#ദിനസരികള് 720


            പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി.പതിവു തെറ്റിയ സമയമായിരുന്നു അത്.അക്കാരണത്താല്‍ തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ അവിടെ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍ തെല്ലസ്വസ്ഥരായി.സമയം സായാഹ്നമാണ്. സൂര്യന്‍ താണിട്ടില്ല.ഇത്രയും കാലം ഒരു മുടങ്ങാച്ചടങ്ങായി പുലര്‍ച്ചയ്ക്കും അസ്മതയ വേളയിലും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്.ആ മുഹൂര്‍ത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഘലകളിലൂടെ ധര്‍മ്മപുരിയുടെ ദേശീയ ഗാനം കേട്ടുകൊണ്ട് പൌരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസം കൊണ്ടു.കുട്ടികള്‍ പോലും അതുകേള്‍ക്കേ രാഷ്ട്രത്തിന്റെ സിരാബന്ധങ്ങളില്‍ മുഴുകും.അവര്‍ അവരുടെ അമ്മമാരോട് പറയും അപ്പന്‍ തൂറ്റുന്നു.കണ്ണുകള്‍ തുടച്ചുകൊണ്ട് അമ്മമാര്‍ വിസര്‍ജ്ജനമൂര്‍ത്തിയെ ധ്യാനിച്ചുകൊണ്ട് ഇങ്ങനെ പറയും അതെ , തൂറ്റുന്നു.കല്യാണ സൌഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളേ ഒ വി വിജയന്റെ വിഖ്യാതമായ ധര്‍മ്മപുരാണം എന്ന നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്.
          ഭരണക്രമത്തിലെ ജനായത്ത രീതികളൊക്കെ ഒടുങ്ങുകയും രാജ്യം കേവലമൊരു വ്യക്തിയായി വ്യാഖ്യാനിച്ചെടുക്കുകയും ചെയ്യുന്ന ആഭാസത്തെ വിജയന്‍ നേരിട്ടത് താരതമ്യേന ഏറ്റവും ശ്ലീലമായ പദങ്ങള്‍ കൊണ്ടായിരിക്കണം. പക്ഷേ നാമതിനെ അശ്ലീലമെന്ന് വിളിച്ച് ആക്ഷേപിച്ചുകൊണ്ട് ഭരണക്കാരന് കൂട്ടുകിടക്കാന്‍ പോയി.അവന്റെ കണ്ടികളിലും പുറത്തേക്ക് തള്ളുന്ന മറ്റു വിസര്‍ജ്യങ്ങളിലും അഭിരമിച്ചു.നെറ്റി മുട്ടില്‍ തൊട്ടു നിന്ന് അവനെറിഞ്ഞു തരുന്ന തീട്ടക്കഷണങ്ങളെ കൈ നീട്ടിവാങ്ങി. അമേധ്യത്തിന്റെ കെട്ട ചൂരുകളെ അഷ്ടഗന്ധം പുകച്ച് സൌഗന്ധികമാക്കാന്‍ ഉദ്യമിച്ചു.തീട്ടം പ്രസാദമാകുകയും പ്രസാദം കൈക്കൊള്ളാത്തവര്‍ രാജ്യദ്രോഹികളാകുകയും ചെയ്യുന്ന ഒരു കാലത്തിലേക്ക് ജനത കൂപ്പുകുത്തി.
          പ്രഹസനങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തീട്ടപ്പാത്രത്തിന് ചുറ്റും രാജ്യത്തേയും പ്രജാവലികളേയും കാവല്‍ നിറുത്തി നെടുനെടുങ്കന്‍ കണ്ടികളെ ഞെക്കിമൂളി പുറത്തേക്കു തള്ളുന്ന പ്രജാപതിയുടെ കാലം വീണ്ടും നാം കാണുന്നു. ചില മാറ്റങ്ങളുണ്ട്. അഭിനവപ്രജാപതി രാജ്യത്തേയും തന്റെ പ്രജകളേയും കക്കുസുകളായിട്ടും തീട്ടമായിട്ടുമാണ് കാണുന്നത്. താന്‍ കക്കൂസുകളുടെ കാവല്‍ക്കാരനാണെന്ന് ഒരു രാജ്യത്തിന്റെ സാരഥി പ്രഖ്യാപിക്കുമ്പോള്‍ നാം മറ്റെന്താണ് വായിച്ചെടുക്കേണ്ടത് ?
            നോക്കൂ , എന്താണ് നമ്മുടെ പ്രധാനമന്ത്രിയുടെ ജോലി? തന്റെ രാജ്യത്തിനുള്ളില്‍ നിയതമായ നിയമക്രമത്തിന്റെ താളത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ജനതയുടെ നിരവധിയായ വ്യായാമങ്ങള്‍ക്ക് സംരക്ഷകനാകുക എന്നുതന്നെയല്ലേ ജനാധിപത്യത്തില്‍ ഒരു പ്രധാനമന്ത്രി നിര്‍‌വ്വഹിക്കേണ്ടുന്ന കടമ? അങ്ങനെയുള്ള ഒരാള്‍ താന്‍ കക്കൂസുകള്‍ക്കും തീട്ടങ്ങള്‍ക്കുമാണ് കാവല്‍ നില്ക്കുന്നതെന്ന് പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തേയും ജനതയെയുമാണ്  അദ്ദേഹം തീട്ടമായും കക്കൂസായുമൊക്കെ കാണുന്നുവെന്നല്ലേ വായിച്ചെടുക്കേണ്ടത്? എന്തൊരു ഗതികേടിലാണ് ഈ രാജ്യവും അതിലെ ജനതയും ജീവിച്ചു പോകുന്നത് ?
