#ദിനസരികള് 716


ചക്കപ്രേമികള്‍ക്ക് ഒരു വക്കാലത്ത്
            ചക്കയെപ്പറ്റി ഗാര്‍‍ഡിയന്‍ മോശമായി പറഞ്ഞുവെന്ന വിവരം അറിഞ്ഞിട്ട് മൂന്നാലു ദിവസങ്ങളായി എങ്കിലും യഥാസമയം പ്രതികരിക്കാന്‍ കഴിയാതെ പോയത് ക്ഷമിക്കുക.ഉള്ളിലെ ചക്കപ്രേമിയെ ഇത്ര ദിവസമായി ചങ്ങലക്കിട്ടു നിറുത്തുവാന്‍ ഞാന്‍‌ പെട്ട പാട് എനിക്കേ അറിയു.പാസ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ ഗാര്‍ഡിയന്റെ എഡിറ്ററേയും പ്രസ്തുത ലേഖനം എഴുതിയ സ്യൂ വില്യംസിനേയും അവിടെ ചെന്ന് രണ്ടെണ്ണം പൊട്ടിക്കാനുള്ള വീര്യം എന്നില്‍ ചുരമാന്തി നില്ക്കുകയാണെന്ന വസ്തു ഈ സന്ദര്‍ഭത്തില്‍ എല്ലാ ചക്കപ്രേമികളേയും അറിയിച്ചുകൊണ്ടും പാസ്പോര്‍ട്ടു കണ്ടുപിടിച്ചവനെ സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ചു ധ്വംസിച്ചുകൊണ്ടും ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തട്ടെ
          ആടറിയുമോ അങ്ങാടി വാണിഭം എന്ന പോലെ ഗാര്‍ഡിയന്റെ ചക്കയെപ്പറ്റി എന്തറിയാം? നാടുകാണാനിറങ്ങിയ ഏതോ ഒരു സഞ്ചാരിയുടെ അഭിപ്രായത്തിലുള്ള ചക്കയല്ല യഥാര്‍ത്ഥ ചക്ക. അതിന്റെ രുചിയും ഗുണവും മണവും അറിയണമെങ്കില്‍ മണ്ണിലേക്കിറങ്ങണം. സ്വന്തം കൈകൊണ്ട് മുത്തു പാകമായി നില്ക്കുന്ന അല്ലെങ്കില്‍ പഴുത്തു പരിമളം പരത്തി പറിക്കാനായി കാത്തുനില്ക്കുന്ന ഒരു ചക്കയെ അടര്‍ത്തിയെടുക്കണം. നിലത്തു വീണ് ചതയാതെ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ വളരെ നന്ന്. എന്നിട്ട് ഒരു കത്തികൊണ്ട് പതിയെപ്പതിയെ രണ്ടായി മുറിക്കണം. ഹാ ! ഗാര്‍ഡിയാ സ്വര്‍ണവര്‍ണത്തില്‍ അതിന്റെ ചുളകള്‍ കാണുമ്പോള്‍ നീ മനുഷ്യനാണെങ്കില്‍ നിന്റെ ഹൃദയമിടിപ്പിന്റെ വേഗം തീര്‍ച്ചയായും കൂടിയിട്ടുണ്ടാകും.
നേരെമുറിച്ചു പകുത്തീടിന നിന്നെ നോക്കി
ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കും ! എന്നാണ് അങ്ങനെ മുറിച്ചു വെച്ചിരിക്കുന്ന ഒരു ചക്കയെ നോക്കി ഞങ്ങളുടെ ഒരു മഹാകവി പാടിയിട്ടുള്ളത്.
          മനോഹരമായ ഞങ്ങളുടെ ചക്കക്കാലം ആരംഭിച്ചിട്ട് ഇപ്പോള്‍ ഏകദേശം രണ്ടാഴ്ചയായിരിക്കുന്നു. ഗാര്‍ഡിയനും ആ ലേഖനമെഴുതിയ പെണ്‍കൊടിക്കും വായിച്ചു മനസ്സിലാക്കുന്നതിന് വേണ്ടി എന്റെ ഭക്ഷണ ക്രമം ഇവിടെ രേഖപ്പെടുത്താം.രാവിലെ ചക്കക്കറിയും കഞ്ഞിയും , ഉച്ചക്ക്  ചക്ക എരിശ്ശേരിയും ചക്ക ഉപ്പേരിയും  , വൈകീട്ട് ചക്കപ്പുഴുക്കും ഇത്തിരി ചോറും. ചക്കക്കറി എന്നു പറയുമ്പോള്‍ ഒരു മൂന്നാലു രീതിയില്‍ കറിവെയ്ക്കും. ചക്കക്കുരുവും മാങ്ങയുമിട്ട് ഒരു കറി വെയ്ക്കും ( ഹോ എന്റെ ചേട്ടാ )   കൂടാതെ ചക്കുരുവിട്ടും ഇടാതെയുമുള്ള പുഴുക്കുകള്‍ , ചക്കയുടെ കൂഞ്ഞിലു കൊണ്ട് കറി , ( ആഹാ ബീഫ് മാറി നില്ക്കും ) ചക്കകൊണ്ട് എന്തൊക്കെ വിഭവങ്ങളുണ്ടാക്കാമെന്ന് ഗവേഷണത്തിലാണ് എന്റെ കൂട്ടുകാരി. ചക്കവറുത്തതിന്റെ രുചി പിന്നെ പറയേണ്ടതില്ലല്ലോ ! അതുപോലെ യാത്രയൊന്നുമില്ലെന്നുറപ്പുള്ള ദിവസങ്ങളില്‍ ചക്കക്കുരു ഉപ്പിട്ട് പുഴുങ്ങി തിന്നണം. നിങ്ങളുടെ ഉരുളക്കിഴങ്ങൊക്കെ ഒരു മുന്നു മൂന്നരയടി മാറിനില്ക്കും എല്ലാം കൊണ്ടും.          വരിയ്ക്കയെന്നും കൂഴയെന്നും ഞങ്ങള് എളുപ്പത്തില്‍ ചക്കയെ രണ്ടായി തിരിക്കാറുണ്ട്. രണ്ടിനും രണ്ടു തരത്തിലുള്ള രുചിയും ഗുണവുമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. രണ്ടു വിഭാഗത്തിലേയും പഴുത്ത ചക്കയൊന്ന് കഴിച്ചു നോക്കണം. ഹാ ! പഴുത്ത ചക്ക ! എന്റെ ഗാര്‍ഡിയാ ലോകത്ത് ഇത്രയും മധുരോദാരമായ ഒരു രസമുണ്ടോയെന്ന് നിങ്ങള്‍ തന്നെ ചോദിച്ചു പോകും. അറ്റവും മൂലയും മനസ്സിലാക്കി ചക്കയെപ്പറ്റി അപഖ്യാതി പറയുന്നതുപോലെയൊന്നുമല്ല കാര്യങ്ങളെന്ന് അപ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാകും. ആ ലേഖനമെഴുതിയയാളെ ഇനിയൊരിക്കലും നിങ്ങളുടെ മുറ്റത്തേക്കു പോലും നിങ്ങള്‍ കയറ്റില്ലെന്ന് എനിക്കുറപ്പാണ്.
          സത്യം പറഞ്ഞാല്‍ കല്പവൃക്ഷം എന്നറിയപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ളത് ചക്ക കായ്ക്കുന്ന പ്ലാവിനാണ്. പ്ലാവില്‍ നിന്നും വേണ്ടാത്തതെന്ന് പറഞ്ഞ് മാറ്റി നിറുത്തുവാന്‍ യാതൊന്നും തന്നെയില്ലെന്നതാണ് വസ്തുത.ഇലകള്‍ പശുക്കള്‍ക്കും (അതുവഴി സംഘികള്‍ക്കും ) ആടുകള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും ഇഷ്ടമുള്ള തീറ്റയാണ്.തടിയാകട്ടെ മുറിച്ച് അറുത്ത് ചിന്തേരിച്ച് മിനുക്കി ഗൃഹോപകരണങ്ങളുണ്ടാക്കിയാല്‍ എന്തു രസമാണ് കാണാനെന്നോ? ( എന്നു വെച്ച് പ്ലാവ് മുറിക്കാന്‍ ഞങ്ങള്‍ സമ്മതിക്കുമെന്ന് കരുതണ്ട )  പ്ലാവിന്റെ വേരുകള്‍ വിശ്വവിഖ്യാതമായ ചെണ്ടയുണ്ടാക്കാന്‍ ഉപയോഗിക്കാം.മഴക്കാലത്ത് പ്ലാവിന്റെ തായ്ത്തടിയോട് ചേര്‍ന്ന് ഓലമുറിച്ചു കെട്ടി വെള്ളം ശേഖരിക്കാനും കഴിയും.അങ്ങനെ എന്തുകൊണ്ടും ഒരു കല്പവൃക്ഷംതന്നെയാണ് പ്ലാവ് എന്നതാണ് വസ്തുത.
            എന്റെയൊക്കെ ചെറുപ്പ കാലത്ത് ചക്കയോളം വിശപ്പു മാറ്റിയ മറ്റൊന്നും തന്നെയില്ല.അതുകൊണ്ട് ചക്ക ആത്മാവിനോളം ചേര്‍ന്നു നില്ക്കുന്ന ഒരനുഭവമാണ്, ഒരു രുചിയാണ്.ഒന്നര രൂപയ്ക്കും രണ്ടു രൂപയ്ക്കുമൊക്കെ ചക്ക വിലയ്ക്കു വാങ്ങിയ കഥകളൊക്കെ ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല.
          അതുകൊണ്ട് ചക്കയെപ്പറ്റിയുള്ള താങ്കളുടെ തെറ്റായ ധാരണകളെ തിരുത്തണമെന്നും ഇനി മേലിലെങ്കിലും ഇത്തരം അസംബന്ധങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ മൂന്നാം ലോക രാജ്യങ്ങളോടും അവരുടെ ഭക്ഷണ വസ്ത്ര പാര്‍പ്പിടങ്ങളോടുമൊക്കെ വികസിത രാജ്യങ്ങള്‍ കാണിക്കുന്ന ഈ അസഹിഷ്ണുത മാറ്റിയെടുക്കേണ്ടതുതന്നെയാണ്. കാരണം ഞങ്ങളുടെ ചോര വലിച്ചൂറ്റിയാണ് നിങ്ങള്‍ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നതെന്ന മറക്കാതിരിക്കുക. ആയതിനാല്‍ ലോകത്തെ ഏതെങ്കിലും കോണിലെ ജനത അവരുടെ പ്രിയപ്പെട്ടതായി ഉപയോഗിക്കുന്ന ഏതെങ്കിലും ഭക്ഷണത്തെ കളിയാക്കുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ രീതി ആധുനിക കാലത്തെ ജനസമൂഹങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നതുകൂടി നിങ്ങളെ ഓര്‍മ്മ‌പ്പെടുത്തുന്നു.
          സ്നേഹത്തോടെ എല്ലാ ചക്കപ്രേമികള്‍ക്കും വേണ്ടി.
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1