#ദിനസരികള് 708
ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പതിനേഴാം ലോകസഭ
തെരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ച് സീതാറാം യെച്ചൂരി എഴുതുന്നു.”എന്തൊക്കെയായാലും
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്
ഇത്.എന്തുകൊണ്ടാണ് ഇതിങ്ങനെ പറയുന്നതെന്നോ? നമ്മുടെ
ഭരണഘടന പാവനമായി പ്രതിഷ്ഠിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭാവി തന്നെയാണ്
അപകടത്തിലായിട്ടുള്ളത്.”
ഇന്ത്യയില്‍
സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാളും യെച്ചൂരിയുടെ അഭിപ്രായത്തോട് ഐക്യപ്പെടാന്‍
മടികാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.അത്രമാത്രം അപകടത്തിലാണ് നമ്മുടെ
ജനാധിപത്യവും ഭരണഘടനയും മുന്നോട്ടു വെയ്ക്കുന്ന മൂല്യങ്ങള്‍.രാജ്യം നാളിതുവരെ
അനുഭവിച്ചുകൊണ്ടിരുന്ന അത്തരം ഗുണങ്ങളെല്ലാം തന്നെ യാതൊരു വിധ ആശങ്കയുമില്ലാതെ
തിരസ്കരിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.
ഈ അപകടത്തിന്റെ യഥാര്‍ത്ഥ വലുപ്പത്തെ മനസ്സിലാക്കാതെ , 2019
ലെ തെരഞ്ഞെടുപ്പിനെ കാലങ്ങളിലേതുപോലെ മുന്‍ കേവലം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള
മത്സരമായി മാത്രമായിട്ടാണ് പരിഗണിക്കുകയാണെങ്കില്‍ നാം ഒരിക്കലും തിരിച്ചു
കയറാനാകാത്ത ചതിക്കുഴിയിലേക്ക് എടുത്തു ചാടുകയായിരിക്കും ഫലം.
അഞ്ചുകൊല്ലക്കാലത്തെ നരേന്ദ്ര മോഡിയുടെ ഭരണംകൊണ്ട് നമ്മുടെ
ഭരണഘടന വിഭാവനം ചെയ്യുന്ന നാല് അഭിമാന സ്തംഭങ്ങളായ
മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക സ്വാശ്രയത്വം, സാമൂഹ്യ നീതി, ഫെഡറലിസം
എന്നിവ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന്
യെച്ചൂരി എടുത്തു പറയുന്നുണ്ട്. പ്രതിപക്ഷത്തിനു നിലയുറപ്പിച്ച ഒരാള്‍
ഉന്നയിക്കുന്നു അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളല്ല ഇതൊന്നും തന്നെ എന്ന കാര്യം
സമകാലിക ഭാരതത്തിന്റെ അവസ്ഥ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും സുവ്യക്തമാകേണ്ടതാണ്.
മുകളില്‍ ഭരണഘടനയുടേതായി എടുത്തു പറഞ്ഞ ഓരോ ഗുണങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു.അവയില്‍
ഏറ്റവും പ്രധാനപ്പെട്ടതായി ഞാന്‍ കരുതുന്ന മതനിരപേക്ഷ ജനാധിപത്യവും സാമൂഹ്യ
നീതിയും മുച്ചൂടും തകര്‍ക്കപ്പെട്ടിരിക്കുന്നു. സംഘപരിവാരത്തിന്റെ വൈതാളികന്മാര്‍
പറയുന്നതും വിധിക്കുന്നതുമാണ് നാട്ടില്‍ നടക്കുന്ന , നടക്കേണ്ട നീതിയെന്ന്
പ്രഖ്യാപിക്കപ്പെടുന്നു.അല്ലാത്തവരെ വെട്ടിയും വെടിവെച്ചും കൊന്നു തീര്‍ക്കുന്നു.
പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചു കൊണ്ട് അടിച്ചുകൊന്ന മുഹമ്മദ്
അഖ്ലാക്കിനെ നാം മറക്കാതിരിക്കുക.പ്രസ്തുത സംഭവത്തിലെ സത്യമെന്താണെന്ന് ലോകത്തോടു
വിളിച്ചു പറഞ്ഞ സുബോധ് കുമാര്‍ എന്ന പോലീസ് ഓഫിസറെ സംഘപരിവാരം നിഷ്ഠുരമായി ആക്രമിച്ച് കൊലപ്പെടുത്തിയതും നാം
കണ്ടതാണല്ലോ!
നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍
പ്രതിഷേധിച്ച് നാല് സുപ്രിംകോടതി ജഡ്ജിമാര്‍ ചേമ്പറില്‍ നിന്നും ഇറങ്ങി വന്ന്
മാധ്യമങ്ങളിലൂടെ ഇന്ത്യയിലെ ജനതയോട് സംവദിച്ചത് വലിയ കോലാഹലമുണ്ടാക്കിയതാണല്ലോ.
രാജ്യം വലിയ അപകടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നുള്ള പ്രഖ്യാപനമായിരിരുന്നു
അത്.എന്നിട്ടും നാം വേണ്ടത്ര ഫലപ്രദമായി പ്രതികരിക്കാന്‍ തയ്യാറായോ എന്ന കാര്യം
സംശയമാണ്.
അതുകൊണ്ട് ജാതിയുടേയോ മറ്റു
വിശ്വാസപ്രമാണങ്ങളുടേയോ പേരില്‍ ഒരാള്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം
നമ്മുടെ നാട്ടില്‍ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷമുണ്ടാകരുത്.നീണ്ട കാലത്തെ
സമരപോരാട്ടങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ വെളിച്ചങ്ങളെ നാം കണ്ടു
തുടങ്ങിയിട്ടേയുള്ളു. പുതിയ കാലത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ തിരിച്ചറിഞ്ഞു
തുടങ്ങിയിട്ടേയുള്ളു. ഈ നിര്‍ണായക നാല്ക്കവലയില്‍ നിന്നും വെട്ടിത്തിരിഞ്ഞ് നാം
പിന്നോട്ട് നടക്കരുത്.അങ്ങനെ സംഭവിച്ചാല്‍ ഇനിയൊരു തിരിച്ചു വരവ്
അസാധ്യമായിരിക്കുമെന്നതാണ് നാളെയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആശങ്ക.
Comments