          ഒന്നു കൂടി ആലോചിക്കുക ! നമ്മുടെ ഭരണഘടനയുടെ കാവല്‍ക്കാരനാണ് താന്‍ എന്നല്ല അദ്ദേഹം പ്രഖ്യാപിച്ചത്.അതേ ഭരണഘടന വിഭാവനം ചെയ്ത സ്ഥാപനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കാവല്‍ക്കാരനാണ് താന്‍ എന്നുമല്ല. വ്യക്തിസ്വാതന്ത്ര്യങ്ങളേയോ മറ്റു ജനാധിപത്യ അവകാശങ്ങളെയോ താന്‍ സംരക്ഷിക്കുന്നുവെന്നും ഇതുവരെ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ , ദളിതു വിഭാഗത്തിന്റെ ആവലാതികള്‍ , ശതകോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെ വെപ്രാളങ്ങള്‍ , വെട്ടിയും കുത്തിയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ , നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ - എന്നിങ്ങളെ ജനതയുടെ ജീവിതവുമായ ബന്ധപ്പെട്ട ഒരാശയത്തിന്റേയും കാവല്‍ക്കാരനാണ് താന്‍ എന്ന് ഇന്നുവരെ ഈ പ്രജാപതി പ്രഖ്യാപിച്ചിട്ടില്ല. ഇത്യാദികളൊന്നും സംരക്ഷിക്കപ്പെടണമെന്നും പരിഹരിക്കപ്പെടണമെന്നുമുള്ള  ഉള്ള ഒരു ബോധവും നാളിതുവരെ പ്രകടിപ്പിക്കാത്ത ഒരു പ്രധാനമന്ത്രി അവസാനം പ്രഖ്യാപിച്ചിരിക്കുന്നത് താന്‍ കക്കൂസുകളുടെ കാവല്‍ക്കാരാനാണ് എന്നാണ്. എന്തൊരു വൈപരീത്യമാണ് നമ്മെ നയിക്കുന്നത്?
          തീട്ടത്തെ പ്രസാദമായി ജനതയ്ക്കു വെച്ചു നീട്ടുന്ന ഭരണാധികാരി. തീട്ടത്തിലെ കീരിപ്പുഴുവിനെ മഹാസര്‍പ്പമായി വ്യാഖ്യാനിച്ചെടുക്കുന്ന അനുയായികള്‍ ! ഒരു പ്രഹസനം അതേപടി ആവര്‍ത്തിക്കുയാണ്.അതിനിടയിലെവിടെയോ സ്വന്തം പങ്കാളിയെ ശരിക്കൊന്ന് തൊട്ടുഴിയാനുള്ള സാഹചര്യം പോലുമില്ലാതെ വിതുമ്പിയും വീര്‍പ്പടക്കിയും കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനു വരുന്ന ജനത. മുഖമില്ലാത്ത ഇക്കൂട്ടര്‍ ആരാണ് കാവല്‍ നില്ക്കുക?
            ചോദ്യങ്ങള്‍ പ്രജാപതി കേട്ടു. പ്രജാപതി കൈകള്‍ പുറകില്‍ കെട്ടി അധോമുഖനായി തലങ്ങും വിലങ്ങും നടന്നു.അങ്ങനെ നടക്കവേ ഇരുണ്ട വ്യഥകളും ത്രാസങ്ങളും കുറിച്ചുകൊണ്ട് വട്ടെഴുത്തുകളും കോലെഴുത്തുകളും അദ്ദേഹത്തിന്റെ പൃഷ്ഠത്തില്‍ നിന്നും പുറത്തു വന്നു.പിന്നെ പ്രജാപതി ഈ ചെറുതൂറ്റല്‍ നിറുത്തി.മറ്റൊന്നിനു തയ്യാറെടുത്തുകൊണ്ട് നിന്നു.മന്ത്രിമാര്‍ കിടിലംകൊണ്ടു. അവര്‍ പരസ്പരം മന്ത്രിച്ചു.ഒരു പ്രഖ്യാപനമുണ്ടാകുവാന്‍ പോകുകയാണെന്ന് തോന്നുന്നു
            പ്രജാപതി മുറിയുടെ നടുവില്‍ നിന്നു
          മുഷ്ടി ചുരുട്ടി ഒന്ന് കുനിഞ്ഞ് പ്രജാപതി കൂവി.ഒരു പെരുച്ചാഴിയോളംപോന്ന കണ്ടി പുറത്തു ചാടി
          പ്രജാപതി അട്ടഹസിച്ചു
          പ്രതിസന്ധി പ്രഖ്യാപിച്ചിരിക്കുന്നു
ജനം ചോദ്യങ്ങള്‍ മറന്ന് പ്രജാപതിയുടെ തീട്ടക്കണ്ടിയുടെ രുചികളെക്കുറിച്ച് കവിത രചിക്കാന്‍ തുടങ്ങി.

             

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം