#ദിനസരികള്‍ 1123 കല വ്യാഖ്യാനിക്കപ്പെടുന്നു.



          ഡോ. രാമചന്ദ്രന്‍ സ്ഥലപരിമിതി മൂലം Emerging Mind ല്‍ ചര്‍ച്ച ചെയ്യാതെ മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ച കലാസംബന്ധമായ സാര്‍വ്വത്രിക നിയമങ്ങളില്‍ ബാക്കിയുള്ളവ Tell –Tale Brain ലെ The Artful Brain: Universal Laws (കലാസമ്പന്നമായ മസ്തിഷ്കം സാര്‍വ്വത്രിക നിയമങ്ങള്‍ എന്ന ലേഖനത്തില്‍ വിശദമാക്കപ്പെടുന്നുണ്ട്. ഇതിനുമുമ്പും പലതവണ നാം ചര്‍ച്ച ചെയ്തപോലെ ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ അധ്യയങ്ങളിലൊന്നാണിത്. തൊട്ടുമുന്നേയുള്ള രണ്ടധ്യായങ്ങള്‍ കൂടി കലയെക്കുറിച്ചും ന്യൂറോഈസ്തെറ്റക്സിനെക്കുറിച്ചും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചു കൂടാനാകാത്തവയാണെന്നു കൂടി സൂചിപ്പിക്കട്ടെ.
          2003 ലെ റീത് പ്രഭാഷണങ്ങള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടതാണ് നാം ചര്‍ച്ച ചെയ്ത ഒന്നാമത്തെ പുസ്തകത്തിലെ ലേഖനങ്ങളെല്ലാംതന്നെ. എന്നാല്‍ മസ്തിഷ്കത്തിന്റെ കഥയിലേക്ക് എത്തുന്നതോടെ രാമചന്ദ്രന്റെ കുറേക്കൂടി ആധികാരികമായും ആഴത്തിലും തന്റെ തന്റെ ആശയങ്ങളെ അവതരിപ്പിച്ചെടുക്കുന്നത് കാണാം. അതൊരുപക്ഷേ അദ്ദേഹം തന്നെ സൂചിപ്പിച്ച സ്ഥലമോ സമയോ ആയി ബന്ധപ്പെട്ട പരിമിതികള്‍ കൊണ്ടായിരിക്കാമെന്നു കരുതുക. അതല്ലെങ്കില്‍ ഇത്രയും കാലത്തിനു ശേഷം ഈ പുസ്തകത്തിലേക്ക് എത്തുമ്പോഴേക്കും (2003 ലാണ് ആദ്യപുസ്തകം പത്തുകൊല്ലത്തിനു ശേഷം രണ്ടമാത്തതും ) സ്വാഭാവികമായും വന്ന പരിണതിയുമായിരിക്കാം.എന്തായാലും കലാസാഹിത്യാദികളെ സംബന്ധിച്ച് ന്യൂറോ സയന്‍സിന് എന്തു പറയാന്‍ കഴിയുമെന്ന് ഈ പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
          ഒരു കാര്യം സാഹിത്യത്തെക്കുറിച്ച് പഠിക്കാനല്ല ഒരു കാലത്തും മനശാസ്ത്രജ്ഞന്മാരോ വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുതിയ പുതിയ ആശയങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്തുന്നതെന്ന കാര്യം നാം അടിവരയിട്ടു മനസ്സിലാക്കേണ്ട ഒന്നുതന്നെയാണ്. അത് ഫ്രോയിഡിന്റെ സൈക്കോഅനാലിസിസായാലും അതേത്തുടര്‍ന്നു അദ്ദേഹത്തിന്റെ ശിഷ്യരായ യുങ്ങിന്റെയും ആഡ്ലറുടേയും പഠനങ്ങളായാലും ഫ്രിറ്റ്സ് പേളിന്റെ ഗെസ്റ്റാള്‍ട്ട് സങ്കല്പനങ്ങളായാലും ഒന്നും തന്നെ സാഹിത്യത്തെക്കുറിച്ചോ അവ പുറപ്പെട്ടുപോരുന്ന വഴികളെക്കുറിച്ചോ ഉള്ള പഠനങ്ങളല്ല. മറിച്ച് മനുഷ്യ മനസ്സിനെ സംബന്ധിച്ചും മനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ സംബന്ധിച്ചും അവയില്‍ നിന്നുള്ള വിമോചനത്തിന്റെ മാര്‍ഗ്ഗങ്ങളെക്കുറിച്ചുമാണ് അവ പര്യാലോചന നടത്തുന്നത്.സാഹിത്യവും മനസ്സിന്റെതന്നെ ഒരു പ്രകടനമായതുകൊണ്ട് ഈ സിദ്ധാന്തങ്ങള്‍ക്ക് അവയില്‍ എങ്ങനെ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന് നാം ആലോചിച്ചു പോകുന്നെന്നു മാത്രം. അതായത് വാഴയ്ക്കു നനയ്ക്കുമ്പോള്‍ ചേമ്പിനും ലാഭം എന്നു പറഞ്ഞതുപോലെയാണ് ഇവിടേയും കാര്യങ്ങള്‍. രാമചന്ദ്രനെന്ന ന്യൂറോളജിസ്റ്റ് തന്റെ പഠനവഴികളില്‍ മസ്തിഷ്കത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങളിലൊന്നായ കലാനിര്‍മ്മാണത്തിന്റെ ചില രഹസ്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നു. അതു പക്ഷേ സൈക്കോഅനാലിസിസിനു സാഹിത്യത്തിലുണ്ടായ പ്രസക്തി പോലെതന്നെയായി മാറുന്നുവെന്നു മാത്രം.
          കലയുടെ സാര്‍വ്വത്രിക നിയമങ്ങളെക്കുറിച്ച് രാമചന്ദ്രന്‍ ഉന്നയിക്കുന്ന നാല് അടിസ്ഥാന സങ്കല്പങ്ങളെ നാം കണ്ടുകഴിഞ്ഞു. പീക്ക് ഷിഫ്റ്റിംഗ് , വര്‍ഗ്ഗീകരണം, ഒറ്റപ്പെടുത്തല്‍ , അവബോധത്തിലൂടെയുള്ള പ്രശ്നപൂരണം എന്നിവയാണ് അവ. ഇനിയും നമുക്ക് ഈ അധ്യായത്തില്‍ വിവരിക്കുന്ന , വിശകലനം ചെയ്യുന്ന മറ്റ് ആശയങ്ങളെക്കൂടി പരിചയപ്പെടാം.അവയില്‍ ആദ്യത്തേത് വൈരുധ്യമാണ് (Contrast ). വൈരുധ്യം എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം തികച്ചുംവിഭിന്നമായത് എന്നാണ്.ഒന്നൊന്നിനോട് വേര്‍തിരിഞ്ഞു നില്ക്കുന്ന വൈരുധ്യത്തെ ശാസ്ത്രത്തിന്റെ രീതിയില്‍  Contrast is a relatively sudden change in luminance, color, or some other property between two spatially contiguous homogeneous regionsഎന്നാണ് നിര്‍വചിക്കുക. അതായത് തുല്യഗുണങ്ങളുള്ള ഒരിടത്ത് വെളിച്ചംകൊണ്ടോവര്‍ണംകൊണ്ടോ മറ്റെന്തെങ്കിലും സാധ്യതകള്‍ കൊണ്ടോ ഒരതിര്‍ത്തി അഥവാ വേര്‍തിരിവ് ഉണ്ടാക്കപ്പടുന്നതിനെതായണ് വൈരുധ്യം എന്നു പറയുന്നത്.  ഇത്തരത്തിലൊരു വൈരുധ്യമില്ലാത്ത ഒരു പെയിന്റിംഗോ രേഖാചിത്രമോ നമുക്ക് സങ്കല്പിക്കുവാന്‍‌ കഴിയില്ല. ഏറ്റവും നിസ്സാരമായ കുത്തിവരയ്ക്കലില്‍ പോലും വെളുത്ത പ്രതലും കറുത്ത പ്രതലവും തമ്മില്‍ തെളിച്ചത്തിന്റെ കാര്യത്തില്‍ അന്തരം വേണം.വെളുത്ത കാന്‍വാസിലെ വെളുത്ത ചായത്തെ കല എന്നു വിളിക്കാന്‍ കഴിയില്ല”* (ഒരു ഹാസ്യപ്രകരണത്തെക്കുറിച്ച് ഒരപവാദം ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അത്രത്തോളം നമുക്ക് പ്രസക്തമല്ല). ഈ വൈരുധ്യത്തെ എങ്ങനെ മനോഹരമായി കലയില്‍ സന്നിവേശിപ്പിക്കാമെന്നതാണ് കലാകാരന്‍ നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്ന്.
          രാമചന്ദ്രന്‍ എഴുതുന്നു വൈരുധ്യം കലയിലും ആസുത്രണത്തിലും പ്രധാനപ്പെട്ടതാണ്.ഒരര്‍ത്ഥത്തില്‍ ഏറ്റവും ചുരുങ്ങിയത് അതെങ്കിലും വേണം.അരികുകളും അതിര്‍ത്തികളും കൂടാതെ പശ്ചാത്തലത്തില്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്നതും അതാണ്.വൈരുധ്യമില്ലാതെ നിങ്ങള്‍ക്ക് ഒന്നും കാണാനാകില്ല.ഈ അന്തരം തീരെ കുറഞ്ഞാല്‍ നിങ്ങളുടെ ഡിസൈന്‍ ഒന്നിനും കൊള്ളാതാകും. കൂടിയാല്‍ അത് ചിന്താക്കുഴപ്പമുണ്ടാക്കുകയും ചെയ്യും“* വൈരുധ്യത്തിന്റെ പ്രാധാന്യമെന്തെന്ന് ഈ പ്രസ്താവാന നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഈ ആശയത്തെ നാം ഇതുപോലെ സിദ്ധാന്തവത്കരിച്ച് മനസിലാക്കുവാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും അതിരുകള്‍ നിശ്ചയിക്കുന്നതിനെക്കുറിച്ചും അതിനുതകുന്ന നിറഭേദങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ചും നാം ആവശ്യത്തിനധികം ബോധവാന്മാരാണ്.ഒരു കണക്കിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഗുഹകളിലെ ചുമരുകളില്‍ കരിക്കട്ടകൊണ്ട് അല്ലെങ്കില്‍ കരിങ്കല്‍ മുന കൊണ്ട് ആദ്യവര വരച്ച മനുഷ്യപൂര്‍വ്വികന്‍ മുതല്‍ ഇന്ന് ഒരു ബാഡ്ജറിന്റെ നീളന്‍ രോമമുപയോഗിച്ചുണ്ടാക്കിയെടുത്ത ബ്രഷ് നിറത്തിലേക്ക് മുക്കൂന്ന ചിത്രകാരന്‍ വരെ ഈ വൈരുധ്യത്തെ അറിഞ്ഞോ അറിയാതെയോ വളരെ മനോഹരമായി , ചിലപ്പോഴെല്ലാം തികച്ചും വിഭിന്നമായും, പ്രയോഗിക്കുന്നു.”* വൈരുധ്യങ്ങള്‍ തമ്മിലുള്ള ചില കൂട്ടുകെട്ടുകള്‍ കൂടുതല്‍ നയനാനന്ദകരങ്ങളായിരിക്കും. ഉദാഹരണത്തിന് മഞ്ഞ പശ്ചാത്തലത്തില്‍ നീലനിറം പോലെ ഉയര്‍ന്ന വൈരുധ്യമൂല്യമുള്ളവ ഓറഞ്ച് പശ്ചാത്തലത്തില്‍ മഞ്ഞനിറംപോലെയുള്ള താഴ്ന്ന വൈരുധ്യമുള്ള ജോടികളെക്കാള്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റും. ഒറ്റനോട്ടത്തില്‍ ഇത് ഒരു കുഴയ്ക്കുന്ന പ്രശ്നമാണ്.എന്തൊക്കെയായാലും നിങ്ങള്‍ക്ക് മഞ്ഞനിറത്തിലുള്ള ഒരു വസ്തുവിനെ ഓറഞ്ച് പശ്ചാത്തലത്തില്‍ കാണാന്‍ ഒരു പ്രയാസവുമില്ല.എന്നാല്‍ അത് മഞ്ഞ നീല ജോടികളെന്നപോലെ നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നില്ല”*
