#ദിനസരികള് 718


നിശബ്ദരായിരിക്കാന്‍ എന്തവകാശം ?
          ഇന്ത്യയെന്ന മഹാരാജ്യത്തിലെ നൂറ്റിമുപ്പത്തിമൂന്നു കോടി വരുന്ന ജനതയ്ക്കു വേണ്ടി ഒരാള്‍ മാത്രം സംസാരിക്കുക. അവരുടെ സ്വപ്നങ്ങള്‍ അയാള്‍ നിശ്ചയിച്ചുകൊടുക്കുക. അവര്‍ എങ്ങനെ ജീവിക്കണമെന്ന് എങ്ങനെ ചിന്തിക്കണമെന്ന് എങ്ങനെ പ്രതികരിക്കണമെന്ന് കല്പിക്കുക. അവരുടെ ജീവിതത്തിലെ ഓരോ സവിശേഷസാഹചര്യങ്ങളിലും എന്തു കഴിക്കണമെന്നും എന്തു ധരിക്കണമെന്നും എന്തു പാടണമെന്നുമൊക്കെയുള്ള തിട്ടൂരങ്ങളിറക്കുക. ആ തിട്ടൂരങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി രാജ്യമൊട്ടാകെ കിങ്കരന്മാരെ അവരോധിക്കുക. അവര്‍ തല്ലിയും വെട്ടിയും കുത്തിയും വെടിവെച്ചുകൊന്നും ഭയപ്പെടുത്തി ജനതയെ  തങ്ങളുടെ ചേരിയില്‍ അടക്കിനിറുത്തുക. സ്വന്തമായി സ്വപ്നങ്ങളില്ലാതെ, വര്‍ത്തമാനങ്ങളില്ലാതെ രാജ്യമെന്ന തുറന്ന ജയിലില്‍ അടയ്ക്കപ്പെട്ട് നിശബ്ദരായി എല്ലാം സഹിച്ചുകൊണ്ട് ഒരു നരകജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മുഖമില്ലാത്ത വെറും കൂട്ടമായി പ്രജാവലിയെ മാറ്റിയെടുക്കുക. ഇന്ത്യയിലെ ജനത വര്‍ത്തമാനകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
          രാജ്യമെന്നു പറഞ്ഞാല്‍ കേവലം ഒരു വ്യക്തിമാത്രമാണെന്ന തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. ആ വ്യക്തിയെ വിമര്‍ശിച്ചാല്‍ , അയാള്‍‌ക്കെതിരെ ശബ്ദിച്ചാല്‍ , നിരന്തരം ജനതയുടെ ഇടയിലേക്ക് ഊതിവിടുന്ന നെടുനെടുങ്കന്‍ നുണകളെ ചോദ്യം ചെയ്താല്‍ നിങ്ങളെ ദേശവിരുദ്ധനും രാജ്യദ്രോഹിയുമാക്കി മുദ്രകുത്തുന്നു. അതുകൊണ്ട് നിശബ്ദരായിരിക്കുക എന്നാണ് അവര്‍ നമ്മളോട് നിരന്തരം ആവശ്യപ്പെടുന്നത്. ചോദ്യങ്ങള്‍ ചോദിക്കാതെ ആവശ്യങ്ങള്‍ ഉന്നയിക്കാതെ വലിച്ചെറിഞ്ഞു കിട്ടുന്ന അപ്പക്കഷണങ്ങളില്‍ സംതൃപ്തരായി നിശബ്ദരായിരിക്കുക എന്നതാണ് കല്പന. എന്നാല്‍ അങ്ങനെ നിശബ്ദരായിരിക്കാന്‍ വിധിക്കപ്പെട്ട് താന്താങ്ങളുടെ മാളങ്ങളിലേക്ക് ഒതുങ്ങിക്കൂടുകയല്ല ഇന്ത്യന്‍ ജനത ചെയ്യേണ്ടതെന്നും അടിമത്തം അടിച്ചേല്പിക്കുന്ന ഭരണത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്നുമാണ് എം ബി രാജേഷ് നിശബ്ദരായിരിക്കാന്‍ എന്തവകാശം എന്ന പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നത്.
          ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ വിഷയങ്ങളെ രാജേഷ് പരിശോധിക്കുന്നത് മനുഷ്യപക്ഷത്ത് ഉറച്ചു നിന്നുകൊണ്ടാണ്. മറ്റേതെങ്കിലും തരത്തിലുള്ള സങ്കുചിത താല്പര്യങ്ങളെ നിങ്ങള്‍ക്ക് ഈ ലേഖനങ്ങളില്‍ വായിച്ചെടുക്കാന്‍ കഴിയുകയില്ല. ഏതൊരു വിഷയത്തിന്റേയും മാറ്റുരച്ച് നോക്കേണ്ടത് മതജാതി ഭ്രാന്തുകള്‍ തലയിലേറ്റി നടക്കുന്ന വര്‍ഗ്ഗീയ വാദിയായ മനുഷ്യനെ മുന്നില്‍ നിറുത്തിയല്ല, ഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാരെ മുന്നില്‍ നിറുത്തിയാണ് എന്ന ബോധ്യമാണ് രാജേഷ് പുലര്‍ത്തുന്നത്.ഈ ധാരണയുടെ അടിസ്ഥാനത്തില്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അമ്പതോളം കുറിപ്പുകളാണ് ഡി സി ബുക്സ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.
          ഗാന്ധിവധത്തെ വേദനയോടെ മാത്രമേ ഓരോ ഇന്ത്യക്കാനും ഓര്‍മിക്കുവാന്‍ കഴിയുകയുള്ള. അദ്ദേഹത്തിന്റെ പല നിലപാടുകളിലും നമുക്ക് വേറിട്ട അഭിപ്രായങ്ങളുണ്ടാകാം. എന്നാലും ഒരു മതഭ്രാന്തന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ അസ്തമിച്ചു പോകേണ്ട ഒന്നല്ല ആ ജീവിതമെന്ന ബോധം നമുക്കുണ്ട്. എന്നിട്ടും ഇന്ത്യ ജന്മംകൊടുത്ത ഏറ്റവും മഹാനായ മനുഷ്യനെ ഒരു ആറെസ്സെസ്സുകാരന്‍ തന്റെ പിസ്റ്റളില്‍ നിന്നുതിര്‍ത്ത മൂന്നു വെടിയുണ്ടകളാല്‍ ഒടുക്കി. ആ കൊലപാതകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും നമ്മുടെ നട്ടെല്ലിനെ ചുട്ടുപൊള്ളിക്കുന്നതാണ്. എന്നാല്‍ ഗാന്ധിവധത്തെ ആഘോഷമാക്കി മാറ്റിയ സംഘപരിവാരത്തിന്റെ നിഷ്ഠൂരതയെ നമ്മുടെ വര്‍ത്തമാനകാലം ഒരിക്കല്‍ക്കൂടി നേരിട്ടു കണ്ടു. ഹിന്ദുമഹാസഭയുടെ നേതാവ് പൂജ ശകുന്‍ പാണ്ഡെയും കൂട്ടരും ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് വിജയം ആഘോഷിച്ചു.  അട്ടഹസിക്കുന്ന അക്കൂട്ടരെക്കാള്‍ എന്നെ ഞെട്ടിച്ചത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ആ നിന്ദ്യവും നീചവുമായ ചെയ്തിക്കെതിരെ ഒരു വാക്കുപോലും ഉരിയാടിയില്ല എന്നതാണ്.ഹിംസ ഉത്സവമാക്കുന്നവര്‍ എന്ന കുറിപ്പില്‍ ഗാന്ധിവധത്തിന്റെ രണ്ടാം ആഖ്യാനത്തിന്റെ നെറികേടുകള്‍ രാജേഷ് ചര്‍ച്ച ചെയ്യുന്നു.
          കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ ഏകദേശം രണ്ടുലക്ഷത്തിലധികം കര്‍ഷകര്‍ ഇവിടെ ആത്മഹത്യ ചെയ്തിരിക്കുന്നു. ഓരോ അരമണിക്കൂറിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.എത്രയും ദാരുണമായ പരിതസ്ഥിതികളിലാണ് നമ്മുടെ ഭുരിപക്ഷം വരുന്ന കര്‍ഷക ജനതയും തങ്ങളുടെ ജീവിതം തള്ളിനീക്കുന്നത്.കോടിക്കണക്കിനു രൂപയുടെ സമാശ്വാസങ്ങള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിച്ചുകൊടുക്കുന്ന ഭരണകൂടം എന്നാല്‍ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു. അവരുടെ പ്രയാസങ്ങളെ കേട്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗതികെട്ട കര്‍ഷകര്‍ നമ്മുടെ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. രാജവീഥികളുടെ മിന്നുന്ന പാളികള്‍ക്കുമുകളില്‍ വിയര്‍പ്പിറ്റിച്ചു കൊണ്ട് അവര്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. രാജ്യം അത്ഭുതത്തോടെ നോക്കിനിന്ന ആ മുന്നേറ്റത്തെക്കുറിച്ച് രാജേഷ് എഴുതുന്നത് നോക്കുക “- ആത്മഹത്യാ മുനമ്പില്‍ നിന്നാണ് ലെനിന്‍ പിടിച്ച കൊടികളുമായി അവര്‍ വന്നത്.ആ കൊടികള്‍ പോരാട്ടത്തില്‍ ജീവിതവും മരണത്തില്‍ കീഴടങ്ങലും കാണാന്‍ അവരെ പഠിപ്പിച്ചു.ആ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ അധികാരഗര്‍വ്വ് തലകുനിച്ചിരിക്കുന്നു.നമ്മുടെ തെറ്റായ നയങ്ങളുടെ ഫലമായി തെരുവുകളിലേക്ക് ഇറങ്ങാന്‍ വിധിക്കപ്പെട്ടവരാണവര്‍. അവരുടെ വേദനകളെ രാജ്യത്തിന്റെ വേദനയായി ഓരോ പൌരനും നെഞ്ചേറ്റേണ്ടതാണെന്ന് ഈ ലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു.
          വളരെ ഋജുവായ , ആശയങ്ങളെ യാതൊരു വിധത്തിലുള്ള സങ്കീര്‍ണതകളും കൂടാതെ വായനക്കാരന്റെ ഹൃദയത്തിലേക്ക് തൊടുത്തു വിടുന്ന എഴുത്തുരീതിയാണ് രാജേഷ് പിന്തുടരുന്നത്.തെളിച്ചമുള്ള ചിന്തയാണത്. രാജ്യത്തെക്കുറിച്ച് അതിന്റെ ചരിത്രത്തെക്കുറിച്ച് , വര്‍ത്തമാനകാലം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാജേഷിന് ബോധ്യങ്ങളുണ്ട്.ആ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിലയിരുത്തലുകള്‍ക്ക് സത്യസന്ധതയുടെ സവിശേഷമായ പ്രസരിപ്പുണ്ട്.
          ലേഖനങ്ങളുടെ ഒന്നാം ഭാഗത്തിനു ശേഷം ഓര്‍മ്മ അനുഭവം എന്ന രണ്ടാം ഭാഗത്തില്‍ മാര്‍ക്സും  , കാസ്ട്രോയും വിവേകാനനുമൊക്കെ സ്മരിക്കപ്പെടുന്നു. അതോടൊപ്പം ബ്രിട്ടോയുടെ സമരജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മ മനോഹരമായ ഒരു വായനാനുഭവം പകരുന്നു. എന്നാല്‍ ഓര്‍മിക്കപ്പെടേണ്ടവരുടെ കൂട്ടത്തിലേക്ക് മാര്‍ഗരറ്റ് താച്ചറെക്കുറിച്ചുള്ള കുറിപ്പും വന്നു കയറുന്ന പരിസരവും നാം പ്രത്യേകം ശ്രദ്ധിക്കണം. അധികാരത്തിലിരുന്ന സമയത്ത് ബ്രിട്ടനിലെ സ്കൂള്‍കുട്ടികള്‍ക്കുള്ള പാല്‍ വിതരണം അവര്‍ നിറുത്തിയിരുന്നു. താച്ചര്‍ മരിച്ചപ്പോള്‍ വിലാപയാത്രയോട് പുറം തിരിഞ്ഞുനിന്നുകൊണ്ടാണ് ജനത പ്രതികരിച്ചതെന്ന വസ്തുത ഇന്ന് ഭരണത്തിലിരിക്കുന്ന പലര്‍ക്കുമുള്ള താക്കീതുകൂടിയാണ്. ഓര്‍മകള്‍ പ്രിയപ്പെട്ടവര്‍ പകരുന്ന തീനാളങ്ങളെ അണയാതെപിടിക്കുവാന്‍ മാത്രമല്ല എന്ന് കുറിപ്പ് നമ്മെ പഠിപ്പിക്കുന്നു.
          നവമാധ്യമങ്ങളെക്കുറിച്ചും നവോത്ഥാനമൂല്യങ്ങളെക്കുറിച്ചും സംവരണങ്ങളുടെ സാമൂഹികതയെക്കുറിച്ചും ദളിത് വേട്ടയെക്കുറിച്ചും നരേന്ദ്രമോഡിയും കൂട്ടരും നമ്മെ പിന്നോട്ടടിക്കുന്ന വഴികളെക്കുറിച്ചുമൊക്കെ രാജേഷ് വസ്തുനിഷ്ഠമായി എഴുതുന്നുണ്ട്. ഓരോ കുറിപ്പിലും മനുഷ്യനോട് ചേര്‍ന്നു നില്ക്കുന്ന മനുഷ്യത്വത്തെ സര്‍വ്വപ്രധാനമായ ഗുണമായി പരിഗണിക്കുന്ന ഒരു മനുഷ്യന്റെ കൈയ്യൊപ്പ് നമുക്ക് കണ്ടെടുക്കാം.
         
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം