെന്നു വന്നാല്‍ അതിത്തിരി കുഴപ്പം പിടിച്ച ഒരേര്‍പ്പാടു തന്നെയാണ്. സൈദ്ധാന്തികമായി കൂടുതല്‍ തുറസ്സുകള്‍ കൂടുതല്‍ ന്യൂറോണുകളെ ഉത്തേജിപ്പിക്കുക തന്നെ വേണം. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ലെന്ന് മാത്രവുമല്ല നേരെ എതിരായി നിലകൊള്ളുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാകുന്നു.
          ഈ വിരോധാഭാസത്തെ ശ്രദ്ധ അഥവാ അറ്റന്‍ഷന്‍ എന്ന പ്രതിഭാസത്തെ മുന്‍നിറുത്തി വിശദമാക്കാന്‍ കഴിയും. ഒരേ സമയം ഒന്നിലധികം കേന്ദ്രങ്ങളിലേക്ക് ശ്രദ്ധയെ വിഘടിപ്പിച്ചുകൊണ്ടുപോകുവാന്‍ കഴിയുകയില്ല എന്നത് വസ്തുതയാണ്. നമ്മുടെ മസ്തിഷ്കത്തില്‍ നൂറു ബില്യന്‍ നാഡീ കോശങ്ങള്‍ ഉണ്ടെങ്കിലും ഉണ്ടെങ്കിലും ഒരേ പോലെയുള്ള രണ്ടു പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു സംഭവിക്കുകയില്ല.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അവിടെ ശ്രദ്ധ എന്ന പ്രതിഭാസം തീര്‍ക്കുന്ന കടമ്പയാണുള്ളത്.ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നതെല്ലാം ഒരേ സമയം ഒരേയിടത്തേക്ക് മാത്രമേ കേന്ദ്രീകരിക്കുകയുള്ളുഈയൊരു ആശയം നമുക്ക് വളരെ നേരത്തെതന്നെ അറിയാവുന്നതാണ്. എന്നാല്‍ ഇതെങ്ങനെയാണ് കലയില്‍ പ്രവര്‍ത്തിക്കുക എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാകുന്നു.അതായത് ഡീറ്റെയില്‍സ് നിറഞ്ഞ് വിശാലമായ ഒരു സ്ഥലത്തെ ഉപജീവിച്ച് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിശദമായ ഒരു ചിത്രം വളരെ കുറഞ്ഞ വരകളില്‍ ആരചിക്കപ്പെട്ടിരിക്കുന്ന ഒന്നിനെക്കാള്‍ താരതമ്യേന കുറഞ്ഞ സംവേദനക്ഷമത പുലര്‍ത്തുക എങ്ങനെ എന്നാണ് ചോദ്യം.അവിടെയാണ് കേന്ദ്രീകരിക്കപ്പെടുന്ന ഒറ്റപ്പെടുത്തല്‍ എന്ന ആശയം ഉത്തരമായി വരുന്നത്.
          ഒരു മൂന്നു പേജ് യുവതിയുടെ അഴകളവുകളെയും നനുത്ത അതിര്‍ത്തിപ്രദേശങ്ങളേയുമെല്ലാം കുറിച്ചുള്ള അവളുടെ ഒരു രേഖാചിത്രത്തിലൂടെ കോറിയിടാനാകും.അവളുടെ നഗ്ന സൌന്ദര്യത്തെ സംബന്ധിച്ചിടത്തോളം തൊലിയുടെ നിറം തലമുടിയുടെ നിറം എന്നിവയെല്ലാം അപ്രസക്തമാണ്.ഈ അപ്രസക്തമായ വിശദാംശങ്ങളെല്ലാം കൂടി സാധാരണഗതിയില്‍ ചിത്രത്തില്‍ തിങ്ങി നിറയുകയും യഥാര്‍ത്ഥ ശ്രദ്ധ ലഭിക്കേണ്ട നിമ്നോന്നതങ്ങളില്‍ നിന്നും നനുത്ത ശരീരാതിര്‍തിര്‍ത്തികളില്‍ നിന്നും ശ്രദ്ധയെ വഴി തിരിച്ചു വിടുകയും ചെയ്യുന്നു.ഇങ്ങനെയുള്ള അപ്രസക്തമായ വിശദാംശങ്ങള്‍ തങ്ങളുടെ രേഖാചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ ഒരു രേഖാചിത്രകാരന്‍ നിങ്ങളുടെ മസ്തികഷ്കത്തെ കുറേയധികം കുഴപ്പങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇനി ഒരു മഹത്തായ സൂപ്പര്‍ നഗ്നത സൃഷ്ടിക്കുവാനായി ചില പീക്ക് ഷിഫ്റ്റുകളെ അയാള്‍ അതില്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചുംഅതായത് രവിവവര്‍മ്മയുടെ വര്‍ണസഹിതമായ ആവിഷ്കാരങ്ങളെക്കാള്‍ ചെറിയ തോതില്‍ പീക് ഷിഫ്റ്റിംഗ് നടത്തിയ നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ കൂടുതല്‍ രസമുകുളങ്ങളെ ഉല്പാദിപ്പിക്കുമെന്നുതന്നെയാണ് ഒറ്റപ്പെടുത്തല്‍ അഥവാ ഐസൊലേഷന്‍ പ്രസ്താവിക്കുന്നത്. രേഖാചിത്രങ്ങളും വര്‍ണചിത്രങ്ങളുമുണ്ടാക്കുന്ന വ്യത്യസ്തമായ പ്രതികരണങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് ഈ ആശയത്തെ കൂടുതലായി പരിശോധിച്ചു നോക്കാവുന്നതാണെന്ന് രാമചന്ദ്രന്‍ എടുത്തു പറയുന്നുണ്ട്.
          ഓട്ടിസം ബാധിച്ച കുട്ടികളെ നിരീക്ഷിച്ചുകൊണ്ട് കുറച്ചുകൂടി ആഴത്തില്‍ ഐസോലേഷനെന്ന ആശയത്തെ നമുക്ക് മനസിലാക്കാവുന്നതാണ്. പൊതുവേ പൊതുഎന്ന് നാം വിചാരിക്കുന്ന പലതിനോടും ഓട്ടിസംബാധിച്ച കുട്ടികള്‍ക്ക് പ്രതികരണശേഷി കുറവായിരിക്കുമെന്ന് നമുക്കറിയാം.എന്നാല്‍  ഓട്ടിസം കുട്ടികള്‍ അതിമനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഇത് നമ്മുടെ ധാരണയ്ക്ക് വിരുദ്ധമായി സംഭവിക്കുന്നതാണ്. എന്തുകൊണ്ട് ? രാമചന്ദ്രന്‍ ഊന്നിപ്പറയുന്നൂ,  ഐസൊലേഷന്‍ അഥവാ ഒറ്റപ്പെടുത്തല്‍ എന്ന ആശയമാണ് പ്രവര്‍ത്തിക്കുന്നതെന്ന്.അതെങ്ങനെയെന്ന് നോക്കാം. ഓട്ടിസം ബാധിച്ച നാദിയ എന്ന കുട്ടിയെ ഉദാഹരണമാക്കി അദ്ദേഹം ഒരു ചര്‍ച്ച മുന്നോട്ടു വെയ്ക്കുന്നുണ്ട്. നാദിയ ഗംഭീരമായി ചിത്രം വരയ്ക്കുന്നു.