          ഈ വൈരുധ്യത്തിന്റെ സന്നിവേശിപ്പിക്കല്‍ മനോഹരമായ തരത്തില്‍ എങ്ങനെ നിര്‍വ്വഹിക്കാം എന്ന ആലോചന ഇവിടെ കലയുടെ അടിസ്ഥാനപ്രശ്നങ്ങളിലൊന്നുതന്നെയാകുന്നു.നിറങ്ങള്‍ ഇങ്ങനെ മനുഷ്യനില്‍ വ്യത്യസ്തമായ ഉത്തേജനങ്ങളുണ്ടാക്കുന്നതിന്റെ പരിണാമഗതികളെക്കുറിച്ചും ഗ്രന്ഥകാരന്‍ കുറഞ്ഞൊരു സൂചന നല്കുന്നുണ്ട്. അടിസ്ഥാനപരമായ അത് ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പച്ചനിറത്തിലുള്ള പശ്ചാത്തലത്തില്‍ മഞ്ഞയും ചുവപ്പും നിറത്തിലുള്ള നിറങ്ങളെ ഭക്ഷണവുമായി ബന്ധപ്പെടുത്തി തിരിച്ചറിഞ്ഞു പോന്നിരുന്ന പൂര്‍വ്വികതയുടെ വിദൂരമായ ഓര്‍മച്ഛായകള്‍ ഇപ്പോഴും വ്യത്യസ്തങ്ങളായ നിറങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന ഉത്തേജനങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കപ്പെടാന്‍ ഉപയുക്തമാകുന്നുണ്ട്. നിറങ്ങള്‍ എന്തുകൊണ്ട് ആകര്‍ഷണീയമാകുന്നു എന്ന ചോദ്യമുന്നയിച്ചുകൊണ്ടു നടത്തിയ പരിണാമപരമായ പഠനങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഇവിടേയും അത്തരത്തിലുള്ള ഒരു വിചിന്തനത്തിന് ഗ്രന്ഥകാരന്‍ ഒരുങ്ങുന്നുമില്ല. എന്നിരുന്നാലും ദൂരെനിന്നും കാണാവുന്ന ചുവപ്പ് ഒരു പഴമാണെന്നും പഴം ഒരു ഭക്ഷണമാണെന്നും പരിചയംകൊണ്ടു മനസ്സിലാക്കുകയും ചുവപ്പു കാണുമ്പോഴൊക്കെ ഭക്ഷണം പകരം വെയ്ക്കുകയും ചെയ്തു ശീലിച്ചു പോന്ന ആദിമ ചോദന എങ്ങനെയൊക്കെയാണ് സ്വാധീനമായി നമ്മുടെ കലകളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യം രസകരം തന്നെയാണ്. നാം ഈ ലേഖനങ്ങളുടെ ആദ്യഭാഗങ്ങളില്‍ പരിചയപ്പെട്ട പീക് ഷിഫ്റ്റുമായി ബന്ധപ്പെടുത്തി ആലോചിച്ചാല്‍ ദീര്‍ഘചതുരാകൃതി ഭക്ഷണമായി മാറിയതുപോലെ തന്നെയുള്ള ഒരു പ്രതിഭാസമാണ് ഇവിടേയും സംഭവിക്കുന്നതെന്ന് കാണാനാകും പല പഴങ്ങളും പച്ച പശ്ചാത്തലത്തില്‍ ചുവന്ന നിറത്തിലാണ് എന്നതുകൊണ്ട് നമ്മുടെ പ്രൈമേറ്റ് കണ്ണുകള്‍ അവ ശ്രദ്ധിക്കും.പക്ഷിമൃഗാദികള്‍ വളരെ ദൂരെ നിന്നുതന്നെ പഴങ്ങള്‍ പഴുത്തു ഭക്ഷ്യയോഗ്യമായി എന്നു കണ്ടറിയുവാനും ആഹരിച്ച ശേഷം വിത്തുവിതരണം സാധ്യമാക്കാനും വേണ്ടിയാണ് സസ്യങ്ങള്‍ ഈ വിളംബരം നടത്തുന്നത്.എന്നും രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അപ്പോള്‍ ചുവപ്പ് എന്നാല്‍ ഭക്ഷ്യയോഗമായ പഴം എന്ന നിലയിലേക്കെത്തുകംയും ആസക്തികളെ ഉണര്‍ത്തുകയും ചെയ്യുന്നു. ഒരു പ്രതലത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട പച്ചയും ചുവപ്പുമായ വര്‍ണങ്ങള്‍ അത്തരത്തിലുള്ള ഒരു ചോദനയെ ഉണര്‍ത്തുന്നുണ്ടാകാം. അതിനെ ഉദാത്തീകരിച്ച് ആസ്വദിക്കുകയും ചെയ്യുന്നുണ്ടാവാം.(ഇവിടെയും സര്‍വ്വവ്യാപിയായ ഫ്രോയിഡ് സബ്ലിമേഷന്റെ രൂപത്തില്‍ വന്നത് പ്രത്യേകം ശ്രദ്ധിക്കുക.) ഈ നിഗമനങ്ങളെ ശരിയെന്നോ തെറ്റെന്നോ പരിഗണിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ വരേണ്ടതുണ്ട്.
          കാടുകയറ്റങ്ങളില്‍ നിന്ന് രാമചന്ദ്രനിലേക്ക് തിരിച്ചു വരാം.വൈരുധ്യത്തെ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് ഇക്കാലത്തെ ഒരു ഫാഷന്‍ ഡിസൈനര്‍ നിറങ്ങളുടെ ഏറ്റവും രസാവഹമായ ഒരു ചേരുവയെ നിര്‍മിച്ചെടുക്കുന്നത് കാണാം. ഒരു നല്ല ഫാഷന്‍ ഡിസൈനര്‍ക്ക് കൂടിയ വൈരുധ്യമുള്ള നിറങ്ങള്‍ അടുത്തടുത്തും സമാനമായ നിറങ്ങള്‍ ദൂരെയും വിന്യസിച്ചുകൊണ്ട് അരികുകളുടെ പ്രാധാന്യം എടുത്തുകാണിക്കാം.ചുവന്ന ഷൂസ് ചുവന്ന ഷര്‍ട്ടിന്റെ സഹജമായ ഭാഗമൊന്നുമല്ലെങ്കിലും നമ്മുടെ ഇന്നലെകളില്‍ അത് ഒരു വസ്തുവിന്റെ തന്നെ ഭാഗങ്ങളായിരിക്കാം എന്ന  പരിണാമധാരണകളെ പ്രയോജനപ്പെടുത്തുകയാണ് ഡിസൈനര്‍ ചെയ്യുന്നത്.പക്ഷേ കടുംചുവപ്പു ഷര്‍ട്ടിന്റെ കൂടെ കുങ്കുമവര്‍ണത്തിലുള്ള സ്കാര്‍ഫ് അറപ്പുളവാക്കും.അവിടെ വൈരുധ്യമില്ലായ്മ വളരെ കൂടിപ്പോയി.അതേ സമയംതന്നെ ചുവന്ന ഷര്‍ട്ടില്‍ ഉയര്‍‌ന്ന വൈരുധ്യമുള്ള നീല സ്കാര്‍‌ഫ് യോജിക്കും.നീലയില്‍ ചുവന്ന പുള്ളികളോ പൂക്കളോ ഉണ്ടെങ്കില്‍ കൂടുതല്‍ നന്നായി” * എങ്ങനെയാണ് വൈരുധ്യങ്ങളെ ആകര്‍ഷണീയമാംവിധം യോജിപ്പിച്ചു നിറുത്തുന്നതെന്നാണ് നാം കണ്ടത്. ആ യോജിപ്പിക്കലിന് അടിസ്ഥാനമാകുന്ന ധാരണകള്‍ പരിണാമപരമായ ചില ആസക്തികളുമായി അടുത്തിടപഴകുന്നവയുമായിരിക്കും.
          കലയില്‍ വൈരുധ്യം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നുള്ളതിന് ആധുനികകാലത്തെ ഡിസൈനര്‍ ഉദാഹരണമാണ്. പരസ്പരം നിഷേധിക്കുന്ന വൈരുധ്യങ്ങളെ സമ്മേളിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മൂന്നടിയോളം വലുപ്പമുള്ള ഒരു ക്യൂബിനെ ഉദാഹരണമാക്കി ശില്പകലയില്‍ വൈരുധ്യം പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. (ചേര്‍ത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.
         
         

          നിര്‍മ്മിതിയില്‍ സ്വാഭാവികതകളെ ലംഘിച്ചു കൊണ്ടുനടത്തിയിരിക്കുന്ന പ്രതീക്ഷാലംഘനങ്ങളെ ധാരാളമായി കാണാം. വലിയ ക്യൂബുകളുടെ ഉപരിതലം സാധാരണയായി ലോഹനിര്‍മ്മിതവും മിനുസമുള്ളതുമാണ്.ഇവിടെയാകട്ടെ രോമനിര്‍‌മ്മിതവും പരുപരുത്തതുമാണ്.ക്യൂബ് അജൈവികവും രോമാവരണം ജൈവികവുമാണ്.രോമത്തിന് സാധാരണ ഇളംതവിട്ടു നിറമോ വെള്ളയോ ആയിരിക്കും തൊട്ടുനോക്കിയാല്‍ മൃദുവായിരിക്കും.അതൊരിക്കലും ലോഹനിര്‍മ്മിതിയോ പരുപരുത്തതോ ആയിരിക്കില്ല. സത്യത്തില്‍ ഈ ശില്പം നമ്മുടെ പ്രതീക്ഷകളെ അട്ടിമറിക്കുകയാണ്. സ്തോഭജനകമായ സങ്കല്പവൈരുധ്യങ്ങളാല്‍ ഈ ശില്പം നിങ്ങളുടെ ശ്രദ്ധയെ അനന്തമായി ഉത്തേജിപ്പിക്കും.”* ഇങ്ങനെ സ്വാഭാവികതകളെ അട്ടിമറിച്ചുകൊണ്ട് സംഘര്‍ഷാത്മകതയെ പകരം വെയ്ക്കുവാനുള്ള ശ്രമങ്ങളാണ് വൈരുധ്യം കലാസഹിത്യാദികളില്‍ നിര്‍വ്വഹിക്കുന്നത്. അവ നിങ്ങളിലെ മസ്തിഷ്കത്തിനുള്ളിലെ ന്യൂറോണുകളെ പ്രക്ഷുബ്ദമാക്കുകയും പരിഭ്രാന്തിയോ ആകാംക്ഷയോ ഒക്കെ സൃഷ്ടിച്ചെടുക്കുകയും ചെയ്യും. അതുതന്നെയല്ലേ കലയുടെ ആത്യന്തികമായ ലക്ഷ്യവും?




സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - വി എസ് രാമചന്ദ്രന്‍ . വിവര്‍ത്തകന്‍ ബിബു വി എന്‍ , ഡി സി ബുക്സ്
  • The Tell Tale Brain - Ramachandran, V. S , വിവര്‍ത്തകന്‍ - രവിചന്ദ്രന്‍ സി.( എല്ലാ ഭാഷാന്തരങ്ങളും ഈ പുസ്തകത്തില്‍ നിന്നാണ് )


© മനോജ് പട്ടേട്ട് ||14 May 2020, 04:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1