നാദിയ വരച്ച കുതിരയെ ഡാവിഞ്ചി വരച്ച ഒരു കുതിരുമായി താരതമ്യപ്പെടുത്തി നോക്കുക.ഒരു പക്ഷേ അത്ഭുതം കൊണ്ട് തലകുടഞ്ഞു പോകുന്ന വിധത്തില്‍ ആ ചിത്രം ഡാവിഞ്ചിയുടെ ചിത്രത്തെ അതിശയിപ്പിക്കുന്നത് നിങ്ങള്‍ക്ക് കാണാം. നാദിയയുടെ കാര്യമെടുത്താല്‍ അവളുടെ മസ്തിഷ്കത്തിനുള്ളിലെ പല ഭാഗങ്ങളും ചിലപ്പോള്‍ ഭൂരിഭാഗം തന്നെയും ഓട്ടിസം എന്ന രോഗത്താല്‍ തകരാറിലായിരിക്കും.എന്നാല്‍ വലതു പരീറ്റര്‍ ലോബിനുള്ളില്‍ (Right Parietal) ഒറ്റപ്പെട്ട ഒരു ദ്വീപുപോലെ കിടക്കുന്ന തകരാറു സംഭവിക്കാത്ത കോര്‍ട്ടിക്കല്‍ കോശങ്ങളുണ്ട്.അതിനാല്‍ അവളുടെ മസ്തിഷ്കം ശ്രദ്ധപരമായ എല്ലാ വൈഭവങ്ങളേയും വലതു പരീറ്റര്‍ ലോബിലേക്ക് ഇപ്പോഴും പരിക്കൊന്നും കൂടാതെ പ്രവര്‍ത്തിച്ചു പോരുന്ന മസ്തിഷ്ക മേഖലയിലേക്ക് ഉടനടി ചേര്‍ത്തു വെയ്ക്കുന്നു. നമ്മുടെ കലാവാസനകളുടെ കാമ്പ് ഉള്‍‌ക്കൊള്ളുന്ന മേഖലയാണ്  മസ്തിഷ്കത്തിലെ പലതു പരീറ്റല്‍. ഇതു ഞങ്ങള്‍ക്ക് നന്നായി അറിയാം.കാരണം മുതിര്‍ന്ന ഒരാളുടെ ഈ ഭാഗം തകരാറിലായാല്‍ അയാളുടെ കലാസ്വാദന ശേഷി തന്നെയാകും തകരാറിലാകുക.വലതു പരീറ്റലിന് തകരാറു സംഭവിച്ച പക്ഷാഘാതരോഗികള്‍ അളവില്‍ കൂടുതല്‍ വിശദാംശങ്ങളോടെ ചിത്രങ്ങള്‍ വരയ്ക്കും എന്നാല്‍ വരയ്ക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ അടിസ്ഥാന രൂപം നിര്‍ണയിക്കുന്നതില്‍ അതു പരാജയമായിരിക്കും.അവര്‍ക്ക് അവരുടെ കലാപരമായ അളവുകള്‍ നഷ്ടമായിരിക്കുന്നു എന്നതാണ് കാരണം.നാദിയയാകട്ടെ അപ്പാടെ തന്റെ ശ്രദ്ധയെ വലതു പരീറ്റലിലേക്ക് വഴി തിരിച്ചു വിടന്നു.അതിസുന്ദരങ്ങളായ കോഴികളേയും കുതിരകളേയുമൊക്കെ ചിത്രീകരിക്കുന്നതിന് അവളെ പ്രാപ്തയാക്കുന്ന അതിപ്രവര്‍ത്തനശാലിയായ (Hyper Functioning ) ഒരു കലാമേഖലതന്നെ അവളുടെ മസ്തിഷ്കത്തില്‍ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായുള്ള പരിശീലനത്തിലൂടെ നമ്മെപ്പോലെയുള്ള കുഴപ്പമില്ലാത്തവര്‍ചെയ്തെടുക്കുന്നത് അതായത് വരയില്‍ ആവശ്യമില്ലാത്ത വശങ്ങളെ അവഗണിക്കുകയെന്നത് അവള്‍ ആയാസമേതുമില്ലാതെ ചെയ്യുന്നു. നാം ചര്‍ച്ച ചെയ്തുകൊണ്ടുവന്ന ആശയത്തിന് ഭദ്രതയേകിക്കൊണ്ട് വളര്‍ന്നപ്പോള്‍ അവള്‍ക്ക് വരയ്ക്കാനുള്ള ശേഷി നഷ്ടമായി.എന്നാല്‍ അവള്‍ക്ക് തന്റെ ഭാഷാശേഷി തിരിച്ചു കിട്ടുകയും ചെയ്തു.
          നോക്കൂ, ശ്രദ്ധയുടെ കേന്ദ്രീകരണം ചിത്രകലയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ ഡാവിഞ്ചിയെ വെല്ലുന്ന ചിത്രങ്ങളെ അവള്‍ നമ്മെ ഞെട്ടിക്കുന്ന വിധത്തില്‍ ആവിഷ്കരിച്ചെടുത്തു. എന്നാല്‍ വളര്‍ന്നപ്പോള്‍ അതേ ശ്രദ്ധ തന്നെ മറ്റൊരിടത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ വരയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു എന്നത് എന്തിനെയാണ് അടയാളപ്പെടുത്തുന്നത്? ഒരേ സമയം ഒന്നിലധികം എന്ന ആശയം അപ്രസക്തമാണെന്നു തന്നെയല്ലേ ? അതു സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് നാം ഇത്രയും വിശദമായി ചര്‍ച്ച ചെയ്തതുതന്നെ. ഐസൊലേഷന്‍ അഥവാ ഒറ്റപ്പെടുത്തല്‍ എന്ന ആശയവുമായി ശ്രദ്ധ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുവാനാണ് ഓട്ടിസവുമായി ബന്ധപ്പെട്ട മാനസിക പ്രതിഭാസങ്ങളെ വിശദമാക്കിയത്.
          രാമചന്ദ്രന്‍ ഈ പ്രബന്ധത്തില്‍ (?) കലയെ സംബന്ധിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്ന പൊതുവായ ആശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച Emerging Mind ലെ കലാസമ്പന്നമായ മസ്തിഷ്കം എന്ന ലേഖനത്തില്‍ രേഖപ്പെടുത്തിയതാണ് നാമിതുവരെ പരിചയപ്പെട്ടത്. പത്തോളം ആശയങ്ങളില്‍ നാലെണ്ണം മാത്രമാണ് നാമിതുവരെ വിശദമായി പരിചയപ്പെട്ടത്. (ഇനി വരുന്നവയെ അതിന്റെ സമഗ്രതയില്‍ അദ്ദേഹം വിവരിക്കുന്നത് Tell Tale Brain എന്ന പുസ്തകത്തിലെ ഏഴ് എട്ട് അധ്യായങ്ങളിലായി നമുക്ക് കണ്ടെത്താം. ) ഈ ചര്‍ച്ച ഇവിടെ അദ്ദേഹം അവസാനിപ്പിക്കുന്നത് വളരെ ശുഭപ്രതീക്ഷ പുലര്‍ത്തുന്ന ഒരു പ്രസ്താവനയോടെയാണ് The solution to the problem of aesthetics, I believe, lies in a more thorough understanding of the connections between the 30 visual centres in
your brain and the emotional limbic structures. And once we have achieved a clear understanding of these connections, we will be closer to bridging the huge gulf that separates C.P. Snow's two cultures - science on the one hand and Arts, philosophy and humanities on the other.ഈ ലേഖനത്തിന്റെ ആദ്യം നിരീക്ഷിച്ചിരിക്കുന്നതുപോലെ മസ്തിഷ്കത്തില്‍ നിന്നും പുറപ്പെടുന്ന ഒന്നു തന്നെയാണ് കലയും എന്നതുകൊണ്ട് മസ്തിഷ്കപഠനങ്ങളുടെ രംഗത്തുണ്ടാകുന്ന മുന്നേറ്റങ്ങള്‍ കലപരതയെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളിലേക്കും അതുവഴി ന്യൂറോഈസ്തെറ്റിക്സിന് കൂടുതല്‍ ശക്തി കൈവരുന്ന കാലത്തിലേക്കും നമ്മെ നയിക്കുക തന്നെ ചെയ്യും.
         

സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - വി എസ് രാമചന്ദ്രന്‍ . വിവര്‍ത്തകന്‍ ബിബു വി എന്‍ , ഡി സി ബുക്സ്
  • The Tell Tale Brain - Ramachandran, V. S.

© മനോജ് പട്ടേട്ട് ||12 May 2020, 04:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1